SignIn
Kerala Kaumudi Online
Thursday, 25 April 2024 7.03 AM IST

ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ വിജയപന്ഥാവ്

james-web

തെക്കേ അമേരിക്കയിൽ ഫ്രഞ്ച് ഗയാനയിലെ കൗറു ബഹിരാകാശകേന്ദ്രത്തിൽനിന്നും 2021ഡിസംബർ 25ന് വിക്ഷേപിക്കപ്പെട്ട ജെയിംസ് വെബ് ടെലിസ്‌കോപ്പ് മുപ്പതുദിവസം കൊണ്ട് പതിനഞ്ചുലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ജനുവരി 24 ന് രണ്ടാം ലാഗ് റേഞ്ച് പോയിന്റിലെത്തി.

1990 ൽ അമേരിക്കയുടെ സ്‌പേസ് ഷട്ടിൽ ഡിസ്‌കവറിയുടെ സഹായത്തോടെ ബഹിരാകാശത്ത് 540 കിലോമീറ്റർ ഉയരത്തിൽ വിക്ഷേപിച്ച ഹബിൾ ടെലിസ്‌കോപ്പ്, വിദൂരതയിൽനിന്നും വരുന്ന അൾട്രാവയലറ്റ് രശ്മികളുടെയും സാധാരണ പ്രകാശരശ്മികളുടെയും പ്രകാശരശ്മികളേക്കാൾ തരംഗദൈർഘ്യം കൂടിയ താപകിരണങ്ങളുടെയും സഹായത്തോടെ മഹാവിസ്‌ഫോടനത്തിന് 400 ദശലക്ഷം വർഷങ്ങൾക്ക് ശേഷമുള്ള നക്ഷത്രങ്ങളെ വരെ പഠനവിധേയമാക്കികൊണ്ടിരിക്കുന്നു. പരമാവധി 13.4 ബില്യൺ വർഷങ്ങൾ മുൻപ് വരെയുള്ള , സൂപ്പർനോവ സ്‌ഫോടനം പോലുള്ള പ്രതിഭാസങ്ങളെയാണ് ഹബ്ബിൾ ടെലിസ്‌കോപ്പ് പഠനവിധേയമാക്കുന്നത്.

അന്തരീക്ഷവായുവിന്റെയും പ്രകാശരശ്മികളുടെയും അതിപ്രസരത്തിൽ നിന്നും അകന്നുനിൽക്കുന്നതു മൂലം ഭൂമിയുടെ പ്രതലത്തിൽനിന്നും സാദ്ധ്യമാകുന്നതിനേക്കാൾ വ്യക്തമായ ചിത്രങ്ങളാണ് ഹബ്ബിളിന് ലഭിക്കുന്നത്. 13.4 ബില്യൺ വർഷങ്ങൾക്കു മുൻപുള്ള നക്ഷത്രങ്ങളിൽ നിന്നുള്ള ഇലക്ട്രോമാഗ്‌നെറ്റിക്‌ റേഡിയേഷനുകളെ പഠനവിധേയമാക്കാൻ ഹബ്ബിൾ ടെലിസ്‌കോപ്പിനു സാധിക്കില്ല. പല നക്ഷത്രസമൂഹങ്ങളും ഹബ്ബിളിന്റെ ദൃഷ്ടിയിൽപ്പെടാതെ മറഞ്ഞിരിക്കുന്നുവെന്നും ആധുനികപഠനങ്ങൾ വ്യക്തമാക്കുന്നു. അതുകൊണ്ട് 0 .6 മൈക്രോൺ തരംഗദൈർഘ്യം മുതൽ 28 .6 മൈക്രോൺവരെ തരംഗദൈർഘ്യമുള്ള, ഫ്രീക്വൻസി കുറഞ്ഞ, റേഡിയേഷൻസിനെ സ്വീകരിച്ച് പഠനവിധേയമാക്കാൻ തക്കവണ്ണം രൂപകല്പന ചെയ്തിട്ടുള്ളതാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ്.

