SignIn
Kerala Kaumudi Online
Friday, 29 March 2024 5.43 PM IST

പുത്തൻകൂറ്റുകാരുടെ നന്ദികേടിന്റെ കഥ

opinion

'പാലം കടക്കുവോളം നാരായണ, പാലം കടന്നു ചെന്നാൽ കൂരായണ ' എന്നപോലെയാണ് പലപ്പോഴും കാര്യങ്ങളുടെ പോക്ക്. ഓരോന്നും ഉദ്ദേശിക്കും പോലെ നടന്നു കിട്ടുംവരെ എല്ലാവർക്കും സന്തോഷം. മുന്നിട്ടിറങ്ങുന്നവർക്ക് പുകഴ്ത്തലിനും ആദരിക്കലിനുമൊന്നും തെല്ലുമില്ല കുറവ്. പക്ഷെ കാര്യങ്ങൾ നടന്നു കഴിഞ്ഞാൽ പിന്നെ കറിവേപ്പിലയുടെ സ്ഥിതി.

'ഹാ പുഷ്പമെ, അധികതുംഗപദത്തിലെത്ര

ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ

ശ്രീഭൂവിലസ്ഥിര അസംശയ മിന്നു നിന്റെ -

യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ'

മഹാകവി കുമാരനാശാന്റെ 'വീണപൂവ് ' എന്ന മനോഹര കാവ്യം തുടങ്ങുന്നത് ഈ വരികളോടെയാണ്. വർത്തമാനകാലത്തെ പലരുടെയും അനുഭവ സാക്ഷ്യത്തിന്റെ പ്രവചനം കൂടിയായിരുന്നു മഹാകവിയുടെ കാവ്യഭാവന. കാരണം ഇന്നലെകളിൽ സമൂഹത്തിൽ ശോഭ പകർന്ന് പരിലസിച്ചുനിന്ന എത്രയോ മഹത്തുക്കളാണ് കാലത്തിന്റെ കുത്തൊഴുക്കിൽ തമസ്കരണത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ മറയ്ക്കപ്പെട്ടത്. ജനഹൃദയത്തിന്റെ ചുവരുകളിൽ അവരുടെയൊക്കെ ചിത്രം തെളിമയോടെ നിലകൊള്ളുമെന്നത് മറ്റൊരു വസ്തുത. പൂർവസൂരികൾ നടന്നു നീങ്ങിയ പാതകളിൽ കല്ലും മുള്ളും നിറച്ച്, തങ്ങളുടേതായ വേറിട്ട പന്ഥാവുകൾ തീർക്കാൻ വെമ്പൽ കൊള്ളുന്ന പുത്തൻകൂറ്റുകാരുടെ നന്ദികേടിന്റെ കഥയ്ക്ക് പുതിയ ഭാഷ്യങ്ങളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് വേണ്ടി പുതുതായി നിർമിച്ച സൂപ്പർ സ്പെഷ്യാലിറ്രി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങാണ് ഇത്രയുമൊക്കെ കുറിക്കാൻ പ്രേരണയായത്.

