SignIn
Kerala Kaumudi Online
Thursday, 25 April 2024 6.15 PM IST

ഇന്ത്യ എങ്ങനെ അതിജീവിച്ചു

india

ഇന്ത്യ ഒരൊറ്റ രാജ്യമായി, അതും സ്വതന്ത്ര പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ളിക്കായി മുക്കാൽ നൂറ്റാണ്ട് പൂർത്തിയാക്കുകയാണ്. ഇന്ത്യയ്‌ക്കൊപ്പവും തൊട്ടുപിന്നാലെയും സ്വതന്ത്രമായ പല ആഫ്രോ ഏഷ്യൻ രാജ്യങ്ങളും സ്വേച്ഛാധിപത്യത്തിലേക്കോ പട്ടാളഭരണത്തിലേക്കോ അരാജകത്വത്തിലേക്കോ വഴി മാറി. ഇന്ത്യയോടൊപ്പം ഒരേദിവസം സ്വതന്ത്രമായ പാകിസ്ഥാൻ പലതവണ പട്ടാളഭരണത്തിലായി. ഇസ്ളാം മതമെന്ന പൊതുഘടകം ഉണ്ടായിട്ടും കിഴക്കൻ പാകിസ്ഥാനും പടിഞ്ഞാറൻ പാകിസ്ഥാനും ഒരു രാഷ്ട്രമായി 25 വർഷം പോലും പൂർത്തിയാക്കിയില്ല. ബംഗ്ളാദേശ് എന്ന സ്വതന്ത്രരാജ്യവും പട്ടാള ഭരണത്തിലേക്ക് വഴിതെറ്റി. ബർമ്മ എന്ന മ്യാൻമറിൽ ഏഴു പതിറ്റാണ്ടായി പട്ടാള ഭരണമാണ്.

കമ്മ്യൂണിസത്തിന്റെ ഉരുക്കുമൂശയിൽ സോവിയറ്റ് യൂണിയൻ കഷ്ടിച്ച് 75 വർഷം നിലനിന്നു. അതിന്റെ പിടി അയഞ്ഞപ്പോൾ ലാത്വിയയും എസ്റ്റോണിയയും ലിത്വാനിയയും യുക്രെയിനും ബലോറസും കസാക്കിസ്ഥാനും അസർബൈജാനും ഉസ്ബെക്കിസ്ഥാനും എല്ലാം വേർപെട്ടു. കമ്മ്യൂണിസം തകർന്നപ്പോൾ പശ്ചിമ ജർമ്മനിയും പൂർവ ജർമ്മനിയും ലയിച്ച് ഒറ്റ രാഷ്ട്രമായി. യുഗോസ്ളോവിയ നിരവധി ചെറു രാജ്യങ്ങളായി ചിന്നിച്ചിതറി.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാദൃശ്യങ്ങളേക്കാൾ വൈജാത്യങ്ങളാണ്- പല മതങ്ങൾ, പല ഭാഷകൾ, നിരവധി ജാതികൾ, അതിലേറെ ഉപജാതികൾ. 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ചത് ബ്രിട്ടീഷ് ഇന്ത്യയ്ക്ക് മാത്രമായിരുന്നു. 500 ലേറെ നാട്ടുരാജ്യങ്ങൾ മാറിനിന്നു. പലർക്കും ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ താത്പര്യം ഇല്ലായിരുന്നു. അവരെയൊക്കെ അനുനയിപ്പിച്ചും വിരട്ടിയും ബലം പ്രയോഗിച്ചും സർദാർ പട്ടേൽ ഇന്ത്യൻ യൂണിയനോടു ചേർക്കുകയായിരുന്നു. 75 വർഷങ്ങൾക്കിപ്പുറവും ഇന്ത്യയുടെ ഭൂപരമായ ഐക്യവും അഖണ്ഡതയും നിലനിൽക്കുന്നത് മഹാവിസ്മയമാണ്. 1947ൽ കാശ്‌മീർ താഴ്‌വരയുടെ ഒരു ഭാഗം പാകിസ്ഥാൻ കൈയടക്കി; അമ്പതുകളുടെ അവസാനം ലഡാക്കിന്റെയും അരുണാചൽ പ്രദേശിന്റെയും ചില ഭാഗങ്ങൾ ചൈനയും കൈയേറി. അതു രണ്ടുമൊഴിച്ചാൽ 1947 ലെ ഇന്ത്യയാണ് ഇപ്പോഴത്തെയും ഇന്ത്യ. 1954 ൽ പോണ്ടിച്ചേരി അടക്കമുള്ള ഫ്രഞ്ച് കോളനികളും 1961ൽ പോർട്ടുഗലിന്റെ അധീനതയിലുണ്ടായിരുന്ന ഗോവയും വീണ്ടെടുത്തു. 1974ൽ സിക്കിമിനെ ഇന്ത്യയോടു കൂട്ടിച്ചേർത്തു. അറുപതുകളിൽ തമിഴകത്ത് ദ്രാവിഡസ്ഥാൻ വാദവും എൺപതുകളിൽ പഞ്ചാബിൽ ഖാലിസ്ഥാൻ വാദവും അതിശക്തമായി. അവയെല്ലാം നാം അതിജീവിച്ചു. ജമ്മു കാശ്മീരിലും നാഗലാൻഡ്, മിസോറം മുതലായ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും വിഘടനവാദികൾ ഇപ്പോഴും സജീവമാണ്. അവർക്കാർക്കും രാജ്യത്തെ ഛിന്നഭിന്നമാക്കാൻ കഴിഞ്ഞിട്ടില്ല.

