SignIn
Kerala Kaumudi Online
Friday, 19 April 2024 8.00 AM IST

വിദേശം വിട്ടിറങ്ങാത്ത ഉന്നത വിദ്യാഭ്യാസം

photo

അടുത്തകാലത്തായി വിദേശത്തു ഉന്നതവിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നു! മുൻകാലങ്ങളിൽ ബിരുദാനന്തര ഗവേഷണ പഠനത്തിനായിരുന്നു വിദ്യാർത്ഥികൾ ഇന്ത്യയിൽനിന്നും വിദേശസർവകലാശാലകളിലെത്തിയിരുന്നത്. എന്നാൽ ഇന്ന് പ്ലസ് ടുവിനുശേഷം അണ്ടർ ഗ്രാഡ് പ്രോഗ്രാമുകൾക്ക് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്. അടുത്തയിടെ പത്തനംതിട്ടയിൽ ഒരുക്ലാസിൽ നിന്നും 60 ശതമാനത്തിലധികം വിദ്യാർത്ഥികളാണ് കാനഡയിൽ ബിരുദ പ്രോഗ്രാമിനെത്തിയത്. ഏതാണ്ട് 7.7 ലക്ഷം വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നും പ്രതിവർഷം വിദേശക്യാമ്പസുകളിലെത്തുന്നു. ഇവരിൽ 40000 പേർ കേരളത്തിൽ നിന്നാണ്. വിദ്യാർത്ഥികളുടെ വ്യക്തമായ കണക്ക് എവിടെയും ലഭ്യമല്ല! എന്തുകൊണ്ടാണ് ഈ ഒഴുക്ക് വർദ്ധിക്കുന്നത്? ഇന്ത്യയിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലേ?

ദേശീയ വിദ്യാഭ്യാസനയം 2020 നടപ്പിലാക്കുമ്പോൾ മാറുന്ന വിദേശ പ്രവണതയ്ക്ക് കാരണമെന്താണ്? മുൻകാലങ്ങളിൽ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന കുടുംബങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ വിദേശ പഠനത്തിനെത്തിയിരുന്നത്. എന്നാൽ ഇന്ന് സാധാരണക്കാരുടെ മക്കളും വിദേശ സർവകലാശാലകളിലെത്തുന്നു!

മാറുന്ന പ്രവണതകൾ

ഉന്നതവിദ്യാഭ്യാസ രംഗത്ത് ആഗോളഗ്രാമം എന്ന ആശയം ആഗോളവൽകൃത യുഗത്തിൽ കരുത്താർജ്ജിച്ചു വരുന്നു. സേവന മേഖലയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ലോകത്തിലെ ഏതു രാജ്യത്തും പഠിക്കാനുള്ള അവസരങ്ങൾ ഇന്നുണ്ട്. ഇതു പരമാവധി പ്രയോജനപ്പെടുത്തി വരുമാനം നേടാൻ വിദേശ വിദ്യാഭ്യാസസ്ഥാപനങ്ങൾ ശ്രമിക്കുന്നു. വിദേശ സർവകലാശാലകൾ മികച്ച സാങ്കേതികവിദ്യ, അക്കാഡമിക് ഗവേഷണ സാഹചര്യം, ഭൗതികസൗകര്യങ്ങൾ , മികച്ച സിലബസ്, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, സ്‌കിൽ വികസനം മുതലായവയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള സർവകലാശാലകളേക്കാൾ ഏറെ മുന്നിലാണ്. മാത്രമല്ല വിദേശ ജീവിതസാഹചര്യം ആഗോളതലത്തിൽ തൊഴിൽ ചെയ്യാനും, പ്രതികൂല സാഹചര്യങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും വിദ്യാർത്ഥികളെ സഹായിക്കും. തൊഴിൽലഭ്യതാ മികവിൽ വിദേശ പഠനം ഏറെ മികച്ചതാണ്. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉപരിപഠനത്തിനുശേഷം പ്രസ്തുത രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ട്. ഇന്ത്യൻ സർവകലാശാലകളെ അപേക്ഷിച്ചു തൊഴിൽ സാദ്ധ്യതയുള്ള പുത്തൻ കോഴ്സുകൾ വിദേശ സർവകലാശാലകളിലുണ്ട്.

