SignIn
Kerala Kaumudi Online
Friday, 19 April 2024 11.20 AM IST

ഹർത്താലും സമരവും: ‌ വഴിമുട്ടുന്നു ‌ടൂറിസത്തിനും ‌ജനത്തിനും

photo

കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി കൊവിഡ് ഉയർത്തിയ കനത്ത ആഘാതത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കേരളത്തിലെ വിനോദ സഞ്ചാരമേഖല . രോഗഭീതിയൊഴിഞ്ഞ് ലോക്ക് ഡൗൺ ഇല്ലാതായതോടെ വിദേശത്ത് നിന്നടക്കം സഞ്ചാരികൾ ഇടുക്കിയിലേക്കെത്തുന്ന സമയമാണിത്. മൂന്നാറിലും തേക്കടയിലും വാഗമണ്ണിലുമെല്ലാം ഇതിന്റെ ലക്ഷണങ്ങൾ കാണാം. എന്നാൽ വല്ലവിധേനയും ജീവിതം കരുപ്പിടിപ്പിക്കാൻ ടൂറിസം മേഖലയിലുള്ളവർ ശ്രമിക്കുമ്പോൾ അവർക്കുള്ള ഇരുട്ടടിയായി മാറുകയാണ് അടിക്കടിയുള്ള ഹർത്താലുകളും തുടർസമരങ്ങളും. കഴിഞ്ഞ മാസം ഒരാഴ്ചയിൽ രണ്ട് ഹർത്താലാണ് ഇടുക്കി ജില്ലയിലുണ്ടായത്. നമ്മുടെ നാട്ടിലേക്ക് വരുന്ന സഞ്ചാരികൾക്ക് തെറ്റായ സന്ദേശമാവും ഇതു നൽകുകയെന്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുവന്നശേഷം ടൂറിസ്റ്റുകളുടെ അഭൂതപൂർവമായ വരവുണ്ടായിട്ടും തുടർച്ചയായ ഹർത്താലുകൾ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനത്തിനിടയാക്കുന്നുണ്ട്. അതിനൊപ്പമാണ് തുടർച്ചയായ സമരങ്ങളും ലാത്തിച്ചാർജ്ജും അക്രമസംഭവങ്ങളും. ഇതോടെ പല ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും ബുക്കിംഗ് കഴിഞ്ഞ ദിവസങ്ങളിൽ ട്രാവൽ ഏജൻസികൾ റദ്ദു ചെയ്തു. ടൂറിസം കേന്ദ്രങ്ങളിലേക്ക് അന്വേഷണങ്ങളും കുറഞ്ഞു. ഇതെല്ലാം അടുത്ത മാസങ്ങളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.

ഇപ്പോൾ മൺസൂൺ ടൂറിസത്തിന്റെ സമയമായതിനാൽ കഴിഞ്ഞ മൂന്ന് മാസമായി ഉത്തരേന്ത്യൻ സ്വദേശികളും വിദേശികളും ധാരാളമെത്തി തുടങ്ങിയിരുന്നു. ഇതിനിടെയാണ് പുതിയ പ്രതിസന്ധി. കാലവർഷം ശക്തമാകുന്നതോടെ ഇനിയുടനെ വിനോദസഞ്ചാര മേഖലയിൽ ഉണർവുണ്ടാകാനുള്ള സാദ്ധ്യത വിരളമാണ്. നിലവിലെ സ്ഥിതി ശാന്തമാകുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്‌തെങ്കിൽ മാത്രമേ ഇനി ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷയുള്ളൂ. വൻതുക വാടകയും വൈദ്യുതി ചാർജും മറ്റും നൽകി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നിലനില്പ് തന്നെ പരുങ്ങലിലാകും. ഹർത്താലുകൾ ടൂറിസം രംഗത്തിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശങ്ക.

രണ്ടു വർഷത്തിനുശേഷം, ടൂറിസത്തിൽ പ്രതീക്ഷ പകരുന്ന സന്ദർഭങ്ങൾ കാത്തിരിക്കുമ്പോൾ നമ്മുടെ മനോഭാവം മാറിയിട്ടില്ലെന്ന സന്ദേശമാകും ഹർത്താൽ നൽകുന്നത്. മിന്നൽ ഹർത്താലുകൾക്ക് 2019 ജനുവരി ആറിന് ഹൈക്കോടതി തടയിട്ടതാണ് ഹർത്താലുകൾ ഒരു പരിധിവരെയെങ്കിലും കുറയാൻ കാരണം. ഏഴ് ദിവസം മുമ്പ് നോട്ടീസ് നൽകാതെ ഹർത്താൽ നടത്താനാകില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹർത്താലിനെ തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അത് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കുമാണ് ഉത്തരവാദിത്തമെന്നും കോടതി വ്യക്തമാക്കി. ഹർത്താൽ നിയന്ത്രിക്കുന്നതിനു നിയമനിർമ്മാണം നടത്തണമെന്നും കോടതി നിർദേശിച്ചു. കാസർകോട് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെത്തുടർന്ന് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനു കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവന്നിരുന്നു.

