SignIn
Kerala Kaumudi Online
Thursday, 25 April 2024 6.47 AM IST

തിരിച്ചറിയുക, സ്വർണക്കുരുക്ക്

gold

പേരിടീലിനും നൂല്കെട്ടിനും കല്യാണത്തിനും ഉത്സവത്തിനും എന്നുവേണ്ട വിശ്വാസത്തിനും ആരാധനയ്ക്കും വരെ സ്വർണത്തിന്റെ സാന്നിദ്ധ്യമില്ലാതെ ജീവിതമില്ലെന്ന് കരുതുന്ന ജനവിഭാഗമാണ് മലയാളികൾ. മലയാളികളുടെ സാംസ്‌കാരിക ജീവിതത്തെപ്പോലും അടയാളപ്പെടുത്തുന്ന സ്വാധീനം ഈ മഞ്ഞലോഹത്തിനുണ്ട്. ജീവിതാരംഭം മുതൽ അവസാനം വരെ ശരാശരി മലയാളിയിൽ നിന്ന് സ്വർണത്തെ മാറ്റിനിറുത്താനാവില്ല. വിലവർദ്ധന മൂലം സാധാരണക്കാർക്ക് സ്വർണസമ്പാദ്യം സ്വപ്നമായി മാറുമ്പോഴും ഉള്ളത് സ്വരുക്കൂട്ടി ഇത്തിരി പൊന്നെങ്കിലും വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം പരാജയമാണെന്ന് പോലും കരുതുന്ന അനേകമാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്.

ലോക സമ്പദ്ഘടനയിൽ നിർണായകസ്ഥാനം വഹിക്കുന്ന ലോഹമാണ് സ്വർണം. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ വിലയിൽ ഗണ്യമായ വർദ്ധനയുണ്ടായിട്ടും സ്വർണത്തിന്റെ ഉപഭോഗം വർദ്ധിക്കുന്നതേയുള്ളൂ. 2022 കേരളത്തെ സംബന്ധിച്ചിടത്തോളം ആഗോളവില നിലവാരസൂചിയിൽ സ്വർണവില ഏറ്റവുമധികം കുതിപ്പിലെത്തിയ വർഷമായിരുന്നു. ഇപ്പോഴും ഈ പ്രവണത തുടരുകയാണ്. ഇന്ത്യയിലേറ്റവും കൂടുതൽ സ്വർണ ഉപഭോഗമുള്ള സംസ്ഥാനമെന്ന നിലയിൽ സ്വർണവില വർദ്ധന കേരളീയരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കേണ്ടതുണ്ട്.
സമ്പാദ്യം എന്നതിലുപരി സ്വർണത്തിന് ഇത്ര വലിയസ്ഥാനം കൊടുക്കേണ്ട ആവശ്യമുണ്ടോ? എന്തിനാണ് ദൈനംദിന ജീവിതവുമായി സ്വർണത്തെ ഇത്രയധികം കൂട്ടിയിണക്കുന്നത്? പുതിയ തലമുറ വഴിമാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നത് വളരെ ആശ്വാസമാണ്. അവരുടെ സൗന്ദര്യസങ്കല്‌പങ്ങളിൽ സ്വർണത്തിനുള്ള സ്ഥാനം വളരെ കുറവാണ്. ജീവിതത്തിന്റെ വൈകാരികതകളോട് ഇഴചേർന്ന് നിൽക്കുന്ന ലോഹമാണ് സ്വർണം. ഹൃദയബന്ധങ്ങളുടെ ഇഴയടുപ്പം സൂചിപ്പിക്കാൻ സ്വർണം ഒരു ഘടകമായിപ്പോലും പരിഗണിക്കപ്പെടുന്നുണ്ട്. ഇത്രയധികം പ്രാധാന്യം കല്‌പിക്കുന്ന സ്വർണം എത്രയോ ജീവിതങ്ങളെയാണ് ഇല്ലാതാക്കുന്നതെന്ന് അനുദിനം വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ധനമോഹത്തിന്റെ മാന്യമായ മുഖമാണ് വിവാഹ കമ്പോളങ്ങൾ. അവിടെ ആഭരണം ചോദിക്കാതെ ചോദിക്കുന്ന അടവുകൾ അരങ്ങേറുന്നു. സ്ത്രീധനമെന്ന നിലയിൽ വരന്റെ വീട്ടുകാരെയും, അന്തസ്സിന്റെയും ആഡംബരത്തിന്റെയും പേരിൽ വധുവിന്റെ വീട്ടുകാരെയും വല്ലാതെ സ്വാധീനിക്കുന്നു സ്വർണം . സ്ത്രീയെ സാമ്പത്തികവിനിമയ ഉപാധിയാക്കി തരംതാഴ്ത്തുകയും ദുരാഗ്രഹത്തിന്റെ ദുഷ്പ്രവൃത്തികൾക്ക് വിധേയമാക്കുകയും ചെയ്യുന്നു സ്വ‌ർണത്തിളക്കത്തിന്റെ പിന്നിലുള്ള ക്രൂരയാഥാർത്ഥ്യം.

