SignIn
Kerala Kaumudi Online
Thursday, 18 April 2024 8.57 AM IST

ഇന്ത്യ - അമേരിക്ക ബന്ധം ഉലയുന്നോ?

modi-and-biden

അമേരിക്കയും ഇന്ത്യയുമായുള്ള സൗഹൃദം വിലയിരുത്തുമ്പോൾ ഇന്ത്യ തിരിച്ചറിയേണ്ട ഒരു യാഥാർത്ഥ്യമുണ്ട്. ഓരോ രാജ്യവും അതിന്റെ താത്‌പര്യങ്ങളാണ് പിന്തുടരുന്നത്; പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്, രാജ്യങ്ങൾക്കിടയിൽ സ്ഥിരമായ ചങ്ങാതിമാരില്ല, സ്ഥിരമായ താത്‌പര്യങ്ങൾ മാത്രമേയുള്ളൂ. ഈ യാഥാർത്ഥ്യം ഇന്ത്യ അംഗീകരിക്കണം. നിലവിലെ ഭരണകൂടം നിർവചിച്ച പ്രകാരം അമേരിക്ക സ്വന്തം താത്‌പര്യങ്ങൾ പിന്തുടരും. എന്നിരുന്നാലും അമേരിക്കയുടെ ഹ്രസ്വകാല തന്ത്രങ്ങൾ ദീർഘകാല ബന്ധത്തെ തകരാറിലാക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ വാർഷികമായ സെപ്‌തംബർ 11 ന് മുമ്പ് അഫ്‌ഗാനിൽ നിന്ന് പിന്മാറുമെന്ന് ബൈഡൻ പ്രസ്‌താവിച്ചിരിക്കുന്നു. ആകസ്‌മികമായ ഈ പിന്മാറ്റം അമേരിക്കയ്‌ക്ക് സംഭവിച്ച ഒരു പ്രധാന തെറ്റാണ്. പാകിസ്ഥാൻ സൃഷ്ടിച്ച മതമൗലികവാദികൾ സോവിയറ്റുകളെ പരാജയപ്പെടുത്തിയതു പോലെ , അമേരിക്കയും പരാജയപ്പെട്ടു എന്ന ധാരണ ഇത് ലോകത്തിന് നല്‌കും. ഇതുകൂടാതെ, ജനാധിപത്യത്തിന്റെയും മറ്റ് മൂല്യങ്ങളുടെയും കാര്യത്തിൽ അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന കാര്യവും കൂടുതൽ ഉറപ്പാകും. 1975 ൽ അവർ വിയറ്റ്നാമിൽ നിന്ന് വെട്ടിത്തിരിഞ്ഞോടി , തങ്ങളുടെ മുൻ സഖ്യകക്ഷികളെ വഞ്ചിച്ചതു പോലെ, ഇപ്പോൾ അഫ്ഗാനിസ്ഥാനിലും ചെയ്യുന്നു. കൂടാതെ, ട്രംപിന്റെ ഇന്തോ പസഫിക് നയത്തിൽ നിന്നും ക്വാഡിൽ നിന്നും ബൈഡൻ പിൻവാങ്ങുന്നോ എന്നൊരു സംശയവും ഉയരുന്നു.

ഒബാമ പ്രസിഡന്റായിരിക്കെ (ബൈഡൻ അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റായിരിക്കുമ്പോൾ ) ഏഷ്യയെ വളരെയധികം പ്രശംസിക്കുമ്പോൾ തന്നെ , 'ദക്ഷിണേഷ്യ'യുടെ ചുമതല ചൈനയ്‌ക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഇത് ഇന്ത്യയ്ക്ക് ഒരിക്കലും സ്വീകാര്യമല്ല.

