SignIn
Kerala Kaumudi Online
Friday, 19 April 2024 2.01 PM IST

കളമശേരി ബസ് കത്തിക്കൽ കേസിന്റെ കാണാപ്പുറങ്ങളും പൊലീസിന്റെ കണ്ണടയ്‌ക്കലും

kalamasseri

കൊച്ചി നിവാസികൾ ഞെട്ടിയ ദിവസമായിരുന്നു 2005 സെപ്‌തംബർ ഒമ്പത്. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡിൽ നിന്ന് സേലത്തേക്ക് പുറപ്പെട്ട തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസ് തട്ടിയെടുത്ത് കളമശേരിയിലെ വിജനമായ സ്ഥലത്ത് കത്തിച്ചതായിരുന്നു ആ സംഭവം. തോക്കും വടിവാളും ചൂണ്ടി യാത്രക്കാരെ ബന്ദികളാക്കിയായിരുന്നു അക്രമം. രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. തുടക്കത്തിലെ അട്ടിമറിക്കപ്പെട്ട കേസ് കേരളത്തിലെ ഭീകരപ്രവർത്തനത്തിന് ആത്മബലം പകർന്ന ഓർപ്പറേഷനായിരുന്നുവെന്ന് വർഷങ്ങൾക്ക് ശേഷമാണ് വ്യക്തമായത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരുന്നു. ഈ കേസിൽ ചിത്രത്തിലേ ഇല്ലാതിരുന്ന (മറച്ചുവയ്‌ക്കപ്പെട്ടത്) പ്രതികളിൽ പലരും രാജ്യത്തെ പല സ്‌ഫോടനക്കേസുകൾക്കും പിന്നീട് നേതൃത്വം നൽകി കഴിഞ്ഞിരുന്നു. സംഭവത്തിന്റെ പിന്നാമ്പുറക്കഥകൾ പുറത്തുവന്നതോടെ കേരളത്തിലെ ആദ്യത്തെ ഭീകരപ്രവർത്തന ഗൂഢാലോചനയുടെ ഫലമായിരുന്നു കളമശേരി ബസ് കത്തിക്കലെന്ന് തെളിഞ്ഞു. ഒരുപക്ഷേ, കേരളത്തിലെ ആദ്യത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കാം. ഭരണതലത്തിലും പൊലീസിന്റെ തലപ്പത്തു നിന്നും സഹായഹസ്‌തങ്ങൾ നീണ്ടതോടെ കേരളം ഭീകരപ്രവർത്തനത്തിന് വളക്കൂറുള്ള മണ്ണാണെന്ന് ഭീകരർ തിരിച്ചറിഞ്ഞു. അത് പുൽക്കൊടി തലത്തിൽ വേരോട്ടം നടത്താൻ അവർക്ക് പ്രേരണ നൽകി.

കോയമ്പത്തൂർ ജയിലിൽ കഴിഞ്ഞിരുന്ന പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് തട്ടിയെടുത്തത്. ഈ കേസിലെ മുഴുവൻ പ്രതികളും കൊടും ഭീകരരാണെന്ന് വ്യക്തമാകുമ്പോൾ വർഷങ്ങൾക്ക് മുമ്പ് കേരള പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ മാപ്പർഹിക്കാത്ത നിസംഗതയാണ് വെളിപ്പെട്ടത്. ആദ്യഘട്ടത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളാക്കിയവരിൽ ഭൂരിഭാഗവും ഡെമ്മികളാണെന്ന് തിരിച്ചറിയാൻ രാജ്യത്തെ ഞെട്ടിച്ച ബംഗളുരൂ, ഹൈദരബാദ് ബോംബ് സ്‌ഫോടനങ്ങൾ വരെ കാത്തിരിക്കേണ്ടി വന്നു. ഈ കേസിൽ അറസ്‌റ്റിലായ പ്രതികളെ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്‌തപ്പോഴാണ് കളമശേരി ബസ് കത്തിക്കൽ കേസിലെ പങ്കാളിത്തത്തെക്കുറിച്ച് സൂചന ലഭിച്ചത്. ആലുവ കോടതിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് മഅ്ദനിയുടെ ഭാര്യയായ സൂഫിയയെ ഒഴിവാക്കിയതും വിവാദമായി. ഇവരുടെ പങ്കും അന്വേഷിക്കണമെന്ന് ആലുവ ജുഡിഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതോടെ പൊലീസ് പുനരന്വേഷണത്തിന് തീരുമാനിച്ചു. അന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറും ഡി.ഐ.ജിയുമായിരുന്ന മനോജ് എബ്രഹാം നേരിട്ട് അന്വേഷണത്തിന് നേതൃത്വം നൽകിയതോടെയാണ് കേസിലെ യഥാർത്ഥ പ്രതികളായ കൊടും ഭീകരരുടെ പങ്ക് പുറത്തുവന്നത്. ഈ സമയം പ്രതികളിൽ പലരും രാജ്യത്തെ സ്‌ഫോടനക്കേസുകളിൽ അറസ്‌റ്റിലായിരുന്നു.

