SignIn
Kerala Kaumudi Online
Friday, 19 April 2024 1.18 AM IST

മൂല്യരാഷ്ട്രീയത്തിന്റെ കാവലാൾ

sankaranarayanan

സൗമ്യൻ,​​ മികച്ച വാഗ്മി,​ മതേതരവാദി,​ കൃത്യതയോടെ കാര്യങ്ങൾ പഠിക്കുന്ന ഭരണാധികാരി,​ നെഹ്റൂവിയൻ ആദർശങ്ങളുടെ പ്രചാരകൻ കെ.ശങ്കരനാരായണൻ എന്ന നേതാവിനെ കേരള രാഷ്ട്രീയം അടയാളപ്പെടുത്തുക ഇങ്ങനെയായിരിക്കും. ഏഴ് പതിറ്റാണ്ട് കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം വിടപറയുമ്പോൾ ആദർശരാഷ്ട്രീയത്തിന്റെ ഒരു കണ്ണികൂടി അറ്റുപോവുന്നു.

രാഷ്ട്രീയത്തിൽ ആരുമായും ശത്രുത പാടില്ലെന്ന നിലപാടാണ് യു.ഡി.എഫിന്റെ ഏകോപന ചുമതലയുണ്ടായിരുന്നപ്പോഴും ഇടതുനേതാക്കളുമായി ആത്മബന്ധം നിലനിറുത്താൻ അദ്ദേഹത്തെ സഹായിച്ചത്. കെ.കരുണാകരൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന രണ്ട് പതിറ്റാണ്ടിലാണ് കെ.ശങ്കരനാരായണൻ യു.ഡി.എഫിനെ മുന്നിൽനിന്ന് നയിച്ചത്.

കെ.എസ്.യുവിലൂടെ

സ്‌കൂൾ വിദ്യാർത്ഥിയായിരിക്കേ, കെ.എസ്.യുവിലൂടെയാണ് കെ.ശങ്കരനാരായണൻ രാഷ്ട്രീയ - പൊതുപ്രവർത്തന ജീവിതം ആരംഭിച്ചത്. കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് പത്താംക്ലാസ് കഴിഞ്ഞ് പഠിക്കാൻ സാഹചര്യമുണ്ടായില്ല. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ അണിയത്ത് ശങ്കരൻനായർക്ക് മകനെ റെയിൽവേ ഉദ്യോഗസ്ഥനാക്കാനായിരുന്നു ആഗ്രഹം. എന്നാൽ കാലം കാത്തുവച്ചത് രാഷ്ട്രീയക്കാരന്റെ ഖദർ ജുബ്ബയായിരുന്നു. കോൺഗ്രസ് നേതാവ് കെ.കാമരാജായിരുന്നു വഴികാട്ടി. പാർട്ടി പ്രസിഡന്റായിരുന്നപ്പോൾ പ്രസംഗം പരിഭാഷപ്പെടുത്താൻ കാമരാജ് അദ്ദേഹത്തെ കൂടെകൊണ്ടുപോയിരുന്നു. ഇത് ശങ്കരനാരായണന്റെ കോൺഗ്രസ് പ്രവേശനത്തിലേക്ക് വഴിതെളിച്ചു.

1954 ൽ ഷൊർണൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറിയായി. 1964 മുതൽ നാലുവർഷം പാലക്കാട് ഡി.സി.സി പ്രസിഡന്റ്. 1968 ൽ കെ.പി.സി.സി സെക്രട്ടറി. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ആദ്യമായി നിയമസഭാംഗമായത്. 1977ൽ തൃത്താലയിൽ നിന്ന് വിജയിച്ചത് 11,000 വോട്ടിന്. തുടർന്ന് അധികാരത്തിൽ വന്ന കരുണാകരൻ മന്ത്രിസഭയിലും ആന്റണി മന്ത്രിസഭയിലും കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളുടെ ചുമതല വഹിച്ചു.

1987ലും 1991ലും ഒറ്റപ്പാലത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു.

മുൻമന്ത്രി വി.സി.കബീറായിരുന്നു രണ്ടുതവണയും എതിരാളി. ആദ്യതവണ കബീറിനോട് തോൽവിയറിഞ്ഞ ശങ്കരനാരായണൻ രണ്ടാമൂഴത്തിൽ പകരംവീട്ടി. ശ്രീകൃഷ്ണപുരത്ത് ജയിക്കുകയും തോൽക്കുകയും ചെയ്തിട്ടുണ്ട്. 1985 മുതൽ 2001 വരെ യു.ഡി.എഫ് ചെയർമാൻ. 2001ൽ പാലക്കാട്ടുനിന്ന് നിയമസഭാംഗമായി. 2001 മുതൽ 2004വരെ എ.കെ.ആന്റണി മന്ത്രിസഭയിൽ ധനം, എക്‌സൈസ് വകുപ്പുകൾ കൈകാര്യം ചെയ്തു. അതിനുശേഷം മത്സരരംഗത്തുണ്ടായില്ല. എന്നാൽ, മുന്നണിയിൽ കോൺഗ്രസിന്റെ മുഖവും പാർട്ടിയിൽ എ ഗ്രൂപ്പിന്റെ പോർമുഖവുമായിരുന്നു.

1989 മുതൽ 1991 വരെ നിയമസഭയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെയും 1980 മുതൽ 82 വരെ അഷ്വറൻസ് കമ്മിറ്റിയുടെയും ചെയർമാനായി.