വിദ്യാസമ്പന്നരായ യുവതലമുറ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്നത് വളരെ പ്രതീക്ഷ നൽകുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് പുതിയ തലമുറയിലെ കൗമാരക്കാരും യുവജനങ്ങളും സ്വർണാഭരണങ്ങൾ ധരിക്കുന്നതിൽ വിമുഖരാണെന്നാണ്. സമ്പാദ്യമെന്ന നിലയിൽ പോലും ദീർഘകാല സമ്പാദ്യങ്ങളേക്കാൾ പെട്ടെന്ന് വിനിമയ സാദ്ധ്യതയുള്ള സമ്പാദ്യങ്ങളെയാണ് പുതിയ തലമുറ ഇഷ്ടപ്പെടുന്നത്.

ഇല്ലായ്‌മയുടെ ന്യായമല്ല

ഇതാണ് ബുദ്ധി

ട്രെൻഡിന് അനുസരിച്ചുള്ള വിവിധയിനം ലോഹങ്ങളും ഡിസൈനുകളും ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് സ്വർണാഭരണങ്ങളെ വെല്ലുന്ന രീതിയിൽ കമ്പോളങ്ങളിൽ സുലഭമാണ്. പിന്നെയെന്തിന് കിടപ്പാടം കൂടി വിറ്റും പലിശയ്ക്ക് കടമെടുത്തും പെൺകുട്ടികളെ ബാദ്ധ്യതയാക്കി മാറ്റണം? ഇതൊക്കെ ഇല്ലയ്മക്കാരുടെ ന്യായമാണ് എന്നോർത്ത് വിഷമിക്കേണ്ട. പണം ഒരുപാട് ലാഭിക്കാനുള്ള ഒരു മാർഗം കൂടിയാണിത്. ഗുണഭോക്താവിന് ഒരിക്കലും കണക്കുകൂട്ടാൻ അറിയാത്ത, ആഭരണങ്ങൾ വാങ്ങുമ്പോൾ ഉള്ള പണിക്കൂലി, പണിക്കുറവ് തുടങ്ങിയ സാങ്കേതികവകുപ്പുകൾ വഴിയുള്ള സാമ്പത്തികനഷ്ടം; ഒരത്യാവശ്യത്തിന് മറിച്ചുവിൽക്കേണ്ടി വന്നാൽ ഇതേ അളവിൽത്തന്നെ വീണ്ടും ഉണ്ടാകുന്ന നഷ്ടം, ഇതൊക്കെ ഒഴിവാക്കാനും ട്രെൻഡി ഇമിറ്റേഷൻ ആഭരണങ്ങൾ വഴി സാധിക്കും. ആരും മോഷ്ടിക്കുകയുമില്ല.

വൈകാരികതയിൽ

വീണുപോകരുത്

അമിത വൈകാരികതയാണ് പലപ്പോഴും ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടലിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നത്. പുതിയ ഇക്കണോമിക് ലൈഫ് സ്റ്റൈൽ ലോകത്തെ പഠിപ്പിക്കാനുള്ള ഉത്തരവാദിത്വം പുതിയ തലമുറയ്ക്കുണ്ട്. ആഗോളവത്‌കരണം ജീവിതത്തിന്റെ സകലമേഖലകളെയും സ്വാധീനിച്ച കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എന്ത് വിലകൊടുത്തും എവിടെപോയും നല്ല വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹിക്കുന്ന തലമുറ നമുക്കുണ്ടെന്നത് ഒരുപാട് പ്രതീക്ഷയ്ക്ക് വകനല്‌കുന്നു. വിപണന കമ്പോളങ്ങളിലെ വിലപേശലിന് വിധേയമാകാതെ, കാലഹരണപ്പെട്ട ആഭരണഭ്രമങ്ങളിൽ പെടാതെ, സ്വന്തം ബുദ്ധിയും കഴിവും ഉപയോഗിച്ച് അദ്ധ്വാനിച്ച് ജീവിക്കുന്ന പെൺതലമുറ ഇവിടെയുണ്ടെങ്കിൽ തീർച്ചയായും കനകം മൂലമുള്ള ബഹുവിധ കലഹങ്ങളിൽ നിന്നുള്ള ഒരു മോചനം കേരള സമൂഹത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വില വർദ്ധനയ്ക്ക് ഒരു പരിധിവരെ തടയിടാനും സാധിക്കും.

(ഇന്ദി​രാഗാന്ധി​ ഓപ്പൺ​ യൂണി​വേഴ്സി​റ്റി​യുടെ കൊച്ചി​ അസി​. റീജിയണൽ ഡയറക്ടറാണ് ലേഖി​ക)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD ADDICTION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.