വികസിത മുതലാളിത്ത രാജ്യങ്ങളിൽ മാത്രമേ ജനാധിപത്യം വിജയിക്കൂ എന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. സ്വിറ്റ്സർലൻഡും സ്കാൻഡിനേവിയൻ രാജ്യങ്ങളും ഉദാഹരണങ്ങളാണ്. കുറഞ്ഞ ഭൂവിസ്തൃതിയും പരിമിതമായ ജനസംഖ്യയും മതപരവും സാംസ്കാരികവുമായ ഐകരൂപ്യവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും മേൽപറഞ്ഞ രാജ്യങ്ങൾക്ക് അനുഗ്രഹമാണ്. ഇന്ത്യപോലെ വിശാലവും അതേസമയം ദരിദ്രവും പ്രാകൃതവുമായ രാജ്യത്ത് ജനാധിപത്യം വിജയിക്കാൻ ഒരു സാദ്ധ്യതയും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വെസ്റ്റ്മിൻസ്റ്റർ മാതൃകയിലുള്ള പാർലമെന്ററി ജനാധിപത്യവും പ്രായപൂർത്തി വോട്ടവകാശവും ഇന്ത്യൻ ഭരണഘടനയിലൂടെ അവതരിപ്പിച്ചപ്പോൾ പ്രായോഗികമാവുകയില്ല എന്നാണ് പാശ്ചാത്യ നിരീക്ഷകരും മാദ്ധ്യമങ്ങളും പ്രവചിച്ചത്. ജവഹർലാൽ നെഹ്റുവിന് ചിത്തഭ്രമമാണെന്നുവരെ ചിലർ പരിഹസിച്ചു. എല്ലാ പരിഹാസങ്ങളെയും നമ്മുടെ ഭരണഘടന അതിജീവിച്ചു. 1975 -76കാലത്തെ അടിയന്തരാവസ്ഥ ഒഴിച്ചാൽ ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി തുടർന്നു. തിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്. പട്ടാളം ബാരക്കിൽ തുടരുന്നു. ഭരണഘടനയും മൗലികാവകാശങ്ങളും ഉണ്ട്. അവയുടെ സംരക്ഷകരായി സുപ്രീം കോടതിയും ഹൈക്കോടതികളും. പാർലമെന്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കിയ ഭേദഗതികൾ പോലും സുപ്രീം കോടതി അസ്ഥിരപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രമായ തിരഞ്ഞെടുപ്പു കമ്മിഷനുണ്ട്. ഇസ്രയേലും സിംഗപ്പൂരും ജപ്പാനും കഴിഞ്ഞാൽ ഏഷ്യയിലെ ശക്തമായ ജനാധിപത്യം ഇന്ത്യയിലാണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ വോട്ടു ചെയ്യുന്നത് ഇന്ത്യയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും ഇന്ത്യയാണ്. പാകിസ്ഥാൻ 1956 ലാണ് ഭരണഘടന പൂർത്തിയാക്കിയത്. അത് രണ്ടു വർഷമേ നിലനിന്നുള്ളൂ. അപ്പോഴേക്കും പട്ടാളം ഭരണം പിടിച്ചു. ഫീൽഡ് മാർഷൽ അയൂബ് ഖാൻ 1962ൽ മറ്റൊരു ഭരണഘടന എഴുതിയുണ്ടാക്കി. അതും ഉപേക്ഷിച്ച് സുൾഫിക്കർ അലിഭൂട്ടോ1973ൽ തയ്യാറാക്കിയ ഭരണഘടനയാണ് ഇപ്പോഴും ഉള്ളത്.

