SignIn
Kerala Kaumudi Online
Saturday, 20 April 2024 2.49 AM IST

ആരോഗ്യസമ്പന്നം കേരളം

photo

മഹാമാരിയുടെ പ്രതിസന്ധി മറികടന്ന് ശക്തമായ ആരോഗ്യസംവിധാനം പടുത്തുയർത്തിയെന്ന അഭിമാനത്തോടെയാണ് ആരോഗ്യവകുപ്പ് ഒരുവർഷം പിന്നിടുന്നത്. നീതി ആയോഗ് സൂചികയിൽ കേരളം ഒന്നാമതെത്തി. പബ്ലിക് അഫേഴ്സ് സെന്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ് 2021ൽ മികച്ച സംസ്ഥാനവും കേരളമാണ്.143 ആരോഗ്യസ്ഥാപനങ്ങൾക്ക് ഒരു വർഷത്തിനിടെ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് ബഹുമതി നേടി. കൊവിഡ് വാക്‌സിൻ പൂർണമായും വിതരണം ചെയ്യാനായതും കൂട്ടായപ്രവർത്തനത്താലാണ്.

നേട്ടങ്ങളുടെ നെറുകയിൽ

ആരോഗ്യ വനിത-ശിശുവികസന വകുപ്പുകൾക്കായി ഏഴ് പുരസ്‌കാരങ്ങളും ബഹുമതികളുമാണ് ലഭിച്ചത്. ദേശീയതലത്തിൽ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ഏറ്റവും കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ട് ദേശീയ അവാർഡുകളാണ് ലഭിച്ചത്. ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിൽ സിൽവർ കാറ്റഗറിയിൽ പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനമായി.

മികച്ച പ്രവർത്തനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ സൂചികയിൽ ദേശീയ പുരസ്‌കാരം ലഭിച്ചു.
ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള അവാർഡും ഇന്ത്യാ ടുഡേയുടെ 2021ലെ ഹെൽത്ത്ഗിരി അവാർഡും ലഭിച്ചു.

നവകേരളത്തിന്റെ ആർദ്രം

സർക്കാർ ആശുപത്രികളുടെ മുഖഛായ മാറ്റി സ്വകാര്യ ആശുപത്രികൾക്ക് സമാനമായി പരിവർത്തനപ്പെടുത്തിയത് ഒന്നാം പിണറായി സർക്കാരിന്റെ ആർദ്രം പദ്ധതിയിലൂടെയായിരുന്നു. അതിന്റെ തുടർച്ചയായാണ് ആ‌ർദ്രം മിഷൻ 2. ആശുപത്രിസേവനം അവശവിഭാഗങ്ങളുടെ അടുത്തെത്തിക്കാനുള്ള ശ്രമവും നടത്തി.
രോഗികൾക്ക് വീട്ടിൽത്തന്നെ സൗജന്യ ഡയാലിസിസ് ചെയ്യാൻ പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതിയ്ക്ക് 11 ജില്ലകളും സജ്ജമായി. 10 ജില്ലകളിൽ സൗജന്യ സ്‌ട്രോക്ക് ചികിത്സ ഉറപ്പാക്കി. ആരോഗ്യമേഖലയിൽ 326 തസ്തികകൾ സൃഷ്ടിച്ചു.

ആശുപത്രികൾ സുശക്തം

ഐ.സി.യു, വെന്റിലേറ്റർ, ഓക്‌സിജൻ, പീഡിയാട്രിക് സൗകര്യങ്ങൾ എന്നിവ വർദ്ധിപ്പിച്ചു. 25 ആശുപത്രികളിൽ 194 പുതിയ ഐ.സി.യു യൂണിറ്റുകൾ, 19 ആശുപത്രികളിൽ 146 എച്ച്.ഡി.യു യൂണിറ്റുകൾ, 10 ആശുപത്രികളിലായി മൂന്ന് പീഡിയാട്രിക് ഐ.സി.യു യൂണിറ്റുകൾ എന്നിവ സജ്ജമാക്കി.
സെന്റർ ഓഫ് എക്‌സലൻസിന്റെ ഭാഗമായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും 12 കിടക്കകൾ വീതമുള്ള ഐ.സി.യു, എച്ച്.ഡി.യു കിടക്കകളും സജ്ജമാക്കി. ആകെ 400ഐസിയു, എച്ച്ഡിയു യൂണിറ്റുകളാണ് സജ്ജമാക്കിയത്.

