SignIn
Kerala Kaumudi Online
Friday, 29 March 2024 12.35 PM IST

കണ്ണില്ലാത്ത ക്രൂരവിനോദങ്ങൾ

photo

'വലിയ ശബ്ദത്തോടെ എന്തോ ഒന്ന് നെറ്റിയിൽ വന്നിടിച്ചു. മടിയിലേക്ക് നോക്കിയപ്പോൾ മുഴുവൻ രക്തം. എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ല. വേദന പോലും അറിഞ്ഞില്ല'– ട്രെയിൻ യാത്രയ്ക്കിടയിൽ കല്ലേറിൽ പരിക്കേറ്റ കീർത്തനയുടെ വാക്കുകളിൽ ഭയം വിട്ടകന്നിട്ടില്ല. അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലിലാണ് മീനടം കുഴിയാത്ത് എസ് .രാജേഷിന്റെയും രഞ്ജിനിയുടെയും ഇളയ മകൾ കീർത്തന. കുടുംബാംഗങ്ങൾക്കൊപ്പം മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് മലബാർ എക്‌സ്പ്രസിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കഴിഞ്ഞ ആഴ്ച വൈകിട്ട് അഞ്ചോടെ കണ്ണൂർ താഴെ ചൊവ്വയ്ക്കും എടക്കാടിനും ഇടയിലായിരുന്നു സംഭവം.

കീർത്തനയുടേത് മലബാറിൽ ഒറ്റപ്പെട്ട സംഭവമല്ല. റെയിൽവെ സ്റ്റേഷനുകളിൽ ബഹളങ്ങളിൽ നിന്ന് മാറിയാണ് പലപ്പോഴും ഇത്തരം അക്രമങ്ങൾ അരങ്ങേറുന്നത്. രാത്രിയുടെ മറവിൽ മാത്രമല്ല, പകലും ഇതുപോലുള്ള പേക്കൂത്തുകൾ പതിവാകുകയാണ്.

ഒരു കരിങ്കൽ ചീൾ മതി ജീവിതം മാറ്റിമറിക്കാൻ. ഇത്തരം കണ്ണില്ലാത്ത ക്രൂരതകൾക്ക് വിധേയരാകുന്ന പാവം യാത്രക്കാർ എന്ത് പിഴച്ചു.

കോട്ടയം പാമ്പാടി ബി.എം.എം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കീർത്തന അമ്മ രഞ്ജിനിക്കൊപ്പം ജനാലയ്ക്ക് സമീപം പുറംകാഴ്ചകൾ കണ്ട് തിരിയുന്നതിനിടയിലാണ് കല്ലേറ് കൊണ്ടത്. അമ്മേ എന്ന് ഉറക്കെയുള്ള വിളി കേട്ട് നോക്കുമ്പോൾ തലയിൽ നിന്ന് രക്തം വാർന്ന് കരയുന്ന മകളെയാണ് അമ്മ കണ്ടത്. ബഹളം കേട്ട് ടി.ടി.ഇയും റെയിൽവേ ജീവനക്കാരും ഓടിയെത്തി. യാത്രക്കാരിലൊരാൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഒപ്പമുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനിയാണ് പ്രാഥമിക ശുശ്രൂഷ നൽകിയത്.

ഒരാഴ്ച കഴിഞ്ഞിട്ടും കല്ലേറിൽ ഒരു പ്രതിയെ പോലും പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ട്രെയിനുകൾക്ക് കല്ലെറിയുന്നത് വലിയ വിനോദമായി കരുതുന്ന ഒരു വൻ സംഘം കണ്ണൂർ, കാസർകോട് ജില്ലകളിലുണ്ട്. ഇതിനു മുമ്പ് കരിങ്കൽ ചീളുകൾ പാളത്തിൽ വച്ച് ട്രെയിൻ അട്ടിമറിക്കാൻ നടത്തിയ ശ്രമവുമുണ്ടായി. ഇതിലെ പ്രതികളും കാണാമറയത്താണ്.

കരിങ്കൽ ചീളുകൾ നിരത്തുന്നതും ട്രെയിനിലേക്കുള്ള കല്ലേറും പതിവായതോടെ ട്രെയിൻ യാത്ര ഭീഷണിയുടെ പാളത്തിലായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ മിക്ക റെയിൽവെ സ്റ്റേഷനുകളും പാളങ്ങളും സമൂഹവിരുദ്ധരുടെ കേന്ദ്രങ്ങളായിട്ട് വർഷങ്ങളേറെയായി.

ട്രെയിൻ കയറി കുറച്ചു ചീളുകൾ ഞെരിഞ്ഞമർന്ന നിലയിലായിരുന്നു.

മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാർ എക്‌സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് വൻദുരന്തം ഒഴിവായത്. ഓട്ടത്തിനിടെ അസാധാരണ ശബ്ദവും ഞരക്കവും കേട്ടതിനെ തുടർന്ന് ഇതുവഴി പോയ മലബാർ എക്‌സ്പ്രസ് നിർത്തി ലോക്കോ പൈലറ്റ് പരിശോധിച്ചപ്പോഴാണ് ഒരു ട്രാക്കിൽ മൂന്ന് മീറ്ററോളവും തൊട്ടടുത്ത ട്രാക്കിൽ പത്ത് മീറ്ററോളവും കരിങ്കല്ല് നിരത്തിവച്ചത് കണ്ടത്.

പാളത്തിലും പുറത്തും ഇത്തരം ക്രൂരവിനോദങ്ങൾ തുടരുകയാണ്. പാർക്ക് ചെയ്യുന്ന റെയിൽവേ ജീവനക്കാരുടെ ഉൾപ്പെടെ വാഹനങ്ങൾ മോഷ്ടിക്കപ്പെടുന്നു. എന്നാൽ വാഹനങ്ങളുടെ ഉത്തരവാദിത്വം തങ്ങൾക്കില്ലെന്ന ന്യായമാണ് റെയിൽവെ പലപ്പോഴും പറയാറുള്ളത്.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലുള്ള ഉദ്യോഗസ്ഥരുടെ കുറവാണ് സുരക്ഷയ്ക്ക് തടസ്സമായി മാറുന്നത്.

കുറ്റവാളികളെ കണ്ടെത്താനായില്ല

കണ്ണൂർ സൗത്ത്, വളപട്ടണം, തൃക്കരിപ്പൂർ, ചന്തേര, ചേറ്റംകുണ്ട്, കോട്ടിക്കുളം, ഉപ്പള, കുമ്പള, ഉള്ളാൾ ഭാഗങ്ങളിലാണ് പാളത്തിൽ കരിങ്കൽ ചീളുകൾ വച്ച സംഭവങ്ങൾ ആവർത്തിച്ച് റിപ്പോർട്ട് ചെയ്തത്. മാസങ്ങൾ പിന്നിട്ടിട്ടും കുറ്റവാളികളെ കണ്ടെത്തിയില്ല. ഇതരസംസ്ഥാന തൊഴിലാളികളോ വിദ്യാർത്ഥികളോ ആണിത് ചെയ്യുന്നതെന്ന നിലപാടിലാണ് റെയിൽവെ സംരക്ഷണ സേന.

റെയിൽവേ സ്‌റ്റേഷനുകളുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്നപേരിൽ ചുറ്റുമതിൽ കെട്ടുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. ആളുകൾ നടന്നുപോകുന്ന വഴിയിൽ വെളിച്ചം പോലുമില്ല. രാത്രിയിലെത്തുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ആവശ്യത്തിന് സുരക്ഷാസേനായില്ലെന്നാണ് റെയിൽവേയുടെ വിശദീകരണം. റെയിൽവേ ഗേറ്റുകളിലും ട്രെയിനുകളിലും യാത്രക്കാർക്കുനേരെ തുടർച്ചയായി അക്രമം നടക്കുന്നു. രാത്രിയുൾപ്പെടെ ജോലിചെയ്യുന്നവർക്കുനേരെ സംസ്ഥാനത്തുടനീളം അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ത്രീ ജീവനക്കാർക്കുപോലും സുരക്ഷയില്ല. കണ്ണപുരം റെയിൽവേ ഗേറ്റിലെ ജീവനക്കാരിയെ ഒരാൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ആർ.പി.എഫ് പട്രോളിങ് ശക്തമാക്കണമെന്ന ജീവനക്കാരുടെ ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.

കുറവില്ല അന്വേഷണങ്ങൾക്ക്

കഴിഞ്ഞ ജൂലായ് 17ന് രാത്രിയിലും സമാനമായ സംഭവുമുണ്ടായി. സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിച്ചതായി വളപട്ടണം പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നാണ് പ്രാഥമിക നിഗമനം. മറിച്ച് ട്രെയിൻ അട്ടിമറിക്കടക്കമുള്ള ശ്രമം നടന്നോ എന്നുള്ളതടക്കമുള്ളത് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞിട്ട് കാലമെത്രയോ കടന്നു പോയി. എവിടെയാണ് പ്രതികളെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

ബീഹാർ പോലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് ട്രെയിനുകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നമ്മൾ കേട്ടിരുന്നത്. എന്നാൽ ഇതിപ്പോൾ നമ്മുടെ മുറ്റത്തും എത്തിയെന്നതാണ് ആശങ്കാജനകം. നമ്മുടെ റെയിൽവേ ഇടങ്ങളും ഇത്തരം കൊള്ളക്കാരുടെ കേന്ദ്രങ്ങളാകുമ്പോൾ യാത്രക്കാരുടെ സുരക്ഷിതത്വം ഏറെ അകലെയാണ്.

ട്രെയിനുകൾക്ക് നേരെ കല്ലേറ് നടത്തി യാത്രക്കാരെ ആക്രമിക്കുന്ന ഗൂഢസംഘത്തെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. റഷീദ് കവ്വായിയും കോഡിനേറ്റർ ആർട്ടിസ്റ്റ് ശശികലയും ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.