SignIn
Kerala Kaumudi Online
Saturday, 20 April 2024 8.00 AM IST

കലാകാരന്റെ ചങ്ക് തുളയ്‌ക്കുന്ന തീരുമാനങ്ങൾ

photo

ജസ്റ്റിസ്. വി.ആർ.കൃഷ്ണയ്യർ ഒരിക്കൽ പറഞ്ഞു, നിയമം എന്നും നായ്ക്കളെ പോലെയാണ്, എപ്പോഴും കുരച്ച് പേടിപ്പെടുത്തിക്കൊണ്ടിരിക്കും, പക്ഷേ കടിക്കുന്നത്, പാവപ്പെട്ടവരെയും ആരുമില്ലാത്തവരെയും ശബ്ദമില്ലാത്തവരെയും മാത്രമാണ്. കൊവിഡിന്റെയും ഒമിക്രോണിന്റെയും പേരിൽ ഏറ്റവും കൂടുതൽ കടിയേറ്റത് സ്റ്റേജ് കലാകാരന്മാർക്കാണ്. ഒരു ജില്ലയിലെ ടി.പി.ആർ മുപ്പത് ശതമാനം കഴിഞ്ഞാൽ ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ സർക്കാരിന് നടപ്പിലാക്കിയേ കഴിയൂ. അതവരുടെ ഡ്യൂട്ടിയാണ്. എന്നാൽ ഈ നിയന്ത്രണങ്ങൾ സ്റ്റേജ് കലാകാരന്മാർക്കു മാത്രമായി ചുരുങ്ങുമ്പോളാണ് ജസ്റ്റിസ് പറഞ്ഞ സത്യം മനസിലാകുന്നത്. ഇപ്പോൾ തിരുവനന്തപുരത്തും എറണാകുളത്തും തൃശ്ശൂരും കോഴിക്കോട്ടും നിയന്ത്രണങ്ങളുണ്ട് . തിരുവനന്തപുരത്തെ കാര്യം മാത്രം പറയാം. ഇവിടെ എല്ലാ സിനിമാ തിയേറ്ററുകളും പ്രവർത്തിക്കുന്നുണ്ട്. ആയിരം ഇരിപ്പിടങ്ങളുള്ള തിയേറ്ററുകളിൽ അഞ്ഞൂറുപേരെ ഇരുത്തി പ്രദർശനം നടത്താം. എന്നാൽ അൻപതുപേരെ ഇരുത്തി കഥകളിയോ കൂടിയാട്ടമോ പാടില്ല. നൂറുപേരെ ഇരുത്തി സംഗീതക്കച്ചേരി പാടില്ല, നാടകം പാടില്ല. ഇവിടെയാണ് നിരന്തരം കടിയേൽക്കുന്ന ഞങ്ങൾ പ്രതികരിച്ചു പോകുന്നത്. ഒരു നാടകം നടന്നാൽ അതിന്റെ പ്രയോജനം അഭിനേതാക്കൾക്കു മാത്രമല്ല. അന്നന്നത്തെ ചെലവിനുള്ള തുക അന്നന്നു കണ്ടെത്തുന്ന ലൈറ്റ് ആന്റ് സൗണ്ട് കലാകാരന്മാർ, സെറ്റ് ഡിസൈനിലെ കലാകാരന്മാർ, മേയ്ക്കപ്പ് കലാകാരന്മാർ എന്നിവർക്കു കൂടിയാണ്. അവരുടെ കഞ്ഞിയിലാണ് മണ്ണ് വാരിയിടുന്നത്. ലൈറ്റ് ആന്റ് സൗണ്ടിൽ മാത്രം പന്ത്രണ്ടോളം പേർ ഇതുവരെ ആത്മഹത്യ ചെയ്തുകഴിഞ്ഞു.

