SignIn
Kerala Kaumudi Online
Thursday, 25 April 2024 6.14 PM IST

ഹരിവരാസനം ശതാബ്ദിയിലേക്ക്

sabarimala

ശബരിമല ക്ഷേത്രത്തിൽ അയ്യപ്പഭഗവാനെ ധ്യാനരൂപത്തിലേക്ക് ലയിപ്പിക്കുന്ന ഹരിവരാസനം കീർത്തനം രചിച്ചിട്ട് നൂറ് വർഷം തികയുന്നു. ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് 29ന് പന്തളത്ത് തുടക്കമാവും. പൂജാ ദിവസങ്ങളിൽ രാത്രി നടയടയ്ക്കുമ്പോൾ അയ്യനെ ഉറക്കുന്ന താരാട്ടു പാട്ടായിട്ടാണ് ഹരിവരാസനം അറിയപ്പെടുന്നത്.

1923ലാണ് ഹരിവരാസനം കീർത്തനം രചിച്ചതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഇതു സംബന്ധിച്ചും ഹരിവരാസനം സന്നിധാനത്ത് പതിവായി ആലപിക്കാൻ തുടങ്ങിയ തീയതിയെക്കുറിച്ചും ആധികാരിക രേഖകളില്ല. പഴയ ഗുരുസ്വാമിമാരിൽ ചിലരുടെയും ദീർഘകാലം ശബരിമല തന്ത്രി ആയിരുന്ന കണ്ഠരര് മഹേശ്വരരുടെയും അഭിപ്രായത്തിൽ 1952 മുതൽ സന്നിധാനത്ത് ഹരിവരാസനം പതിവായി പാടുന്നു. അയ്യപ്പധർമ്മം രാജ്യത്തുടനീളം പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വിമോചനാനന്ദ സ്വാമിയുടെ അഭ്യർത്ഥന മാനിച്ചാണ് ഈ ആചാരം ആരംഭിച്ചതെന്ന് പറയപ്പെടുന്നു.

ഹരിവരാസനം വിശ്വമോഹനം എന്നു തുടങ്ങുന്ന കീർത്തനം കേൾക്കുമ്പോൾ തീർത്ഥാടകർ ഭക്തിയോടെ എഴുന്നേറ്റ് നിൽക്കുന്നത് ശബരിമലയിലെ പ്രത്യേകതയാണ്. അത്താഴപൂജയ്ക്ക് ശേഷം നടയടയ്ക്കുന്നതിന് മുൻപ് മേൽശാന്തിയും പരികർമ്മികളും ശ്രീകോവിലിനുള്ളിൽ അയ്യപ്പവിഗ്രഹത്തിന് മുന്നിൽ കീർത്തനം ചൊല്ലുമ്പോൾ യേശുദാസ് പാടിയ ശബ്ദമധുരമായ കീർത്തനം പുറത്ത് അതേസമയം മൈക്കിലൂടെ കേൾപ്പിക്കും. ശ്രീകോവിലിനുള്ളിൽ കീർത്തനം ചൊല്ലി രണ്ടുവരി കഴിയുമ്പോഴാണ് മൈക്കിലൂടെ കേൾപ്പിക്കുന്നത്. മേൽശാന്തിമാരും പരികർമികളും ചൊല്ലുമ്പോൾ ഓരാേ വാക്കിനുമിടയിൽ സ്വാമി എന്നു ചേർക്കുന്നുണ്ട്. റെക്കോർഡിൽ അതില്ല. കീർത്തനം അകത്തും പുറത്തും ഒരേസമയം അവസാനിപ്പിക്കേണ്ടതിനാലാണ് റെക്കോർഡ് ചെയ്തത് അൽപ്പം വൈകിപ്പിക്കുന്നത്. മേൽശാന്തി ഹരിവരാസനം ചൊല്ലി അവസാനപാദത്തിൽ എത്തുമ്പോഴേക്കും പരികർമ്മികൾ ശ്രീകോവിലിനുള്ളിലെ ദീപങ്ങൾ ഓരോന്നായി അണയ്ക്കും. തുടർന്ന് മംഗളം പാടി നടയടയ്ക്കും. വൃശ്ചികമാസത്തിൽ മണ്ഡലചിറപ്പ് പൂജകൾക്ക് ശേഷം സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും ഹരിവരാസനം കേൾപ്പിക്കുന്നുണ്ട്.

ശബരിമല സന്നിധാനത്ത് ഒരു രാത്രിയെങ്കിലും തങ്ങി ഹരിവരാസനം കേൾക്കുന്നത് തീർത്ഥാടകർക്ക് ഭക്തിയുടെ അനുഭൂതി അനുഭവപ്പെടുന്ന നിമിഷങ്ങളാണ്. പിറ്റേന്ന് പുലർച്ചെ നട തുറക്കുന്നതു വരെ സന്നിധാനത്ത് ശരണാരവങ്ങളില്ല. അയ്യപ്പന്റെ രൂപഭാവങ്ങളെ വർണിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നതാണ് ഹരിവരാസനം.