ഇപ്പോഴും ഏറെ പിന്നാക്കാവസ്ഥയിൽ തുടരുന്ന ആലപ്പുഴ പോലൊരു ജില്ലയ്ക്ക് കിട്ടിയ വലിയ അനുഗ്രഹങ്ങളിലൊന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി. പോക്കറ്റിന്റെ കനക്കുറവ് നോക്കാതെ ഏതു പാവപ്പെട്ടവനും മെച്ചപ്പെട്ട ചികിത്സ കിട്ടുമെന്നതാണ് ഏറ്റവും വലിയ പ്രയോജനം. ഇവിടെ ഇങ്ങനൊരു സ്ഥാപനം യാഥാർത്ഥ്യമായതിന് തിരുമല ദേവസ്വത്തിന്റെ ആദ്യകാല സാരഥികൾ മുതൽ നന്ദിപറയേണ്ട നിരവധിപേരുണ്ട്. 1963-ൽ എം.ബി.ബി.എസിന് 50 വിദ്യാർത്ഥികളുടെ ബാച്ചുമായി പ്രവർത്തനം തുടങ്ങുമ്പോൾ, കേരളത്തിലെ ആദ്യ സ്വകാര്യ മെഡിക്കൽ കോളേജ് എന്ന പദവിക്കും ടി.ഡി മെഡിക്കൽ കോളേജ് അർഹമായി. അന്ന് കേരള മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കറാണ് കോളേജിന് തറക്കല്ലിട്ടത്. തീരമേഖലയോട് ചേർന്ന് അമ്പലപ്പുഴയ്ക്ക് അധികം അകലയല്ലാതെ വണ്ടാനം എന്ന സ്ഥലത്ത് 145 ഏക്കറിലാണ് പ്രവർത്തനം തുടങ്ങിയത്. ആലപ്പുഴ നഗരത്തിൽ സ്ഥിതിചെയ്തിരുന്ന ജില്ലാ ആശുപത്രി , മെഡിക്കൽ കോളേജ് ആവശ്യത്തിനുള്ള ആശുപത്രിയാക്കി സർക്കാർ അനുവദിച്ചു കൊടുത്തു. പിന്നീട് സംസ്ഥാനത്തെ നാലാമത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജായി ഇതു മാറുകയും ചെയ്തു. മെഡിക്കൽ കോളേജിനൊപ്പം ആശുപത്രിയും വണ്ടാനത്തേക്ക് മാറ്റുക എന്നതായിരുന്നു പിന്നീട് ശ്രമകരമായത്. ഇങ്ങനെ ചെയ്തില്ലെങ്കിൽ അംഗീകാരം പിൻവലിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അന്ത്യശാസനവും നൽകി. വി.എം.സുധീരൻ ആരോഗ്യ മന്ത്രിയായിരുന്ന കാലം മുതൽ വിവിധ വകുപ്പുകൾ വണ്ടാനത്തേക്ക് മാറ്രിസ്ഥാപിക്കാൻ ശ്രമം തുടങ്ങിയെങ്കിലും നാനാവിഭാഗങ്ങളുടെ എതിർപ്പും രാഷ്ട്രീയ സമ്മർദ്ദങ്ങളും കാരണം അത് നടപ്പായില്ല. ആശുപത്രിയുടെ വികസനം മുരടിച്ചുകൊണ്ടുമിരുന്നു. 2006-ൽ അധികാരത്തിലെത്തിയ വി.എസ്.അച്ചുതാനന്ദൻ സർക്കാരിൽ മന്ത്രിയും അമ്പലപ്പുഴ എം.എൽ.എയുമായിരുന്ന ജി.സുധാകരൻ എന്ന ആർജ്ജവമുള്ള നേതാവ് നടത്തിയ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനവും അന്ന് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും ആരോഗ്യ മന്ത്രിയായിരുന്ന പി.കെ.ശ്രീമതിയും നൽകിയ കലവറയില്ലാത്ത പിന്തുണയുമാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെ ഇന്നത്തെ നിലയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾക്ക് കരുത്തേകിയത്.

പിന്നീട് യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയെങ്കിലും അമ്പലപ്പുഴ എം.എൽ.എ എന്ന നിലയ്ക്ക് ജി.സുധാകരൻ മെഡിക്കൽ കോളേജിന്റെ അഭിവൃദ്ധിക്കും നവീകരണത്തിനും സദാ ജാഗ്രത പുലർത്തിയിരുന്നു. ഒന്നാം പിണറായി സർക്കാരിൽ അദ്ദേഹം വീണ്ടും മന്ത്രിയായപ്പോഴും ആലപ്പുഴ മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ മുന്തിയ പരിഗണന തന്നെയാണ് നൽകിയത്. അപ്പോൾ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ.ശൈലജയും അദ്ദേഹത്തിന്റെ എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകി.

ഇപ്പോളിത് പറഞ്ഞുവരുന്നത് ജി.സുധാകരനെ മഹത്വവത്കരിക്കാനല്ല. പാർലമെന്ററി രംഗത്ത് നിന്നും പാർട്ടിയുടെ നേതൃത്വപരമായ ചുമതലകളിൽ നിന്നും മാറിയെങ്കിലും (മാറ്രിനിറുത്തപ്പെട്ടെന്ന് പറഞ്ഞാലും തെറ്റില്ല) അദ്ദേഹം ചെയ്ത സേവനങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ലെന്ന് സൂചിപ്പിക്കാനാണ്. ഏതു സംവിധാനത്തിലായാലും ഇത്തരം പ്രവൃത്തി ശുദ്ധ അല്‌പത്തമെന്നേ പറയാനാവൂ.