ആശ്രയിക്കുന്നത് ആയിരങ്ങൾ

ടൂറിസം മേഖലയെ മാത്രം ആശ്രയിച്ച് നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് കുടുംബങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളിൽ കഴിയുന്നത്. മാസങ്ങളോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് കൊവിഡ് ശമിച്ചതിനെ തുടർന്ന് ടൂറിസം മേഖലയിലെ നിയന്ത്രണം സർക്കാരും ജില്ലാ ഭരണകൂടവും ഒഴിവാക്കിയത്. തുടർന്ന് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിംഗ് ആരംഭിക്കുകയും സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ എത്തിതുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ തുടർച്ചയായ ഹർത്താലിനോടനുബന്ധിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ പലതും വീണ്ടും പ്രതിസന്ധിയിലായി. ടൂറിസ്റ്റ് ബസുകളുടെയും ടാക്‌സി ഉടമകളുടെയും ഗൈഡുകളുടെയും മറ്റും സ്ഥിതി വ്യത്യസ്തമല്ല. തുടർച്ചയായ രണ്ട് ഹർത്താലുകൊണ്ട് കോടികളുടെ നഷ്ടമാണ് ജില്ലയിലെ ടൂറിസം മേഖലയിലുണ്ടായതെന്ന് കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി ജില്ലാ സെക്രട്ടറി വിനായകൻ പറയുന്നു. വഴിയോരക്കച്ചവടക്കാർ, ട്രക്കിംഗ്, ആന സഫാരി തുടങ്ങി മേഖലയെ ആശ്രയിച്ച് ജോലി ചെയ്യുന്ന അമ്പതിനായിരത്തിലേറെ പേർ ജില്ലയിലുണ്ട്. ഇവരെല്ലാം വലിയ ബുദ്ധിമുട്ടിലാണ്. അതിനാൽ ഇനിയെങ്കിലും ഹർത്താലിൽ നിന്ന് വിനോദസഞ്ചാര മേഖലയെ ഒഴിവാക്കണമെന്നാണ് വിനായകനെ പോലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം.

നട്ടംതിരിഞ്ഞ്

പൊതുജനവും

ജില്ലയിലെ പ്രധാന ടൗണുകളിൽ സംഘടനകളുടെയും രാഷ്ട്രീയപാർട്ടികളുടെയും സമരങ്ങളും മാർച്ചും നടക്കുമ്പോൾ റോഡിലെ കുരുക്കിൽപ്പെട്ട് ജനം വലയുന്ന അവസ്ഥയാണ്. പൊലീസിന്റെ ഗതാഗത നിയന്ത്രണം മൂലം പലപ്പോഴും വാഹനങ്ങൾ നാടു മുഴുവൻ വട്ടംചുറ്റേണ്ട സ്ഥിതിയാണ്. വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതറിയാതെ എത്തുന്ന ജനങ്ങൾക്ക് സമയനഷ്ടവും പണനഷ്ടവും ഉണ്ടാകുന്നു. കഴിഞ്ഞയാഴ്ച മാത്രം പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഒട്ടേറെ പ്രകടനങ്ങളാണ് ജില്ലയിലെ ടൗണുകളിൽ അരങ്ങേറിയത്. ഇതോടെ രാവിലെ മുതൽ വൈകിട്ട് വരെ പല ജംഗ്ഷനുകളിലും വാഹനത്തിരക്കിൽ ജനം വലഞ്ഞു. പ്രധാന പാതകളിൽ പ്രകടനങ്ങൾ നടക്കുന്നതോടെ പൊലീസ് പല വഴിയ്ക്കും വാഹനങ്ങൾ തിരിച്ചുവിടും. അതിനാൽ പുറമേ നിന്നെത്തുന്ന വാഹന യാത്രക്കാർ ടൗണിൽ വഴിയറിയാതെ വട്ടം കറങ്ങും. കൃത്യമായ വഴി പറഞ്ഞു കൊടുക്കാൻ പോലും ഗതാഗത നിയന്ത്രണച്ചുമതലയുള്ള പൊലീസുകാർ തയാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ജനങ്ങൾക്ക് എത്തേണ്ടയിടങ്ങളിലേക്ക് പോകാൻ ആവശ്യമായ സമാന്തര റോഡുകൾ ഇല്ലാത്തതാണ് വലിയ ബുദ്ധിമുട്ടിനിടയാക്കുന്നത്. ഗതാഗതം വഴി തിരിച്ചു വിടുന്നതോടെ നഗരം ട്രാഫിക് കുരുക്കിൽ വീർപ്പുമുട്ടും. ബസുകൾ വഴി തിരിച്ചു വിടുന്നതിനാൽ യാത്രക്കാർക്ക് പലപ്പോഴും അവർക്കിറങ്ങേണ്ട സ്റ്റോപ്പുകളിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നും പരാതിയുയർന്നു. ഇതു മൂലം ബസിറങ്ങിയതിനു ശേഷം ഓട്ടോ വിളിച്ചാണ് യാത്രക്കാർ ലക്ഷ്യസ്ഥാനത്തെത്തിയത്.

വലിയ സമരങ്ങളോ ജാഥയോ ഉണ്ടെങ്കിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് തലേദിവസം തന്നെ പല നഗരങ്ങളിലും അറിയിക്കാറുണ്ട്. എന്നാൽ ജില്ലയിൽ അങ്ങനെയൊരു സംവിധാനമില്ല. തിരക്കേറിയ നഗരത്തിൽ പല റോഡുകളിലും മുന്നറിയിപ്പില്ലാതെയാണ് ഗതാഗതം വഴിതിരിച്ചു വിടുന്നത്. ഇത് മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HARTAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.