മധ്യമാവതി രാഗത്തിൽ ദേവരാജൻ മാസ്റ്റർ സംഗീതം നൽകി യേശുദാസ് ആലപിച്ച് 1975ൽ പുറത്തിറങ്ങിയ 'സ്വാമി അയ്യപ്പൻ' എന്ന സിനിമയിലൂടെയാണ് ഹരിവരാസനം ജനപ്രിയമായത്. ആലപ്പുഴ പുറക്കാട് ആനന്ദേശ്വരം സ്വദേശിയും അയ്യപ്പഭക്തയുമായ കോന്നകത്ത് ജാനകി അമ്മയാണ് 1923ൽ കീർത്തനം രചിച്ചതെന്ന് മകൾ ബാലാമണി അമ്മ വ്യക്തമാക്കിയിട്ടുണ്ട്. ജാനകി അമ്മയുടെ പിതാവ് അനന്തകൃഷ്ണ അയ്യർ 1907 മുതൽ ശബരിമലയിലെ മേൽശാന്തിയിരുന്നു. അയ്യപ്പഭക്തയായിരുന്ന ജാനകി അമ്മ ഗർഭിണി ആയിരിക്കെ ഹരിവരാസനം എഴുതി ശബരിമലയ്ക്ക് പോയ പിതാവിന്റെ കയ്യിൽ കൊടുത്തയച്ചുവെന്നാണ് പറയപ്പെടുന്നത്.

ജാനകി അമ്മയുടെ കൊച്ചുമകൻ മോഹൻകുമാർ ഹരിവരാസനം എന്ന പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.

ചരിത്ര ഗവേഷകനായ ഡോ.സുരേഷ് മാധവ് ഹരിവരാസനം രചിച്ചത് ജാനകി അമ്മയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജാനകി അമ്മയുടെ കുടുംബ പരമ്പരയിലെ അംഗമായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറും ഹരിവരാസനം രചിച്ചത് കോന്നകത്ത് ജാനകി അമ്മയാണെന്ന് പറഞ്ഞിട്ടുണ്ട്. ഹരിവരാസനത്തിന്റെ കൈയെഴുത്തു പ്രതി കൊല്ലം ശാസ്താംകോട്ടയിൽ ജാനകിഅമ്മയുടെ ഭർതൃവീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

അതേസയം, ഹരിവരാസനം എഴുതിയത് രാമനാഥപുരം കമ്പക്കുടി കുളത്തൂർ ശ്രീനിവാസ അയ്യർ എന്ന കുളത്തൂർ അയ്യരാണെന്ന് മറ്റൊരു വാദമുണ്ട്. ആരാണ് ഹരിവരാസനം എഴുതിയത് എന്നതു സംബന്ധിച്ച് ദേവസ്വം ബോർഡിന്റെ പക്കൽ വ്യക്തമായ രേഖകളില്ലെന്നാണ് ഇപ്പോഴത്തെ പ്രസിഡന്റ് കെ.അനന്തഗോപൻ പറയുന്നത്. കുളത്തൂർ ശ്രീനിവാസ അയ്യർ എഴുതിയ 'ശ്രീധർമ്മ ശാസ്താ സ്തോത്ര കദംബം' എന്ന പുസ്തകത്തിൽ ഹരിവരാസനം സമ്പാദകൻ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെന്ന് മറ്റൊരു വാദം നിലനിൽക്കുന്നു.

വിപുലമായ ആഘോഷങ്ങൾ

ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ ഹരിവരാസനം ശതാബ്ദി ആഘോഷസമിതി പതിനെട്ട് മാസം നീളുന്ന ആഘോഷ പരിപാടികൾക്കാണ് രൂപം നൽകി. ഹൈന്ദവ സംഘടനകളെയും അയ്യപ്പഭക്ത പ്രസ്ഥാനങ്ങളെയും സംഘടിപ്പിച്ച് ദേശീയ, അന്തർദേശീയ തലത്തിലാണ് ശതാബ്ദി ആഘോഷം. ഇൗ മാസം 29ന് പന്തളത്ത് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 2024 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആഗോള അയ്യപ്പ മഹാസംഗമത്തോടെയാണ് സമാപനം.

ഹരിവരാസനം

ഹരിവരാസനം വിശ്വമോഹനം

ഹരിദധീശ്വരം ആരാധ്യപാദുകം

അരിവിമർദ്ദനം നിത്യനർത്തനം

ഹരിഹരാത്മജം ദേവമാശ്രയേ

ശരണകീർത്തനം ഭക്തമാനസം

ഭരണലോലുപം നർത്തനാലസം

അരുണഭാസുരം ഭൂതനായകം

ഹരിഹരാത്മജം ദേവമാശ്രയേ...

പ്രണയസത്യകം പ്രാണനായകം

പ്രണതകല്പകം സുപ്രഭാഞ്ചിതം

പ്രണവമന്ദിരം കീർത്തനപ്രിയം

ഹരിഹരാത്മജം ദേവമാശ്രയേ

തുരഗവാഹനം സുന്ദരാനനം

വരഗദായുധം വേദവർണ്ണിതം

ഗുരുകൃപാകരം കീർത്തനപ്രിയം

ഹരിഹരാത്മജം ദേവമാശ്രയേ

ത്രിഭുവനാർച്ചിതം ദേവതാത്മകം

ത്രിനയനം പ്രഭും ദിവ്യദേശികം

ത്രിദശ പൂജിതം ചിന്തിദപ്രദം

ഹരിഹരാത്മജം ദേവമാശ്രയേ

ഭവഭയാപഹം ഭാവുകാവഹം

ഭുവനമോഹനം ഭൂതിഭൂഷണം

ധവളവാഹനം ദിവ്യവാരണം

ഹരിഹരാത്മജം ദേവമാശ്രയേ

കളമൃദുസ്മിതം സുന്ദരാനനം

കളഭകോമളം ഗാത്രമോഹനം

കളഭകേസരി വാജിവാഹനം

ഹരിഹരാത്മജം ദേവമാശ്രയേ....

ശ്രിതജനപ്രിയം ചിന്തിതപ്രദം

ശ്രുതിവിഭൂഷണം സാധുജീവനം

ശ്രുതിമനോഹരം ഗീതലാലസം

ഹരിഹരാത്മജം ദേവമാശ്രയേ

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HARIVARASANAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.