SignIn
Kerala Kaumudi Online
Thursday, 25 April 2024 3.55 PM IST

മാറാടും ജിനരാജദാസ് സ്കൂളും

school

മാറാടിന്റെ മുറിവുണക്കുന്നതിന് ലേപനമായ പൊതുവിദ്യാലയമാണ് നടുവട്ടത്തെ ജിനരാജദാസ് എ.എൽ.പി സ്‌കൂൾ. അകന്ന മനസുകളെ കുട്ടികളിലൂടെ ഒരുമിപ്പിക്കുക എന്ന വലിയ സാമൂഹിക ഉത്തരവാദിത്തമാണ് ഈ സ്‌കൂൾ ഏറ്റെടുത്ത് വിജയിപ്പിച്ചത്. 1910ൽ ആ പ്രദേശത്തെ പ്രമാണി കുടുംബങ്ങൾക്കു വിദ്യാഭ്യാസം നൽകാനാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് പൊതുവിദ്യാലയമായി. തിയോസഫിക്കൽ സൊസൈറ്റിയുടെ മലബാറിലെ സ്ഥാപകനേതാവായ ജിനരാജദാസിന്റെ നാമധേയം സ്‌കൂളിനു ലഭിച്ചു. 1957ൽ എയ്ഡഡ് സ്‌കൂളായി. എന്നാൽ ഉടമസ്ഥർ തമ്മിലുള്ള കൈവശാവകാശത്തർക്കം മൂലം യാതൊരു വികസനപ്രവർത്തനവുമില്ലാതെ സ്‌കൂൾ അടച്ചുപൂട്ടലിലേക്ക് നീങ്ങിയ വേളയിലാണ് മാറാട് കലാപവും കൊലപാതകങ്ങളും നടക്കുന്നത്. ഇതോടെ പതനം പൂർത്തിയായി. മുസ്ലീംകുടുംബങ്ങൾ പലരും നാടുവിട്ടു. കുട്ടികളുടെ എണ്ണം കുറഞ്ഞു. സ്‌കൂളിൽ വരുന്ന കുട്ടികൾ തന്നെ ഹിന്ദുകുട്ടികളും മുസ്ലീംകുട്ടികളുമായി. ഈയൊരു ഘട്ടത്തിലാണ് നാട്ടുകാരുടെയും അദ്ധ്യാപകരുടെയും ആവശ്യപ്രകാരം 2007ൽ എം.എൽ.എയായ വി.കെ.സി മമ്മതുകോയ വിദ്യാലയം വിലകൊടുത്തു വാങ്ങി ചാരിറ്റബിൾ ഫൗണ്ടേഷന്റെ കീഴിൽ നവീകരിക്കാൻ മുൻകൈയ്യെടുത്തത്. യുദ്ധവേഗാടിസ്ഥാനത്തിലാണ് നവീകരണം നടപ്പിലാക്കിയത്. പഴയകെട്ടിടം പൊളിച്ച് പുതിയ സ്‌കൂൾകെട്ടിടവും ചുറ്റുമതിലും കുടിവെള്ളവും ശബ്ദവെളിച്ച സംവിധാനവുമെല്ലാം ഒരുക്കി.

സ്‌കൂളിൽ നടപ്പിലാക്കിയ ആദ്യപരിഷ്‌കാരങ്ങളിൽ ഒന്ന് കൃത്യസമയത്തു സ്‌കൂളിലെത്തുന്ന മുഴുവൻ കുട്ടികൾക്കും പ്രഭാതഭക്ഷണം ഒരുക്കുകയായിരുന്നു. ഉച്ചഭക്ഷണത്തോടൊപ്പം അധികമായി മാനേജ്‌മെന്റ് ചെലവിൽ മറ്റുവിഭവങ്ങളും നൽകി. കുട്ടികൾക്കു യൂണിഫോമും പഠനോപകരണങ്ങളും മാനേജ്‌മെന്റ് നൽകി. സ്‌കൂളിൽ വരുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചു. കുട്ടികൾ തമ്മിൽ വിഭാഗീയതയില്ലാതെ കൂടുതൽ ഇടപഴകാൻ ക്ലാസിനു പുറത്ത് ഒട്ടേറെ വേറിട്ട പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ നടപ്പാക്കി.

ചില ഉദാഹരണങ്ങൾ ഇതാ


• കാളപൂട്ടി കൃഷിയിറക്കുന്നത് എങ്ങനെ? പാഠപുസ്തകത്തിലെ ചിത്രത്തിൽ നിന്നല്ല. പുറത്ത് 25 സെന്റ് വയലിൽ സുബ്രഹ്മണ്യേട്ടന്റെ കാളകൾ നിലം ഉഴുന്നു. കുട്ടികളാണ് കൃഷി ചെയ്യുന്നത്.
• മട്ടുപാവിൽ ശൈത്യകാല കൃഷിയിറക്കി.
• മൂന്നാം ക്ലാസിലെ പരിസരപഠനത്തിന്റെ ഭാഗമായി കെ.പി. തിന്നക്കുട്ടൻ സ്‌കൂളിൽ മൺപാത്രനിർമ്മാണം നടത്തി.
• സൈക്കിൾറിക്ഷയും കുതിരവണ്ടികളുമെല്ലാം സ്‌കൂൾ മുറ്റത്തെത്തി. കുട്ടികൾക്കും സഞ്ചരിക്കാം.
• സ്‌കൂളിലെ ഒരു കുട്ടിപോലും കഥകളി കണ്ടിട്ടില്ല. നാലാംതരത്തിലെ മലയാള പാഠഭാഗം മുരളി കണ്ട കഥകളി സ്‌കൂളിൽ കുട്ടികൾക്കായി ഒരുങ്ങി.
• കേരളപിറവിക്ക് കളരിപ്പയറ്റും ആയോധനകലകളും കുട്ടികൾ കണ്ടു.
• പ്രസിദ്ധ മജീഷ്യൻമാർ എഴുത്തുകാർ, കവികൾ, നാടകസംവിധായകർ തുടങ്ങി ഒട്ടേറെ പ്രസിദ്ധർ കുട്ടികളുമായി സംവദിക്കാനെത്തി.


