SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.45 AM IST

അബ്ദുൽ ജലീൽ അഥവാ വിവാദങ്ങളുടെ തോഴൻ

jaleel

പാക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചുള്ള കെ.ടി.ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായിരുന്നു. പതിറ്റാണ്ടുകളായി കശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണെന്നും ചിരിക്കാൻ മറന്നുപോയ ജനതയായി കശ്മീരികൾ മാറിയെന്നും മുൻമന്ത്രിയും എം.എൽ.എയുമായ ജലീൽ പോസ്റ്റിലൂടെ പറഞ്ഞുവച്ചു. വിവാദം കത്തിപ്പടരുകയും സി.പി.എം കൈവിടുകയും ചെയ്തതോടെ തന്റെ പരാമർശം ചിലർ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്ന് പറഞ്ഞ് പോസ്റ്റ് പിൻവലിച്ച് തടിതപ്പി ചരിത്രാദ്ധ്യാപകൻ കൂടിയായ കെ.ടി.ജലീൽ. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിലൂടെ സംശയ പുകമറയ്ക്കുള്ളിലുള്ള ജലീലിന് പുതിയ വിവാദം തെല്ലൊന്നുമല്ല ക്ഷീണം വരുത്തിയത്. ഒരുകാലത്ത് ക്ലീൻ ഇമേജിന്റെ രൂപമായിരുന്നു കെ.ടി.ജലീൽ. ഇന്നത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആരും ചോദിച്ചുപോവും ആ ജലീലാണോ ഇതെന്ന്.
1988ൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ഡിഗ്രി വിദ്യാർത്ഥി ആയിരിക്കെ തീവ്രനിലപാടുകളുള്ള സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഒഫ് ഇന്ത്യയിലൂടെ(സിമി) ആണ് പൊതുപ്രവർത്തന രംഗത്തേക്കുള്ള കെ.ടി.ജലീലിന്റെ കടന്നുവരവ്. കോളേജ് യൂണിയനിലേക്ക് സിമി സ്ഥാനാർത്ഥിയായി രണ്ടുതവണ മത്സരിച്ചപ്പോഴും പരാജയപ്പെട്ടു. സിമിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് കോളേജ് ചെയർമാൻ സ്ഥാനത്തേക്ക് അടക്കമുള്ള തന്റെ പരാജയത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞ കെ.ടി.ജലീൽ നേതൃത്വവുമായി ഇടഞ്ഞു. പിന്നാലെ ജലീലിനെ പുറത്താക്കി. ഇതിനുശേഷമാണ് മുസ്‌ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിലെത്തിയത്.

ആൾക്കൂട്ടത്തെ ആവേശഭരിതമാക്കുന്ന പ്രസംഗ വൈഭവമുള്ള തീപ്പൊരി നേതാവായിരുന്നു അന്ന് ജലീൽ. ചരിത്രവും വർത്തമാനവുമെല്ലാം കോർത്തിണക്കിയുള്ള ജലീലിന്റെ പ്രസംഗം ലീഗ് അണികൾ ഏറെ ആവേശത്തോടെയാണ് ശ്രവിച്ചിരുന്നത്. സോഷ്യൽ മീഡിയ ചിത്രത്തിലില്ലാതിരുന്ന കാലത്ത് പൊതുപ്രസംഗങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ വളർച്ചയിൽ കാര്യമായ പങ്ക് വഹിച്ചിരുന്നു. സംഘടനാ വൈഭവം കൂടിയായതോടെ ജലീലിന്റെ വളർച്ച വേഗത്തിലായി. കുറ്റിപ്പുറത്ത് നിന്ന് ജില്ലാ പഞ്ചായത്ത് കൗൺസിലിലേക്ക് മത്സരിച്ച് ആദ്യ വിജയം. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി. പാർട്ടിയിൽ പല പദവികൾ വഹിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ഉയർന്നു.

