SignIn
Kerala Kaumudi Online
Friday, 29 March 2024 9.00 PM IST

ഇങ്ങനങ്ങ് പോയാൽ എങ്ങനാടാവ്വേ...?

opinion

ഐക്യമില്ലാത്ത കൂട്ടുകുടുംബത്തിൽ നിന്നിട്ടു കാര്യമില്ലെന്ന സത്യം തിരിച്ചറിഞ്ഞതോടെ, 'ഇങ്ങനങ്ങ് പോയാൽ എങ്ങനാടാവ്വേ" എന്ന ചോദ്യങ്ങൾ മദ്ധ്യതിരുവിതാംകൂറിലെ റബർ കാടുകൾക്ക് അടുത്തുള്ള പാർട്ടികളിൽ നിന്നുയർന്നു തുടങ്ങി. തൊടുന്നിടത്തെല്ലാം ഒട്ടിപ്പിടിക്കാൻ വെമ്പുന്ന വിശാലഹൃദയന്മാരുടെ നെഞ്ചിനകത്തെ എരിപൊരിസഞ്ചാരം ആരോടു പറയും. പവറും പണവുമില്ലാതെ ഇക്കണക്കിനു പോയാൽ പെമ്പ്രന്നോരു പോലും ചൂലെടുക്കൂല്ലേടാവ്വേയെന്നാണ് വൈകിട്ട് വീര്യമുള്ള സഭകളിലെ സങ്കടങ്ങൾ.

കൊടിവച്ച കാറും ശിങ്കിടികളുമില്ലാത്ത കാലത്തെ ഐക്യം റബർപാലുപോലെയാണ്. വലിച്ചാൽ വല്ലാതങ്ങ് നീളുകയും വിട്ടാൽ പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യുന്ന 'പ്രതിഫാസം' ആണത്. പാർട്ടി ആചാര്യന്മാർ പലവട്ടം അതു പറഞ്ഞിട്ടുമുണ്ട്. ഐക്യം ബലപ്പെടാൻ കൂട്ടുമുന്നണിയിൽ മാറ്റം അനിവാര്യം.
പറഞ്ഞുവരുമ്പോൾ ലോകത്തെ ഏറ്റവും വലിയ വിപ്ലവപാർട്ടി മദ്ധ്യകേരളത്തിലാണ്. തെങ്ങും പ്ലാവും ആഞ്ഞിലിയുമൊക്കെ വെട്ടിവീഴ്ത്തി റബർ വിപ്ലവം നടപ്പാക്കിയ നാട്. എവിടെ നോക്കിയാലും റബർപാലിന്റെ നിറമുള്ള കുപ്പായം ജീവിതവ്രതമാക്കിയവരുടെ ചിരി. തറവാടിത്തം പറയാൻ തുടങ്ങിയാൽ ബെല്ലും ബ്രേക്കുമില്ലാതങ്ങു പോകുമെന്നതിനാൽ തൽക്കാലം നിറുത്താം.
തെക്കൻമാരുടെ തലസ്ഥാനത്ത് മലബാറുകാരുടെ കാലമാണിപ്പോൾ. ഉടനെയെങ്ങും മാറ്റമുണ്ടാകാനും സാദ്ധ്യതയില്ല. ഒരു ബന്ധവും ശാശ്വതമല്ലെന്നു തത്വജ്ഞാനികൾ പണ്ടു പറഞ്ഞതിലാണ് ആകെയൊരു പ്രതീക്ഷ.
കാരണവന്മാരുടെ ഫോട്ടോയും തറവാട്ടുമഹിമയും പറഞ്ഞ് പുതിയ പിള്ളേരുടെ അടുത്തു ചെന്നിട്ട് കാര്യമില്ലെന്നു ബോദ്ധ്യമായതോടെ ചില കേരള പാർട്ടികളിൽ മാറ്റത്തെക്കുറിച്ച് ചർച്ചകൾ കൊഴുക്കുന്നു. വലിയൊരു ഐഡിയയും മനസിലിട്ട് മറുകണ്ടം ചാടിയ പാലാക്കാരുടെ പൊന്നുമോൻ ഇഞ്ചിനീരു കുടിച്ചിരിക്കുകയാണെന്ന് പാളയത്തിൽപോലും പലരും പറഞ്ഞുതുടങ്ങി. ഒരുപാടു മോഹിച്ചു വന്നിട്ടും ഒന്നും തടഞ്ഞില്ല. കൂടെനിന്നവർ എല്ലാം കൊണ്ടുപോയതിലാണ് അതിലേറെ സങ്കടം. പക്കമേളക്കാരൻ ഭാഗവതരായി. കേന്ദ്രത്തിലെ പിടിയും പോയി. കുറേക്കൂടി കഴിഞ്ഞ്, നല്ല സമയം നോക്കി തറവാട്ടിലേക്കു തിരിച്ചുചാടിയാൽ എല്ലാ പ്രശ്‌നങ്ങളും തീരും. ഏതായാലും അണികൾക്ക് അന്തിച്ചർച്ചകളിലെ ടച്ചിംഗ്‌സ് പോലെയാണ് ഈ വിഷയം.

