SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.12 AM IST

കേരളം, പെർഫെക്ട് ഒ.കെ.!

thallu

വളരെയേറെ വർഷങ്ങൾക്കുശേഷമാണ് പുളുവൻ ചേട്ടനോട് ഞാൻ ഫോണിൽ സംസാരിക്കുന്നത്.
ഉള്ളതു പറയാല്ലോ, കക്ഷിയുടെ പേരുപോലും ഞാൻ മറന്നുപോയിരിക്കുന്നു. അത്രയ്ക്കങ്ങ് പതിഞ്ഞുപോയ പേരാണ് പുളുവൻ ചേട്ടൻ! നാവെടുത്താൽ പുളു.
പുളുവിന്റെ പര്യായമാണോ ജനിതക വ്യതിയാനം സംഭവിച്ചുണ്ടായതാണോ എന്നറിയില്ല, ട്രെൻഡിയായ നമ്മുടെ 'തള്ള് ' !
ധാരാളം പ്രത്യേകതകളുള്ള ഒരു വ്യക്തിത്വമാണ് പുളുവൻ ചേട്ടൻ എന്ന് ആമുഖമായി സൂചിപ്പിക്കട്ടെ.
പരന്ന വായന, പരന്ന വായ് നോട്ടം, ഒളിഞ്ഞു നോട്ടം, ഒളിഞ്ഞു കേൾവി, തെളിഞ്ഞ നിരീക്ഷണബുദ്ധി, തികഞ്ഞ താത്വിക അവലോകനം.... പോരെങ്കിൽ നല്ലൊരു ശ്രോതാവും കൂടിയാണ് പു.ചേ! ഇതെല്ലാം സമഞ്ജസമായി ചേർത്താണ് പുളുവൻ ചേട്ടൻ തന്റെ പുളു സീരീസ് സൃഷ്ടിക്കുന്നത്. ഫലമോ, ആരു കേട്ടാലും അതൊക്കെ കണ്ണടച്ചു വിശ്വസിച്ചു പോകും !
ഇനി ടാപ്പു ചെയ്ത ഫോൺ സംഭാഷണത്തിലേക്ക്.
ഒരു പത്തുകൊല്ലം മുമ്പ് ഒരു സൈക്യാട്രിസ്റ്റിനെ കാണാൻ എന്നെ പറഞ്ഞയച്ചത് ഓർമ്മയുണ്ടോ?
ഞാൻ മിണ്ടിയില്ല. നിനക്കോർമ്മ കാണില്ല. എപ്പോഴും കൈ വൃത്തിയാക്കുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു. അതൊരു നല്ല ശീലമായി ഞാൻ കരുതിയെങ്കിലും എന്റെ ഭാര്യയും മക്കളും കൂടി നിർബന്ധിച്ചതു കൊണ്ടാണ് സൈക്യാട്രിസ്റ്റിനെ കാണാൻ ഡോക്ടറുടെ റഫറൻസുമായി ഞാൻ പോയത്.
കൈയിൽ അണുക്കൾ ഇരിക്കുന്നതായി നിങ്ങൾക്ക് വെറുതേ തോന്നുകയാണ്. തോന്നൽ മാത്രം. ഒരുതരം ഒബ്സഷൻ!
അകാരണമായ ചിന്തകൾ മൂലം ചില കാര്യങ്ങൾ ആവർത്തിച്ചു ചെയ്തു കൊണ്ടിരിക്കുന്ന ഒരു മാനസിക രോഗമാണിത്. ഞങ്ങളുടെ ഭാഷയിൽ ഒബ്സെസീവ് കംബൾസീവ് ഡിസോർഡർ അഥവാ ഒ.സി.ഡി. എന്നു പറയും.
അതുകൊണ്ട് ഒരു മരുന്ന് സ്ഥിരമായി കഴിച്ചുകൊണ്ടിരുന്നാൽ ആ തോന്നൽ മാറികിട്ടും എന്നാണ് ആ സൈക്യാട്രിസ്റ്റ് എന്നെ ഉപദേശിച്ചത്.. 'ചേട്ടൻ ഇപ്പോൾ ഇതു പറയാൻ കാരണം ?'
നിങ്ങൾ ഡോക്ടർമാരും മുഖ്യമന്ത്രിയും ചാനലുകാരെല്ലാം എന്താണിപ്പോൾ പറയുന്നത്... കൈകൾ എപ്പോഴും ശുചിയായി വയ്ക്കണം...
