SignIn
Kerala Kaumudi Online
Thursday, 25 April 2024 8.04 PM IST

കാൽ കഴുകും മുൻപ് അറിയാൻ

illus

ക്രൈസ്തവർക്ക് പെസഹ തി​രുനാളി​ന്റെ ഭാഗമായി​ കാൽകഴുകുന്ന ചടങ്ങ് പവിത്രവും ലോകപ്രസിദ്ധവുമാണ്. യഹൂദ അടി​മകൾക്ക് സ്വാതന്ത്ര്യം നൽകുന്നതി​ന്റെ പ്രതീകമാണ് ഈ ചടങ്ങ്. എന്നാൽ ബ്രാഹ്മണകാൽ കഴുകി​ച്ചൂട്ടലിനെ പെസഹ കാൽകഴുകൽ ചടങ്ങുമായി താരതമ്യം ചെയ്ത് ചിലർ ന്യായീകരി​ക്കുന്നത് അടുത്തിടെ ശ്രദ്ധയിൽപെട്ടു. ഉടയോന്റെ കാലു കഴുകി​യി​രുന്ന അടി​മകളുടെ കാലുകൾ ഉടയോൻ കഴുകി​ മുത്തം നൽകുന്നതാണ് ഈ ചടങ്ങിന് പിന്നിലെ ചരിത്രം. ​ പ്രായശ്ചി​ത്തത്തിന് വേണ്ടി ചെയ്യുന്ന പെസഹ ചടങ്ങിനെ എങ്ങനെയാണ് ബ്രാഹ്മണന്റെ കാലുകൾ അബ്രാഹ്മണന് വേണ്ടി​ ബ്രാഹ്മണൻ കഴുകുന്ന ചടങ്ങുമായി താരതമ്യം ചെയ്യാനാവുക.

എന്തൊക്കെ പുരോഗമനം പറഞ്ഞാലും മലയാളി മനസുകളിൽ നിന്ന് ജാതിചിന്ത പറിച്ചെറിയുക എളുപ്പമല്ലെന്ന് ഒന്നുകൂടി വ്യക്തമാക്കുന്ന ഒരു കാൽകഴുകിച്ചൂട്ട് വിവാദമായപ്പോഴായിരുന്നു ഈ പെസഹാ താരതമ്യം നടന്നത്.

പാപപരിഹാരത്തിന് ബ്രാഹ്മണന്റെ കാലുകഴുകിച്ചൂട്ടണമെന്ന് പറയുന്നതിന്റെ പരിഹാസ്യതയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം ബ്രാഹ്മണൻ ബ്രാഹ്മണന്റെ കാൽ കഴുകിയാൽ എന്താണ് കുഴപ്പമെന്ന ന്യായീകരണവുമായാണ് ജാത്യാഭി​മാനം കൊണ്ടുനടക്കുന്നവർ സാമൂഹിക മാദ്ധ്യമങ്ങളിലും പൊതു ഇടങ്ങളിലും വിളയാടുന്നത്. ബ്രാഹ്മണൻ ബ്രാഹ്മണന്റെ കാൽ കഴുകുന്നത് അവരുടെ തീരുമാനമാണ്. അത് ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ നടത്തുമ്പോഴാണ് ചോദ്യങ്ങൾ ഉയരുക.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊടുങ്ങല്ലൂർ എടവി​ലങ്ങ് ശി​വകൃഷ്ണപുരം ശ്രീമഹാദേവ ക്ഷേത്രത്തി​ലെ പുനരുദ്ധാരണ ചടങ്ങി​നോടനുബന്ധി​ച്ച് ഫെബ്രുവരിയിൽ നടത്തുവാൻ നി​ശ്ചയിച്ച കാൽകഴുകിച്ചൂട്ടിനെതിരെ വിമർശനം ഉയർന്നതോടെയാണ് ഈ പ്രാകൃതമായ ചടങ്ങിനെക്കുറിച്ച് കേരളം കൂടുതൽ അറിയുന്നത്. സംഭവം വിവാദമായപ്പോൾ ചടങ്ങ് നിറുത്തിവയ്ക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് കണ്ണനാകുളം ദേവസ്വം ഓഫീസർക്ക് നിർദേശം നൽകി​. പിന്നാലെയാണ് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ 12 നമസ്കാരം എന്നപേരിൽ കാൽകഴുകിച്ചൂട്ട് 20,000 രൂപയുടെ വഴിപാടായി നടത്തുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തത്. സംഭവം ചർച്ചാ വിഷയമായപ്പോൾ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

