SignIn
Kerala Kaumudi Online
Friday, 19 April 2024 7.36 AM IST

നയതന്ത്രചാനൽ സ്വർണക്കടത്തും ചുരുളഴിയാത്ത രഹസ്യങ്ങളും

gold

കസ്റ്റംസ്, ദേശീയ അന്വേഷണ ഏജൻസി ( എൻ.ഐ.എ), എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ( ഇ.ഡി) എന്നിവർ മാറിമാറി അന്വേഷിച്ച അപൂർവങ്ങളിൽ അപൂർവമായ കേസാണ് നയതന്ത്രചാനൽ സ്വർണക്കടത്ത്. ഒന്നാം പിണറായി സർക്കാരിനെ പിടിച്ചുകുലുക്കിയ സ്വർണക്കടത്ത് കേസ് ഒരു വർഷം പിന്നിടുമ്പോൾ എവിടെയെത്തി എന്ന് ചോദിച്ചാൽ അന്വേഷണ ഏജൻസികൾക്കും വ്യക്തമായ ഉത്തരമുണ്ടാകില്ല. അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്ന് പറയാനാവില്ലെങ്കിലും കേസുമായി ബന്ധപ്പെട്ട് വിവിധ കോടതികൾ ഉന്നയിച്ച സംശയങ്ങൾ ദൂരീകരിക്കാൻ ഇതുവരെ കേന്ദ്ര ഏജൻസികൾക്കായിട്ടില്ല. മൂന്ന് ഏജൻസികളുടെയും കണ്ടെത്തലുകൾ വ്യത്യസ്‌തമാണ്. ഇപ്പോഴും പലരെയും ഇരുട്ടിലും സംശയനിഴലിലും നിറുത്തി തന്നെയാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം. വടക്കാഞ്ചേരിയിലെ ലൈഫ് ഭവന പദ്ധതിയും അന്വേഷണ കുരുക്കിലായി.

പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടാതിരിക്കാൻ സമയ പരിധിക്കുള്ളിൽ അന്വേഷണ ഏജൻസികൾ കോടതികളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് മൂന്ന് ഏജൻസികളും വ്യക്തമാക്കുന്നു. പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾക്ക് തെളിവ് എവിടെയെന്ന കോടതികളുടെ ചോദ്യത്തിനു മുന്നിൽ അന്വേഷണ ഏജൻസികൾ വിയർക്കുന്ന കാഴ്ചയാണ് കാണാനാവുക. ലോക ശ്രദ്ധയാകർഷിച്ച കേസിന്റെ നാൾവഴികൾ പരിശോധിച്ചാൽ ചങ്ങലകണ്ണികളാകേണ്ട തെളിവുകളുടെ അപര്യാപ്‌തത നിഴലിച്ചു നിൽക്കുന്നു. തീവ്രവാദബന്ധം അന്വേഷിച്ചെത്തിയ എൻ.ഐ.എയ്‌ക്ക് മുഖ്യപ്രതിയായ ഒരാളെ മാപ്പുസാക്ഷിയാക്കി തടിയൂരേണ്ടി വന്നതും ഈ കേസിന്റെ മറ്റൊരു പ്രത്യേകത.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പിൽ സെക്രട്ടറിയായിരുന്ന എസ്. ശിവശങ്കറിന്റെ പേര് പുറത്തുവന്നതോടെയാണ് രാഷ്‌ട്രീയ കൊടുങ്കാറ്റിന് വേഗതയേറിയത്. യു.