SignIn
Kerala Kaumudi Online
Friday, 19 April 2024 7.52 PM IST

കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?

palam

സംസ്ഥാനത്തെ ആദിവാസി വിഭാഗത്തെ ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിതമായ പ്രവർത്തനങ്ങളുടെ ഫലമാണ് ആദിവാസി ഊരുകളിൽ മരണ നിരക്ക് കൂടുന്നതും കുട്ടികൾ പോഷകാഹാര കുറവുള്ളവരായി മാറുന്നതുമെന്ന് ഗോത്രജനതയിൽ വിദ്യാഭ്യാസം നേടിയവർ സംശയിക്കുന്നു. അട്ടപ്പാടിയിൽ നടക്കുന്നതും മറിച്ചല്ലെന്ന് ആദിവാസി നേതാവ് ടി.ആർ.ചന്ദ്രൻ പറയുന്നു. 10 വ‌ർഷം മുമ്പ് ആദിവാസി കുടുംബത്തിലെ ശരാശരി അംഗ സംഖ്യ ആറായിരുന്നത് ഇപ്പോൾ രണ്ടരയായി കുറഞ്ഞത് ഇതിനു തെളിവായി അദ്ദേഹം കാണിക്കുന്നു.

ഈ വർഷം ഇതുവരെ 9 ശിശുക്കൾ മരിച്ചുവെന്നു പറഞ്ഞാൽ അട്ടപ്പാടിയുടെ അനാരോഗ്യത്തിന്റെ ചെറിയ കണക്ക് മാത്രം. ഇതു കൂടാതെ ഒരു വർഷത്തിനിടെ 22 അബോർഷൻ, അഞ്ച് ചാപിള്ള, ഏഴ് ഗർഭസ്ഥ ശിശുമരണം എന്നിവ ഉണ്ടായിട്ടുണ്ട്.

അട്ടപ്പാടിയിലെ ആശുപത്രിയിൽ കാലാവധി പൂർത്തിയാവാതെ പ്രസവത്തിനെത്തുന്ന യുവതികളെ ചികിത്സിക്കാൻ വിദഗ്ധരായ ഗൈനക്കോളജിസ്റ്റുമാരോ പീഡിയാട്രീഷ്യനോ ഇല്ല. 54 കിടക്കയുള്ള ആശുപത്രിയിൽ 150 രോഗികളെയാണ് കണ്ടത്. നവജാത ശിശുക്കളുടെ ഭാരം ശരാശരിക്കും കുറവാണ്. ഈ വർഷം മരിച്ചുപോയ ശിശുക്കളുടെ ഭാരം 750 ഗ്രാം മുതൽ 2.200 കി.ഗ്രാം വരെയാണ്.

ആദ്യം ആദിവാസികളുടെ ജീവിത രീതി നശിപ്പിച്ചു. അവരുടെ കൃഷി നശിപ്പിച്ചു. ഭക്ഷണ രീതി മാറ്റി മറിച്ചു. വരുന്ന ഫണ്ടുകൾ വക മാറ്റി എവിടേയോ പോകുന്നു. പാവം ഗോത്രജനത മുഴുപട്ടിണിയിലാകുന്നു. ഓരോ പദ്ധതി വരുമ്പോഴും അത് നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരുടെ കുടുംബം രക്ഷപ്പെടുമെന്നല്ലാതെ നമ്മൾ രക്ഷപ്പെടുന്നില്ല- എന്ന സങ്കടം പറച്ചിൽ അട്ടപ്പാടിയിൽ മാത്രമ്ലല നിലമ്പൂരിലും വയനാട്ടിലുമൊക്കെ കേട്ടു.

വയനാട്ടിലേക്ക് എത്തിയാലോ ആകെ ആദിവാസി ജനസംഖ്യയുടെ 44.07 ശതമാനമുളള പണിയരാണ് ആയുസിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ. രോഗവും പോഷകാഹാരക്കുറവും തന്നെയാണ് കാരണം. പണിയരുടെ ആയുർദൈർഘ്യം നാൽപ്പത് വയസ്സായി കുറഞ്ഞെന്ന് സർക്കാർ കണ്ടെത്തിയത് 2007ൽ ആരോഗ്യവകുപ്പ് നടത്തിയ സർവേയിലാണ്. പിന്നീട് സംസ്ഥാന വ്യാപകമായി ഒരു പഠനവും നടന്നില്ല. ആദിവാസികളുടെ ജീവിതകാലം ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു. അടിയർ, പണിയർ, കാട്ടുനായ്ക്കർ എന്നിവർക്കിടയിലാണ് ഏറ്റവും കൂടുതൽ മാറാരോഗങ്ങൾ പടർന്ന് പിടിക്കുന്നത്.

