SignIn
Kerala Kaumudi Online
Friday, 19 April 2024 11.46 PM IST

കാരിരുമ്പിൽ പൊതിഞ്ഞ കരിമ്പിൻതുണ്ട്

k-r-gouri-amma

പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമെന്ന പ്രയോഗം ചിലരുടെ കാര്യത്തിൽ ഭംഗിവാക്കും വെറും വിശേഷണവുമാകാം. എന്നാൽ കെ.ആർ.ഗൗരിഅമ്മ എന്ന നേതാവിന്റെ കാര്യത്തിൽ നിസംശയം പറയാം , കേരളത്തിൽ പകരം വയ്ക്കാനില്ലാത്ത വനിത. ഇനി അങ്ങനെയൊരാൾ ഉണ്ടാവുമെന്ന് പ്രവചിക്കാനും അത്ര ഉറപ്പു പോരാ. അതു കൊണ്ടാണ് ഗൗരിഅമ്മയുടെ വിടവാങ്ങൽ വലിയ ചരിത്ര വിയോഗമാവുന്നത്.

മുഖത്തടിച്ചപോലുള്ള വാക്കുകളും ആരെയും കൂസാത്ത പെരുമാറ്റവും കാണുമ്പോൾ ഗൗരിഅമ്മ ഒരു കാരിരുമ്പാണ്. തൊടുത്തു വിടുന്ന വാക്കുകൾ ആർക്ക് നേർക്കെന്നതൊന്നും അവർക്ക് പ്രശ്‌നമല്ല. പറയാനുള്ളത്, ആരോടായാലും പറയേണ്ട രീതിയിൽ പറയും. പക്ഷേ അടുത്തിടപഴകുമ്പോൾ നാം തിരിച്ചറിയും സ്‌നേഹത്തിന്റെ കരിമ്പിൻതുണ്ടാണ് ആ മനസെന്ന്. രോഷവും സഹനവും സാഹസികതയും, എല്ലാറ്റിലുമുപരി വ്യക്തമായ നിലപാടുമുള്ള വ്യക്തിത്വമായിരുന്നു ഗൗരിഅമ്മയുടേത്.

ഗൗരിഅമ്മയുടെ സ്‌നേഹത്തിന്റെയും എടുത്തടിച്ചതു പോലുള്ള പെരുമാറ്റത്തിന്റെയും വലിയൊരു മുഹൂർത്തം തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടിയുടെ മനസിലുണ്ട്. 1958 കാലത്ത്, വർഗീസ് വൈദ്യന്റെ മകനായി പിറന്ന ചെറിയാനെ തോളിലെടുത്ത് താലോലിച്ചിട്ടുണ്ട് ഗൗരിഅമ്മ. 1999-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലം. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ വി.എം.സുധീരനെതിരെ മത്സരിക്കാൻ ഇടതുപക്ഷം നിയോഗിച്ചത് അന്തരിച്ച ചലച്ചിത്ര നടനും ഇടത് സഹയാത്രികനുമായിരുന്ന മുരളിയെ ആയിരുന്നു. വി.എസ്.അച്യുതാനന്ദനായിരുന്നു ഈ തീരുമാനത്തിന് മുൻകൈയെടുത്തതും. ആലപ്പുഴയിലെത്തിയ മുരളി , തന്റെ സുഹൃത്തായ ചെറിയാൻ കല്പകവാടിയെയാണ് ആദ്യം കണ്ടത്. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും മുമ്പ് ഗൗരിഅമ്മയെ വീട്ടിൽ പോയി കാണണമെന്ന് വി.എസ് പ്രത്യേകം നിർദ്ദേശിച്ചു. ജെ.എസ്.എസ് രൂപീകരിച്ച്, ഗൗരിഅമ്മ യു.ഡി.എഫ് പക്ഷത്ത് നിൽക്കുന്ന ഘട്ടം. ഗൗരിഅമ്മയുടെയും ടി.വി തോമസിന്റെയും വർഗീസ് വൈദ്യന്റെയും രാഷ്ട്രീയ ജീവിതത്തിലെ ചില ഏടുകൾ കൂട്ടിയിണക്കി 'ലാൽസലാം' എന്ന ഹിറ്റ് ചിത്രം ചെറിയാൻ കല്പകവാടിയുടെ രചനയിൽ വേണു നാഗവള്ളി സംവിധാനം ചെയ്ത് ഒൻപതു വർഷങ്ങൾക്ക് ശേഷമാണ് ഗൗരിഅമ്മയെ കാണാൻ പോകുന്നത്.