മരക്കാർ സിനിമ ഒ.ടി.ടിയിൽ നിന്നു തിയേറ്ററിലെത്തിക്കുക എന്നത് കേരള സർക്കാർ സാംസ്‌കാരികവകുപ്പിന്റെ പ്രധാന അജണ്ടയായിരുന്നു. എത്രയെത്ര ചർച്ചകൾ , എത്രയെത്ര സർക്കാർ ഉത്തരവുകൾ. എത്രയെത്ര ഒത്തുതീർപ്പുകൾ. സാംസ്‌കാരിക വകുപ്പിന്റെ ചുമതല തന്നെയാണത്, സമ്മതിക്കുന്നു. എന്നാൽ ആ താത്‌പര്യത്തിന്റെ നൂറിലൊരംശം ഈ പട്ടിണിപ്പാവങ്ങൾക്കു വേദികൾ കിട്ടാൻകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചുപോയി. രണ്ടു കൊല്ലക്കാലം ഒരു വേദിയുമില്ലാതെ കഷ്ടപ്പെട്ടതിനു ശേഷം ഒന്നു പച്ചപിടിച്ചു വന്നപ്പോളാണ് ഇപ്പോൾ ഈ ഇരുട്ടടി. മാളുകളെല്ലാം തന്നെ നല്ലരീതിയിൽ , ഏറെ ജനപങ്കാളിത്തത്തോടെ, ഇപ്പോഴും , പ്രവർത്തിക്കുന്നു. മാളുകൾ അടച്ചിടണമെന്നു ഞാൻ പറയുകയില്ല. എത്രയോ പേരുടെ വയറ്റുപിഴപ്പാണ് അത്. നാടകം കാണാൻ കുറച്ചാളുകൾ എത്തുന്നതിന് വിലക്ക് വരുമ്പോഴാണ് ഉള്ളുനോവുന്നത്. ഒരു ടി.വി.ഷൂട്ടിംഗിനും വിലക്കില്ല. ഒരു ഫിലിം ഷൂട്ടിംഗിനും വിലക്കില്ല. സിനിമാ തിയേറ്ററുകൾക്ക് വിലക്കില്ല. രാഷ്ടീയയോഗങ്ങൾക്ക് വിലക്കില്ല. സമരങ്ങൾക്ക് വിലക്കില്ല. സ്‌കൂളുകളിൽ 9,10,11 ക്ലാസുകൾ പ്രവർത്തിക്കാൻ വിലക്കില്ല. കോളേജുകൾ പ്രവർത്തിക്കുന്നതിനു വിലക്കില്ല. കലാലയങ്ങളിൽ ജനുവരി 23 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു വിലക്കില്ല. സ്റ്റേജിലെ അവതരണങ്ങൾക്കു മാത്രമാണ് വിലക്ക്. മാർക്സിസ്റ്റ് പാർട്ടി സെക്രട്ടറി പറഞ്ഞത് ശ്രദ്ധിക്കുക. അടച്ചിട്ട ഹാളിൽ 300 പേർക്ക് യോഗം കൂടാനുള്ള സമ്മതം ഇലക്ഷൻ കമ്മിഷൻ നല്കിയിട്ടുണ്ടത്രേ. അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ല, കുറ്റപ്പെടുത്തേണ്ട കാര്യവുമില്ല. അവരെപ്പോലെയുള്ള മനുഷ്യർ തന്നെയല്ലേ സ്റ്റേജ് കലാകാരന്മാരും എന്ന തിരിച്ചറിവുണ്ടായാൽ മാത്രം മതി.

ഒരിക്കൽ, 92 വയസുള്ള, പട്ടിണിപ്പാവമായ കാക്കാരിശ്ശി നാടക കലാകാരന് ,
ജീവിതസായാഹ്നത്തിൽ ഒരു സഹായവുമായി ഞാൻ ചെന്നു. ഭക്ഷണത്തിനും മരുന്നിനും ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ലെന്ന് പറഞ്ഞുകൊണ്ട് ഞങ്ങൾ പ്രയത്നിച്ചു സ്വരൂപിച്ച മൂന്നുലക്ഷം രൂപ വച്ചുനീട്ടി. അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധിക്കുക. '92 വയസായ എനിക്ക് ഇപ്പോൾ മൂന്നുലക്ഷം രൂപ കിട്ടിയിട്ട് എന്തുകാര്യം? ഈ തുക സാറുതന്നെ വച്ചോളൂ. എന്നിട്ട്, എനിക്കു രണ്ടു കളി ഏർപ്പാടു ചെയ്ത് തരാനാവുമോ?' കലാകാരന്റെ കളിക്ക് കൂച്ചുവിലങ്ങിടരുത് . അവന്റെ ചിലങ്ക നിശ്ചലമായാൽ ഒരു രാജ്യത്തിന്റെ ചങ്കാണ് നിശ്ചലമാവുന്നത്. ഇതൊരു ഓർമ്മപ്പെടുത്തലാണ്. മുന്നറിയിപ്പാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IMPACT OF COVID ON PERFORMING ARTS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.