SignIn
Kerala Kaumudi Online
Thursday, 25 April 2024 7.27 PM IST

സായാഹ്നത്തിൽ വേണം സാന്ത്വനം

ss

വയോജനങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താനും, സമൂഹത്തിൽ അവരുടെ പ്രാധാന്യം ഉറക്കെ പ്രഖ്യാപിക്കാനുമാണ് അന്താരാഷ്ട്ര വയോജനദിനം. ''മുതിർന്ന പൗരന്മാരായ സ്ത്രീകളുടെ ഉല്പതിഷ്ണുതയും സാമൂഹ്യസംഭാവനകളും' ആണ് ഈ വർഷത്തെ പ്രമേയം. പ്രായമായവർക്കു വേണ്ടിയുളള ദിനാചരണമല്ലേയെന്നു ചിലരെങ്കിലും ഓർക്കുന്നുണ്ടാവാം. പക്ഷേ മറക്കാതിരിക്കുക: നാമെല്ലാം വയസായിക്കൊണ്ടിരിക്കുകയാണ്!
പൗരന്റെ ജീവിതസായാഹ്നം സന്തോഷകരവും സംതൃപ്തവും ആരോഗ്യകരവുമാക്കിത്തീർക്കുക രാഷ്ട്രത്തിന്റെ നയമാണ്. വിവിധതരത്തിൽ സങ്കീർണ്ണപ്രശ്നങ്ങൾ നേരിടുന്നവരാണ് സമൂഹത്തിലെ മുതിർന്ന പൗരന്മാർ. ശാരീരിക അവശതകൾ, സാമൂഹിക അവഗണനകൾ, മാനസിക പിരിമുറുക്കങ്ങൾ, വരുമാനമില്ലായ്മ, വിവേചനം, ഒഴിവാക്കൽ, അംഗീകാരമില്ലായ്മ, ഏകാന്തത, സർഗ്ഗശേഷിയും അനുഭവപരിചയങ്ങളും പ്രയോഗിക്കാൻ അവസരമില്ലായ്മ, പുതിയ സാങ്കേതിക വിദ്യയിലെ അജ്ഞത, യാത്രാപ്രശ്നങ്ങൾ തുടങ്ങി ബഹുമുഖ വെല്ലുവിളികൾ. ഇവയ്ക്ക് സാമൂഹ്യ ഇടപെടൽ മാത്രമേ പരിഹാരമായുള്ളൂ. വയോജനസൗഹൃദ ഭരണമെന്നാൽ ഈ സാമൂഹ്യഇടപെടലുകൾക്ക് ആവശ്യമായ സംവിധാനങ്ങൾ ഉറപ്പുവരുത്തുക എന്നതാണ്. ഇതിനേ​റ്റവും ആവശ്യം വയോജനങ്ങളുടെ അവകാശങ്ങൾ തിരിച്ചറിയുകയും സംരക്ഷിക്കുകയും അവ അവർക്ക് അനുഭവവേദ്യമാക്കുകയുമാണ്. ഇങ്ങനെ വയോജനാവകാശങ്ങൾ, സുരക്ഷ, അന്തസ്സ് എന്നിവ ഉറപ്പാക്കുന്ന വയോസൗഹൃദഭരണമാണ് കേരള സർക്കാർ നടപ്പിലാക്കുന്നത്.
വയോജനസംഖ്യ വർഷംതോറും കൂടിവരുന്ന സാഹചര്യം കണക്കിലെടുത്ത് വയോജനക്ഷേമത്തിനും സംരക്ഷണത്തിനും പ്രത്യേക പരിഗണന നൽകി വിവിധ കർമ്മപദ്ധതികൾ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കിവരുന്നു. വയോജനങ്ങൾക്ക് എല്ലാ രീതിയിലുള്ള കരുതലും സംരക്ഷണവും, ഒപ്പം, സുസ്ഥിരവും സന്തോഷകരവുമായ ജീവിത സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുക എന്നതിനാണ് സാമൂഹ്യനീതിവകുപ്പ് ഊന്നൽ നല്കുക. ആ ലക്ഷ്യം മുന്നിൽക്കണ്ടുള്ള പദ്ധതികളാണ് വകുപ്പ് നടപ്പാക്കിവരുന്നത്.


