SignIn
Kerala Kaumudi Online
Saturday, 20 April 2024 6.23 AM IST

കേരളത്തിന്റെ വികസന വൈരുദ്ധ്യം

paddyfield

1957ലെ കണക്കനുസരിച്ച് അന്നത്തെ കേരളത്തിലെ ജനസംഖ്യ ഒന്നരക്കോടി. ഇതിൽ 81 ലക്ഷം പേർ കൃഷിയെ ആശ്രയിച്ചും 69 ലക്ഷം കാർഷിക ഇതര മേഖലയെ ആശ്രയിച്ചും കഴിയുകയായിരുന്നു. കേരളം ആദ്യം വികസിപ്പിക്കേണ്ടത് കാർഷിക മേഖലയെ ആയിരുന്നു. ആർ.ശങ്കർ മുഖ്യമന്ത്രിയായിരുന്ന 1960-61 കാലത്ത് അദ്ദേഹം മാത്രമാണ് ഒരു പുത്തൻ കാർഷിക നയരൂപീകരണത്തിന് തുടക്കം കുറിച്ചത്.
1957-58 കാലത്ത് 14 ലക്ഷം ടൺ അരി കേരളത്തിന് ആവശ്യമായിരുന്നു. എന്നാൽ ഉത്പാദനം ഏഴ് ലക്ഷം ടൺ. 1961ൽ 18 ലക്ഷം ടൺ അരി ആവശ്യമുണ്ടായിരുന്നപ്പോൾ ഉത്‌പാദനം എട്ട് ലക്ഷം ടൺ. ഇപ്പോൾ നമുക്ക് വേണ്ടത് 42.6 ലക്ഷം ടൺ. എന്നാൽ ഉത്പാദനം അഞ്ച് ലക്ഷം ടണിൽ താഴെ മാത്രം. ഇത്

എന്ത് വിരോധാഭാസം! ഇതിന്റെ പ്രധാന കാരണം പദ്ധതി നിർവഹണത്തിന്റെ കാലതാമസമാണ്.

