SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.33 AM IST

കുഴഞ്ഞുവീണ് പൊലിയരുത്

photo

ജനപ്രിയ ഗായകരായിരുന്ന കെ.കെയുടെയും ഇടവ ബഷീറിന്റെയും അപ്രതീക്ഷിത മരണം കലാലോകത്തിന് തീരാനഷ്ടമായി. കെ.കെ. സംഗീത പരിപാടി കഴിഞ്ഞ ഉടനെയും ഇടവ ബഷീർ പരിപാടിയ്ക്കിടയിലുമാണ് കുഴഞ്ഞുവീണ് മരിച്ചത്. കൃത്യസമയത്ത് പ്രഥമശുശ്രൂഷ നൽകിയിരുന്നെങ്കിൽ കെ.കെയുടെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ വെളിപ്പെടുത്തിയിരുന്നു. അത്യാഹിതമുണ്ടാകുമ്പോൾ ആശുപത്രിയിലെത്തിക്കാനും മറ്റും നമുക്ക് കുറ്റമറ്റ ആംബുലൻസ് സംവിധാനമുണ്ടെങ്കിലും കുഴഞ്ഞുവീഴുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ ലഭിക്കേണ്ട പ്രഥമശുശ്രൂഷ പലർക്കും ലഭിക്കുന്നില്ല. ജീവിതശൈലീ രോഗങ്ങളും കൊവിഡാനന്തര പ്രശ്നങ്ങളും രോഗാതുരത വർദ്ധിപ്പിക്കുമ്പോൾ ഒരു പ്രഥമശുശ്രൂഷ പരിശീലനപദ്ധതി അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ടിയിരിക്കുന്നു.

കുഴഞ്ഞുവീണുള്ള

മരണം

ശക്തമായ ഹൃദയാഘാതത്തെ തുടർന്ന് ഹൃദയസ്തംഭനം ഉണ്ടാകുന്നതാണ് കുഴഞ്ഞുവീണുള്ള മരണത്തിന്റെ പ്രധാന കാരണം. ഹാർട്ട് അറ്റാക്കുണ്ടായ വ്യക്തിയിൽ ഹൃദയസ്പന്ദന താളത്തിലുണ്ടാകുന്ന വ്യതിയാനമാണ് (വെൻട്രിക്കുലാർ ഫിബ്രിലേഷൻ) രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്നത്. വൈദ്യുതാഘാതം, മിന്നലേൽക്കുക, വെള്ളത്തിൽ മുങ്ങിപ്പോവുക തുടങ്ങി അത്യാഹിതങ്ങൾ ഉണ്ടാകുമ്പോഴും ഗുരുതരമായ ഹൃദയസ്തംഭനമുണ്ടാകാം. കുഴഞ്ഞുവീണ് 4- 6 മിനിട്ടുകൾക്കിടയിൽ രക്തചംക്രമണം വീണ്ടെടുക്കാനായില്ലെങ്കിൽ സ്ഥായിയായ മസ്‌തിഷ്ക ക്ഷതവും പത്ത് മിനിട്ടിനുള്ളിൽ മരണവും സംഭവിക്കാം. ഹൃദയപേശികളെ വീണ്ടെടുക്കുന്നതിൽ സമയത്തിന്റെ പ്രാധാന്യം സൂചിപ്പിക്കാനാണ് ടൈം ഇൗസ് മസിൽ എന്ന പ്രയോഗം. കുഴഞ്ഞുവീണ വ്യക്തിക്ക് സംയോജിതമായ ഹൃദയാഘാത പുനരുജ്ജീവന പ്രഥമ ശുശ്രൂഷ (കാർഡിയോ പൾമണറി റീസസിറ്റേഷൻ- സി.പി.ആർ) നൽകിയാൽ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത 2 -3 മടങ്ങുവരെ വർദ്ധിക്കും.

സി.പി.ആർ

ഹൃദയസ്തംഭനവും ശ്വസനസ്തംഭനവും സംഭവിച്ച് കുഴഞ്ഞുവീണ വ്യക്തിയ്‌ക്കുള്ള ജീവൻരക്ഷാ ശുശ്രൂഷയാണ് സി.പി.ആർ. അബോധാവസ്ഥയിലായ വ്യക്തിയെ മലർത്തിക്കിടത്തുക. നാവ് പിറകോട്ട് വീണ് ശ്വാസനാളം അടയാതിരിക്കാനായി താടി അല്പം ഉയർത്തിവയ്ക്കുക.

രോഗിയുടെ നെഞ്ചിന്റെ മദ്ധ്യഭാഗത്തായി ശുശ്രൂഷകന്റെ ഇരുകൈപ്പത്തികളും ഒന്നിനുമുകളിൽ മറ്റൊന്നായി ചേർത്തുവയ്ക്കുക.

