SignIn
Kerala Kaumudi Online
Tuesday, 16 April 2024 4.11 PM IST

ശില്പിക്കു നേരെ ഉളിയെറിയുന്നവർ

photo

സാംസ്‌കാരിക സമ്പന്നരെന്ന് അഭിമാനിക്കുന്നവർ ലജ്ജിച്ച് തലതാഴ്‌ത്തേണ്ടിവരുന്ന അവസ്ഥയ്‌ക്കു കേരളം നിരന്തരം സാക്ഷിയാവു കയാണ്. പയ്യാമ്പലത്തിനടുത്തുള്ള ബീച്ച് പാർക്ക് കവാടത്തിൽ വിഖ്യാത ശില്‌പി കാനായിയുടെ ലാൻഡ് സ്‌കേപ്പ് ശില്‌പത്തെ അപമാനിക്കുംവിധം ഒരു ശില്‌പത്തിന് മുകളിൽ കരിങ്കൽ ചീളുകൾ കൂട്ടിയിട്ട് മൂടി. മറ്റൊരു ശില്‌പത്തെ നശിപ്പിക്കും വിധവും ഒരു മെറ്റൽ ടവർ ഉയരുന്നു. ടൂറിസത്തിന്റെ പേരിൽ റോപ്‌വേ നിർമ്മിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ അതിരുകടന്ന അപമാനിക്കൽ.

സാമൂഹിക വിരുദ്ധരുടെ കൈകളിൽ അമർന്നിരുന്ന തിരുവനന്തപുരം വേളിയും ശംഖുംമുഖം ബീച്ചും ഇന്ന് ബഹുജന സന്ദർശനകേന്ദ്രമായി ഉയർന്നത് കാനായിശില്‌പങ്ങൾ ഉയർന്നതോടെയാണ്. ടൂറിസത്തിന്റെ പേരിൽ അവിടെയും കിളച്ചുമറിച്ച് വികൃതമാക്കി. ഉപേക്ഷിക്കപ്പെട്ട ഹെലികോപ്ടറിനെ സാഗരകന്യകയ്‌ക്കു മുകളിൽ പ്രതിഷ്ഠിച്ച് കലയോടുള്ള കേരളത്തിന്റെ സാംസ്‌കാരിക അധഃപതനം തെളിയിച്ചു. വേളി കലാഗ്രാമവും ഉഴുതുമറിച്ച് വികൃതമാക്കി. ഇപ്പോൾ പയ്യാമ്പലവും.

കാനായി ഒരു വ്യക്തിയല്ല.പൊതുഇട ശില്‌പമെന്ന വലിയൊരു ആശയധാരയ്ക്കു ശിലാസ്ഥാപനം നടത്തിയ വിപ്ളവകാരിയാണ്. മ്യൂസിയങ്ങളിലും അമ്പലച്ചുവരുകളിലും ഉറങ്ങിയ ശില്പ രൂപങ്ങളെ പൊതുഇടങ്ങളിൽ സാധാരണക്കാരനുവേണ്ടി പ്രതിഷ്ഠിക്കുകയായിരുന്നു. അനവധി എതിർപ്പുകളെ നേരിട്ടുകൊണ്ടാണ് അദ്ദേഹം ഈ ജൈത്രയാത്ര നടത്തിയത്. ഇപ്പോൾ സാംസ്‌കാരിക കേരളം വലിയൊരു പ്രതിഭയെ അപമാനിക്കുന്നതിലൂടെ കലാസൃഷ്ടികളെ മുഴുവൻ അപമാനിക്കുകയാണ്. സാഹിത്യകാരന്റെ കലാസൃഷ്ടിയെ തൊടുമ്പോൾ പൊള്ളുന്നതുപോലെ എന്തുകൊണ്ടാണ് സാഹിത്യസാംസ്‌കാരിക നായകന്മാർക്ക് ഇതിൽ ഞെട്ടൽ അനുഭവപ്പെടാതിരിക്കുന്നത്? സാഹിത്യത്തിന് താഴെയാണ് കലകളെന്ന് ഇവർ കരുതുന്നുണ്ടോ? വിശാലവീക്ഷണം നഷ്ടപ്പെടുകയാണോ? ശരാശരി അഭിനേതാക്കളും ലാഭം മാത്രം ലക്ഷ്യംവച്ച് ബിസിനസ് നടത്തുന്നവരും പത്മശ്രീ പോലുള്ള പുരസ്കാരങ്ങൾ വാങ്ങി മേനി നടിക്കുമ്പോൾ ഒരു സംസ്ഥാന ഭൂശരീരമാകെ ശില്പങ്ങൾ നിർമ്മിച്ച് നടക്കുന്ന കാനായിയെ ആദരിക്കുന്നില്ലെന്നു മാത്രമല്ല അദ്ദേഹത്തെ വീണ്ടുംവീണ്ടും അപമാനിക്കുകയും ചെയ്യുന്നു. ഇപ്പോൾ ജന്മനാട്ടിലും ഒരു പ്രതിഫലവും വാങ്ങാതെയാണ് ഈ ശില്പങ്ങളൊക്കെയും അദ്ദേഹം ചെയ്തതെന്നു നാമറിയണം.