ഇത്തരത്തിലുള്ള പാഠ്യേതര പ്രവൃത്തികളുടെ എണ്ണവും ഭാവനയും നമ്മെ അത്ഭുതപ്പെടുത്തും. ഇവ ഓരോന്നും അനുഭവത്തിൽ കുട്ടികളുടെ കൂട്ടായ്മ വളർത്തി. 2009 ൽ ആധുനികസൗകര്യങ്ങളോടെ സ്മാർട്ട് ക്ലാസ് റൂമുകൾ ആരംഭിച്ചു. ഒരു ഐ.ടി അദ്ധ്യാപികയെ മാനേജ്‌മെന്റ് നിയമിച്ചു. ക്ലാസ് ലൈബ്രറികൾ ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു മാനേജ്‌മെന്റ് മേശയും കസേരയും നൽകി. ഇത് സ്ഥാപിക്കാനുള്ള പഠനമൂല അദ്ധ്യാപക സന്ദർശനസംഘം തന്നെയാണു വീട്ടിൽ കണ്ടെത്തിയത്.
കുട്ടികൾക്കായി ബാഡ്മിന്റൺ, ബാസ്‌ക്കറ്റ് ബോൾ, ഫുട്‌ബോൾ കോർട്ടുകൾ പരിമിതമായ സ്ഥലത്തുതന്നെ മാനേജ്‌മെന്റ് ഒരുക്കി. കാരംസിനും ചെസിനും പരിശീലനവുമുണ്ട്. പെൺകുട്ടികൾക്കും കരാട്ടെയും നൃത്തപരിശീലനവും.
വിദ്യാലയം സമൂഹത്തിലേക്കിറങ്ങി ചെയ്യുന്ന സേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതു സ്‌കൂളിലെ ജൂനിയർ റെഡ്‌ക്രോസ് യൂണിറ്റാണ്. 400 നു മുകളിലുണ്ടായിരുന്ന കുട്ടികളുടെ എണ്ണം മാറാട് കലാപത്തെത്തുടർന്ന് 120 ആയി താഴ്ന്നിരുന്നു. ഇപ്പോൾ കുട്ടികളുടെ എണ്ണം 324 ആണ്. ഇതുകൂടാതെ 110 കിന്റർഗാർഡൻ കുട്ടികളും ഉണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അങ്കണവാടികളെ എതിരാളിയായി കാണാതെ ചേർത്തു പിടിക്കാനുള്ള സ്‌കൂളിന്റെ
ശ്രമമാണ്. അങ്കണവാടികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ മാനേജ്‌മെന്റ് മുൻകൈയെടുക്കുന്നു. അങ്കണവാടികളുടെ കലോത്സവം സ്‌കൂളിൽവച്ചാണ് നടത്തുന്നത്.

വേറിട്ടതും ശ്രദ്ധേയവുമായ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിൽ മാറ്റം കൊണ്ടുവന്ന വിദ്യാലയങ്ങൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ മികവുത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാംസ്ഥാനം നേടി. തിരുവനന്തപുരത്തു നടന്ന സംസ്ഥാന മികവുത്സവത്തിൽ മികച്ച അഞ്ച് വിദ്യാലയങ്ങളിൽ ഒന്നാകാൻ മാറാട് പ്രദേശത്തെ ഈ വിദ്യാലയത്തിനു കഴിഞ്ഞു. പി.ടി.എ സജീവമാണ്. ഓണവും റംസാനും ക്രിസ്തുമസുമെല്ലാം വളരെ ഐക്യത്തോടെ രക്ഷിതാക്കൾ ആഘോഷിക്കുന്നു. വീടുകളിൽനിന്നും വിഭവങ്ങളെത്തിച്ചു വിദ്യാലയത്തിൽ ഓണസദ്യ ഒരുക്കുന്നു. സമൂഹ നോമ്പുതുറക്കലിൽ അമ്മമാരും ഉമ്മമാരും വിദ്യാലയത്തിൽ ഒരുമിച്ചിരുന്ന് പലഹാരങ്ങൾ ഒരുക്കി വിളമ്പുന്നു.
ഇന്ന് ഈ സ്‌കൂളിൽ ജാതിമതഭേദമില്ലാതെ എല്ലാ കുട്ടികളും പഠിക്കുകയും ഉല്ലസിക്കുകയും രക്ഷിതാക്കൾ കൈകോർക്കുകയും ചെയ്യുന്നതു കാണുമ്പോൾ പൊതു വിദ്യാഭ്യാസത്തിന്റെ സാമൂഹിക പ്രസക്തി നാം തിരിച്ചറിയുന്നു. കേരളത്തിനു മാത്രമല്ല, ഇന്ത്യയ്ക്കു തന്നെയും ഒട്ടേറെ പാഠങ്ങൾ ജിനരാജദാസ് സ്‌കൂളിൽ നിന്നു പഠിക്കാനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JINARAJA DAS SCHOOL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.