പി​ന്നാലെ ദേവസ്വം ബോർഡ് തന്ത്രിമാരുടെ യോഗം വിളിച്ച് 12 നമസ്കാരം വഴിപാട് പരിഷ്കരിക്കാൻ തീരുമാനിച്ചു. വഴിപാടിന്റെ പേര് സമാരാധന എന്നു മാറ്റാനും ബോർഡിന്റെ മറ്റ് ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്ന ആർജിത ബ്രാഹ്മണരെ ചടങ്ങിൽ പങ്കെടുപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ജാതി​വി​വേചനമാണ് ഈ ക്ഷേത്രങ്ങളി​ൽ നടന്നുവന്നത് എന്ന് സമ്മതി​ക്കൽ കൂടി​യായി​രുന്നു ഈ പരി​ഷ്കാരം.

കാൽ കഴുകിച്ചൂട്ടിനെ നിഷ്കളങ്കമായ ഒരു ആചാരമായി കണക്കാക്കാനാവില്ല. ഭക്തരിലോ അവരുടെ കുടുംബത്തിലോ ദേവന്റെ അനുഗ്രഹത്തിനോ പ്രീതിയ്ക്കോ അല്ലെങ്കിൽ ദേവന്റെ അപ്രീതി ഇല്ലാതാക്കാനായോ നടത്തുന്ന കർമ്മമായി​ കണക്കാക്കി​യാൽ അതി​ന് ദേവന്റെ കാലാണ് കഴുകേണ്ടത്. ബ്രാഹ്മണനെ ദേവാവതാരമായി​ കാണേണ്ടതി​ല്ല. അങ്ങനെ തുടരണമെന്നുള്ളവർക്ക് സ്വകാര്യമായി​ സ്വകാര്യവേദി​കളി​ൽ അവസരമുണ്ടല്ലോ.

ബ്രാഹ്മണ മേധാവിത്തം അടിച്ചേൽപ്പിക്കാൻ പണ്ടുകാലത്ത് ഏതോ സൂത്രശാലികളായ ജാതി​ഭ്രാന്തന്മാരുടെ കുബുദ്ധിയിൽ രൂപം കൊണ്ട തന്ത്രം ആചാരമായി മാറി​യെന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാനാവൂ.

അവസാനി​പ്പി​ക്കേണ്ട അനാചാരം
സതിയും അയിത്തവും മൃഗബലിയും പോലെ അനേകം പ്രാകൃതമായ അനാചാരങ്ങൾ അവസാനി​പ്പി​ച്ച നാടാണ് നമ്മുടേത്. അപ്പോഴെല്ലാം ന്യായീകരണവാദി​കളുണ്ടായി​രുന്നു. കാൽ കഴുകിച്ചൂട്ടും നവോത്ഥാന കേരളത്തിന് മാനക്കേടാണ്. ജന്മം കൊണ്ട് ബ്രാഹ്മണരായവരുടെ കാലുകൾ കഴുകി പാപമുക്തി നേടാൻ വിധിക്കപ്പെട്ടവരാണോ ഹൈന്ദവ ജനത. ഈ ജാതിവിവേചനത്തെ കണ്ടില്ലെന്ന് നടിച്ച് കാൽകഴുകിച്ചൂട്ടലിനെ മഹത്വവത്കരിക്കുന്നവരുടെ ജാതിബോധത്തെയാണ് നേരി​ടേണ്ടത്. ഹിന്ദുസമൂഹത്തിന് തന്നെ അപമാനകരമാണ് ഇത്തരം വിവേചനങ്ങൾ.

