SignIn
Kerala Kaumudi Online
Thursday, 18 April 2024 12.40 PM IST

സന്ദേശം ഇല്ലെങ്കിലും, സംശയം ജനിപ്പിക്കരുത്

photo

എല്ലാ സിനിമയും റിയലിസ്റ്റിക്കാകണമെന്ന് വാദിക്കുന്നതിൽ അർത്ഥമില്ലെന്ന് മലയാളസിനിമയിലെ ഒരു പ്രമുഖ നടൻ അടുത്തദിവസം പറയുകയുണ്ടായി. അങ്ങനെയാണെങ്കിൽ വിനോദമൂല്യവും വാണിജ്യ മൂല്യവുമുള്ള ചിത്രങ്ങൾ ഉണ്ടാവുകയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ശരിയാണ്. എന്റർടെയിൻമെന്റിൽ ഭാവനയാണ് സുപ്രധാനം. അതുകൊണ്ടാണ് ബാഹുബലിയും, കെ.ജി.എഫും, ആർ.ആർ.ആറും, വിക്രമും ഒക്കെ തിയറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചത്. നായകൻ ഒരേസമയം അൻപത് പേരെ അടിച്ചുനിരത്തുന്നത്

സ്ക്രീനിൽക്കണ്ട് ജനം കൈയടിക്കുന്നു. അത് നടക്കുന്ന കാര്യമാണോ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. നടക്കാൻ സാദ്ധ്യതയില്ലാത്തതെന്ന് കരുതുന്ന കാര്യങ്ങൾ ചെയ്യുമ്പോഴാണ് നായകനും സൂപ്പർതാരങ്ങളും പോലും ജനിക്കുന്നത്.

എന്നാൽ ട്രൂത്ത് ഈസ് സ്ട്രെയിഞ്ചർ ദാൻ ഫിക്‌ഷൻ എന്നൊരു ചൊല്ലുതന്നെയുണ്ട്. അവിശ്വസനീയമായ ഭാവനയേക്കാൾ അസാധാരണമാണ് സത്യം. സിനിമ റിയലിസ്റ്റിക്കായാലും ശരി, സന്ദേശം പകർന്നില്ലെങ്കിലും ശരി പ്രേക്ഷകരെ വഴിതെറ്റിക്കുന്ന വിധത്തിലാകാതിരിക്കാൻ ശ്രമിക്കണം. അടുത്തിടെ പ്രദർശനം നടത്തി തിയറ്ററിൽ നിന്ന് മടങ്ങിയ ചില സിനിമകൾ മുന്നോട്ടുവച്ച പ്രമേയം, ശരിക്കും പ്രേക്ഷകരെ ആശങ്കാകുലരാക്കുന്നതായിരുന്നു. അതിലേറ്റവും പ്രധാനമായത് ഹൃദയചികിത്സയുടെ ഭാഗമായി മനുഷ്യശരീരത്തിൽ വയ്ക്കുന്ന പേസ് മേക്കർ പുറത്തുനിന്ന് ഹാക്കിംഗ് നടത്തി ആളെക്കൊല്ലാമെന്ന് സിനിമയിൽ വന്നതാണ്. വിമാനത്തിൽ വച്ചും സമീപത്ത് കൂടി സഞ്ചരിക്കുന്ന കാറിലിരുന്നും കൊലപാതകം നടത്തുന്നതായാണ് രണ്ട് സിനിമകളിൽ കാണിച്ചത്. പുറത്തുനിന്ന് ഹാക്കിംഗിലൂടെ പേസ് മേക്കറുടെ താളംതെറ്റിച്ച് കൊലപാതകം നടത്തുകയായിരുന്നു. തിരക്കഥയെഴുതിയവർക്ക് തങ്ങളുടേതായ ശരികളുണ്ടാവാം. ചൂണ്ടിക്കാട്ടാൻ ഉദാഹരണങ്ങളും കാണാം. അമേരിക്കൻ വൈസ് പ്രസിഡന്റായിരുന്ന ഡിക്ക് ചീനി അപകടം ഭയന്ന് പേസ് മേക്കറിലെ വൈ ഫൈ മാറ്റിയെന്നൊക്കെ ഇന്റർനെറ്റിൽ പ്രചരിക്കുന്ന കാലത്ത് പ്രത്യേകിച്ചും. പക്ഷേ ഹൃദയചികിത്സയുടെ ഭാഗമായി പേസ് മേക്കർ വച്ചിട്ടുള്ളവരിലും അവരുടെ ബന്ധുക്കളിലും ഇത് സൃഷ്ടിച്ചിട്ടുള്ള ഉത്ക്കണ്ഠ പറഞ്ഞറിയിക്കാനാവില്ല. ആശുപത്രികളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ അന്വേഷണം വരുന്നത് ഈ വിഷയത്തിലാണ്. പേസ് മേക്കർ അപകടകാരിയല്ലെന്ന് പറഞ്ഞ് ക്ഷീണിച്ചതായി പ്രമുഖ ഹൃദയചികിത്സാ വിദഗ്ധരായ ഡോക്ടർമാർ ഒരേസ്വരത്തിൽ പറയുന്നു

