SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.48 PM IST

മോചനവും ശിക്ഷാ ഇളവിന്റെ ചരിത്രവും

photo

ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് അഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്തത് ഉൾപ്പെടെയുള്ള കുറ്റംചെയ്ത പ്രതികൾക്ക് ലഭിച്ച ജീവപര്യന്തം ശിക്ഷ പതിനൊന്ന് വർഷമാക്കി വെട്ടിച്ചുരുക്കിയ സംഭവം ഇപ്പോൾ ഏറെ വിവാദങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എത്ര വലിയ രോഷമുണ്ടായാലും ഇതു തിരുത്താൻ ആർക്കും വലുതായൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. സി.ആർ.പി.സിയിലെയും എെ.പി.സിയിലെയും നിലവിലുള്ള വകുപ്പുകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. ശിക്ഷാകാലത്തിന്റെ ഇളവിന് ഒരു വലിയ ചരിത്രം തന്നെ പറയാനുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ തയാറാക്കിയ നിയമങ്ങൾക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സി.ആർ.പി.സിയിൽ കാലികമായി ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടും എെ.പി.സി യിൽ ഇതുവരെയും ഭേദഗതി വന്നിട്ടില്ല. നൂറോളം വർഷം മുൻപ് ഇംഗ്ലണ്ട് കോളനി ഭരണത്തിനായി കൊണ്ടുവന്ന നിയമങ്ങളും ശിക്ഷകളും നാം ഇപ്പോഴും നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. രാജ്യദ്രോഹം, ബലാത്സംഗം, കൊലപാതകം, തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പ്രതിയെ നാട് കടത്തുകയായിരുന്നു പണ്ടത്തെ പതിവ്. ഇന്ത്യയിൽ അന്ന് സ്വാതന്ത്ര്യ സമരത്തിലും മറ്റും പങ്കെടുത്ത ആൾക്കാരെ ജനവാസമില്ലാത്ത ഏതെങ്കിലും ദ്വീപുകളിലേക്ക് നാടുകടത്തിയിരുന്നു ബ്രിട്ടീഷുകാർ.

ജയിൽ നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഭാഗമായി ഒരാൾക്ക് കോടതി നൽകുന്ന ശിക്ഷയിൽ ചെറിയ ഇളവ് നൽകാനുള്ള അവകാശങ്ങളിൽ ഒരുപങ്ക് ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാണ്. ഇതു സംബന്ധിച്ച് സംസ്ഥാന
സർക്കാരിന്റെ കയ്യിലുള്ള അവകാശങ്ങൾ രാഷ്ട്രീയ താത്‌പര്യമനുസരിച്ച് സാഹചര്യങ്ങൾക്ക് അനുസൃതമായി ഉപയോഗിക്കുന്നുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 72,161പ്രകാരം യഥാക്രമം രാഷ്ട്രപതിക്കും ഗവർണർക്കും ശിക്ഷാ ഇളവിനുള്ള അധികാരമുണ്ട്.

ശിക്ഷാഇളവിന്റെ കാര്യത്തിൽ ഇവയൊക്കെ ദുരുപയോഗപ്പെടുത്താനുള്ള സാഹചര്യങ്ങൾ തടയാൻ ഇനിപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഹീനമായ കുറ്റകൃത്യം നടത്തിയ കേസ് ആദ്യം പരിഗണിക്കുന്ന കോടതിതന്നെ കുറഞ്ഞത് 50 വർഷത്തേക്ക് ശിക്ഷ വിധിക്കാൻ ശ്രദ്ധിക്കണം. കൂടുതൽ വർഷം നൽകുന്ന ശിക്ഷയാണ് ഇളവ് ദുരുപയോഗം തടയാനുള്ള ഏക വഴി. ഗർഭിണിയായ സ്ത്രീയെ ഉപദ്രവിച്ച കേസിൽ പ്രതികൾക്ക് ലഭിക്കുന്ന ഏതൊരു കഠിനശിക്ഷയും ആ സ്ത്രീക്ക് ലഭിക്കുന്ന നീതിയാണ്.

ജയിലുകളിൽ കിടക്കുന്ന ആളുകളെ നല്ല നടപ്പിന്റെ പേരിൽ അല്ലെങ്കിൽ മറ്റു കാരണങ്ങൾ കാണിച്ച് വെറുതെ വിടാനുള്ള സംവിധാനങ്ങൾ പല സംസ്ഥാനങ്ങളും തയാറാക്കിയിട്ടുണ്ട്. ഗർഭിണിയെ ബലാത്സംഗം ചെയ്തതു പോലുള്ള കുറ്റകൃത്യത്തിൽ പ്രതിക്ക് നൂറുവർഷം വരെയുള്ള ശിക്ഷകൾ നൽകിയാൽത്തന്നെയും വിധിയിൽ പെട്ടെന്ന് കൈകടത്താൻ ഒരു ഗവൺമെന്റിനും സാധിക്കുകയില്ല.
ഒരാൾക്ക് എത്രവർഷത്തെ ശിക്ഷ നൽകിയാലും എട്ടുവർഷത്തിന് ശേഷം അയാളുടെ മാനസികാവസ്ഥ പരിശോധിച്ചതിനു ശേഷം അവരെ സ്വതന്ത്രരാക്കി വിടാമെന്നുള്ളത് ജസ്റ്റിസ് മുല്ല കമ്മറ്റിയുടെ റിപ്പോർട്ടിൽ നിന്നുള്ള വ്യവസ്ഥകളിലൊന്നാണ്. ഈ ശുപാർശ കൊണ്ട് പല കൊടുംകുറ്റവാളികൾക്കും ജയിൽമോചനം സാദ്ധ്യമാവുകയും കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളും കുറ്റവാളികളെ ലാഘവത്തോടെ പുറത്തുവിടാൻ തുടങ്ങുകയും ചെയ്തു. ഒടുവിൽ കോടതികൾ ഇത്തരം നടപടികൾക്ക് തടയിടുകയും ജയിൽ നിയമങ്ങൾക്കും ഭരണത്തിനും രൂപഭേദം വരുത്തുന്നതിന്റെ ഭാഗമായി ഇക്കാര്യങ്ങളിൽ പഠനവും പുനഃപരിശോധനയും നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.