ചെറിയാനും വേണുനാഗവള്ളിയും മുരളിയും കൂടി മുൻകൂട്ടി അറിയിച്ചിട്ട് നേരെ ചാത്തനാട്ടുള്ള ഗൗരിഅമ്മയുടെ വീട്ടിലേക്ക് ചെന്നു. വാതിൽ തുറന്ന് പുറത്തേക്ക് വന്ന ഗൗരിഅമ്മയെ ചെറിയാൻ സ്വയം പരിചയപ്പെടുത്തി. പെട്ടെന്നായിരുന്നു ഗൗരിഅമ്മയുടെ പ്രതികരണം, മുരളിയുടെ നേർക്ക്. ' ഇവൻ പറഞ്ഞിട്ടല്ലേ താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിൽക്കുന്നത്, താൻ തോറ്റുപോകും'. സ്വതവേ പരുക്കൻ പ്രകൃതക്കാരനായ മുരളിയുടെ മുഖം വല്ലാതായി. ചെറിയാനോടുള്ള ദേഷ്യമാണ് ഗൗരിഅമ്മ പ്രകടിപ്പിച്ചത്. ആദ്യത്തെ പ്രഹരം കഴിഞ്ഞതോടെ മൂവരെയും അവർ അകത്തേക്ക് ക്ഷണിച്ചു. നേരത്തെ മനംമടുപ്പിക്കും മട്ടിൽ പെരുമാറിയ അവർ നിരവധി വിഭവങ്ങളാണ് അതിഥികൾക്കായി ഒരുക്കിയിരുന്നത്. മാതൃവാത്സല്യത്തോടെയുള്ള സ്വീകരണം. പിന്നെ തീർത്തും സൗമ്യയായി കാര്യങ്ങൾ പറഞ്ഞു. അപ്പോഴാണ് മുരളിയുടെ മനസും ഒന്നയഞ്ഞത്.

'എത്രയൊക്കെയായാലും നീ വർഗീസ് വൈദ്യന്റെ മകനല്ലേ' എന്നുകൂടി പറഞ്ഞതോടെ ചെറിയാന്റെ മനസിലും മഞ്ഞുരുക്കമായി.'നിനക്ക് ടി.വിയെക്കുറിച്ച് (ടി.വി.തോമസ്) എന്തെങ്കിലും അറിയാമോ. ഞങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമോ? നീ എന്റെ മുറിയിൽ പോയി ഒന്ന് നോക്ക് '. ഇത്രയും ഗൗരിഅമ്മ പറഞ്ഞപ്പോൾ ചെറിയാൻ നേരെ അവരുടെ മുറിയിലേക്ക് പോയി. ചെറിയാൻ കല്പകവാടി ശരിക്കും ഞെട്ടിയത് അപ്പോഴാണ്. ടി.വി.തോമസും ഗൗരിഅമ്മയും വിവാഹിതരായപ്പോഴത്തെയും മറ്റ് സ്വകാര്യ നിമിഷങ്ങളിലെയും നിരവധി ചിത്രങ്ങൾ നല്ല സൂക്ഷ്മതയോടെ ചുവരുകളിൽ തൂക്കിയിരിക്കുന്നു. ഗൗരിഅമ്മയുടെ മനസിലെ ഉടയാത്ത വിഗ്രഹമായിരുന്നു ടി.വി എന്ന് ചെറിയാന് ശരിക്കും ബോദ്ധ്യമായി. അവർക്ക് ടി.വിയോടുള്ള അടുപ്പത്തിന്റെ ആഴവും. യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങുമ്പോൾ വീണ്ടും ശാസനയുടെ സ്വരം കലർത്തി അവരുടെ വാക്കുകൾ, 'ഞാനും ആത്മകഥ എഴുതുന്നുണ്ട്. അതിൽ നിന്നെക്കുറിച്ചും നിന്റെ അപ്പനെക്കുറിച്ചുമെല്ലാം ഞാൻ എഴുതും. അതുവച്ചും നീ സിനിമ എടുക്കണം' . പക്ഷേ ഒരു അമ്മ മകനോട് പറയുന്ന പരിഭവവാക്കുകൾ പോലെയേ അന്ന് ചെറിയാന് അത് അനുഭവപ്പെട്ടുള്ളൂ. കാലങ്ങൾക്ക് ശേഷം ചെറിയാന്റെ അമ്മ തങ്കമ്മ മരിച്ചപ്പോൾ ആശ്വാസ വാക്കുകളുമായി ആദ്യമെത്തിയതും ഗൗരിഅമ്മയായിരുന്നു.

ആരാധന രണ്ട് കൃഷ്ണന്മാരോട്

ചെറുപ്പം മുതലേ മനസു നിറയെ വിപ്‌ളവ ചിന്തകളായിരുന്നെങ്കിലും ഗൗരിഅമ്മ ആരാധിച്ചിരുന്നത് രണ്ട് കൃഷ്ണന്മാരെയാണ്. അതും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന കൃഷ്ണന്മാർ. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ ഉറപ്പിക്കാൻ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് പി.കൃഷ്ണപിള്ളയാണ് ഒരാൾ. മറ്റൊന്ന് സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാനും.