എ.ഇ കോൺസുലേറ്റ് ജനറലുൾപ്പെടയുള്ള ഉന്നത ഉദ്യോഗസ്ഥരെല്ലാം സ്വർണക്കടത്തിന് കൂട്ടുനിന്നുവെന്നാണ് കസ്‌റ്റംസ് കണ്ടെത്തൽ. നാടുവിട്ട അവരെയെല്ലാം വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യയിലേക്കെത്തിക്കാനുള്ള കസ്‌റ്റംസ് ശ്രമങ്ങൾ വിജയിച്ചിട്ടില്ല. ഇടപാടുകൾക്ക് ദുബായിൽ നേതൃത്വം നൽകിയെന്ന് കരുതപ്പെടുന്ന തൃശൂർ കൈപ്പമംഗലം സ്വദേശി ഫാസിൽ ഫരീദ് അവിടെ അറസ്‌റ്റിലായെന്ന് പറയുന്നുണ്ടെങ്കിലും കേരളത്തിലെത്തിക്കാനായില്ല. തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്രചാനലിലൂടെ എത്തുന്ന സ്വർണം സുരക്ഷിതമായി കൈപ്പറ്റി ഇടപാടുകൾ നടത്തിയിരുന്ന യു.എ.ഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥരായ സരിത്ത്, സ്വപ്‌ന സുരേഷ്, സുഹൃത്ത് സന്ദീപ് നായർ, ഇവരെ സഹായിച്ചെന്ന് പറയപ്പെടുന്ന എസ്. ശിവശങ്കർ, സ്വർണം വാങ്ങി ഇടപാടുകാരിലേക്ക് എത്തിച്ചിരുന്ന പരപ്പനങ്ങാടി സ്വദേശി കെ.ടി. റെമീസും സംഘാംഗങ്ങളും ഉൾപ്പെടെയുള്ളവരാണ് അറസ്‌റ്റിലായത്. ശിവശങ്കറിനെ എൻ.ഐ.എ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും പ്രതി ചേർത്തില്ല. പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടായെന്ന ഗുരുതര ആരോപണവും തെളിഞ്ഞിട്ടില്ല. പ്രതികളുമായി നിരന്തരം ഫോണിലൂടെയും നേരിട്ടും സമ്പർക്കം പുലർത്തിയിരുന്ന മുൻ മന്ത്രി കെ.ടി.ജലീൽ, സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ എന്നിവരെയും അന്വേഷണസംഘങ്ങൾ ചോദ്യംചെയ്‌തതോടെ സർക്കാരിനെതിരെ കാടിളക്കിയുള്ള അന്വേഷണത്തിന്റെ അലയൊലികളാണ് കേരള രാഷ്‌ട്രീയത്തിലുണ്ടായത്. തിരഞ്ഞെടുപ്പിൽ പ്രതിപക്ഷവും ബി.ജെ.പിയും സ്വർണക്കടത്ത് മുഖ്യായുധമാക്കി രാഷ്‌ട്രീയ ഗോദയിലിറങ്ങിയെങ്കിലും പരാജയപ്പെട്ടു. ഇതോടെ ആറിത്തണുത്തിരിക്കുന്ന അവസ്ഥയിലാണ് നയതന്ത്രചാനൽ സ്വർണക്കടത്ത് കേസിന്റെ അന്വേഷണം. അതിനിടെ രാമനാട്ടുകര വാഹനാപകടം മറ്റൊരു സ്വർണക്കടത്ത് കേസിന്റെ പോർമുഖം സർക്കാരിനെതിരെ തുറന്നതോടെ ശ്രദ്ധ അതിലേക്കായി.