അഞ്ചു കൊല്ലത്തിലൊരിക്കൽ തിരഞ്ഞെടുപ്പു നടക്കുന്നതു മാത്രമല്ല ജനാധിപത്യം. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ മാത്രം ഭരണമല്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾക്ക് ഇതിൽ വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടാണ് മത, ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകി മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ലോകത്ത് ഏറ്റവും മതസ്വാതന്ത്ര്യം നൽകുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും മതാചാരങ്ങൾ അനുഷ്ഠിക്കാനും മതവിശ്വാസം പ്രചരിപ്പിക്കാനും അവകാശം ഉറപ്പു നൽകുന്നു. എന്നിട്ടും സ്വതന്ത്ര ഇന്ത്യയിൽ വർഗീയ ലഹളകൾ ഉണ്ടായിട്ടുണ്ട് - 1969ൽ അഹമ്മദാബാദിലും 1980ൽ മൊറാദാബാദിലും 1989ൽ ഭഗൽപൂരിലും 1991ൽ ബോംബെയിലും 2002ൽ ഗുജറാത്തിലും. ബാബറിമസ്‌ജിദ് തകർത്ത പോലുള്ള ദൗർഭാഗ്യ സംഭവങ്ങളുമുണ്ട്. എന്നാൽ പാകിസ്ഥാനിൽ ഹിന്ദുക്കളും സിക്കുകാരും ശ്രീലങ്കയിൽ തമിഴ്‌വംശജരും നേരിടുന്നതുപോലെയുള്ള വിവേചനമോ ഉന്മൂലനമോ ഇന്ത്യയിൽ ഇല്ല.

ശീതസമര കാലത്താണ് ഇന്ത്യ സ്വതന്ത്രമായത്. ഒരു വശത്ത് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും പശ്ചിമ ജർമ്മിനിയുമടങ്ങുന്ന പാശ്ചാത്യചേരി; മറുഭാഗത്ത് സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും ചേർന്ന പൗരസ്ത്യചേരി. ഇന്ത്യ ഒരു ചേരിയിലും ചേർന്നില്ല. സ്വതന്ത്രമായ വിദേശ നയം കൈക്കൊണ്ടു. പിന്നീട് ആഫ്രോ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു ചേരിചേരാ നയമുണ്ടാക്കി. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിച്ചു. അമേരിക്കയ്‌ക്കോ സോവിയറ്റ് യൂണിയനോ ഇവിടെ സൈനികത്താവളങ്ങൾ അനുവദിച്ചില്ല. വൻശക്തികളുടെ മുന്നിൽ ചൂളിയില്ല. മുക്കാൽ നൂറ്റാണ്ടിനിടെ ഇന്ത്യ നേടിയ പുരോഗതിയും ചെറുതല്ല. 1947ൽ ബ്രിട്ടീഷുകാർ പോകുമ്പോഴത്തെ ഇന്ത്യയല്ല ഇന്ന്. നെഹ്റുവിന്റെ പഞ്ചവത്സര പദ്ധതികൾ രാജ്യത്തിന്റെ വികസനത്തിന് ഉപകരിച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായശാലകൾ, വൈദ്യുത നിലയങ്ങൾ, അണക്കെട്ടുകൾ ഇവയൊക്കെ പുരോഗതിയുടെ ചൂണ്ടുപലകകളായി. 1964ൽ ലാൽബഹദൂർ ശാസ്ത്രി തുടങ്ങിയ ഹരിത വിപ്ളവം 1976ൽ ഇന്ദിരാഗാന്ധി പൂർണതയിലെത്തിച്ചു. ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തമായി. കേന്ദ്ര കൃഷിമന്ത്രിയായിരുന്ന സി.സുബ്രഹ്മണ്യവും കൃഷി ശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥനുമാണ് ഹരിതവിപ്ളവത്തിന്റെ ശില്പികൾ. 1962 ൽ ചൈനയിൽ നിന്നേറ്റ കനത്ത പരാജയമാണ് ഇന്ത്യൻ സൈന്യത്തെ നവീകരിച്ചത്. പ്രതിരോധ മന്ത്രിയായ വൈ.ബി. ചവാനാണ് ഇന്ത്യൻ സൈനത്തെ നവീകരിച്ചത്. അങ്ങനെയാണ് 1965ൽ പാകിസ്ഥാന്റെ ആക്രമണത്തെ ചെറുക്കാനും 1971ൽ ആ രാജ്യത്തെ രണ്ടായി പിളർക്കാനും നമ്മുടെ സൈന്യത്തിന് കഴിഞ്ഞത്. മുക്കാൽ നൂറ്റാണ്ട് വളർച്ചയുടെയും പുരോഗതിയുടെയും തന്നെയായിരുന്നു. ഇടശ്ശേരി പാടിയപോലെ :

"പിൻതള്ളപ്പെടുകില്ലെന്റെ നാട്

സംക്രാന്തി നാൾകളിൽ

അതിനു കഴിവുണ്ടല്ലോ

ശീപോതിയെ വരിക്കുവാൻ... "

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDEPENDENCE DAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.