ഹബ്ബിൾ ടെലിസ്‌കോപ്പ് 2.4മീറ്റർ ഡയമീറ്റർ വലിപ്പമുള്ള പ്രധാനദർപ്പണം ഉപയോഗിക്കുമ്പോൾ ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ പ്രധാന ദർപ്പണത്തിന് 6.5 മീറ്റർ ഡയമീറ്ററാണുള്ളത്. ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ വിശാലമായ മുഖ്യദർപ്പണത്തിനു ഹബ്ബിൾ ടെലിസ്‌കോപ്പിന്റെ ദർപ്പണത്തേക്കാൾ ഏഴുമടങ്ങ് പ്രകാശരശ്മികളെ വിദൂരനക്ഷത്രങ്ങളിൽനിന്നും സ്വീകരിക്കാനാവും. അവ അതിപൂർവകാലങ്ങളിൽ, സൃഷ്ടിയുടെ ആരംഭകാലങ്ങളിൽതന്നെ രൂപപ്പെട്ട നക്ഷത്രങ്ങളിൽ നിന്നും പുറപ്പെട്ട പ്രകാശരശ്മികളായിരിക്കാനും സാദ്ധ്യതയുണ്ട്. രണ്ടാം ലാഗ്‌റേഞ്ച്‌ പോയിന്റിൽ എത്തിയിരിക്കുന്ന ടെലിസ്‌കോപ്പിന്റെ ദർപ്പണങ്ങൾ, സൂര്യനിൽനിന്നും ഭൂമിയിൽനിന്നും ചന്ദ്രനിൽനിന്നും മാത്രമല്ല ടെലിസ്‌കോപ്പിൽ നിന്നുതന്നെയുമുള്ള താപവികിരണങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ട് അതിശൈത്യാവസ്ഥയിൽ സ്ഥിതിചെയ്‌താൽ മാത്രമേ വിദൂരതയിൽ നിന്നെത്തുന്ന നക്ഷത്രകിരണങ്ങളെ സൂക്ഷ്‌മമായി വേർതിരിച്ച് പഠനവിധേയമാക്കാനാവൂ. അതിനായി വിസ്താരമേറിയതും പ്രകാശത്തെയും ചൂടിനെയും പ്രതിരോധിക്കാൻ കഴിവുള്ളതുമായ ക്യാേപ്രാൺ പോളിമെർ കൊണ്ട് നിർമ്മിച്ച കുടക്കീഴിലാണ് ടെലിസ്‌കോപ്പിന്റെ ദർപ്പണങ്ങൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

18 ഖണ്ഡങ്ങൾ ചേർത്ത് ബെറിലിയം ലോഹം കൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ളതും നേരിയ ഘനത്തിൽ സ്വർണ്ണം പൂശി മിനുസപ്പെടുത്തിയിട്ടുള്ളതുമായ ദർപ്പണത്തിന് രണ്ട് ഭാഗങ്ങളുണ്ട്. പ്രഥമദർപ്പണത്തിൽ പതിക്കുന്ന കിരണങ്ങൾ പ്രതിഫലിച്ച് രണ്ടാംദർപ്പണത്തിൽ പതിക്കുന്നു. അവിടെനിന്നും ഇൻഫ്രാറെഡ് ക്യാമറ അടക്കമുള്ള ഉപകരണങ്ങളുടെ സഹായത്തോടെ വിശദമായി പഠനവിധേയമാക്കുന്നു.