നവജാതശിശു മുതലുള്ള കുട്ടികൾക്ക് 123 വെന്റിലേറ്ററുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള 215 വെന്റിലേറ്ററുകൾ, 148നോൺ ഇൻവേസീവ് വെന്റിലേറ്ററുകൾ, 666ഹൈ ഫ്‌ളോ വെന്റിലേറ്ററുകളും ഉൾപ്പെടെ ആകെ 381 പുതിയ വെന്റിലേറ്ററുകൾ. മെഡിക്കൽ കോളേജുകളിൽ 239ഐ.സി.യു, ഹൈ കെയർ കിടക്കകൾ, 222വെന്റിലേറ്റർ എന്നിവ ഉൾപ്പെടെ 1588 കിടക്കകൾ പുതുതായി സജ്ജമാക്കി.

ആയുഷിന്

നേട്ടങ്ങളുടെ കാലം

സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി ആയുഷ് സ്ഥാപനങ്ങളിലെ 5.17കോടിയുടെ 12 പദ്ധതികൾക്കാണ് തുടക്കമായത്. 600 ആയുഷ് ഡിസ്‌പെൻസറികളെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളാക്കി വികസിപ്പിക്കാൻ 150 ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ അനുവദിച്ചു. ആറ് കേന്ദ്രങ്ങളിൽ 10 മുതൽ 50 വയസുവരെ സ്ത്രീകളുടെ പരിപൂർണ ആരോഗ്യത്തിന് സിദ്ധചികിത്സാ പദ്ധതി മഗിളർ ജ്യോതി' ആരംഭിച്ചു.

ഭക്ഷണത്തിലൂടെ

ആരോഗ്യം

ഒറ്റപ്പെട്ട അനിഷ്‌ട സംഭവമുണ്ടായെങ്കിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തനങ്ങൾ കരുത്താർജ്ജിച്ചു. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാന്റേർഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിൽ വകുപ്പിന് രണ്ടാംസ്ഥാനം ലഭിച്ചു. ആറ് ഭക്ഷ്യപരിശോധനാ ലബോറട്ടറികൾ സജ്ജമാക്കിയതോടെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യപരിശോധനാ ലാബുകളുള്ള ആദ്യ സംസ്ഥാനമായി.

കാൻസറിനോട്

സന്ധിയില്ല

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കാൻസർ കോശങ്ങളിൽ കൃത്യതയാർന്ന രീതിയിൽ റേഡിയേഷൻ ചികിത്സ നൽകുന്ന ആധുനിക ചികിത്സാരീതിയായ ലുട്ടീഷ്യം ഐസോടോപ്പ് ട്രീറ്റ്‌മെന്റ് ആരംഭിച്ചു. പെറ്റ് സ്‌കാന് വേണ്ടി 58 ലക്ഷം രൂപയുടെ ഗാലിയം ജനറേറ്റർ സജ്ജമാക്കുന്നു. 20 കോടിയുടെ റിംഗ് ഗാൻഡ്രി ലീനിയർ ആക്‌സിലറേറ്റർ സ്ഥാപിക്കാൻ അനുമതി നൽകി. മലബാർ കാൻസർ സെന്ററിൽ മജ്ജമാറ്റിവയ്ക്കലിന് ബോൺമാരോ ഡോണർ രജിസ്ട്രി ആരംഭിച്ചു. തൈറോയിഡ് കാൻസർ ചികിത്സയ്ക്ക് ഹൈഡോസ് റേഡിയോ അയോഡിൻ തെറാപ്പി ആരംഭിച്ചു.
കൊച്ചി കാൻസർ സെന്ററിൽ സ്റ്റോമ ക്ലിനിക്, ലിംഫ്ഡേമ ക്ലിനിക്, സ്പീച്ച് ആന്റ് സ്വാളോയിംഗ് ക്ലിനിക്, പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്, പുകയില വിരുദ്ധ ക്ലിനിക് എന്നിവ സ്ഥാപിച്ചു.

സ്ത്രീകൾക്കും

കുട്ടികൾക്കും


സ്ത്രീസുരക്ഷയ്ക്ക് കനൽപദ്ധതി നടപ്പിലാക്കി. മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് 3.2കോടി രൂപയുടെ ധനസഹായം അനുവദിച്ചു. കിളിക്കൊഞ്ചൽ അങ്കണവാടി തീം അധിഷ്ഠിത പിക്ചർ ബുക്ക്‌ലെറ്റ് പുറത്തിറക്കി
ബാലവേല തടയാൻ ബാലവേലയെപ്പറ്റി വിവരം നൽകുന്ന വ്യക്തിക്ക് ഇൻസന്റീവ് നൽകുന്ന പദ്ധതി ആവിഷ്‌‌കരിച്ചു. തൃശൂർ രാമവർമ്മപുരത്ത് പെൺകുട്ടികൾക്കുള്ള അത്യാധുനിക മോഡൽ ഹോം പ്രവർത്തനസജ്ജമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.