കേരള മോഡൽ

രാജകീയ ഭരണകാലത്ത് കുണ്ടറയിലെ കളിമൺ ഫാക്ടറി (ലോകത്തിലെ തന്നെ ഏറ്റവും മെച്ചപ്പെട്ട കളിമണ്ണാണ് കുണ്ടറയിൽ) അലൂമിനിയം, സ്റ്റാർച്ച്, ചവറയിലെ മണ്ണ് കമ്പനി, പുനലൂർ പേപ്പർ മിൽ, തിരുവനന്തപുരത്ത് ജനറൽ ആശുപത്രിക്ക് സമീപം ഉണ്ടായിരുന്ന ഔഷധ നിർമ്മാണശാല. സാൾട്ടർ സായിപ്പിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ട്രാൻസ്‌പോർട്ട്, ടൈറ്റാനിയം, തിരുവിതാംകൂർ രാജകീയ സർവകലാശാല തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വെല്ലിംഗ്ടൺ വാട്ടർവർക്സ്, പരമ്പരാഗത വ്യവസായങ്ങൾ
തുടങ്ങിയവയുടെയൊക്കെ ആകെത്തുകയാണ് കേരള മോഡൽ.
കേരളത്തിന്റെ അപൂർവ അസംസ്‌കൃത വസ്തുക്കൾ (അപൂർവ ലോഹ മണൽ ഉൾപ്പെടെ) എന്തുകൊണ്ട്? ഉപയോഗിക്കാൻ കഴിയുന്നില്ല. ഒരു ഭാഗത്ത് തൊഴിലില്ലായ്മ, മറുഭാഗത്ത് വിഭവസ്രോതസുകൾ ചൂഷണം ചെയ്യാൻ കഴിയാത്ത അവസ്ഥ. ഇതാണ് കേരളത്തിന്റെ വൈരുദ്ധ്യം.
കേരളം ഭരിച്ച ഗവൺമെന്റുകളുടെ അലംഭാവവും പുത്തൻ സാങ്കേതികക്രമത്തോടുള്ള നിഷേധാത്മക സമീപനവും തൊഴിലാളി സംഘടനകളുടെ അസ്ഥാനത്തുള്ള സമരാവേശവുമാണ് കേരളത്തെ തകർത്തത്. ഉയർന്ന നിക്ഷേപം വഴി നമ്മുടെ അസംസ്‌കൃത വസ്തുക്കൾ ഉത്പാദന മേഖലയിലേക്ക് തിരിച്ചുവിടാനുള്ള തന്ത്രമാണ് നാം ഇനി സ്വീകരിക്കേണ്ടത്. ഉയർന്ന നിക്ഷേപത്തിന് കൂടുതൽ മൂലധന രൂപീകരണം ആവശ്യമാകുന്നു. ഇവിടെയാണ് P.P.P ( public private partnership) യുടെ ആവശ്യകത. വ്യവസായ സംരംഭകവർഗം കേരളത്തിലേക്ക് കടക്കുന്നില്ല. കാരണം ഉത്‌പാദനച്ചെലവ് കുറച്ച് ഉത്പന്നങ്ങൾ ആഗോള വിപണിയിൽ ഇറക്കാൻ കേരളത്തിന് കഴിയില്ല എന്നതു തന്നെ. ഇതിന്റെ കാരണങ്ങൾ ഉയർന്ന വേതനനിരക്കും ആധുനിക സാങ്കേതികക്രമത്തിന്റെ അഭാവവുമാണ്.
ഏത് സർക്കാർ ഭരിക്കുമ്പോഴും ഇവിടുത്തെ ബ്യൂറോക്രാറ്റുകൾ മന്ത്രിമാരെ പഠിപ്പിക്കുന്നത് കേരളത്തിൽ കൽക്കരി ഇല്ല, ഇരുമ്പയിര് ഇല്ല, ഇതുകാരണം വ്യവസായ വികസനം നടക്കില്ല എന്നതാണ്. ഡൽഹി സുൽത്താന്മാരെയും ബ്യൂറോക്രാറ്റുകൾ ഇക്കാര്യം ധരിപ്പിക്കും. ഇവർ മനസിലാക്കേണ്ട വസ്തുത ജപ്പാനും ജർമ്മനിയും മറ്റും ഇതൊന്നുമില്ലാതെ തന്നെ വൻ സാമ്പത്തിക ശക്തിയായി വളർന്നവരാണെന്നതാണ്.
1970നു ശേഷം കേരള സമ്പദ് ഘടനയിൽ ഘടനാപരമായ മാറ്റം വന്നു. അതായത് 400 കോടി രൂപ വിദേശനാണ്യം വന്നു. ഇതുവന്നപ്പോൾ നിർമ്മാണ മേഖല, റിയൽ എസ്റ്റേറ്റ് ഒക്കെ സജീവമായി. ഇതിന്റെ ഫലമായി കൃഷിയും പരമ്പരാഗത വ്യവസായവും തകർന്നു. എന്നാൽ ഇതിന് എതിരായി നയരൂപീകരണം നടത്താൻ കേരളത്തിലെ ഗവൺമെന്റുകൾക്ക് കഴിഞ്ഞില്ല.
കേരളത്തിലിപ്പോൾ 16 ശതമാനം പേർ മാത്രമേ കൃഷിയെ ആശ്രയിക്കുന്നുള്ളൂ. ബാക്കി കാർഷികേതര മേഖലയെ സംബന്ധിച്ച വിശദമായ കണക്ക് സർക്കാരിന്റെ പക്കലില്ല. നികുതി വരുമാനവും നികുതിയേതര വരുമാനവും കേരളത്തിൽ കുറയുകയാണ്. ആഭ്യന്തര ഉത്‌പാദനമായ ജി.ഡി.പി കൂടുന്നു എന്നു പറയുമ്പോൾ അതിന്റെ അർത്ഥം കടംവാങ്ങി ചെലവാക്കുന്നു എന്നതാണ് .
ധനകാര്യ മാനേജ്‌മെന്റിന്റെ കാര്യത്തിൽ കേരളം പൂർണ പരാജയമാണ്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു വസ്തുത, ആസൂത്രണബോർഡ് രൂപീകരണത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ നിരന്തരം പദ്ധതി വിലയിരുത്തലുകൾ നടത്തിയിരുന്നു. എന്നാൽ കുറേ വർഷങ്ങളായി ഇത്തരത്തിലുളള വിലയിരുത്തൽ നടന്നിട്ടില്ല. നാം വളരെ കൊട്ടിഘോഷിച്ച അധികാര വികേന്ദ്രീകരണത്തെപ്പറ്റി വസ്തുനിഷ്ഠമായ ഒരു പഠനവും നടന്നിട്ടില്ല.
അധികാര വികേന്ദ്രീകരണത്തെപ്പറ്റി ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് പഠനം നടത്തിയാൽ ഇതിന്റെ പിന്നിലുളള രഹസ്യ അജൻഡ പുറത്തുവരും. അതായത് സ്റ്റേറ്റ് ഫണ്ടിന്റേയും കേന്ദ്രഫണ്ടിന്റേയും ദുരുപയോഗത്തിന്റെ കഥകൾ. രാഷ്ട്രീയ നേതൃത്വത്തിന്റെ ദീർഘവീക്ഷണം ഇല്ലായ്മയും പ്രതിബദ്ധതയുടെ അഭാവവും, കാലഹരണപ്പെട്ട പ്രോജക്ടുകളുമാണ് വളർച്ചയുടെ ഫലം ലഭ്യമാകാതിരിക്കാൻ മുഖ്യതടസം. ഈ പ്രതിബന്ധങ്ങൾ തരണം ചെയ്ത് കേരളത്തെ സംരക്ഷിക്കാനുള്ള തന്ത്രമാണ് ഇനി ആവിഷ്‌കരിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA DEVELOPMENT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.