ആകാശത്തെ ഭൂമിയിലേക്ക്

അടുപ്പിച്ച ടെലിസ്കോപ്പുകൾ

ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി ആദ്യമായി കഷ്ടി ഒരുമീറ്റർ നീളമുള്ള ചെറിയ ടെലിസ്‌കോപ്പുപയോഗിച്ചു വാനനിരീക്ഷണം നടത്തിയത് 1610 ലാണ്. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലെന്നു കണ്ടെത്തിയ അദ്ദേഹം തടങ്കലിലാക്കപ്പെട്ടു. അതിന് പത്തുവർഷം മുമ്പ് ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന സങ്കല്പം തെറ്റാണെന്ന് വാനനിരീക്ഷണത്തിലൂടെ കണ്ടെത്തി പ്രഖ്യാപിച്ച ഇറ്റാലിയൻ വൈദികനും തത്വചിന്തകനും സന്യാസിവര്യനുമായിരുന്ന ജിയോർഡനോ ബ്രൂണോയെ എട്ടുവർഷം നീണ്ട കുറ്റവിചാരണയ്ക്ക്‌ ശേഷം 1600 ജനുവരി 20 ന്‌പോപ്പ് ക്ലെമെന്റ് എട്ടാമൻ ദൈവനിഷേധിയായി പ്രഖ്യാപിച്ച് റോമൻ മാർക്കറ്റിലെ ഒരു തൂണിൽ കെട്ടിനിറുത്തി എണ്ണയൊഴിച്ച് തീകൊളുത്തിക്കൊന്നു. പിന്നീട് ജോഹന്നാസ് കെപ്ലറും സർ ഐസക് ന്യൂട്ടനുമൊക്കെ മെച്ചപ്പെട്ട ടെലിസ്‌കോപ്പുകൾ നിർമ്മിച്ചു.

അമേരിക്കയിൽ ജനീവ ലേക്കിനു സമീപം വില്ല്യംസ് ബേയിൽ 1897ൽ സ്ഥാപിതമായ യെർക്സ് ഒബ്സർവേറ്ററി, അമേരിക്കയിലെ മൗണ്ട് വിൽസൺ ഒബ്സർവേറ്ററിയിൽ 1917കാലത്തു സ്ഥാപിതമായ 100 ഇഞ്ച് ഹുക്കർ ടെലിസ്‌കോപ്പ്, ഇംഗ്ലണ്ടിലെ ജോർഡൽ ബാങ്കിൽ 1945 ൽ സ്ഥാപിതമായ ജോർഡൽ ബാങ്ക്‌ റേഡിയോ ടെലിസ്‌കോപ്പ്, 1990ൽ അമേരിക്ക ബഹിരാകാശത്തു വിക്ഷേപിച്ച ഹബ്ബിൾ ടെലിസ്‌കോപ്പ്, 1991ൽ സ്‌പേസ് ഷട്ടിൽ അറ്റ്ലാന്റിസിന്റെ സഹായത്തോടെ നാസ അമേരിക്കയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നും വിക്ഷേപിച്ച ക്രോംപ്ടൺ ഗാമ റേ ടെലിസ്‌കോപ്പ്, 1990-1994ൽ ഇന്ത്യയിൽ പൂനെ നഗരത്തിനു സമീപം സ്ഥാപിതമായിരിക്കുന്ന ജയന്റ് മീറ്റർവേവ് റേഡിയോ ടെലിസ്‌കോപ്പ്, അമേരിക്ക 1999 ജൂലായ് 23ന് ബഹിരാകാശത്തു വിക്ഷേപിച്ച ചന്ദ്ര എക്സ്‌റേ ടെലിസ്‌കോപ്പ് ഇവയെല്ലാം പ്രപഞ്ചത്തെയും നക്ഷത്രസമൂഹങ്ങളെയും കുറിച്ചുള്ള പഠനങ്ങളിൽ വ്യാപൃതമാണ്.

(ഐ.എസ്.ആർ.ഒ.യിലെ മുൻ സീനിയർ ശാസ്ത്രജ്ഞനും ചന്ദ്രയാൻ 1,മംഗൾയാൻ,ചന്ദ്രയാൻ 2 ഒരു താരതമ്യപഠനം എന്ന ഗ്രന്ഥത്തിന്റെ കർത്താവുമാണ് ലേഖകൻ )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAMES WEBB SPACE TELESCOPE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.