കൈമുട്ടു വളയാതെ രോഗിയുടെ നെഞ്ചിൽ ശക്തമായ സമ്മർദ്ദമേൽപ്പിക്കുക. നെഞ്ചിൻകൂട് അഞ്ച് സെന്റിമീറ്റർ വരെ താഴേക്ക് അമരണം.

30 തവണ സമ്മർദ്ദമേൽപ്പിച്ചശേഷം രണ്ടുപ്രാവശ്യം കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക. രോഗിയുടെ വായോട് വായ ചേർത്തുവച്ച് ശക്തിയായി ഉൗതുകയാണ് ചെയ്യേണ്ടത്. 30 : 2 എന്ന അനുപാതത്തിൽ സമ്മർദ്ദമേൽപ്പിക്കലും ശ്വാസോച്ഛ്വാസവും തുടരണം. രോഗിയെ ആശുപത്രിയിലെത്തിക്കുന്നതു വരെയോ പൾസും ശ്വാസോച്ഛ്വാസവും പ്രത്യക്ഷപ്പെടുന്നതു വരെയോ സി.പി.ആർ തുടരണം. കൃത്രിമ ശ്വാസോച്ഛ്വാസം നൽകാനാകാത്ത സാഹചര്യത്തിൽ നെഞ്ചിൽ സമ്മർദ്ദമേൽപ്പിക്കൽ മാത്രമായും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിക്കുന്നുണ്ട്.

സി.പി.ആർ

പാഠ്യപദ്ധതിയുടെ

ഭാഗമാകണം

ശാസ്ത്രീയ പരിശീലനം ലഭിച്ചാൽ മാത്രമേ ഫലപ്രദമായി സി.പി.ആർ നൽകാനാകൂ. തെറ്റായി നൽകുന്ന ശുശ്രൂഷ കൂടുതൽ അപകടമുണ്ടാക്കിയെന്നും വരാം. ഹൈസ്കൂൾ - ഹയർ സെക്കൻഡറി സിലബസിൽ പ്രഥമശുശ്രൂഷാ പാഠങ്ങൾ ഉൾക്കൊള്ളിക്കുകയും കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പരിശീലനം നൽകുകയും വേണം. പി.എസ്.സിക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ സി.പി.ആർ ട്രെയിനിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാം. പൊലീസ്, ഫയർഫോഴ്സ്, കുടുംബശ്രീ പ്രവർത്തകർ, ടാക്സി - ഓട്ടോ ഡ്രൈവർമാർ, ഹോട്ടൽ - ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കെല്ലാം സി.പി.ആർ ഹാൻഡ്സ് - ഓൺ ട്രെയിനിംഗ് നൽകണം.

മാളുകളിലും ഓഡിറ്റോറിയങ്ങളിലും ആളുകൾ കൂടുന്ന പൊതുഇടങ്ങളിലും,​ ഹാർട്ടറ്റാക്കുണ്ടായി കുഴഞ്ഞുവീണാൽ ഷോക്ക് നൽകാനുള്ള ഓട്ടോമേറ്റഡ് എക്സ്‌റ്റേണൽ ഡീഫിബ്രിലേറ്ററുകൾ സജ്ജീകരിക്കണം. ലളിതമായ ഈ ജീവൻരക്ഷാ ഉപകരണം ഉപയോഗിക്കേണ്ട രീതികൾ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ എഴുതി പ്രദർശിപ്പിക്കുകയും വേണം. പൊതുപരിപാടികൾ നടക്കുമ്പോൾ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ഫസ്റ്റ് എയ്‌‌ഡ് മെഡിക്കൽ യൂണിറ്റുകൾ നിർബന്ധമാക്കണം.

വേണം ഒരു

ഹെൽത്ത് സ്ക്രീനിംഗ്

പ്രമേഹവും ഹൈപ്പർ ടെൻഷനും അമിത കൊളസ്ട്രോൾ നിലയുമൊക്കെ യാദൃശ്ചികമായി നടത്തുന്ന വൈദ്യപരിശോധനയിലായിരിക്കും ആദ്യമായി കണ്ടെത്തുന്നത്. ജീവിതശൈലീ രോഗമായ ഹൈപ്പർ ടെൻഷനുള്ളവരിൽ പകുതിയിലേറെ ആളുകളും തങ്ങൾക്ക് ഈ രോഗമുണ്ടെന്ന് തിരിച്ചറിയുന്നില്ല.

തിരക്കുപിടിച്ച ജീവിതം നയിക്കുന്നവർക്ക് ആരോഗ്യകരമായ ജീവിതചര്യകൾ പിന്തുടരാൻ കഴിഞ്ഞെന്നുവരില്ല. ഒരു വാർഷിക വൈദ്യപരിശോധനയിലൂടെ പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, ഹൈപ്പർ ടെൻഷൻ തുടങ്ങിയ പ്രശ്നങ്ങൾ തിരിച്ചറിയാനാകും.

(കോന്നി ഗവ. മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവിയാണ് ലേഖകൻ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEART ATTACK
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.