നിസ്വാർത്ഥവും കർമനിരതവുമായ ദീർഘകാല രാഷ്ട്രീയപ്രവർത്തനത്തിലൂടെ സാധാരണക്കാരന്റെയും അദ്ധ്വാനവർഗത്തിന്റെയും മനസിൽ വലിയൊരു ഇടം ലഭിച്ചിട്ടുള്ള കേരളത്തിലെ അപൂർവം നേതാക്കളിലൊരാളാണ് ജി.സുധാകരൻ. രണ്ട് മന്ത്രിസഭകളിൽ വ്യത്യസ്ത വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴും കൈയടിക്കു വേണ്ടി മൈക്കിന് മുന്നിൽ വിടുവായത്തം വിളമ്പാതെ ദീർഘവീക്ഷണത്തോടെ ഓരോന്നും പ്രവൃത്തിപഥത്തിലെത്തിക്കാൻ പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. കുന്നേത്?​ കുഴിയേത് എന്ന് തിരിച്ചറിയാനാവാത്ത വിധം കുളമായി കിടന്ന കേരളത്തിലെ റോഡുകൾ സ്വസ്ഥമായി സഞ്ചരിക്കാനാവും വിധമാക്കിയത് അദ്ദേഹം പൊതുമരാമത്ത് വകുപ്പ് മന്ത്രിയായപ്പോഴാണ്. പൊതുഖജനാവിൽ നിന്ന് റോഡിന് അനുവദിക്കുന്ന പണം ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും പോക്കറ്റിൽ തിരുകാനല്ല റോഡിൽത്തന്നെ ചെലവഴിക്കണമെന്ന് അദ്ദേഹം കടുംപടുത്തം പിടിച്ചു.

മന്ത്രിസഭയ്ക്ക് പുതുരക്തത്തിന്റെ ഊർജ്ജം പകരാനും പാർലമെന്ററി രംഗത്ത് തലമുറമാറ്റം കൊണ്ടുവരാനും സി.പി.എം തീരുമാനമെടുത്തപ്പോൾ സുധാകരനും കെ.കെ.ശൈലജയുമൊക്കെ കളത്തിന് പുറത്തായി. എങ്കിലും അവർ ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾ സ്മരിക്കാതെ പോകാമോ. ആലപ്പുഴ മെഡിക്കൽ കോളേജിൽ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് കഴിഞ്ഞാഴ്ച കൊട്ടുംകുരവയുമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തല്ലോ. ഉദ്ഘാടന ചടങ്ങിൽ ജി.സുധാകരൻ എന്ന വ്യക്തിയുടെ അസാന്നിദ്ധ്യം പലരും ശ്രദ്ധിച്ചു. ഇപ്പോൾ അദ്ദേഹം സ്ഥലം എം.എൽ.എ അല്ലെന്നത് സത്യം. പാർട്ടിയിലും പ്രത്യേക സ്ഥാനമാനങ്ങളൊന്നുമില്ല. എങ്കിലും നല്ലൊരു മെഡിക്കൽ കോളേജെന്ന പേര് നേരത്തെ കിട്ടിയതുകൊണ്ടാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് വരാൻ കാരണമെന്ന് മറക്കരുത്. നടക്കാനും സംസാരിക്കാനും വഴിയാത്തവിധമുള്ള ശാരീരിക അവശതയൊന്നും ഇപ്പോൾ അദ്ദേഹത്തിനില്ല. സ്വയം ബുദ്ധിമാന്മാരെന്ന് ധരിച്ച് വിഡ്ഢിവേഷം കെട്ടുന്ന മറ്റുപല രാഷ്ട്രീയ പ്രഭുക്കളെക്കാളും സുധാകരന്റെ ചിന്തയ്ക്ക് കാതലും വാക്കുകൾക്ക് മൂർച്ഛയും ഇപ്പോഴും കൂടുതലാണ്. ചടങ്ങിലേക്ക് അദ്ദേഹത്തെയോ തോമസ് ഐസക്കിനെയോ കെ.കെ.ശൈലജയെയോ ക്ഷണിച്ച് പങ്കെടുപ്പിച്ചിരുന്നെങ്കിൽ ആ ചടങ്ങ് കൂടുതൽ മഹത്തരമായേനേ എന്ന് സംഘാടകർ ചിന്തിക്കണമായിരുന്നു. ആരാനും കെട്ടിപ്പൊക്കുന്ന സാങ്കല്‌പിക കുന്നിന്മേൽ കയറിയിരുന്ന് താഴേക്ക് നോക്കി കൊഞ്ഞനം കുത്തുന്നവർ താഴെയിറങ്ങുമ്പോൾ സ്വയം ഇളിഭ്യരാവുമെന്നോർക്കുക.

ഇതുകൂടി കേൾക്കണേ

പൊട്ടക്കുളത്തിൽ പുളവന്മാരും ഫണീന്ദ്രന്മാരാവും. പക്ഷേ അതിന് പുറത്തേക്കെത്തുമ്പോഴാണ് രാജവെമ്പാലയടക്കം വാഴുന്ന മറ്റൊരു ലോകമുണ്ടെന്ന് ബോദ്ധ്യമാവുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: G SUDHAKARAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.