യൂത്ത് ലീഗിന്റെ സാത്വിക മുഖമെന്നതിനൊപ്പം ക്ലീൻ ഇമേജുമായിരുന്നു അന്ന് കെ.ടി.ജലീലിന്റെ കൈമുതൽ. ഇതുകൊണ്ടുതന്നെ ജലീൽ പറയുന്നത് അതിന്റെ ഗൗരവത്തിൽ തന്നെ പ്രവർത്തകർ ഉൾക്കൊള്ളും. പാർട്ടി നേതൃത്വത്തിന്റെ പല നിലപാടുകളിലെയും അസംതൃപ്തി പലപ്പോഴും ജലീൽ പ്രകടമാക്കി. പൊതുസമൂഹത്തിന്റെ വികാരം കൂടി തിരിച്ചറിഞ്ഞുള്ള ഇടപെടലുകളായിരുന്നു മിക്കതും. 2002ലെ ഗുജറാത്ത് കലാപത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ വ്യാപക ഫണ്ട് ശേഖരണം നടത്തിയിരുന്നു. എന്നാൽ ഇതിന്റെ കണക്കുകൾ എവിടെയും അവതരിപ്പിച്ചില്ല. രണ്ട് കോടിയിലധികം രൂപ പിരിച്ച ശേഷം ആസ്പറ്റോസ് മേഞ്ഞ 40 കൂരകൾ നിർമ്മിച്ച് ഫണ്ട് വകമാറ്റിയെന്ന ആക്ഷേപം ലീഗ് നേതൃത്വത്തിനെതിരെ ഉയർന്നു. ഇതിലേക്ക് നയിച്ചത് ജലീൽ പാർട്ടിക്കുള്ളിലും പുറത്തും നടത്തിയ പോരാട്ടങ്ങളായിരുന്നു. സാധാരണഗതിയിൽ ഫണ്ട് പിരിച്ചാൽ എവിടെ നിന്ന് എത്രയെല്ലാം തുകകൾ ലഭിച്ചു എന്നത് പാർട്ടി മുഖപത്രത്തിലെങ്കിലും പ്രസിദ്ധീകരിക്കുന്ന പതിവ് മുസ്‌ലിം ലീഗിനുണ്ട്. എന്നാൽ ഗുജറാത്തിന്റെ പേരിൽ പിരിച്ച തുകയിൽ ഈ കാര്യങ്ങളൊന്നും ഉണ്ടായില്ല. ചന്ദ്രികയുടെ കടം തീർക്കാനും തിരഞ്ഞെടുപ്പ് ചെലവിലേക്കും തുക വകമാറ്റിയെന്ന ആക്ഷേപം ശക്തമായി. സംസ്ഥാന പ്രവർത്തക സമിതിയിൽ ഇക്കാര്യം ജലീൽ ചോദ്യം ചെയ്തതിനെ ധിക്കാരമായാണ് പാർട്ടി നേതൃത്വം അന്ന് കണ്ടത്. നിൽക്കക്കള്ളിയില്ലാതെ വന്നതോടെ 30 ലക്ഷം രൂപ സ്വരൂപിച്ചെന്ന് മാത്രം അറിയിച്ച് നേതൃത്വം തടിതപ്പി. എങ്ങനെ, എവിടെ നിന്നൊക്കെ ഈ പണം ലഭിച്ചെന്നത് മാത്രം വ്യക്തമാക്കിയില്ല. ഇതിനെയും ജലീൽ ചോദ്യം ചെയ്തു. മടിയിൽ കനമില്ലാത്തവന് വഴിയിൽ ആരെയും പേടിക്കേണ്ടെന്ന് അന്ന് അക്ഷരാർത്ഥത്തിൽ ജലീൽ തെളിയിച്ചു.

പിന്നാലെ സുനാമി ഇരകൾക്കുള്ള ഫണ്ടിലും വെട്ടിപ്പ് നടത്തിയെന്ന ആരോപണവും ഉയർന്നു. പാർട്ടി പിരിച്ച ഫണ്ടിന്റെ കണക്ക് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കെ.ടി.ജലീൽ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിക്ക് തുറന്ന കത്തയച്ചു. പള്ളികൾ കേന്ദ്രീകരിച്ചും പൊതുജനങ്ങളിൽ നിന്നും പിരിവെടുത്ത് ശേഖരിച്ച തുകയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തണമെന്നായിരുന്നു ജലീലിന്റെ ആവശ്യം. സി.പി.എം അടക്കമുള്ള പാർട്ടികളും വിവിധ ക്രൈസ്തവ സംഘടനകളും അമൃതാന്ദമയി മഠവുമെല്ലാം പിരിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടും എന്തുകൊണ്ട് ലീഗ് മാത്രം ഇതിന് തയ്യാറാവുന്നില്ലെന്ന ജലീലിന്റെ ചോദ്യം പൊതുസമൂഹത്തിന്റേത് കൂടിയായി. ഉന്നയിച്ച വിഷയം പരിഗണിക്കാതെ പുകഞ്ഞ കൊള്ളി പുറത്തെന്ന നിലപാടിലായിരുന്നു പാർട്ടി നേതൃത്വം. ജലീലിന് പുറത്തേക്കുള്ള വഴി തെളിഞ്ഞപ്പോൾ ഇതിന് പിന്നിൽ ചരടുവലിച്ചത് കുഞ്ഞാലിക്കുട്ടിയാണെന്ന പ്രചാരണവും ഉയർന്നിരുന്നു.