ഹൃദയസ്പന്ദനം ക്രമരഹിതമാകുമ്പോൾ അത് സാധാരണ നിലയിലേക്ക് എത്തിക്കാൻ സഹായിക്കുന്നതാണ് പൊതുവെയുള്ള പേസ് മേക്കർ. എന്നാൽ ഹൃദയതാളം തെറ്റി കുഴഞ്ഞുവീണ് ഹൃദയാഘാതത്തിലേക്ക് എത്തുന്നത് ഷോക്ക് നൽകി നേരെയാക്കുന്ന പേസ് മേക്കറുകളും(എ.ഐ.സി.ഡി) ഉണ്ട്. കോളർബോണിന്റെ തൊട്ടുതാഴെ തൊലിയുടെ അടിയിലാണ് പേസ് മേക്കർ വയ്ക്കുന്നത്. പേസ് മേക്കറിൽ നിന്ന് ഒരു സ്റ്റീൽ വയർ ഞരമ്പിലൂടെ ഹാർട്ടിലെത്തും. പേസ് മേക്കർ ചെക്കപ്പ് വേളയിൽ പുറത്തൊരു ചെറിയ മെഷീൻവച്ച് അതിന്റെ സ്ഥിതി പരിശോധിക്കാവുന്നതാണ്.

ആസ്ട്രേലിയയിലും ഫ്രാൻസിലുമൊക്കെ കമ്പനികളിറക്കിയ ചില സീരീസിൽ അപ്രതീക്ഷിതമായ പ്രശ്നങ്ങൾ പേസ് മേക്കറിലുണ്ടാവുകയും കമ്പനി അത് തിരികെവിളിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ കൊലനടത്താൻ ഉപയോഗിച്ചതായി വിവരങ്ങളില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ മെക്സിക്കോയിൽ പേസ് മേക്കർ ഹാക്ക് ചെയ്ത് കൊലപാതകങ്ങൾ നടന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് തിരക്കഥാകൃത്തായ എസ്.എൻ.സ്വാമി പറയുന്നത്. പക്ഷേ രോഗിയുടെ തൊട്ടുമുന്നിൽ വച്ചും അറിവോടെയും അല്ലാതെ പേസ് മേക്കറിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് വിദഗ്ധ ഡോക്ടർമാരും ഹൃദയചികിത്സാ വിദഗ്ധരുമായ ഡോ.ജി.വിജയരാഘവനും ഡോ.സി.ജി.ബാഹുലേയനും ഡോ.ടൈനിനായരും പറയുന്നു. പേസ് മേക്കറിന്റെ കാര്യത്തിൽ യാതൊരു ആശങ്കയും വേണ്ടെന്നും അവർ വിശദീകരിക്കുന്നു.