അശുഭ സൂചകമായ മറ്റ് മൂന്ന് സംഭവങ്ങളുണ്ട് : ഒന്ന്, ലക്ഷദ്വീപിന് ചുറ്റുമുള്ള ഇന്ത്യയുടെ സമുദ്ര മേഖലയിലെ നാവിഗേഷൻ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റം. രണ്ട്, കൊവിഡ് പ്രതിരോധവാക്സിൻ ഉത്‌പാദിപ്പിക്കാനാവശ്യമായ അസംസ്കൃത വസ്തുക്കൾ നൽകുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം. ഇന്ത്യയിൽ സ്ഥിതി അതീവ ഗുരുതരമായ ഘട്ടത്തിൽ മാത്രമാണ് ഈ വിലക്ക് നീക്കാമെന്ന് അമേരിക്ക സൂചന നല്‌കിയത്. ഇന്ത്യയോടുള്ള ഈ സമീപനത്തെ ലോകരാജ്യങ്ങൾ അപലപിച്ച സ്ഥിതിയിലാണ് വിലക്ക് നീക്കാമെന്ന സൂചന നല്കിയതും! മൂന്ന്, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നമുക്ക് മേൽ നടത്തുന്ന സമ്മർദ്ദങ്ങൾ :

മറ്റ് പ്രകോപനങ്ങൾ

ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയ മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 നെ അമേരിക്ക എതിർക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളായ സിഎഎ, ആർട്ടിക്കിൾ 370 തുടങ്ങിയവയിൽ അമേരിക്കയിലെ പ്രമുഖ ഡെമോക്രാറ്റുകൾ അനാവശ്യമായി തലയിടുന്നു. സ്വതന്ത്ര കൗൺസിലുകൾ എന്ന മുഖംമൂടി അണിഞ്ഞിട്ടുള്ള ഫ്രീഡം ഹൗസ് ,​ USCIRF എന്നിവ അനാവശ്യമായി ഇന്ത്യയെ അപലപിക്കുന്നു.

ഇവയിലൂടെയെല്ലാം ക്ളിന്റൺന്റെയും ഒബാമയുടെയും ഭരണകാലം നമുക്ക് സമ്മാനിച്ച ചീത്ത നാളുകൾ തിരികെ വരുമോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. ഇന്ത്യയെ ഭീഷണിപ്പെടുത്തുക മാഡലൈൻ ആൽബ്രൈറ്റ്, റോബിൻ റാഫേൽ, ഹിലരി ക്ലിന്റൺ എന്നിവരുടെ പതിവായിരുന്നു. 1992 ൽ സെനറ്ററായിരുന്ന ബൈഡൻ ഇന്ത്യയുടെ ക്രയോജനിക് റോക്കറ്റുകൾ അട്ടിമറിച്ചു. (ഇതാണ് നമ്പി നാരായണൻ - ഇസ്‌റോ വ്യാജ ചാരക്കേസിലേക്ക് നയിച്ചത്). 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിന്റെ മൂർദ്ധന്യത്തിൽ നിക്സൺ - കിസിഞ്ചർ ജോഡി യു.എസ്.എസ് എന്റർപ്രൈസ് എന്ന വിമാന വാഹിനിക്കപ്പൽ ഒരു ഭീഷണിയായി ബംഗാൾ ഉൾക്കടലിലേക്ക് നീക്കി. ഇതെല്ലാം അമേരിക്കയുടെ ചില വിരട്ടൽ തന്ത്രങ്ങളുടെ ഭാഗമായിരുന്നു.

ഇപ്പോഴത്തെ നയങ്ങളുടെ പശ്ചാത്തലത്തിൽ ജോ ബൈഡനും കമലാ ഹാരിസും ഇന്ത്യയ്‌ക്ക് ചങ്ങാതിമാരാവില്ല എന്ന് നിരീക്ഷകർവ്യക്തമാക്കുന്നു. അടുത്ത നാലുവർഷം പല്ല് കടിച്ച് തള്ളിനീക്കേണ്ടി വരുമെന്ന് അർത്ഥം. ആദ്യത്തെ 100 ദിവസം മോശമായിരുന്നു. ഇനിയങ്ങോട്ട് കാര്യങ്ങൾ കൂടുതൽ വഷളാകാനേ സാദ്ധ്യതയുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDIA US
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.