എത്ര വലിയ കുറ്റവാളികൾക്കും ശിക്ഷ 14 വർഷം നീണ്ടതിനുശേഷം പുനഃപരിശോധന നടത്തുന്ന വിധമുള്ള ജീവപര്യന്തം ശിക്ഷയാണ് നൽകുന്നത്. ജീവിതാവസാനം വരെയെന്നു കോടതി വിധിപറയുമ്പോഴും 14 വർഷത്തിന്മേൽ മോചനസാദ്ധ്യത നിയമപരമായിത്തന്നെ നിലനിൽക്കുന്നു. എന്നാൽ സ്ത്രീകൾക്ക് എതിരെ നടക്കുന്ന നിർഭയപോലുള്ള കേസുകളിൽ ഉൾപ്പെടുന്ന ആളുകൾ ഇത്തരത്തിൽ മോചിപ്പിക്കപ്പെടാതെ കൂടുതൽവർഷം ജയിലിൽ കിടക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. പരോളില്ലാതെ ജീവിതകാലം മുഴുവൻ ജയിൽശിക്ഷ നൽകിയാൽ മാത്രമേ മറ്റുള്ളവർ ഇങ്ങനെയുള്ള
കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രദ്ധിക്കൂ.

ശിക്ഷായിളവിനുള്ള അവകാശങ്ങൾ ഗവൺമെന്റിന് ലഭിച്ചാൽ

അവരോ അവർ നിശ്ചയിക്കുന്ന മറ്റു സ്ഥാപനങ്ങളോ അത് ദുരുപയോഗിക്കാൻ ശ്രമിക്കും. ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം,​ സുപ്രീം കോടതി വരെ ശരിവച്ച വധശിക്ഷാ കേസുകൾ ദയാഹർജിയായി പ്രസിഡന്റിന്റെ ഓഫീസിന്റെ പരിഗണനയിൽ കൊണ്ടുവരുന്നതിനു വകുപ്പുണ്ട്. പാർലമെന്റിൽ കൊണ്ടുവന്ന ഉത്തരവ് പ്രകാരം തൂക്കിക്കൊല്ലാൻ വിധിച്ച കേസുകളിൽ മൂന്നിലൊന്ന് ഇങ്ങനെ ജീവപര്യന്തമായി കുറച്ചുകഴിഞ്ഞു. ഇനിയും ഇത്തരം വ്യവസ്ഥകളുമായി മുന്നോട്ട് പോകണമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

വ്യത്യസ്ത വകുപ്പുകളിൽ ശിക്ഷ വിധിക്കുമ്പോൾ അതെല്ലാം ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും സമാനസ്വഭാവമുള്ള കേസുകളിൽ സമാനശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും വളരെ ഉദാരപൂർവമായ സമീപനം പൊതുവിൽ എല്ലാകോടതികളും സ്വീകരിച്ചു വരുന്നതും ജയിൽകാലം കുറയ്‌ക്കാൻ ഇടയാക്കുന്നു. കൊടുംകുറ്റവാളികളോട് അനാവശ്യമായ ദയ കാണിക്കരുത്.
കൊല്ലപ്പെട്ട ആളുടെ കുടുംബം യാതൊരു ഗതിയുമില്ലാതെ നടക്കുമ്പോഴാണ് മറ്റുള്ളവർ കൊലയാളിയുടെ പൗരാവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നത്. ഇരയുടെ മൗലികാവകാശങ്ങളെപ്പറ്റി ആരും ഒന്നും പറയുന്നില്ല. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകിയാൽ മാത്രമേ മറ്റുള്ളവരും തെറ്റ് ചെയ്യാൻ ഭയക്കുകയുള്ളൂ. ഓരോ ശിക്ഷവിധിയും കുറ്റവാളിയെ തിരുത്താനും ഒപ്പം സമൂഹത്തിനു
പാഠമാകുന്നതുമാവണം.

കുറ്റകൃത്യങ്ങൾക്ക് കഠിനശിക്ഷ നൽകുന്ന രാജ്യമാണ് ഫ്രാൻസ്. നീചമായ കേസുകളിൽ 50,100 വർഷം വരെയുള്ള ജയിൽവാസങ്ങളും, അമിതസൗകര്യങ്ങൾ ഇല്ലാത്ത ജയിൽ മുറികളും, ഇരുട്ട് മുറികളിൽ ഒറ്റയ്‌ക്ക് പാർപ്പിക്കൽ പോലെയുള്ള ശിക്ഷകളുമാണ് അവർ
നൽകുന്നത്. ഇത്രയും കഠിനശിക്ഷ നൽകിയില്ലെങ്കിൽ കൂടി സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ളതും, പാവപ്പെട്ട ജനങ്ങൾക്ക് എതിരെ നടക്കുന്നതുമായ നീചപ്രവൃത്തികൾക്ക് എല്ലാവർക്കും പാഠമാകുന്ന ശിക്ഷതന്നെ നൽകേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAZHCHAPPADU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.