ലോക റാങ്കിങ് നിലവാരം

അടുത്തയിടെ പ്രസിദ്ധീകരിച്ച ടൈംസ് ഹയർ എഡ്യൂക്കേഷന്റെ ലോക സർവകലാശാല റാങ്കിങ് 2022 വിലയിരുത്തിയാൽ കാര്യം വ്യക്തമാകും! ടൈംസ് ഹയർ എഡ്യൂക്കേഷന്റെ 2022 ലെ ലോക യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ 300 നുള്ളിൽ ഇന്ത്യൻ സർവകലാശാലകളില്ല! ആദ്യ 10 റാങ്കിൽ എട്ട് അമേരിക്കൻ സർവകലാശാലകളും രണ്ട് യു.കെ സർവകലാശാലകളുമുണ്ട്. ഓക്സ്‌ഫോർഡ് സർവലാശാലയ്ക്കാണ് ഒന്നാം റാങ്ക്. കേംബ്രിഡ്ജ് അഞ്ചാം സ്ഥാനത്താണ്. എന്നാൽ ആദ്യ 100 റാങ്കിങ്ങിൽ അമേരിക്കൻ സർവകലാശാലകളുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ചു കുറവാണ്. കിഴക്കനേഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ചൈന, മദ്ധ്യ കിഴക്കൻ മേഖലകളിൽ നിലവാരമുള്ള സർവകലാശാലകളുണ്ടെന്നാണ് ടൈംസ് ഹയർ എഡ്യൂക്കേഷന്റെ വിലയിരുത്തൽ. ആദ്യ 100 റാങ്കിങ്ങിൽ 34 അമേരിക്കൻ സർവകലാശാലകളുണ്ട്. ചൈന, ഹോങ്കോങ്, സൗത്ത് കൊറിയ, ജപ്പാൻ, സിംഗപ്പൂർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ മുൻനിര റാങ്കിങ്ങിൽ സർവകലാശാലകളുണ്ട്. ഇന്ത്യയിൽ മുൻനിരയിൽ ഈ വർഷവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് ബംഗുളൂരുവാണ്. ഇതിനു പിന്നിലാണ് ഐ.ഐ.ടി കൾ.

എന്തുകൊണ്ട് 1026 സർവകലാശാലകളുള്ള ഇന്ത്യ ലോകറാങ്കിങ്ങിൽ പിറകോട്ടു പോകുന്നു?

ലോക റാങ്കിങ്ങിന് വിലയിരുത്തപ്പെടുന്നത് അണ്ടർ ഗ്രാഡുവേറ്റ് പഠനം, നിലവാരമുള്ള പ്രസിദ്ധീകരണങ്ങൾ, ഗവേഷണ പ്രബന്ധങ്ങൾ, അദ്ധ്യാപനം, വ്യവസായ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്ത ഗവേഷണം, സ്‌കിൽ വികസനം, പ്ലേസ്‌മെന്റ് തുടങ്ങിയവയാണ്. ഇന്ത്യയിൽനിന്നും വിദേശസർവകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ട്. ലോകറാങ്കിങ്ങുള്ള എല്ലാ സർവകലാശാലകളിലും യഥേഷ്ടം ഇന്ത്യൻ വിദ്യാർത്ഥികളുണ്ട്. സർക്കാർ സർവകലാശാലകളെ അപേക്ഷിച്ചു ചില ഡീംഡ്, സ്വകാര്യ സർവകലാശാലകൾ മുന്നേറുന്നു. ഇന്ത്യൻ സർവകലാശാലകൾ അക്കാഡമിക് മികവിലും, ഗവേഷണത്തിലും മുന്നേറുന്നില്ല. കാലഹരണപ്പെട്ട കോഴ്സുകളും, വിവാദങ്ങളും, രാഷ്ട്രീയ ഇടപെടലുകളും സർവകലാശാലകളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. വിദേശരാജ്യങ്ങളിൽ സർവകലാശാലകളിലെ വിദ്യാർത്ഥികളുടെ എണ്ണം ശരാശരി 20000 ത്തോളമാണ്. എന്നാൽ നമ്മുടെ നാട്ടിൽ 100 വിദ്യാർത്ഥികൾക്ക് പോലും സർവകലാശാലയുണ്ട്! ഡിജിറ്റലിനും ടെക്‌നോളജിക്കും വെവ്വേറെ സർവകലാശാലകൾ! സർവകലാശാലകളിൽ അക്കാഡമിക് കലണ്ടറുണ്ടെങ്കിലും പ്രവർത്തനം കലണ്ടർ അനുസരിച്ചല്ല! അക്കാഡമിക് മികവ്, ഗവേഷണ മികവ്, പങ്കാളിത്ത ഗവേഷണം, പ്രസിദ്ധീകരണങ്ങൾ, തൊഴിൽലഭ്യതാ മികവ് മുതലായവയിൽ ഇന്ത്യൻ സർവകലാശാലകൾ ഏറെ മുന്നേറേണ്ടതുണ്ട്. അദ്ധ്യാപകർ അദ്ധ്യാപനത്തിലും, ഗവേഷണത്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഗവേഷണത്തിന്റെ ഗുണമേന്മ പ്രസിദ്ധീകരണങ്ങളിൽ ദൃശ്യമാകണം. ദേശീയതലത്തിൽ മുന്നേറുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ്, ഐ.ഐ.ടി കൾ, എൻ.ഐ.ടികൾ എന്നിവയെ മാതൃകയാക്കണം. അവിടുത്തെ മികച്ച രീതികൾ അവലംബിക്കണം. വിദേശസർവകലാശാലകളിലെ നമുക്ക് അനുവർത്തിക്കാവുന്ന കാര്യങ്ങൾ പ്രവർത്തികമാക്കണം. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ചുള്ള പുത്തൻ കോഴ്സുകളും സാങ്കേതികവിദ്യകളും അവലംബിക്കുന്ന കാര്യത്തിൽ ഇന്ത്യൻ സർവകലാശാലകൾ മുന്നേറണം. ദേശീയ വിദ്യാഭ്യാസനയത്തിലെ മികച്ചനിർദ്ദേശങ്ങൾ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും താത്‌പര്യം വിലയിരുത്തി നടപ്പിലാക്കണം. മൾട്ടി ഡിസിപ്ലിനറി ഗവേഷണം, അക്കാഡമിക് വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവ മെച്ചപ്പെടുത്തണം. സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ മുതലായവ കൂടുതൽ വിപുലപ്പെടുത്താൻ ശ്രമിക്കണം. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും എക്സ്‌ചേഞ്ച് സ്‌കിൽ വികസന പദ്ധതികൾ നടപ്പിലാക്കണം. കോളേജ് അദ്ധ്യാപകർക്ക് തുടർപരിശീലന പരിപാടികൾ സംഘടിപ്പിക്കണം. കാലഹരണപ്പെട്ട സിലബസുകൾ പരിഷ്‌കരി‌ക്കണം. ടെക്‌നോളജി അധിഷ്ഠിത കോഴ്സുകൾക്ക് പ്രാധാന്യം നൽകണം. വിദേശ സർവകലാശാലകളുമായി ചേർന്ന് കൂടുതൽ ട്വിന്നിങ്, ഡ്യൂവൽ, ജോയിന്റ് ഡിഗ്രി പ്രോഗ്രാമുകൾ നടപ്പിലാക്കണം. സർവകലാശാലകളിൽ കൂടുതൽ external ഫണ്ടിംഗ് പ്രോജക്ടുകൾ നടപ്പിലാക്കണം.

