SignIn
Kerala Kaumudi Online
Saturday, 20 April 2024 12.21 AM IST

മൂർത്തീ വിസ്മയങ്ങൾ

karunamoorthi

ഇത്ര ചെറുപ്പത്തിലെ തകിൽ വായനയിൽ പെരുമ നേടിയ വലിയ കലാകാരന്റെ വിയോഗം കലാലോകത്തിന് ആഴമേറിയ നഷ്ടമാണ്. കച്ചേരിക്കായുള്ള ട്രെയിൻ യാത്രക്കിടയിലാണ് കരുണാമൂർത്തിയുടെ വിയോഗം അറിയുന്നത്. വല്ലാത്തൊരു ഞെട്ടൽ. ഞങ്ങൾ തമ്മിലുള്ള ഇഴയടുപ്പം എത്രവലുതായിരുന്നു. എന്നെ ചേട്ടാ എന്ന് മൂർത്തി വിളിച്ചത് സഹോദരബന്ധത്തിന്റെ ആഴത്തിൽ നിന്നായിരുന്നു.

മൂർത്തിക്ക് കല ജീവനും ജീവിതവുമായിരുന്നു. എനിക്കനുജനായിരുന്നു മൂർത്തി. ആ വളർച്ചയുടെ പടവുകളോരോന്നും ഞാൻ കണ്ടിട്ടുണ്ട്. മൂർത്തിയെ ബാല്യം മുതലേ എനിക്കറിയാം. പഠനം കഴിഞ്ഞ് തമിഴ്‌നാട്ടിൽ വരയപ്പെടി സുബ്രഹ്ണ്യത്തിന്റെ ശിക്ഷണത്തിന് ചേർത്തു. അതിന് ശേഷം തഞ്ചാവൂർ ഗോവിന്ദരാജിന്റെ കീഴിൽ ഉപരിപഠനം. സാധാരണ കലാകാരന്മാർ തമിഴ്നാട്ടിൽ പോയി പഠിച്ചാൽ ഉള്ളതുകൊണ്ട് ഒതുങ്ങാനാണ് ശ്രമിക്കാറ്. മൂർത്തി അങ്ങനെയായിരുന്നില്ല. പുതിയ കാലത്തിനൊത്ത് സ്വയം പരുവപ്പെടുത്തിയെടുത്തു. തന്റെ കഴിവിൽ അചഞ്ചലമായ വിശ്വാസം. കലയിലൂടെ പേരും പെരുമയും നേടണമെന്ന ആഗ്രഹം എന്നുമുണ്ടായിരുന്നു മൂർത്തിക്ക്. അതുകൊണ്ട് തന്നെ കലാകാരന്മാരുമായി അടുത്ത ബന്ധം പുലർത്തി.

തകിലിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തി. പാശ്ചാത്യ സംഗീതോപകരണങ്ങൾക്കൊപ്പം തകിലിന്റെ മൂർത്തീ വിസ്മയങ്ങൾ തീർത്തു. ബാലഭാസ്കറിനൊപ്പം വയലിനിൽ,​ രാജ് വൈദ്യയ്‌ക്കൊപ്പം വീണയിൽ, കദ്രി ഗോപാൽനാഥിനൊപ്പം സാക്സോഫോണിൽ, സ്റ്റീഫൻ ദേവസിയ്ക്കൊപ്പം കീ ബോർഡിൽ,​ മട്ടന്നൂരുമായി ചേർന്നുള്ള കലാവിഷ്കാരങ്ങൾ അങ്ങനെയെല്ലാം ആയിരങ്ങളുടെ ഹൃദയത്തിലാണ് മൂർത്തിയെ പ്രതിഷ്ഠിച്ചത്. ഫ്യൂഷൻ മ്യൂസികിൽ തകിലിനും സ്ഥാനമുണ്ടെന്ന് മൂർത്തി തെളിയിച്ചു. ഡാൻസും തകിലും ചേർന്നുള്ള മിശ്രാവിഷ്കാരങ്ങളും എത്രഎത്ര വേദികളെയാണ് ധന്യമാക്കിയത്. മൂർത്തിയുടെ പരിശ്രമത്തിന്റെ വിജയമായിരുന്നു എല്ലാം.

ശബ്ദമേറിയ വാദ്യോപകരണമായതിനാൽ പ്രത്യേക ജ്ഞാനമുണ്ടെങ്കിലേ മറ്റ് വാദ്യോപകരണങ്ങൾക്കൊപ്പം തകിൽ ഒതുക്കി വായിക്കാൻ കഴിയൂ. ഈ ജ്ഞാനമായിരുന്നു കരുണാമൂർത്തിയുടെ ബലം. തകിൽ മാത്രമാണെങ്കിൽ തനിയാവർത്തനം വായിച്ച് തന്റെ വലിപ്പം തെളിയിക്കാനും മൂർത്തിയ്‌ക്കായി.

മൂർത്തിയുമായി എത്രഎത്ര വേദികളാണ് പങ്കിട്ടത്. വളരെ ഒതുക്കി ജ്ഞാനഭാവത്തോടെയായിരുന്നു വായിച്ചത്. ഇടയ്ക്ക് തകിലിന്റെ ശബ്ദം കൂടുമ്പോൾ മൂർത്തിയെ നോക്കിയാൽ മതി,​ ശബ്ദം താഴ്ത്തും. എനിക്ക് വേണ്ടി കച്ചേരിക്കും കാസറ്റിലുമൊക്കെ മൂർത്തി തകിൽ വായിച്ചിട്ടുണ്ട്. നല്ല കലാകാരൻ മാത്രമായിരുന്നില്ല, നന്മയുള്ള മനുഷ്യനുമായിരുന്നു. മൂർത്തിയുടെ ഭാര്യയുടെ അമ്മ പത്തിയൂർ കമലം തകിൽ കലാകാരിയായിരുന്നു. അവരെപ്പറ്റി മറ്റുള്ളവർ അറിയണം എന്നുള്ളതുകൊണ്ട് സപ്തതി വിപുലമായി ആഘോഷിച്ചു. സംഗീത നാടക അക്കാഡമി പത്തിയൂർ കമലത്തെ ആദരിച്ചു. മട്ടന്നൂരിനൊപ്പം ചേർന്ന് കേരള ആർട്ടിസ്റ്റ് ഫെർട്ടേണിറ്റി എന്നൊരു സംഘടനയുണ്ടാക്കി. അവശതയനുഭവിക്കുന്ന കലാകാരന്മാർക്കായി സഹായമെത്തിച്ചു. തകിലിനെ ഇത്രയധികം ജനകീയമാക്കിയ കലാകാരന്റെ വേർപാട് വളരെ നേരത്തെയായിപ്പോയി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARUNA MOORTHI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.