ബംഗളുരൂ സ്‌ഫോടനക്കേസിൽ ബംഗ്ളാദേശ് താഴ്‌വരയിൽ നിന്ന് തടിയന്റെവിട നസീർ പിടിയിലായതോടെയാണ് കളമശേരി കേസിന്റെ ചുരുളഴിഞ്ഞു തുടങ്ങിയത്. പുനരന്വേഷണത്തിൽ ഈ കേസിൽ മൂന്നാം പ്രതിയായ കണ്ണൂർ പരപ്പനങ്ങാടി സ്വദേശി അബ്‌ദുൾ റഹീം കാശ്‌മീരിൽ ഇന്ത്യൻ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് തിരിച്ചറിയുമ്പോൾ ബസ് കത്തിക്കലിലെ ഭീകരബന്ധത്തിന്റെ വഴിത്താരകൾ വ്യക്തമാകും. നാലാം പ്രതിയായ കൊടും ഭീകരൻ ഉമർ ഫറൂഖി ഇപ്പോഴും പിടികിട്ടാപ്പുള്ളിയാണ്. ബസ് കത്തിക്കൽ കേസിൽ കോടതിയിൽ കുറ്റം സമ്മതിച്ച ഒന്നാം പ്രതി കണ്ണൂർ തയ്യിൽ ബിദുൽ ഹിലാൽ വീട്ടിൽ തടിയന്റവിട നസീർ, അഞ്ചാം പ്രതി പെരുമ്പാവൂർ ഫയർ സ്റ്റേഷനു പടിഞ്ഞാറുവശം പുതുക്കാടൻ വീട്ടിൽ സാബിർ ബുഹാരി എന്നിവർക്ക് ഏഴുവർഷം കഠിന തടവും 2.35 ലക്ഷം രൂപ പിഴയും ഏഴാം പ്രതി നോർത്ത് പറവൂർ മക്കാനിഭാഗം ചിറ്റാറ്റുകര കിഴക്കേത്തോപ്പിൽ വീട്ടിൽ താജുദ്ദീന് ആറുവർഷം കഠിന തടവും 1.60 ലക്ഷം രൂപ പിഴയുമാണ് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. മൂവർക്കും വിവിധ വകുപ്പുകളിലായി 35 വർഷത്തിലേറെ തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാലാണ് ശിക്ഷാ കാലാവധി യഥാക്രമം ഏഴും ആറും വർഷമായി കുറഞ്ഞത്. പ്രതികൾ റിമാൻഡിൽ കഴിഞ്ഞ കാലയളവ് ശിക്ഷയിൽ ഇളവു ചെയ്യാമെന്ന് വിധിയിൽ പറയുന്നു. ഇതിനകം തടിയന്റവിട നസീർ 12 വർഷവും സാബിൽ ബുഹാരി 10 വർഷവും താജുദ്ദീൻ എട്ട് വർഷവും തടവുശിക്ഷ അനുഭവിച്ച സാഹചര്യത്തിൽ ഈ കേസിൽ കൂടുതൽ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. എന്നാൽ ബംഗളൂരു സ്‌ഫോടനക്കേസിലടക്കം മൂന്നു പേരും പ്രതികളായതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.