ഭക്ഷണക്രമത്തിലുണ്ടായ മാറ്റമാണ് ആദിവാസികൾക്കിടയിൽ അനീമിയ രോഗം വ്യാപകമാക്കുന്നത്. സിക്കിൾസെൽ അനീമിയ വയനാട്ടിൽ മാത്രമല്ല മറ്റ് ആദിവാസികളിലും വ്യാപിച്ചിരിക്കുന്നു. 1990ലാണ് ആദിവാസികൾക്കിടയിൽ ഈ രോഗം തിരിച്ചറിയുന്നത് ഇതുവരെ ഈ രോഗത്തിൽ നിന്നും ആദിവാസികൾക്ക് മുക്തിയുണ്ടായില്ലെങ്കിൽ അത് ആരുടെ ഉത്തവാദിത്വമാണ്?​

ആദിവാസി ശിശുമരണങ്ങൾ സംബന്ധിച്ച് വിദഗ്ധ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട അട്ടപ്പാടി ട്രൈബൽ നോഡൽ ഓഫീസർ ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റിയാണ് സർക്കാർ പ്രതികരിച്ചത്.

ആദിവാസികളെ രക്ഷിക്കാനാണ് ഉദ്ദേശമെങ്കിൽ അവരുടെ ആരോഗ്യം എന്തു കൊണ്ട് തക‌ർന്നു? അവരുടെ ആരോഗ്യം എങ്ങനെ തിരിച്ചു പിടിക്കാം? തുടങ്ങിയവയെ കുറിച്ച് വിദഗ്ധ സംഘത്തെ നിയോഗിച്ച് ജനിതക, സാമൂഹിക വിഷയങ്ങളിലടക്കം പഠനം ആവശ്യമാണ്. 2013ൽ വിദഗ്ധ സംഘം അട്ടപ്പാടിയിലെത്തി പഠനം നടത്തിയിരുന്നെങ്കിലും അനുബന്ധ നടപടികൾ ഉണ്ടായില്ല.

ഫണ്ട് മുഴുവൻ ചെലവാക്കാറേ ഇല്ല

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ആദിവാസി ക്ഷേമത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിച്ചത് 1922.46 കോടി രൂപയാണ്. ചെവഴിച്ചത് 1507.78 കോടി രൂപയും. അപ്പോഴും 414.68 കോടി രൂപ ചെലവഴിക്കപ്പെടാതെ നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും കാണാം. അന്ന വിതരണത്തിന് പട്ടിക ജാതി വകുപ്പ് മാത്രം ചെലവഴിച്ചത് 75 കോടി രൂപ. ഇതിനു പുറമെയാണ് സാമൂഹ്യക്ഷേമ വകുപ്പിന്റേയും ആരോഗ്യവകുപ്പിന്റേയും പദ്ധതികൾ

സംസ്ഥാന സർക്കാരിന്റെ എസ്.ടിഫണ്ട് വിനിയോഗം ഇങ്ങനെയാണ് (തുക കോടിയിൽ)​

വർഷം------- അനുവദിച്ചത്--------- ചെലവഴിച്ചത്

2018-19 -----------578.12 ---------------------- 475.27

2019-20 -----------624.88----------------------- 391.05

2020-21------------ 580.98---------------------- 554.62

 തൊഴിലുറപ്പ് തന്നെ ശരണം

എല്ലാ ആദിവാസി ഊരിലും തൊഴിലുറപ്പ് ചെയ്യുന്ന സ്ത്രീകളെ കാണാം. ആ ജോലി ഇല്ലെങ്കിൽ ഓരോ ആദിവാസി ഊരും മുഴുപട്ടിണിയിലായിപോകുന്ന അവസ്ഥയാണ്. വയനാട്ടിൽ തേയില,​ കാപ്പി തോട്ടങ്ങളിലും ആദിവാസി സ്ത്രീകൾ ജോലിക്കു പോകും.

മദ്യപാന ശീലത്തിലേക്ക് ആദിവാസികളെ തള്ളിവിട്ടത് സംസ്കാര സമ്പന്നർ എന്ന് നടിക്കുന്ന ആദിവാസികളല്ലാത്തവർ തന്നെയാണ്. അവന്റെ മണ്ണിനെയും പെണ്ണിനെയും കവർന്നെടുക്കാൻ വേണ്ടി മാത്രം പുരുഷന്മാരെ ഇല്ലാതാക്കുന്നു.

(തുടരും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOTHRA VILAPAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.