പണ്ടൊരു തിരഞ്ഞെടുപ്പ് കാലത്ത് മലപ്പുറം ചങ്ങാതിമാർ പിണങ്ങിയിറങ്ങിയിട്ട് അതിലും വേഗത്തിൽ തിരിച്ചെത്തിയ ചരിത്രമുണ്ട്. ഇങ്ങനെ പോയാൽ അടുത്തവട്ടം പ്രതീക്ഷയ്ക്കു വഴിയുണ്ടെന്നു ചില ജ്യോത്സ്യന്മാർ നിരീക്ഷിക്കുന്നതിനാൽ പ്രതീക്ഷ കൂടുന്നു. ഇതിനൊക്കെ പരിശുദ്ധമായ ആശീർവാദവും ലഭിച്ചെന്നാണ് സൂചനകൾ. മൊത്തത്തിൽ ക്ഷീണിച്ച പഴയ കൂട്ടുകുടുംബത്തിലേക്ക് വഴിതെറ്റിപ്പോയ കുഞ്ഞാട് വരുന്നതിൽ കാരണവന്മാർക്കു സന്തോഷമേയുള്ളൂ.
എങ്കിലും, കാരണവന്മാരുടെ ആശങ്കകൾക്ക് അറുതിയില്ല. പാളയത്തിൽനിന്ന് ചില അടിയൊഴുക്കുകളില്ലേ എന്നു സംശയം. അഞ്ചുകൊല്ലം ഇടവേളക്കുശേഷം കിട്ടുന്ന അധികാരം പോയതോടെ നടവരുമാനം കുത്തനെ കുറഞ്ഞു. പവറു പോയ മുന്നണിയിൽ നിന്നു പുറത്തുചാടാൻ മലപ്പുറം കൂട്ടുകാർ ഒരുങ്ങുന്നെന്നാണ് ചാരന്മാർ നൽകുന്ന വിവരം. പത്തുകൊല്ലം കൊണ്ട് വരുമാനം കുത്തനെ കുറഞ്ഞതാണ് പ്രശ്‌നം. നല്ലൊരു ബിരിയാണി കഴിക്കണമെങ്കിൽ പോലും ഫിക്‌സഡ് ഡെപ്പോസിറ്റിൽ നിന്നു കാശെടുക്കേണ്ട അവസ്ഥയായി. വീണ്ടുമൊരു അഞ്ചുകൊല്ലം കൂടി ഇങ്ങനെപോയാൽ പാർട്ടിയുടെ കാര്യം കട്ടപ്പുക .