വയോരക്ഷ പദ്ധതി


സാമൂഹിക സാമ്പത്തിക ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന മുതിർന്ന പൗരന്മാർക്ക് സഹായം എത്തിക്കാനും അടിയന്തര സാഹചര്യങ്ങളിൽ അവർക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ഉറപ്പാക്കാനും ആവിഷ്‌കരിച്ച പദ്ധതിയാണ് 'വയോരക്ഷ'. പങ്കാളികൾ മരണപ്പെട്ടവരും ഒ​റ്റയ്ക്ക് ജീവിക്കുന്നവരുമായ മുതിർന്ന പൗരന്മാർക്ക് അടിയന്തര വൈദ്യസഹായം, പുനരധിവാസം, കെയർ ഗിവർമാരുടെ സഹായം, അത്യാവശ്യഘട്ടങ്ങളിൽ നിയമസഹായങ്ങൾ എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നതോ അലഞ്ഞുതിരിയുന്നതോ ആയ മുതിർന്ന പൗരന്മാരെ സുരക്ഷിതമായ പുനരധിവാസ കേന്ദ്രത്തിലെത്തിക്കാനും അതിനു മുമ്പുള്ള മെഡിക്കൽ പരിശോധനയും ഭക്ഷണവും ലഭ്യമാക്കുന്നതിനുമുള്ള സേവനം ഉറപ്പാക്കും.


'മുതിർന്ന പൗരന്മാരുടെ

ക്ഷേമവും സംരക്ഷണവും'

നിയമം (2007) നടപ്പാക്കൽ


വയോജന സംരക്ഷണ നിയമം നടപ്പാക്കാൻ മെയിന്റനൻസ് ട്രൈബ്യൂണലുകളായി നോട്ടിഫൈ ചെയ്തിട്ടുള്ളത് റെവന്യൂ ഡിവിഷണൽ ഓഫീസർമാരെയാണ്. 27 ട്രൈബ്യൂണലുകളിലായി 27 ടെക്നിക്കൽ അസിസ്​റ്റന്റുമാരെയും അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് ഒരു സ്​റ്റേ​റ്റ് കോ- ഓർഡിനേ​റ്ററെയും ഇതിൽ സേവനസജ്ജരാക്കിയിട്ടുണ്ട്.


ഹെൽപ്പ് ലൈൻ

14567

സർക്കാരിന്റെ വയോജനസൗഹൃദ നയത്തിന് ഊന്നൽ നൽകി ആരംഭിച്ചതാണ് 'എൽഡർലൈൻ' എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ. വിവിധ സർക്കാർ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, പരാതികൾ, വൃദ്ധ സദനങ്ങൾ, വയോജനസംരക്ഷണ കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ, നിയമസഹായങ്ങൾ, അതിക്രമങ്ങൾക്കെതിരെ ഇടപെടലുകൾ, മാനസിക പ്രയാസങ്ങൾക്കും സംഘർഷങ്ങൾക്കുമുള്ള പിന്തുണ, അഗതികളുടെ പുനരധിവാസം, മാനസികശാരീരിക ചൂഷണം നേരിടുന്നവർക്കുള്ള സഹായങ്ങൾ എന്നിവയെല്ലാം ഈ ഹെൽപ്‌ലൈൻ വഴി ലഭ്യമാണ്. 14567 ആണ് വയോജനങ്ങൾക്ക് വിളിക്കാവുന്ന ടോൾഫ്രീ നമ്പർ.


വയോമിത്രം


വയോജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് പ്രത്യേക ശ്രദ്ധനൽകി കേരള സോഷ്യൽ സെക്യൂരി​റ്റി മിഷൻ മുനിസിപ്പൽ/കോർപ്പറേഷൻ പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് 'വയോമിത്രം'. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നഗരപ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്കും കൗൺസലിങ്ങും വൈദ്യസഹായവും മരുന്നും സൗജന്യമായി നൽകുന്നു, വയോജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ ഹെൽപ്പ് ഡെസ്‌ക്കുകളും പ്രവർത്തിക്കുന്നു. പ്രത്യേക മെഡിക്കൽ ക്യാംപുകൾ, സല്ലാപം, സ്‌നേഹയാത്ര എന്നിങ്ങനെ വിനോദപരിപാടികളും പദ്ധതിയുടെ ഭാഗമാണ്.


