SignIn
Kerala Kaumudi Online
Friday, 29 March 2024 1.49 PM IST

കരിപ്പൂരിനെ റാഞ്ചും; ഒപ്പം കോടികളും

calicut-airport

മറ്റൊരു വിമാനത്താവളങ്ങൾക്കും ഇല്ലാത്തൊരു പ്രത്യേകതയുണ്ട് കരിപ്പൂരിന്. ജനങ്ങൾ പിരിവെടുത്ത് ചിറക് നൽകിയ വിമാനത്താവളമാണിത്. ഒരുപക്ഷെ രാജ്യത്ത് തന്നെ ഇത്തരത്തിലൊരു വിമാനത്താവളമുണ്ടാവില്ല. ഇതുതന്നെയാണ് കരിപ്പൂരിന്റെ ഏതൊരു സ്പന്ദനവും നാടിന്റേത് കൂടിയാക്കുന്നത്. എൺപതുകളിലാണ് മലബാറിൽ നിന്ന് ഗൾഫിലേക്കുള്ള പ്രവാസ ഒഴുക്കിന് വേഗം കൂടിയത്. ജീവിതം കരുപിടിപ്പിക്കാൻ മരുപ്പച്ച തേടുന്നവർക്ക് വിമാനം കയറാനായി അന്യസംസ്ഥാനങ്ങളെ വരെ ആശ്രയിക്കേണ്ടി വന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് ഒരു വിമാനത്താവളമെന്ന നിരന്തര ആവശ്യം പല കാരണങ്ങളാൽ മുന്നോട്ടുനീങ്ങിയില്ല. ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ ഭൂമിയും കെട്ടിടമടക്കമുള്ള മറ്റ് സൗകര്യങ്ങളും ഉയർന്നു. തുടർവികസനത്തിന് പണമില്ലാതായതോടെ കരിപ്പൂരിന്റെ പ്രതീക്ഷകളുടെ ചിറകറ്റു പോവുമോയെന്ന ആശങ്കയിലായി ഏവരും. 1990കളിൽ ഗൾഫ് മലയാളികൾ കരിപ്പൂർ വിമാനത്താവളത്തിന്റെ വികസനത്തിൽ സുപ്രധാനമായ പങ്കാണ് വഹിച്ചത്. വിമാനത്താവളത്തിന്റെ വികസനത്തിന് പണമില്ലെന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ കൈമലർത്തിയപ്പോൾ പ്രവാസികൾ പിരിവെടുത്താണ് പണം സ്വരൂപിച്ച് നൽകിയത്. ഇതിനൊപ്പം നാടും നാട്ടുകാരും കൂടെ നിന്നു. വിമാനത്താവള വികസനത്തിന്റെ പേരിൽ പലവട്ടം ഭൂമി ഏറ്റെടുത്തപ്പോഴും പ്രതിഷേധങ്ങൾ കൂടാതെ പ്രദേശവാസികൾ സഹകരിച്ചതും കരിപ്പൂരിനോടുള്ള ഈ ആത്മബന്ധം കൊണ്ടായിരുന്നു. ആസ്തികൾ വിറ്റ് വരുമാനം വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ കോഴിക്കോട് വിമാനത്താവളവും ഉൾപ്പെട്ടതോടെ കരിപ്പൂരിനെ സ്നേഹിക്കുന്നവർ കടുത്ത ആശങ്കയിലാണ്. ചോരയും നീരും നൽകി വളർത്തിയ വിമാനത്താവളം സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക് പോവുന്നതാണ് ആശങ്കപ്പെടുത്തുന്നത്.

ഇനിയില്ല പൊതുമേഖലയിൽ

പൊതുമേഖലയിലുള്ള കേരളത്തിലെ ഏക വിമാനത്താവളമാണ് കോഴിക്കോട് വിമാനത്താവളം. തിരുവനന്തപുരം വിമാനത്താവളം അടുത്തിടെ അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നു. നെടുമ്പാശ്ശേരിയും കണ്ണൂരും സ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്. നിലവിലെ കേന്ദ്ര സർക്കാരിന്റെ നയം നടപ്പായാൽ 2023ൽ കോഴിക്കോട് വിമാനത്താവളം സ്വകാര്യ ഏജൻസിക്ക് കൈമാറപ്പെടും. ഇതോടെ കേരളത്തിൽ പൂർണമായും പൊതുമേഖലാ ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങൾ തന്നെ ഇല്ലാതാവും. വർഷം 120 കോടി രൂപയാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ ലാഭം.

കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കം നേരത്തെതന്നെ തുടങ്ങിയിരുന്നു. ഇതിനെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയിരുന്നത്. തിരുവനന്തപുരത്തിനൊപ്പം കോഴിക്കോടും സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുമെന്ന ആശങ്കളാണ് യാഥാർത്ഥ്യമാവാൻ പോവുന്നത്. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒരുവശത്ത് പുരോഗമിക്കുമ്പോഴാണ് സ്വകാര്യവത്കരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോവുന്നത്. പൊതുമേഖലാ വിമാനത്താവളമെന്ന വികാരം കൂടിയാണ് ഭൂമി ഏറ്റെടുക്കലിനെതിരെ അടുത്ത കാലത്ത് ഉയർന്ന പ്രതിഷേധങ്ങളെ പലപ്പോഴും തണുപ്പിച്ചിരുന്നത്. ന്യായമായ വില നൽകിയാൽ ഭൂമി വിട്ടുനൽകാൻ ഒരുക്കമാണെന്ന നിലപാടിലേക്ക് പ്രദേശവാസികളിൽ 90 ശതമാനം പേരും എത്തിച്ചേർന്നതും ഇതിനാൽത്തന്നെ. പ്രവാസി പണത്തിൽ പച്ചപിടിച്ച നാടും ഇതുവഴി കരിപ്പൂരിനോടുള്ള വികാരവും ഇതിനൊപ്പം നാടിന്റെ വികസനത്തിന് തുരങ്കം വെച്ചവരെന്ന പഴി കേൾക്കരുതെന്ന നിർബന്ധ ബുദ്ധിയും കൂടിയുണ്ട് ഈ തീരുമാനങ്ങൾക്ക് പിന്നിൽ. സ്വകാര്യ കമ്പനികളുടെ ലാഭത്തിനായി ജനിച്ച നാടും വീടും വിട്ടുപോവണമോയെന്ന് ഇവർ ചോദിച്ചാൽ എന്ത് ഉത്തരമേകുമെന്ന ആശങ്കയാണ് കരിപ്പൂരിന്റെ വികസനം സ്വപ്നം കാണുന്നവരുടെ മനസിൽ ഇപ്പോൾ ഉയരുന്നത്.

അടിയന്തര വികസന പ്രവർത്തനങ്ങൾക്കായി 152 ഏക്കർ കൂടി ഏറ്റെടുക്കാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ സ്വകാര്യവത്കരണ നയം പുറത്തുവന്നത്. റൺവേ വികസനം, വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള ഏപ്രൺ വികസനം എന്നിവയ്ക്ക് വേണ്ടിയാണ് ഭൂമിയേറ്റെടുക്കുന്നത്. വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കേണ്ടതുണ്ട്. ഭൂമിയേറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടും എയർപോർട്ട് അതോറിറ്റി പ്രതികരിച്ചിട്ടില്ല. വിമാനത്താവളം സ്വകാര്യവത്ക രിക്കുകയായതിനാൽ വികസന പ്രവർത്തനങ്ങൾക്ക് ഇനി കൂടുതൽ തുക ചെലവഴിക്കാൻ എയർപോർട്ട് അതോറിറ്റിയും ആഗ്രഹിക്കുന്നില്ല.

പ്രവാസികൾ തന്നെ ശക്തി
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ ആശ്രയിക്കുന്ന വിമാനത്താവളമാണ് കരിപ്പൂർ. ഒരുവർഷത്തിനിടെ 4.59 ലക്ഷം പേരാണ് കരിപ്പൂർ വഴി യാത്ര ചെയ്തത്. വിമാനാപകടത്തിന് പിന്നാലെ വലിയ വിമാനങ്ങളുടെ സർവീസ് നിറുത്തിയിരുന്നു. നിലവിൽ ചെറിയ,​ ഇടത്തരം വിമാനങ്ങളാണ് ഇവിടെ സർവീസ് നടത്തുന്നത്. കൊവിഡ്കാല പ്രതിസന്ധിയിലും വലിയ പരിക്കില്ലാതെ കരിപ്പൂർ വിമാനത്താവളം പിടിച്ചുനിന്നു. പ്രതികൂല സാഹചര്യങ്ങളിലും കരിപ്പൂരിന് താങ്ങായത് പ്രവാസികളാണ്. നെടുമ്പാശ്ശേരി,​ കണ്ണൂർ വിമാനത്താവളങ്ങളേക്കാൾ ടിക്കറ്റ് നിരക്ക് കരിപ്പൂരിൽ അല്പം കൂടുതലാണെങ്കിലും കരിപ്പൂരിൽ നിന്ന് വിമാനം കയറാനാണ് പ്രവാസികൾക്ക് ഇഷ്ടം. നാടിനെ ഒന്നടങ്കം കണ്ണീരിലാഴ് ത്തിയ വിമാനാപകട ദുരന്തത്തിന് ശേഷവും കരിപ്പൂരിനെ പ്രവാസി യാത്രക്കാർ കൈയൊഴിഞ്ഞില്ല. കോഴിക്കോട്,​ വയനാട്,​ മലപ്പുറം,​ പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതലായും കരിപ്പൂരിനെ ആശ്രയിക്കുന്നത്. നേരത്തെ കാസർക്കോട്,​ കണ്ണൂർ ജില്ലക്കാരും കരിപ്പൂരിനെ ആശ്രിച്ചിരുന്നെങ്കിൽ കണ്ണൂർ വിമാനത്താവളത്തിന്റെ വരവോടെ ഇതിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്. ഇങ്ങനെയെങ്കിലും പ്രവാസി യാത്രക്കാരുടെ എണ്ണത്തിൽ കരിപ്പൂരിനെ വെല്ലാൻ ഇതുവരെ മറ്റ് വിമാനത്താവളങ്ങൾക്കായിട്ടില്ല. ഈ സാദ്ധ്യത പ്രയോജനപ്പെടുത്തിയാൽ തന്നെ കരിപ്പൂരിന് ലാഭത്തിലേക്ക് കുതിക്കാനാവും. സ്വകാര്യ കമ്പനികൾ കണ്ണുവയ്ക്കുന്നതും ഇതിൽ തന്നെയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARIPUR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.