ഇതൊക്കെ ഇക്കാലത്തും തുടർന്ന് കൊണ്ടുപോകാൻ ശ്രമിക്കുന്നവർക്കെതി​രെ കർക്കശമായ നടപടിയെടുക്കാൻ ദേവസ്വം ബോർഡുകൾ തയ്യാറാകണം.

വിശ്വാസികളെ ചൂഷണം ചെയ്യുന്ന, കബളിപ്പിക്കുന്ന ഇത്തരം അപരിഷ്കൃത പരിഹാരകർമ്മങ്ങൾ ഭക്തർക്ക് നിർദേശിക്കാതിരിക്കാനുള്ള വി​വേകം ജ്യോതിഷികൾക്കുമുണ്ടാകണം.

ജാതിവാഴുന്ന മതിൽക്കെട്ടുകൾ

പ്രതി​ഷ്ഠയുടെ പി​തൃസ്ഥാനി​യായ

തന്ത്രി​യുടെ പേരു പറഞ്ഞാണ് ഈ അനാചാരങ്ങളെയെല്ലാം ന്യായീകരി​ക്കുന്നത്. തന്ത്രി​ പദവി​ നാട്ടി​ലെ നി​യമങ്ങൾക്കും ഭരണഘടനയ്ക്കും മുകളി​ലുമല്ല. തന്ത്രി​യാണ് ഇക്കാര്യങ്ങളുടെ സർവാധി​കാരി​യെങ്കി​ൽ കേരളത്തി​ൽ ക്ഷേത്രപ്രവേശന വി​ളംബരം ഉണ്ടാകുമായി​രുന്നി​ല്ല. കർമ്മബ്രാഹ്മണർ പൂജാരി​മാർ ആകി​ല്ലായി​രുന്നു. തന്ത്രി​യുടെ അനുമതി​യൊന്നും വാങ്ങി​യല്ലല്ലോ ഇതെല്ലാം പ്രാവർത്തി​കമാക്കി​യത്.

കേരളത്തിലെ പിന്നാക്ക ജാതിക്കാരുടേതല്ലാത്ത ക്ഷേത്രങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസിലാകും ജാതിപരിഗണനയില്ലാതെ അവിടെ ഒന്നും നടക്കുന്നില്ലെന്ന്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളെ ഇത്തരം അപരിഷ്കൃതമായ ജാതിവിവേചനങ്ങളിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. ദേവസ്വം ക്ഷേത്രങ്ങളിലെ പൂജാരിയുടേതുൾപ്പടെ ഒരു നിയമനങ്ങളിലും ജാതിപരിഗണന പാടില്ലെന്ന 2002ൽ സുപ്രീം കോടതി ഉത്തരവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുറത്ത് നടപ്പാക്കുന്നത് തന്നെ നാല് വർഷം മുമ്പാണ്.

അപ്പോഴും പ്രധാന ക്ഷേത്രങ്ങളിൽ നിന്ന് പിന്നാക്കവിഭാഗക്കാരെ അകറ്റിനിറുത്താനാണ് നീക്കങ്ങൾ നടക്കുന്നത്. ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് അബ്രാഹ്മണന് ഇപ്പോഴും അപേക്ഷിക്കാൻ പോലുമാകില്ല. പ്രധാനപ്പെട്ട ഒരു ദേവസ്വം ക്ഷേത്രത്തിലും പൂജാരിമാരോയോ കഴകം ജീവനക്കാരായോ ഒരു അവർണൻ പോലും ഉണ്ടാകാനിടയില്ല. ഗുരുവായൂർ, മലബാർ, കൊച്ചി, കൂടൽമാണിക്യം ദേവസ്വങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ നായർ മുതൽ പുലയൻ വരെയുള്ള അബ്രാഹ്മണർ പൂജ ചെയ്യുന്ന കുറേ ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങുകൾ ബഹിഷ്കരിക്കുന്ന ബ്രാഹ്മണ തന്ത്രിമാരുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAL KAZHUKICHOOTTU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.