ശരിയും തെറ്റും എന്നതിനെക്കാൾ കലാകാരന് സമൂഹത്തോട് ചില ഉത്തരവാദിത്വങ്ങളെങ്കിലും വേണ്ടെ? കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രധാനികൾ ഭിന്നശേഷി സമൂഹത്തോട് മാപ്പ് പറഞ്ഞു. അവരുടെ സിനിമയിൽ ഭിന്നശേഷിയുള്ളവ‌രുടെ രക്ഷിതാക്കൾക്ക് വേദനയുളവാക്കുന്ന പരാമർശം വന്നത് പിൻവലിച്ചുകൊണ്ടായിരുന്നു മാപ്പ്.

ഏതാനും വർഷം മുമ്പ് അവയവദാനവുമായി ബന്ധപ്പെട്ട ഇൻവെസ്റ്റിഗേഷൻ മൂവി എന്ന പേരിൽ വന്ന ഒരു സിനിമ അവയവദാനത്തിലൂടെ അവയവം സ്വീകരിക്കാൻ തയ്യാറായ പലരിലും ഭീതിജനിപ്പിക്കുകയും പലരും പിന്തിരിയുകയും ചെയ്യാനിടയാക്കിയതായി ശ്രീചിത്രയിലെ പ്രമുഖ ന്യൂറോസർജൻ ഡോ. ഈശ്വർ പറഞ്ഞു. അതുണ്ടാക്കിയ ഹാനി പറഞ്ഞറിയിക്കാനാവില്ലെന്നും ഈശ്വർ ചൂണ്ടിക്കാട്ടി.

ഇതൊക്കെ പറയുമ്പോൾ സമൂഹത്തെ നന്നാക്കാനാണോ സിനിമയെടുക്കുന്നതെന്ന് ചോദിക്കാം. നന്നാക്കണമെന്ന് പറയുന്നില്ല. സന്ദേശവും നൽകേണ്ട. പക്ഷേ സംശയം ജനിപ്പിക്കാതിരിക്കണം. സിനിമ ഒരു വലിയ ടീം വർക്കാണ്. ഒരുപാടുപേരുടെ അദ്ധ്വാനത്തിന്റെ ഫലമാണ്. അതിനെ നിശിതമായി വിമർശിക്കുന്നതിലും അർത്ഥമില്ല. ഏവരുടെയും ലക്ഷ്യം വിജയിക്കുന്ന സിനിമയാകുമ്പോൾ ക്ളൈമാക്സും ആന്റി ക്ളൈമാക്സും ഒക്കെ നോക്കിയെന്നിരിക്കും. പക്ഷേ വലിയൊരു സമൂഹത്തെ മുൾമുനയിൽ നിറുത്തുന്ന ആശയങ്ങൾ മുന്നോട്ടു വയ്‌ക്കാതെങ്കിലും ഇരിക്കാമല്ലോ. സിനിമകണ്ട് ക്രൈം കൂടിയെന്ന് പറയുന്നവരുണ്ട്. അതൊക്കെ ബാലിശമായ വാദമാണ്. സിനിമ കാണാതിരുന്നാലും ക്രൈം കുറയുമെന്ന് തോന്നുന്നില്ല. തിരക്കഥയുടെ ധാർമ്മികത പരിശോധിക്കേണ്ട കാര്യവുമില്ലെന്നു പറയാം. എന്നാൽ തിരക്കഥയെഴുതുന്നവർ സ്വയം ചോദിക്കണം ഇതു വേണമായിരുന്നോ എന്ന്. താൻ എഴുതാതിരുന്ന തിരക്കഥകളാണ് മലയാള സിനിമയ്ക്ക് നൽകിയ തന്റെ ഏറ്റവും വലിയ സംഭാവനയെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ പറഞ്ഞത് വെറുതെയല്ല. എല്ലാവർക്കും ഓർക്കാവുന്ന ആപ്തവാക്യമാണത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.