തന്റെ സഹോദരൻ സുകുമാരന് കമ്മ്യൂണിസ്റ്റ്പാർട്ടിയുമായി ഉണ്ടായിരുന്ന ബന്ധത്തിലൂടയാണ് ഗൗരിഅമ്മ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ആകൃഷ്ടയാകുന്നത്. ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് സാഹസിക പരിശ്രമം നടത്തിയ സഖാവ് പി.കൃഷ്ണപിള്ളയിൽ നിന്ന് പാർട്ടി അംഗത്വം സീകരിച്ച ഗൗരിഅമ്മ, ആ മെമ്പർഷിപ്പിന്റെ മഹത്വം കാത്തു. പാർട്ടിയിലും ട്രേഡ് യൂണിയൻ രംഗത്തും പ്രതികരണശേഷിയുള്ള സാന്നിദ്ധ്യമായി.സി.പി.എമ്മിലായിരുന്നപ്പോഴും ജെ.എസ്.എസ് രൂപീകരണ ശേഷവും തന്റെ സഹപ്രവർത്തകരോട് ഗൗരിഅമ്മ സഖാവ് പി.കൃഷ്ണപിള്ളയുടെ നേതൃഗുണത്തെക്കുറിച്ചും അർപ്പണത്തെക്കുറിച്ചും എപ്പോഴും സംസാരിക്കുമായിരുന്നു.

അന്ധവിശ്വാസിയോ ദൈവവിശ്വാസിയോ ആയിരുന്നില്ല ഗൗരിഅമ്മ. എന്നാൽ തന്റെ മനസിൽ ചെറുപ്പകാലം മുതലേ ശ്രീകൃഷ്ണൻ കുടിയേറിയെങ്കിലും അതിന് ഭക്തിയുടെ യാതൊരു സ്പർശവുമില്ലായിരുന്നു. ഒരുപക്ഷേ കുട്ടിക്കാലത്തേ കേട്ടുവളർന്ന പുരാണങ്ങളുടെ സ്വാധീനമാവാം ഈ കൃഷ്ണപ്രിയത്തിന് പിന്നിൽ. ചാത്തനാട്ടെ വീടിന്റെ ഓരോ കോണുകളിലും പല വലിപ്പത്തിലും ഭാവത്തിലുമുള്ള ശ്രീകൃഷ്ണ പ്രതിമകളും വിഗ്രഹങ്ങളും ഭദ്രമായാണ് അവർ സൂക്ഷിച്ചിരുന്നത്. ഇഷ്ടമുള്ള ആരെങ്കിലും എന്തെങ്കിലും ഗൗരിഅമ്മയ്ക്കു നൽകിയാൽ ഏതെങ്കിലും ഒരു കൃഷ്ണപ്രതിമയെ ചൂണ്ടി പറയും ' ദേണ്ടെ നിൽക്കുന്നു, അയാൾക്ക് കൂടി കൊടുക്ക് '.

താൻ കൃഷ്ണനുമായി സംസാരിക്കാറുണ്ടെന്നും പാതി തമാശരൂപത്തിൽ ഗൗരിഅമ്മ പറയുമായിരുന്നു. പണ്ട് ടി.വി.തോമസ് ജീവിതത്തിൽ നിന്നു വിട്ടുപോയപ്പോൾ തനിക്ക് കൂട്ട് കൃഷ്ണനായിരുന്നുവെന്ന് പറയാനും ആ ധീരയായ കമ്യൂണിസ്റ്രുകാരിക്ക് മടിയുണ്ടായില്ല.

ഇതുകൂടി കേൾക്കണേ

കേരളത്തിലെ അവശവിഭാഗങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും ദീർഘവീക്ഷണത്തോടെ നിയമനിർമ്മാണത്തിന് മുൻകൈ എടുത്തതാണ് അവരുടെ വലിയ മഹത്വം. കൊവിഡ് മഹാമാരിയുടെ ദുഃസാന്നിദ്ധ്യം ഇല്ലായിരുന്നെങ്കിൽ തിരുവനന്തപുരത്തു നിന്ന് ഗൗരിഅമ്മയുടെ ഭൗതിക ശരീരവുമായി ആലപ്പുഴയ്ക്ക് സഞ്ചരിച്ച വാഹനത്തിന് ലക്ഷ്യത്തിലെത്താൻ ഏറെ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വന്നേനെ. കാരണം കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ആ അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കേരളത്തിന്റെ ഒരു പരിച്ഛേദം തന്നെ കാണുമായിരുന്നു പാതയോരത്ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KR GOURIAMMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.