വയോമധുരം


സംസ്ഥാനത്തെ 80 ശതമാനം വൃദ്ധജനങ്ങളും പ്രമേഹരോഗികളാണെന്ന് പഠനങ്ങൾ വിലയിരുത്തിയ സാഹചര്യത്തിൽ വയോജനങ്ങൾക്കായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്ന ഗ്ലൂക്കോമീ​റ്റർ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് 'വയോമധുരം'. അപേക്ഷകൻ/അപേക്ഷക 60 വയസ്സോ അതിനു മുകളിലോ പ്രായമുള്ള ബി.പി.എൽ വരുമാന പരിധിയിൽപ്പെട്ട ആളാകണം.

വയോഅമൃതം

പദ്ധതി
സാമൂഹ്യനീതി വകുപ്പിനു കീഴിലെ സർക്കാർ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ ആരോഗ്യപരിരക്ഷയ്ക്ക് ഭാരതീയ ചികിത്സാ വകുപ്പ് വഴി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് 'വയോ അമൃതം'. ആയുർവേദ ചികിത്സയിലൂടെ ആരോഗ്യസംരക്ഷണമാണ് വിഭാവനം ചെയ്യുന്നത്. സർക്കാർ വൃദ്ധസദനങ്ങളിലെ താമസക്കാരിൽ ഭൂരിഭാഗവും പദ്ധതിയുടെ ഗുണഭോക്താക്കളാണ്.


മന്ദഹാസം


മുതിർന്ന പൗരന്മാരിൽ പോഷകക്കുറവിന് ഇടയാക്കുന്ന ഘടകങ്ങളിൽ പ്രധാനം പല്ലുകളുടെ അഭാവമാണ്. ആഹാരസാധനങ്ങൾ ശരിയായി ചവച്ചരയ്ക്കാൻ കഴിയാത്തത് ശരിയായ പോഷണ ആഗിരണത്തെയും ദഹനപ്രക്രിയയെയും ദോഷകരമായി ബാധിക്കുന്നു. സാമ്പത്തിക പരാധീനതയും സംരക്ഷിക്കാൻ ചുമതലപ്പെട്ടവരുടെ ഉദാസീനതയും കാരണം കൃത്രിമപല്ലുകൾ ഇവർക്ക് അപ്രാപ്യമാകുന്നു. ഈ സാഹചര്യത്തിലാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള, അറുപതു വയസ്സു തികഞ്ഞവർക്ക് സൗജന്യമായി പൂർണ്ണസെ​റ്റ് കൃത്രിമ ദന്തനിര സൗജന്യമായി വച്ചുകൊടുക്കുന്ന പദ്ധതിയായ 'മന്ദഹാസം' നടപ്പിലാക്കുന്നത്. പല്ലുകൾ പൂർണ്ണമായും നഷ്ടപ്പെട്ടവരും, ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യം അല്ലാത്തതിനാൽ പറിച്ചു നീക്കേണ്ട അവസ്ഥയിലുള്ളവരും ആയവർക്ക് അയ്യായിരംരൂപ വരെ ലഭിക്കും.


സെക്കന്റ് ഇന്നിംഗ്സ് ഹോം


സാമൂഹ്യനീതി വകുപ്പിനു കീഴിൽ 16 വൃദ്ധസദനങ്ങളുണ്ട്. ഇവയെ വയോജനസൗഹൃദപരമാക്കി ആധുനിക സൗകര്യങ്ങളോടുകൂടി മെച്ചപ്പെട്ട സേവനം താമസക്കാർക്കും സ്ഥാപനത്തിന്റെ ചു​റ്റളവിലെ വയോജനങ്ങൾക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് സെക്കന്റ് ഇന്നിംഗ്സ് ഹോം.

സായംപ്രഭാ ഹോം


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന വയോജനപരിപാലന കേന്ദ്രങ്ങൾക്ക് അധികസൗകര്യങ്ങൾ കൊടുത്ത് സ്ഥാനക്കയ​റ്റം നൽകുന്നതാണ് സായംപ്രഭാ ഹോം പദ്ധതി. ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലി​റ്റി/ കോർപ്പറേഷൻ പരിധിയിലെ അറുപതു വയസ്സ് കഴിഞ്ഞവരാണ് ഗുണഭോക്താക്കൾ. ഇവർക്ക് പഞ്ചായത്ത് തലത്തിൽ പകൽ ഒത്തുകൂടാൻ സൗകര്യം, വൃദ്ധജനങ്ങൾക്ക് മാനസിക ശാരീരിക ഉല്ലാസത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ, വൃദ്ധജന പരിപാലന നിയമങ്ങളെയും മാനസികവും ശാരീരികവും ആരോഗ്യകരവുമായ വിഷയങ്ങളെയും പ​റ്റി ക്ലാസുകൾ, യോഗ ക്ലാസുകൾ, മെഡിക്കൽ പരിശോധന, പോഷകാഹാരക്കുറവുള്ളവർക്ക് രണ്ടുനേരമെങ്കിലും പഞ്ചായത്തുകളുടെ സഹായത്തോടെ ഭക്ഷണമെത്തിച്ച് കൊടുക്കൽ എന്നിവ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