സോഴ്സ് ചതിക്കില്ല സാറേ...

എമിറേറ്റ്‌സ് വിമാനത്തിൽ കഴിഞ്ഞ വർഷം ജൂൺ 30 നാണ് തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് എത്തിയത്. ഗ്രൗണ്ട് ക്‌ളിയറൻസിന് ശേഷം ബാഗേജ് കാർഗോ വിഭാഗത്തിലേക്ക്. അപ്പോൾ രണ്ടു കണ്ണുകൾ ബാഗേജിൽ തറച്ചിരുന്നു. കസ്‌റ്റംസ് അസി.കമ്മിഷണർ എച്ച്. രാമമൂർത്തിയുടെ നീക്കങ്ങൾ അവസാനിച്ചത് അന്താരാഷ്ട്ര ശ്രദ്ധയിലേക്കെത്തിയ സ്വർണവേട്ടയിലാണ്.

നയതന്ത്ര ചാനലിൽ വരുന്ന സാധനങ്ങൾ അവധി ദിവസമാണെങ്കിലും വിട്ടു നൽകണമെന്നാണ് ചട്ടം. ബാഗ് ഏറ്റുവാങ്ങാൻ സ്വന്തം കാറിലെത്തിയ സരിത്ത്, രാമമൂർത്തിയുടെ 'നോ' കേട്ട് പതറി. ചില രേഖകൾ കൂടി എത്താനുണ്ടെന്ന് രാമമൂർത്തി പറഞ്ഞു. ബാഗിൽ സ്വർണമുണ്ടെന്ന് രാമമൂർത്തി നേരത്തേ അറിഞ്ഞിരുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ അറിയിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥർ ഞെട്ടി. നയതന്ത്ര ബാഗേജ് തടഞ്ഞുവയ്‌ക്കുന്നതിലെ അപകടവും കീഴ്‌വഴക്കങ്ങളും ഉദ്യോഗസ്ഥരെ കുഴക്കി. ഉടൻ കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ രാമമൂർത്തിയെ ഫോണിൽ വിളിച്ചു: 'സ്വർണമുണ്ടെന്ന് ഉറപ്പാണോ?' 'എന്റെ സോഴ്‌സ് കൃത്യമാണ്, ചതിക്കില്ല' രാമമൂർത്തിയുടെ മറുപടി. പിന്നീട് സുമിത് കുമാറിന്റെ നീക്കങ്ങൾ ചടുലമായിരുന്നു. വിദേശമന്ത്രാലയത്തെയും യു.എ.ഇ കോൺസുലേറ്റിനെയും കാര്യങ്ങൾ അറിയിച്ചു. കോൺസുലേറ്റ് പ്രതിനിധിയുടെ സാന്നിദ്ധ്യത്തിലേ ബാഗേജ് പൊട്ടിക്കാവൂ എന്നു മാത്രമായിരുന്നു വിദേശമന്ത്രാലയത്തിന്റെ നിർദ്ദേശം. കൊച്ചി കമ്മിഷണറേറ്റിൽ നിന്ന് രണ്ട് ഉന്നതർ തിരുവനന്തപുരത്തെത്തി. രാമമൂർത്തിയുടെ സോഴ്‌സ് ചതിച്ചില്ല. പെട്ടി പൊട്ടിച്ചപ്പോൾ സിലിണ്ടർ രൂപത്തിൽ ഒളിപ്പിച്ച സ്വർണക്കട്ടികൾ കണ്ടെത്തി. അപ്പോഴേക്കും കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സരിത്തിന് നോട്ടീസ് പോയിരുന്നു. സ്വപ്‌ന കാണാമറയത്തേക്കും മുങ്ങി. നൂറു കോടിയിലധികം രൂപയുടെ സ്വർണം കടത്തിയെന്ന വിവരം ലഭിച്ചതോടെ എൻ.ഐ.എ യു.എ.പി.എ ചുമത്തുകയും അതിനുശേഷം ഒറ്റ രാത്രി കൊണ്ട് സ്വപ്‌ന, സന്ദീപ് എന്നിവരെ ബംഗളുരൂവിൽ നിന്ന് പിടികൂടുകയും ചെയ്‌തു. പിന്നിട് കേന്ദ്ര ഏജൻസികളുടെ അന്വേഷണവും അതിനെതിരെ സംസ്ഥാന സർക്കാരിന്റെ പോരാട്ടങ്ങളും കോടതികളിൽ നിയമയുദ്ധത്തിന് വഴിവച്ചു.

രാജ്യാന്തരതലങ്ങളുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാനുള്ള അധികാരം കേന്ദ്ര ഏജൻസികൾക്കാണ്. എന്നാൽ, നയതന്ത്രചാനൽ കേസിൽ കേന്ദ്ര സർക്കാർ പകപോക്കിയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കേന്ദ്ര ഏജൻസികളെ കയറൂരി വിട്ട് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമെന്നായിരുന്നു ആരോപണം. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കയും ചെയ്‌തു. അതിനെ ചോദ്യംചെയ്‌ത് ഇ.ഡി. ഹൈക്കോടതിയിലെത്തുകയും അനുകൂല വിധി നേടുകയും ചെയ്‌തു. ഒരു വർഷം നീണ്ട നയതന്ത്രചാനൽ കേസിന്റെ കോളിളക്കങ്ങൾ അവസാനിച്ചുവെന്ന് പറയാനാകില്ല. അധികം വൈകാതെ കേസിന്റെ വിചാരണ കോടതിയിൽ നടന്നേക്കാം. അന്വേഷണസംഘങ്ങൾ ഹാജരാക്കുന്ന തെളിവുകളായിരിക്കും കേസിന്റെ ഗതി നിർണയിക്കുക. പ്രതികളുടെ ജാമ്യം പരിഗണിച്ച വേളകളിൽ തെളിവുകൾ എവിടെയെന്ന കോടതിയുടെ ചോദ്യത്തിന് പലരുടെയും മൊഴികൾ കാട്ടിയാണ് അന്വേഷണസംഘം പ്രതിരോധിച്ചത്. വിചാരണവേളയിൽ തെളിവുകളാണ് അന്തിമം. കേസിലെ സുപ്രധാന കണ്ണികളായ യു.എ.ഇ കോൺസുൽ ജനറൽ, അറ്റാഷെ, അക്കൗണ്ട്സ് ഓഫീസർ എന്നിവരെ ഇതുവരെ ചോദ്യം ചെയ്യാനുമായില്ല. ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കോഴയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കേസിന്റെ ഭാഗമാണ്. രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ തകർക്കുന്ന കേസിലെ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകുക തന്നെ വേണം. തെളിവുകളുടെ അഭാവത്തിൽ പ്രതികൾ രക്ഷപ്പെട്ടാൽ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യതയ്‌ക്കായിരിക്കും മങ്ങലേൽക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA GOLD SMUGGLING CASE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.