കേസിൽ വിചാരണ തുടങ്ങാനുള്ള നടപടികൾക്കിടെയാണ് ഈ പ്രതികൾ കുറ്റം സമ്മതിച്ചു ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായത്. നേരത്തെ മറ്റൊരു പ്രതി നോർത്ത് പറവൂർ വെടിമറ സ്വദേശി കെ.എ. അനൂബ് ഇതേ രീതിയിൽ കുറ്റം സമ്മതിച്ചു ശിക്ഷ ഏറ്റുവാങ്ങിയിരുന്നു. ആറു വർഷമായിരുന്നു ഇയാൾക്ക് വിധിച്ച ശിക്ഷ. മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനിയുൾപ്പെടെ 13 പ്രതികളാണ് ഈ കേസിലുള്ളത്. ഇവരുടെ വിചാരണ ഉടൻ തുടങ്ങും. കുറ്റകൃത്യത്തിൽ ഏതെങ്കിലും നിരോധിക്കപ്പെട്ട സംഘടനയ്ക്ക് പങ്കുള്ളതായി കരുതുന്നില്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. സർക്കാരിനെതിരെ യുദ്ധം ചെയ്യാനുള്ള ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തീവ്രവാദ പ്രവർത്തനം, തീവ്രവാദ പ്രവർത്തനത്തിനുള്ള ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, പരിക്കേൽപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കേസിൽ ചുമത്തിയിരുന്നത്. പ്രതികൾ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചിരുന്ന തോക്ക് കണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. 31 യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 2010 ലാണ് കുറ്റപത്രം സമർപ്പിച്ചത്. ബസ് കത്തിക്കൽ കേസിലെ പ്രതികൾക്ക് പാക്കിസ്ഥാനിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നുവെന്ന അന്നത്തെ എറണാകുളം എസ്.പിയായിരുന്ന പി.വിജയന്റെ റിപ്പോർട്ട് അതിഭാവുകത്വമെന്ന് വ്യാഖ്യാനിച്ച് ആഭ്യന്തരമന്ത്രാലയം തള്ളിയിരുന്നുവെന്ന കാര്യം പിന്നീടുള്ള സംഭവികാസങ്ങളുടെ പശ്‌ചാത്തലത്തിൽ ഓർത്തെടുക്കുമ്പോൾ പല ഇടപെടലും ഗൗരവമേറിയതാണെന്ന് കരുതേണ്ടി വരും. കേസിലെ മുഖ്യപ്രതികളായ അബ്‌ദുൾ റഹീം, ഉമർ ഫാറൂഖി എന്നിവർ സംഭവ ദിവസം നിരവധി തവണ വിളിച്ച മൊബൈൽ നമ്പരിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമായിരുന്നു മറ്റൊരു വഴിത്തിരിവ്. ആ നമ്പർ ഉപയോഗിച്ചിരുന്നത് സൂഫിയ മഅ്ദനിയാണെന്ന് തിരിച്ചറിഞ്ഞതോടെ അവരിലേക്കും അന്വേഷണം നീളുകയായിരുന്നു.

സംസ്ഥാനത്ത് ഭീകരപ്രവർത്തനത്തിന് അടിത്തറ പാകിയ 'ഓപ്പറേഷൻ കളമശേരി' യുടെ തുമ്പുകൾ കണ്ടെത്തി അന്നേ തച്ചുടച്ചിരുന്നെങ്കിൽ ഭീകരവാദ ശൃംഖല സംസ്ഥാനത്തെ ആശങ്കയുടെ മുൾമുനയിൽ നിറുത്തില്ലായിരുന്നു. ആദ്യഘട്ടത്തിൽ അകത്തായ പ്രതികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ ജാമ്യത്തിലിറങ്ങിയതോടെ അവർ സംസ്ഥാനത്തെ ഭീകരപ്രവർത്തനങ്ങളുടെ പ്രധാന കണ്ണികളായി മാറുകയായിരുന്നു. ക്രിമിനൽ പശ്‌ചാത്തലമുള്ളവരെ വിധ്വംസക പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യേണ്ടത് ഇവരുടെ ചുമതലയായി. ദേശദ്രോഹ നടപടികൾ തടയേണ്ട ഭരണനേതൃത്വവും പൊലീസും ഒന്നും കണ്ടില്ലെന്ന് നടിച്ചപ്പോൾ ഭീകരരുടെ കേരളത്തിലെ ഇടത്താവളങ്ങളിൽ ഒന്നായും ആസൂത്രണ കേന്ദ്രവുമായും എറണാകുളം മാറുകയായിരുന്നു. പിന്നീടത് സംസ്ഥാനമൊട്ടാകെ പടർന്നുപിടിക്കുകയായിരുന്നുവെന്ന സത്യം തിരിച്ചറിയപ്പെടുമ്പോൾ വീഴ്ചകൾ നിസാരമായിരുന്നില്ലെന്ന് ഓർക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAMASSERY BUS BURNING CASE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.