ഗവർണറുടെ

ജനക്ഷേമ പ്രവർത്തനങ്ങൾ

ഷൊർണൂരിൽ കോൺഗ്രസ് വില്ലേജ് കമ്മിറ്റി സെക്രട്ടറിയായി തുടങ്ങിയ അദ്ദേഹത്തെ മികച്ച വാഗ്മിയും മികച്ച ഭരണാധികാരിയുമായി രൂപപ്പെടുത്തിയത് ഷൊർണൂരിലും പാലക്കാട്ടും നിന്ന് നേടിയെടുത്ത ജീവിത നിരീക്ഷണങ്ങളാണ്.

പാലക്കാട് ജില്ലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായിരുന്ന കാലത്താണ് അദ്ദേഹം ജില്ലാ നേതൃത്വത്തിലെത്തുന്നത്.

2001ൽ പാലക്കാട് നിയമസഭാമണ്ഡലത്തിൽ നിന്ന് വിജയിച്ചപ്പോഴാണ് കെ.ശങ്കരനാരായണൻ ധന- എക്‌സൈസ് മന്ത്രിയാവുന്നത്. ഈ വകുപ്പുകളെ അദ്ദേഹം തികഞ്ഞ കൈയടക്കത്തോടെ നയിച്ചു. ഗവർണറായിരിക്കെ ഇരുപതിലേറെ സർവകലാശാലകളുടെ ചാൻസലർ പദവിയും വഹിച്ചിരുന്നു.

നാഗാലാൻഡിൽ ഗവർണറായി എത്തിയപ്പോൾ നാഗാകലാപകാരികൾ തലവേദന സൃഷ്ടിക്കാതിരുന്നതിന് കാരണം നേർക്കുനേരേയുള്ള ഇടപെടലായിരുന്നു. ഉത്തരേന്ത്യയിൽ ദാരിദ്ര്യമനുഭവിക്കുന്ന ഗ്രാമീണർക്ക് ആശ്വാസമെത്തിക്കാൻ അദ്ദേഹം കഴിയാവുന്നതെല്ലാം ചെയ്തു. നക്സൽ സ്വാധീനത്തിൽ നിന്ന് ഝാർഖണ്ഡിലെ ഗ്രാമീണരെ മുക്തമാക്കാൻ നിരവധി ക്ഷേമപദ്ധതികൾക്കാണ് അദ്ദേഹം ഗവർണറായിരിക്കെ സർക്കാർ തുടക്കമിട്ടത്. നക്സൽ ബാധിത പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യറേഷൻ നൽകാൻ നിർദ്ദേശം നൽകി.

ആദിവാസി പെൺകുട്ടികൾക്ക് 12,500 റേഷൻ കടകളാണ് അനുവദിച്ചത്. ഇതിനായി 25,000 രൂപ വീതം ഗ്രാന്റ് നൽകി. വാർദ്ധക്യ പെൻഷൻ അനുവദിക്കുകയും അദ്ധ്യാപകരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. കൽക്കരി പാടം പാട്ടത്തിന് നൽകുന്നത് നിറുത്തിവെപ്പിച്ചു. മഹാരാഷ്ട്ര ഗവർണറായിരിക്കുമ്പാഴും അദ്ദേഹം ജനക്ഷേമത്തിന് നിരവധി നിർദേശങ്ങൾ സർക്കാറിന് മുന്നിൽവെച്ച് പ്രാവർത്തികമാക്കി.


എ.കെ.ജി, ഇ.എം.എസ്,

വി.എസ് സഹതടവുകാർ

സെക്രട്ടറിയറ്റിന് ബോംബുവയ്‌ക്കാൻ ശ്രമിച്ചെന്നാരോപിച്ച് അടിയന്തരാവസ്ഥ കാലത്ത് കെ.ശങ്കരനാരായണനെ അറസ്റ്റുചെയ്തു. പൂജപ്പുര സെൻട്രൽ ജയിലിൽ ഒന്നരവർഷത്തോളം തടവനുഭവിച്ചു. ആദ്യഘട്ടത്തിൽ ഏകാന്ത തടവായിരുന്നു. ശരീരത്തിന്റെ പകുതിമാത്രം വലിപ്പമുള്ള പായ, മൂത്രമൊഴിക്കാൻ ബക്കറ്റ്.... അസഹനീയമായ തടവുകാലം. അടിയന്തരാവസ്ഥക്കാലത്ത് എ.കെ.ജി, ഇ.എം.എസ്, വി.എസ് തുടങ്ങിയവർ സഹതടവുകാരായിരുന്നു. മുഖ്യമന്ത്രി കെ.കരുണാകരൻ ദീർഘനാൾ പുറത്തുവിടാതിരുന്ന രാഷ്ട്രീയ തടവുകാരിൽ രണ്ടുപേർ, വി.എസും ശങ്കരനാരായണനും ആയിരുന്നു. ഒടുവിൽ പ്രിയനേതാവ് കെ.കാമരാജിന്റ സംസ്‌കാരത്തിൽ പങ്കെടുക്കാനാണ് ശങ്കരനാരായണന് പരോൾ അനുവദിച്ചത്. അതും ഇന്ദിരാഗാന്ധിയുടെ ഇടപെടലിനെ തുടർന്ന്.

ഗോഡ് ഫാദർമാരില്ലാതിരുന്ന ശങ്കരനാരായണന്റെ രാഷ്ട്രീയ വളർച്ച സംശുദ്ധപ്രവർത്തനത്തിനുള്ള അംഗീകാരമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SANKARANARAYAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.