കഴിഞ്ഞ ഏതാനും നാളുകൾക്കുമുമ്പ് ഈ ലേഖകൻ കാനായിയെ കണ്ടിരുന്നു. ശംഖുംമുഖത്തെ ഹെലികോപ്ടർ പ്രതിഷ്ഠയും അവിടെമാകെ കോൺക്രീറ്റ് ചെയ്ത് കടൽത്തീര വിശുദ്ധി നശിപ്പിച്ചതും അദ്ദേഹത്തെ നിരാശനാക്കിയിരുന്നു. ആരും ഈ തിന്മയ്ക്കെതിരെ, കലാനിഷേധത്തിനെതിരെ പ്രതികരിക്കുന്നില്ലല്ലോ എന്നത് അദ്ദേഹത്തെ വേദനിപ്പിക്കുന്നു. ഒരു ചില്ലിക്കാശുപോലും പ്രതിഫലം വാങ്ങാതെ തന്റെ യൗവനവും ആരോഗ്യവും ഹോമിച്ച് നൽകിയ സേവനത്തെ ഇങ്ങനെ അപമാനിക്കുകയാണല്ലോ എന്ന ചിന്ത അദ്ദേഹത്തിന്റെ ആരോഗ്യവും തകർത്തിരിക്കുന്നു. ഇടയ്ക്കിടെയുള്ള നെടുവീർപ്പുകളോടെ വിദൂരതയിൽ കണ്ണെറിഞ്ഞ് നിശ്ചലമാകുന്ന കാനായിയെ ഏറെ വേദനയോടെയാണ് അനുഭവിച്ചറിഞ്ഞത്. ശംഖുംമുഖവും വേളിയും പയ്യാമ്പലങ്ങളും ഇനിയും ആവർത്തിക്കും. അനുദിനം നാം അദ്ദേഹത്തെ അപമാനിച്ചുകൊണ്ടിരിക്കും.

കാനായി വ്യക്തി എന്ന നിലകടന്ന് ഒരു സംസ്‌കാരമായി മാറിയത് നാമറിയുന്നില്ല. ആ മഹത്തായ സംസ്‌കാരത്തെയാണ് നാം അപമാനിക്കുന്നത്. കാനായി പല വാതിലുകളിലും മുട്ടിയതാണ്. ഇനി അദ്ദേഹം ഒരു വാതിലിലും മുട്ടില്ല. നമ്മുടെ അഹങ്കാരം ധനത്തോടുള്ള ആർത്തി, നന്മകളെ ഉടച്ചെറിഞ്ഞ് നിർമ്മിക്കുന്ന മൂല്യനിഷേധങ്ങൾ നമുക്ക് തുടരാം.

ചിത്രകാരന്മാരും ശില്‌പികളും പൊതുവിൽ അന്തർമുഖരാണ്. അവരിൽ പൊതുവിൽ ശബ്ദമുയർത്തുന്നവർ വിരളമാണ്. സമൂഹത്തിന്റെ നാവായിത്തീർന്ന എഴുത്തുകാർക്ക് ഇതു കണ്ടില്ലെന്ന് നടിക്കാനാകില്ല. ഇടപെടണം. സംസ്‌കാരം കാത്തുസൂക്ഷിക്കണം. ഇല്ലെങ്കിൽ വരും തലമുറയ്ക്കു മുന്നിൽ തലകുനിച്ച് നിൽക്കേണ്ടിവരും. അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ നാം ഉരുകി ഇല്ലാതായെന്ന് വരും. കാലം മാപ്പ് നൽകാത്ത ഈ ധിക്കാരം അവസാനിപ്പിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANAYI KUNJIRAMAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.