വയോപോഷണം


സായംപ്രഭ കേന്ദ്രങ്ങളായി സർക്കാർ പ്രഖ്യാപിച്ച പകൽവീടുകളിലെ വയോജനങ്ങൾക്കായി ആരംഭിച്ച പ്രത്യേക പദ്ധതിയാണിത്. ഇതുവഴി സായംപ്രഭ ഹോമിൽ വരുന്ന ബി.പി.എൽ വിഭാഗക്കാരായവർക്ക് പോഷകാഹാര കിറ്റ് ലഭ്യമാക്കുന്നു.
ജീവിതത്തിന്റെ വസന്തകാലത്ത് കുടുംബത്തിനും സമൂഹത്തിനും വേണ്ടി ഏറെ വിയർപ്പൊഴുക്കിയവരാണ് നമ്മുടെ വയോജനങ്ങൾ. അവരോട് നാം തിരിച്ചുകാണിക്കുന്ന സമീപനം ആശാസ്യമാണോ എന്ന വീണ്ടുവിചാരത്തിനുള്ള സമയമാണിത്. വൃദ്ധരോടുള്ള അവഗണനയും ക്രൂരമായ പെരുമാ​റ്റങ്ങളും വർദ്ധിച്ചുവരികയാണ്. അദ്ധ്വാനിച്ചുണ്ടാക്കിയ വീട്ടിൽനിന്നുപോലും പുറന്തള്ളപ്പെടുന്ന സാഹചര്യങ്ങളിലാണ് പല വയോജനങ്ങളും. വർദ്ധിച്ചുവരുന്ന ഉപഭോഗസംസ്‌കാരവും, അണുകുടുംബ ജീവിതരീതിയുമൊക്കെ വയോജനങ്ങൾ കൂടുതൽ പാർശ്വവത്‌കരിക്കപ്പെടാൻ ഇടയാക്കുന്നു. ഇവരോട് നിസംഗമായി മുഖം തിരിക്കുമ്പോൾ ഓർക്കാം, ഇതേ വിധിയാവാം നമ്മെ ഓരോരുത്തരെയും കാത്തിരിക്കുന്നത്.
നിസഹായതാ ബോധത്തിൽനിന്നു വയോജനങ്ങളെ കൈപിടിച്ചുയർത്തുന്ന നടപടികളാണ് സർക്കാരിന്റേത്.

വയോജനസൗഹൃദ സാഹചര്യം സൃഷ്ടിക്കുന്നത് സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ പറഞ്ഞിട്ടുള്ള ദാരിദ്ര്യം, പട്ടിണി, ലിംഗസമത്വം, നഗരവത്കരണം എന്നിവയുമായി ബന്ധപ്പെട്ട നേട്ടങ്ങൾക്ക് സാഹചര്യമൊരുക്കും. വയോജന സൗഹൃദമായ ഒരു ഭരണസംവിധാനം സൃഷ്ടിക്കുമ്പോൾ സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ പല ഘടകങ്ങളും പാലിക്കപ്പെടും. അവയിലാണ് സർക്കാർ ഊന്നൽ നൽകുന്നത്. സമൂഹത്തിൽ ഏ​റ്റവും ആദരവും സ്‌നേഹവും ഏ​റ്റുവാങ്ങേണ്ടവരാണ് മുതിർന്നവർ എന്ന ചിന്തയോടെ, മുതിർന്നവരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ കൂടി പ്രശ്നങ്ങളാണെന്ന തിരിച്ചറിവോടെ, വയോജന സൗഹൃദ കേരളത്തിനായി ഈ ലോകവയോജനദിനത്തിൽ നമുക്ക് കൈകോർക്കാം. കരുതാം, ചേർത്തുനിറുത്താം വയോജനങ്ങളെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INTERNATIONAL DAY OF OLDER PERSONS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.