പാലായിലെ ഓനിങ്ങോട്ടു ചാടുന്ന ഗ്യാപ്പിൽ നമ്മളങ്ങോട്ടു ചാടിയാൽ സംഗതി ജോറാകും. ഇപ്പഴത്തെ നിലയ്ക്ക് ഓനെക്കാൾ പവർ നമുക്കുതന്നെ. അപ്പുറത്തെ വല്ല്യേട്ടന്മാരാണെങ്കിൽ പതിവില്ലാത്ത മൂളിപ്പാട്ടുമായി കറങ്ങിനടക്കുന്നുമുണ്ട്. മ്മളു മനസുവച്ചാൽ അഞ്ചുകൊല്ലം കൂടി വിപ്ലവം തളിർക്കും.
കാലമിത്രയായിട്ടും കേരളത്തിൽ പച്ചതൊടാത്ത കൂട്ടരാണ് വലിയൊരു പ്രശ്‌നം. വടക്കാണവരുടെ ബലം. ആരുടെ കൂടെകൂടുമെന്ന് അവർക്കുപോലും അറിയില്ല. ജയിക്കില്ലെന്ന് ഉറപ്പായാൽ പറ്റിയ ആൾക്കാരുടെ കൂടെക്കൂടി കാര്യങ്ങൾ സാധിച്ചെടുക്കുന്നതാണ് അവരുടെ പരിപാടി. പാലാ ടീംസുമായും അവർക്ക് നല്ല ബന്ധമാണ്. ബിരിയാണി ഇഷ്ടമുള്ള ഒരുപാട് പേർ അവരുടെ കൂടെയുള്ളതിനാൽ മലപ്പുറംകാർക്കും ഉള്ളിന്റെയുള്ളിൽ ദേഷ്യമില്ല. അവരുമായി ഇണങ്ങിനിന്നാൽ അങ്ങു ഡൽഹിയിൽ വരെ നമുക്കു പച്ചതൊടാം. പോരെങ്കിൽ, നമ്മൾ പരമയോഗ്യരും തറവാടികളുമാണെന്ന് അവരിലെ ചില പ്രമുഖർ പറയുകയും ചെയ്തിട്ടുണ്ട്.
കളംമാറിയുള്ള കളികളുടെ കാലമായതിനാൽ ആസ്ഥാന ഗാന്ധിയൻമാരെ നമ്പാൻ കൊള്ളില്ലെന്നാണ് മുന്നണിയിലെ ഘടകന്മാരുടെ മുറുമുറുപ്പ്. നല്ലൊരു സദ്യ എവിടെ തരായാലും അവിടെയങ്ങു കൂടുന്നതാണു ഗാന്ധിയൻ ആശാന്മാരുടെ ശീലം. വാളയാറിനപ്പുറം വണ്ടി ഓടുമോയെന്ന് പലർക്കും തോന്നിത്തുടങ്ങിയതിനാൽ തരംപോലെ നിൽക്കുന്നതിലാണ് മിടുക്ക്.
ഹരിതകേരളം ഇനിയങ്ങ് ചുവന്ന നാടാകുമെന്ന് ഉറപ്പിച്ചാണ് മലബാർ ആശാന്മാരുടെ പടപ്പുറപ്പാട്. പാലാ പോയാൽ മലപ്പുറമെന്ന അവരുടെ ചിന്ത കൂട്ടത്തിൽ, റഷ്യയിൽ വരെ പിടിപാടുള്ള കീഴാള പാർട്ടികൾക്ക് അത്ര പിടിച്ചിട്ടില്ല. രക്തബന്ധമുണ്ടെങ്കിലും കാര്യം കഴിഞ്ഞാൽ അധകൃതരായി കണ്ട് , പുറത്ത് ഇലയിട്ട് ഊണുവിളമ്പുന്നതാണ് മൂപ്പൻമാരുടെ പതിവു പരിപാടിയെന്നാണ് കൂട്ടത്തിലെ രണ്ടാമന്മാരായ ഇവരുടെ പരാതി. കുളമേതായാലും നന്നായി കലങ്ങുമ്പോൾ വലയിടുന്നതിൽ വിദഗ്ദ്ധരാണ് മലബാർ ആശാന്മാർ. അതുകൊണ്ട് ഇനിയുള്ള കാലം പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാൽ രണ്ടാമനല്ലെങ്കിൽ മൂന്നാമനായി തിണ്ണയിലിരുന്നെങ്കിലും ചോറുണ്ണാം.
അതേസമയം, കൂട്ടനടത്തവും ഓട്ടവും നടത്തിയിട്ടും ക്ലച്ചു പിടിക്കാത്തതിൽ ഗാന്ധിയൻമാർ കടുത്ത നിരാശയിലാണ്. ഓടിയോടി ക്ഷീണിക്കാമെന്നല്ലാതെ പ്രത്യേകിച്ചു കാര്യമൊന്നുമില്ലെന്നു തോന്നിത്തുടങ്ങി.
കാറ്റുവീഴ്ച ബാധിച്ച തെങ്ങിൽനിന്ന് ഊർന്നിറങ്ങി കമുകിലായാലും കയറിപ്പറ്റുന്നതാണ് ബുദ്ധി. കസേര കിട്ടാതെ കിളിപോയ മൂപ്പൻമാരെ തൂത്തുവാരി പുറത്തുകളഞ്ഞാൽ എന്നെങ്കിലും ശനിദശ മാറിയാലോ എന്നാണ് പുതിയ പയ്യന്മാരുടെ പ്രതീക്ഷ.

തലപോയ തെങ്ങിന്റെ മണ്ടയിലിരുന്ന് ഇടയ്ക്കിടെ നീട്ടിമൂളുന്ന മൂങ്ങയുടെ അവസ്ഥയായി പ്രതിപക്ഷ മുന്നണിയിലെ കാരണവരായ പയ്യനെന്നാണ് മൊത്തത്തിലുള്ള അടക്കംപറച്ചിൽ. ഓടിനടക്കാനും ബഹളമുണ്ടാക്കാനും കക്ഷി മാത്രം. മുന്നണി ജയിച്ചാൽ പയ്യൻസ് ചാരുകസേരയിലിരിക്കും. മൂപ്പൻമാർ അടുക്കളയിലൊതുങ്ങും. അതുകൊണ്ട് അങ്ങനെയങ്ങ് ജയിക്കേണ്ട. സ്വപ്‌നം കണ്ട കസേരയൊക്കെ ഇനി അരികിലോട്ടു വരുമെന്ന് ഉറപ്പില്ലാത്തതിനാൽ മൊത്തത്തിൽ കുളം കലക്കുന്നതാണ് ബുദ്ധിയെന്നു വാശികൂടിയ കാരണവന്മാർക്കറിയാം. നമുക്കു കിട്ടാത്തത് ലവനു വേണ്ട.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION, KERALA CONGRESS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.