വെറുതേ കൈ കഴുകിക്കൊണ്ടിരിക്കണം, സാനിറ്റൈസർ വെറുതേ പുരട്ടിക്കൊണ്ടിരിക്കണം എന്നൊക്കെയല്ലേ ?
കൈയിലെങ്ങാനും അണുക്കൾ പുരണ്ടോ എന്ന വെറുമൊരു ചിന്തയുടെ പേരിലല്ലേ നാടുനീളേ ജനം ഒ.സി.ഡി. ബാധിച്ച് ഇപ്പോൾ അന്തംവിട്ട് കൈകഴുകി തള്ളുന്നത്?
അന്ന് ഞാൻ പറഞ്ഞപ്പോൾ രോഗം! ഇന്ന് ശാസ്ത്രം! കുറേക്കാലം ഗുളിക കഴിച്ചത് വെറുതേയായി ......
എനിക്ക് മറുപടിയില്ലായിരുന്നു.
ഒരു ചെറിയ ബ്രേക്ക് അനിവാര്യമായിരുന്നു !
വീണ്ടും ചേട്ടൻ ഫോമിലായി.
ഡോക്ടറെ... ഒരു കാര്യം ശ്രദ്ധിച്ചോ. ഒരല്പം സാമ്പത്തിക പ്രശ്നത്തിന്റെ പേരിൽ എത്ര ആൾക്കാരാണ് കേരളത്തിൽ തനിച്ചും കുടുംബസമേതവും ആത്മഹത്യ ചെയ്തിരുന്നത്. ഓർമ്മയുണ്ടോ?
ഈ കൊവിഡ് കാരണം എന്തൊക്കെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇപ്പോൾ നാട്ടുകാർ അനുഭവിക്കുന്നത്. പക്ഷേ ആരെങ്കിലും പണ്ടത്തെപോലെ ഇപ്പോൾ ആത്മഹത്യ ചെയ്യുന്നുണ്ടോ?
ഞാനാലോചിച്ചു, ശരിയാണല്ലോ?
എന്താ കാരണം?
അറിയില്ല... ചേട്ടൻ തന്നെ പറയൂ...
നിങ്ങളുടെ സൈക്യാട്രിസ്റ്റുകളൊന്നും അതിന്റെ കാരണം കണ്ടുപിടിച്ചിട്ടില്ല. എന്നാൽ എനിക്കറിയാം.
എനിക്ക് ജിജ്ഞാസ വർദ്ധിച്ചു. പറയൂ ചേട്ടാ... എന്താ കാരണം? അതാണ് മലയാളി മനസ് !
പൂർവ കൊവിഡ് യുഗത്തിൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ ആത്മഹത്യ പ്രവണതയുള്ളവർ ചിന്തിക്കുന്നത് ഇങ്ങനെയാണ്.. എനിയ്‌ക്കിതു സംഭവിച്ചല്ലോ! എന്നാൽ എന്റെ സഹോദരങ്ങളും അളിയന്മാരും കൂട്ടുകാരുമൊക്കെ നല്ല നിലയിലാണ് കഴിയുന്നത്. ഞാൻ മാത്രം ഏഴുനിലയിൽ പൊട്ടി. ഇതെനിക്കു സഹിക്കാനാവുന്നില്ല എന്ന ചിന്തയാണ് അവനെ ആത്മഹത്യയിലേക്ക് നയിച്ചിരുന്നത്. എന്നാൽ ഇപ്പോഴോ ?
ഞാനും പൊട്ടി. എന്റെ സഹോദരങ്ങളും പൊട്ടി. കൂട്ടുകാരും പൊട്ടി. ഗൾഫുകാരൻ അയൽക്കാരനും പൊട്ടി.
ഹോ! എന്തൊരാശ്വാസം! ഈ മലയാളി മനസ് വർക്കു ചെയ്യുന്നിടത്തോളം ആരും വിഷമിക്കണ്ട. കേരളം ഒ.കെ. യാണ് !

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.