സാമ്പത്തിക തിരിമറി ചോദ്യം ചെയ്തതിന് പുറത്താക്കിയെന്ന പ്രചാരണത്തോടെ ജലീലിന് ലീഗ് പ്രവർത്തകർക്കിടയിൽ പോലും വീരപരിവേഷം ലഭിച്ചു. ഐസ്‌ക്രീം പാർലർ പെൺവാണിഭവും പിന്നാലെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പേര് ഉയർന്നതുമെല്ലാം ലീഗിൽ കെട്ടടങ്ങാത്ത ചർച്ചയായി നിൽക്കുന്ന കാലം കൂടിയായിരുന്നു അത്. 2004 ഒക്ടോബറിൽ ഒരുചാനലിൽ വന്ന റജീനയുടെ വെളിപ്പെടുത്തലോടെ ഉയർന്ന വിവാദം കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനത്ത് നിന്നുള്ള രാജിയിലാണ് കലാശിച്ചത്. 2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് എതിരെ സ്ഥാനാർത്ഥി ആരെന്നതിൽ ഇടതുപക്ഷത്തിന് യാതൊരു സംശയവുമില്ലായിരുന്നു. ലീഗിന്റെ പുലിക്കുട്ടിയായ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്തെ ഗോദയിൽ ജലീൽ മലർത്തിയടിച്ചു. തോൽവി എന്തെന്ന് അറിയാത്ത കുഞ്ഞാലിക്കുട്ടിയെ പച്ചക്കോട്ടയിൽ തളച്ചതോടെ ഇടതുപക്ഷ പ്രവർത്തകർക്കിടയിൽ ജലീൽ മലപ്പുറം സുൽത്താനായി. അഴിമതികൾക്കെതിരെ, സ്വജനപക്ഷപാതത്തിനെതിരെ, തിരിമറികൾക്കെതിരെ ശക്തമായ നിലപാടുകളെടുത്ത ജലീലിനെ ഈ ആരോപണങ്ങൾ തന്നെ തിരിഞ്ഞുകൊത്തുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

2016ലെ ഹാട്രിക് വിജയത്തോടെ പിണറായി സർക്കാരിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി. രണ്ടര വർഷത്തിന് ശേഷം ഉന്നതവിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റം. പിന്നാലെ വിവാദങ്ങളുടെ നീണ്ടനിര തന്നെ വന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്ന തന്റെ പിതൃസഹോദര പുത്രനായ കെ.ടി.അദീപിനെ ചട്ടങ്ങൾ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജറാക്കി. അദീപിന് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലെന്ന വിവരം കൂടി പുറത്തുവന്നു. മന്ത്രിയായി തുടരാൻ ജലീലിന് അർഹതയില്ലെന്ന ലോകായുക്തയുടെ ഉത്തരവോടെ രാജിവയ്‌ക്കേണ്ടിവന്നു. എം.ജി സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് അദാലത്ത് നടത്തി മാർക്ക് ദാനം ചെയ്‌തെന്ന ആരോപണവും ജലീലിന് നേരെയുയർന്നു. ഒരു സ്വകാര്യ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിക്ക് വേണ്ടി ചട്ടങ്ങൾക്ക് വിരുദ്ധമായി പുനർമൂല്യനിർണ്ണയം നടത്താൻ ഇടപെട്ടതും പുറത്തായി. അദാലത്ത് ക്രമവിരുദ്ധമാണെന്ന് ചാൻസിലർ കൂടിയായ ഗവർണർ നിലപാടെടുത്തതോടെ മാർക്ക് ദാനം സർവകലാശാല പിൻവലിച്ചു. മലയാള സർവകലാശാലയ്ക്ക് വേണ്ടി സെന്റിന് 3,000 രൂപ മതിപ്പ് വിലയുള്ള ഭൂമി 1.60 ലക്ഷം രൂപയ്ക്ക് വാങ്ങിയതിലൂടെ കോടികളുടെ കമ്മീഷൻ ഇടപാടുകളാണ് നടന്നതെന്ന പ്രതിപക്ഷ ആരോപണവും ജലീലിന് നേരെ നീണ്ടു.

ഏറ്റവും ഒടുവിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോടെ സംശയ നിഴലിലാണ് ജലീൽ. ഒരുമാദ്ധ്യമ സ്ഥാപനത്തെ ഗൾഫിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയായിരിക്കെ യു.എ.ഇ കോൺസ ൽ ജനറലിന് കത്തയച്ചതും വലിയ ചർ‌ച്ചയായി. പതിവിന് വിപരീതമായി കെ.ടി.ജലീൽ എന്നതിന് പകരം അബ്ദുൽ ജലീൽ എന്ന പേരിലായിരുന്നു കത്തയച്ചത്. ഇതിന് പിന്നാലെയാണ് ആസാദ് കശ്മീർ പ്രയോഗം. ചരിത്രത്തിൽ ഡോക്ടറേറ്റുള്ള ഒരാൾ ചരിത്രം മറന്നുകൊണ്ട് എങ്ങനെ സംസാരിക്കുമെന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരം നൽകാൻ ജലീലിനായിട്ടില്ല. രാജ്യത്തിന്റെ തിലകക്കുറിയായ കശ്മീരിനെ ആസാദ് കശ്മീരെന്ന് വിളിച്ചത് പൊറുക്കാനാവാത്ത അതിരുകടന്ന പ്രയോഗമാണ്. നെഗറ്റീവ് പബ്ലിസിറ്റിയും പബ്ലിസിറ്റിയാണെന്ന പി.ആർ പാഠങ്ങൾ പ്രായോഗികവത്ക്കരിക്കുക ആണോ അതോ നിലതെറ്റിയ നിലപാടുകളാണോ എന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്. അതിരുവിട്ട വിവാദങ്ങളുടെ തോഴനാവുന്ന ജലീലിനെ നിയന്ത്രിക്കാൻ സി.പി.എം തയ്യാറാവുമോ എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K T JALEEL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.