SignIn
Kerala Kaumudi Online
Thursday, 25 April 2024 3.30 PM IST

ഹേലി റിപ്പോർട്ടും ക്ഷീരകർഷകരും

r-heli

ഈ കുറിപ്പിനാധാരം ആർ. ഹേലിയെക്കുറിച്ചുള്ള എന്റെ ഓർമ്മകളാണ്. കേരളത്തിന്റെ കാർഷികരംഗത്ത് ശക്തമായ സാന്നിദ്ധ്യം തെളിയിച്ച, ദീർഘകാലം കാർഷികരംഗത്ത് കറപുരളാത്ത ഔദ്യോഗിക ജീവിതം നയിച്ച് കാർഷിക വകുപ്പിന്റെ ഡയറക്ടറായി വിരമിച്ച അദ്ദേഹം ആറ്റിങ്ങലിലെ അതിപുരാതനവും കുലീനവുമായ കുടുംബത്തിലെ അംഗമായിരുന്നു.

അദ്ദേഹത്തിന്റെ മൂത്തജ്യേഷ്ഠൻ ആർ.പ്രകാശം 1957-ലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനു വഴിതെളിച്ച,​ ആറ്റിങ്ങൽ മണ്ഡലത്തിലെ എം.എൽ.എയായിരുന്നു. 'നിയമസഭയിൽ നിശബ്ദനായി" എന്ന ഒറ്റകൃതികൊണ്ട് കേരളത്തിന്റെ ശ്രദ്ധപിടിച്ചെടുത്ത അതിപ്രഗത്ഭനായ നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ. ആർ. പ്രസന്നനും ഹേലിയുടെ സഹോദരനായിരുന്നു.

മന്ത്രിയായിരുന്നപ്പോൾ എന്റെ വകുപ്പുകളിൽ ഒരു ഉപവകുപ്പായിരുന്നു മൃഗസംരക്ഷണവും, ഡയറിയും. പ്രായേണ അപ്രസക്തമായ വകുപ്പുകൾ. കൂടാതെ ഭക്ഷ്യ-പൊതുവിതരണം, ലീഗൽ മെട്രോളജിയും കൺസ്യൂമർ ഫോറവും ഞാൻ കൈകാര്യം ചെയ്തു. എന്റെ ശ്രദ്ധയും സമയവും കൂടുതൽ കേന്ദ്രീകരിക്കേണ്ടിവന്നത് ഭക്ഷ്യവകുപ്പിലായിരുന്നു. വിലക്കയറ്റവും ഭക്ഷ്യധാന്യകമ്മിയും കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടും കാരണം ഈ വകുപ്പ് സങ്കീർണത നിറഞ്ഞതും അഴിമതിയുടെ ഉറവിടവുമായിരുന്നു. പൊതുവിതരണരംഗം കാര്യക്ഷമമാക്കി വിലക്കയറ്റം പൂർണമായും നിയന്ത്രിച്ചും, അഴിമതി അവസാനിപ്പിച്ചും വകുപ്പു മുന്നോട്ടുകൊണ്ടുപോകാനുള്ള എന്റെ കഠിനാദ്ധ്വാനം കാരണം ഭരണത്തിന്റെ ആദ്യഘട്ടത്തിൽ എനിക്ക് മൃഗസംരക്ഷണ - ക്ഷീരവകുപ്പിൽ കാര്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

ഈ രംഗത്തെ അനുഭവസമ്പന്നരായ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ കേരളത്തിന്റെ സൗഭാഗ്യമായി ഈ വകുപ്പിനെ വികസിപ്പിക്കാൻ കഴിയുമെന്ന് ഞാൻ മനസിലാക്കി. പാൽ, മുട്ട, മാംസം എന്നീ മൂന്ന് ഉത്പന്നങ്ങളും ഭക്ഷണത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. പശുവളർത്തൽ, കോഴിവളർത്തൽ.ന്നീ രംഗങ്ങളിലൂടെ നമ്മുടെ ഗ്രാമങ്ങൾ ഐശ്വര്യസമ്പൂർണ ഗ്രാമങ്ങളാകും. പോഷകാംശമുള്ള ഭക്ഷ്യവസ്തുക്കൾ ലഭ്യമാകും. തൊഴിലവസരങ്ങൾ വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടുത്താൻ മാത്രമല്ല, സാമ്പത്തിക വളർച്ച നേടാനും കഴിയും. അളവറ്റ സാദ്ധ്യതയുള്ള ഈ രംഗം ഗൗരവമായി കൈകാര്യം ചെയ്യാൻ ഒരിക്കലും ആരും സന്നദ്ധമായിരുന്നില്ല.