പുനർചിന്തനം ആവശ്യം

മേൽ സൂചിപ്പിച്ച കാര്യങ്ങളിൽ കാലാനുസൃതമായ മാറ്റം പ്രവർത്തികമാക്കിയാൽ മാത്രമേ വിദ്യാർത്ഥികളുടെ വിദേശ സർവകലാശാലകളിലേക്കുള്ള ഒഴുക്ക് കുറയ്ക്കാൻ സാധിക്കൂ. ഉന്നതവിദ്യാഭ്യാസരംഗത്തു രാഷ്ട്രീയത്തിനതീതമായ വികസനം നടപ്പിലാക്കണം. ഇത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധ്യപ്പെടണം. വിദേശമാതൃകയിൽ കാമ്പസുകളാരംഭിക്കണം. അക്കാഡമിക് മികവ്, ഗവേഷണം, സ്‌കിൽ വികസനം, പ്ലേസ്‌മെന്റ് എന്നിവയ്ക്ക് പ്രാധാന്യം നൽകണം. ഇത് നടപ്പിലാക്കാൻ വൈകുന്നത് വിദ്യാർത്ഥികൾക്ക് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത കുറയ്ക്കാനിടവരുത്തും.

രാജ്യത്തെ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷ കടമ്പകൾ കടക്കാൻ ശരാശരിവിദ്യാർത്ഥികൾക്ക് കഴിയുന്നില്ല. അവർ മികച്ച ഓപ്ഷനായി വിദേശപഠനത്തെ കാണുന്നു എന്ന രീതിയും നിലനിൽക്കുന്നു. വിദേശരാജ്യങ്ങളിലെ വിദ്യാഭ്യാസ വിപണന ഇനീഷ്യേറ്റിവുകളും, കൺസൾട്ടൻസികളും കൊവിഡിന് ശേഷം കരുത്താർജ്ജിച്ചു വരുന്നു.

വിദേശപഠനം നമ്മുടെ നാട്ടിൽ സൃഷ്ടിക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥ ഭാവിയിൽ ബോദ്ധ്യപ്പെടും. രക്ഷിതാക്കൾ മാത്രമുള്ള വീടുകളുടെ എണ്ണം വർദ്ധിക്കും. മക്കൾ മികച്ച ജീവിതസാഹചര്യം വിലയിരുത്തി വിദേശത്തു സ്ഥിരതാമസക്കാരാകും. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് രാജ്യത്തെ സർവകലാശാലകളും മാറിയാൽ വിദ്യാർത്ഥികളെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാൻ സാധിക്കൂ.

(ലേഖകൻ ബെംഗളൂരുവിലെ ട്രാൻസ്ഡിസിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് & ടെക്‌നോളജിയിലെ പ്രൊഫസറാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHER EDUCATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.