ഈ വിഷയത്തെക്കുറിച്ച് ഔദ്യോഗികമായി എന്തെങ്കിലും പഠനങ്ങളോ അതേക്കുറിച്ചുള്ള റിപ്പോർട്ടുകളോ ഉണ്ടായില്ല. ഈ വിഷയമാണ് എന്നെ അലട്ടിയത്. എങ്കിലും വകുപ്പിൽ പതിവിൻപടി പദ്ധതികൾ ആവിഷ്‌കരിച്ച് നടപടികൾ തുടർന്നുകൊണ്ടിരുന്നു. പാൽ, മുട്ട, മാംസം എന്നീ രംഗങ്ങളിൽ ക്രമാനുഗതമായ ഉത്‌പാദനവർദ്ധനവും അനുഭവപ്പെട്ടു. എന്നാൽ ക്ഷീരകർഷകനെ ശ്രദ്ധിക്കാൻ ആരും കൂട്ടാക്കിയില്ല. അവന്റെ കുടുംബവും അവഗണിക്കപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ക്ഷീരകർഷകർ കർഷകരല്ല. ഈ കണക്കുകൂട്ടലിന്റെ ഫലമായി സാധാരണ കർഷകന്റെ ആനുകൂല്യങ്ങൾ ക്ഷീരകർഷകനു നിഷേധിക്കപ്പെട്ടു.

കോഴിവളർത്തലും, മുട്ട ഉത‌്‌പാദനവും നമ്മുടെ സമൂഹം ഗൗരവമായി പരിഗണിച്ചില്ല. പശുവളർത്തൽ, കിടാരി സംരക്ഷണം, ആടുവളർത്തൽ മാത്രമല്ല, പന്നി - താറാവ് ഫാമുകളും അവഗണിക്കപ്പെട്ടു. പാൽ - മുട്ട - മാംസം എന്നീ ഭക്ഷ്യസാധനങ്ങളുടെ ഉത്‌പാദനം വർദ്ധിപ്പിക്കാനും മൃഗസംരക്ഷണരംഗം അടിസ്ഥാനപരമായി പുനഃസംഘടിപ്പിക്കാനും ഉദ്ദേശത്തോടെ വകുപ്പു മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി വി. എസ് നിർദ്ദേശിച്ചു. പ്രസ്തുത നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഞാൻ ആർ. ഹേലിയുടെ മുന്നിലെത്തി. അദ്ദേഹവുമായി സർക്കാരിന്റെ ഉദ്ദേശം പങ്കുവച്ചു. അത്യധികമായ സന്തോഷത്തോടെ അദ്ദേഹം സർക്കാരുമായി സഹകരിക്കാൻ സന്നദ്ധനായി. ആർ. ഹേലി കമ്മിറ്റിയുടെ ശുപാർശകൾ കേരളത്തിലെ മൃഗസംരക്ഷണ ക്ഷീരവകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരു രേഖയായി മാറി.

റിപ്പോർട്ടിൽ 58 നിർദ്ദേശങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.

പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് ക്ഷീരകർഷകനെയും അവന്റെ കുടുംബത്തെയും ശക്തമായ അടിത്തറയിൽ നിലനിറുത്തുക. കൂടാതെ രണ്ടോ, മൂന്നോ പശുക്കളെ വളർത്തി ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് ചെറുകിട ക്ഷീരോല്പാദകരോടൊപ്പം, അമ്പതും നൂറും പശുക്കളെ സംരക്ഷിക്കുന്ന ഹൈടെക് ഡയറി ഫാമുകൾ പൊതുമേഖലയിൽ ആരംഭിക്കണം. പാലിനും മറ്റ് ഉത്‌പന്നങ്ങൾക്കും ന്യായമായ വില, കുടുംബത്തിന് ക്ഷേമപദ്ധതി, ക്ഷീരകർഷകന് പെൻഷൻ, പ്രാഥമിക ക്ഷീരകർഷക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ സഹകരണ സംഘങ്ങളിലെ ജീവനക്കാരോടൊപ്പം ഏകീകരിക്കുക, കാലിത്തീറ്റ മിതമായ വിലയ്ക്ക് വിതരണം, തീറ്റപ്പുൽ കൃഷിപ്രോത്സാഹനം, ഗ്രാമങ്ങളിൽ ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി കോഴിക്കുഞ്ഞുങ്ങളെയും താറാവ്, ആട് എന്നിവയും വിതരണം ചെയ്യുക. ഈ പദ്ധതികൾ വ്യാപകമായ തോതിൽ വിദ്യാലയങ്ങളിൽ നടപ്പിലാക്കുക തുടങ്ങി ഭാവനാപൂർണമായ ഒട്ടേറെ നിർദ്ദേശങ്ങളോടെ ആർ. ഹേലി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് റിപ്പോർട്ട് നല്‌കി.

ഹേലി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിലല്ല ഇന്ത്യയിലാദ്യമായി കാലിത്തീറ്റ സബ്‌സിഡി നടപ്പിലാക്കി. പുതിയ കാലിത്തീറ്റ ഫാക്ടറികൾ കരുനാഗപ്പള്ളി, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ സ്ഥാപിച്ചു. ക്ഷീരകർഷകർക്കായി കുറ്റമറ്റ ക്ഷേമപദ്ധതിയും പെൻഷനും അനുവദിച്ചു. പ്രാഥമിക ക്ഷീരകർഷക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് ശമ്പള വർദ്ധനവും പെൻഷനും അനുവദിച്ചു. പച്ചപ്പുൽ ഉത്പാദന കേന്ദ്രങ്ങളിൽ ഫോഡർ പ്രൊമോട്ടർമാരെ നിയമിച്ചും ''ഗ്രാമം നിറയെ കോഴി " കുഞ്ഞുകരങ്ങളിൽ കോഴിക്കുഞ്ഞ് " നാട്ടിൻപുറമാകെ കോഴികൾ തുടങ്ങിയ ഭാവനാപൂർണമായ പദ്ധതികളും നടപ്പിലാക്കി. ഈ രംഗത്ത് അദ്ധ്വാനിക്കുന്ന ആയിരക്കണക്കിന് കർഷകരുടെ മഹോത്സവങ്ങളും വിപണനകേന്ദ്രങ്ങളും സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് ഏതാനും ദിവസം നീണ്ടുനില്‌ക്കുന്ന പ്രദർശനം ജനലക്ഷങ്ങളെ ആകർഷിച്ചു. സമാനമായ പ്രദർശനോത്സവങ്ങൾ ചാത്തന്നൂർ, കരുനാഗപ്പള്ളി, കണ്ണൂർ, കാസർകോട് എന്നീ സ്ഥലങ്ങളിലും സംഘടിപ്പിച്ചു.

മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരുടെ ഡ്യൂട്ടിസമയം ഏകീകരിച്ചു. മൃഗസംരക്ഷണത്തിനാവശ്യമായ എല്ലാ ആധുനിക സജ്ജീകരണങ്ങളോടെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ സ്ഥാപിച്ചു. വെറ്ററിനറി സയൻസ് യൂണിവേഴ്സിറ്റിയും സംസ്ഥാനത്ത് ആദ്യമായി നിലവിൽവന്നു.

കേരളത്തിലെ മൃഗസംരക്ഷണ ക്ഷീരവകുപ്പിന്റെ ഇന്നത്തെ പുരോഗതിയുടെ ശാസ്ത്രീയ അടിത്തറയുടെ സൃഷ്ടാവ് പ്രിയപ്പെട്ട ആർ.ഹേലിയാണെന്ന വസ്തുത ചരിത്രത്തിൽ ഇടംനേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HELI REPORT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.