SignIn
Kerala Kaumudi Online
Thursday, 25 April 2024 9.15 PM IST

ഖാദർ കമ്മിറ്റി റിപ്പോർട്ട് ; ചർച്ച ചെയ്യാതെ നീങ്ങരുത്

photo

ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗവും സർക്കാരിന് സമർപ്പിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തെ സംബന്ധിച്ച് സജീവമായ ഒരു പൊതുചർച്ചയ്ക്ക് കൂടി കേരളം തയ്യാറെടുക്കുകയാണ്.

വിദ്യാഭ്യാസ മേഖലയിലെ സമൂലപരിഷ്‌കാരത്തിന്റെ ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിനെ എതിർത്ത് പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു. അപ്രായോഗിക നിർദ്ദേശങ്ങളാണ് കമ്മിറ്റിയുടെ രണ്ടാംഘട്ട റിപ്പോർട്ടിലുള്ളതെന്നാണ് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ വാദം. രണ്ടാംഘട്ട റിപ്പോർട്ടിൽ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിലെ പ്രത്യേകതകളും ആവശ്യകതകളും പരിഗണിക്കാതെ തികച്ചും ഉപരിപ്ലവമായ നിർദ്ദേശങ്ങളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളതെന്നാണ് അസോസിയേഷന്റെ വിമർശനം. ഹയർ സെക്കൻഡറിയിൽ നിലവിലുള്ള നാല് കോർ വിഷയങ്ങൾ മൂന്നാക്കി ചുരുക്കുന്നതിനുള്ള ശുപാർശ പഠനത്തിന്റെ ആധികാരികതയെയും വിശാലമായ ഉപരിപഠന സാദ്ധ്യതയെയും ഇല്ലാതാക്കുമെന്നും മൂല്യനിർണയത്തിന് പകരം വിലയിരുത്തൽ സമീപനമെന്നത് ഉയർന്ന ക്ലാസുകളിൽ പ്രായോഗികമല്ല. പഠനമാദ്ധ്യമം മലയാളത്തിലേക്ക് മാറ്റണമെന്ന ശുപാർശയും ഉയർന്ന ക്ലാസുകളിൽ അശാസ്ത്രീയമാണെന്നും നേതാക്കൾ വിമർശിക്കുന്നു.

എന്താണ്

ഖാദർ കമ്മിറ്റി ?

രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസാവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ, പന്ത്രണ്ടാം ക്ലാസുവരെയുള്ള പൊതുവിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി, അവസരതുല്യത, ഗുണമേന്മ എന്നിവ ഉറപ്പുവരുത്താനും കൂടുതൽ മെച്ചപ്പെടുത്താനും ആവശ്യമായ സമഗ്രനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനാണ് സംസ്ഥാന സർക്കാർ ദേശീയതലത്തിൽ ഖ്യാതി നേടിയ വിദ്യാഭ്യാസ വിചക്ഷണൻ ഡോ. എം.എ.ഖാദർ അദ്ധ്യക്ഷനായി മൂന്നംഗ വിദഗ‌്ധസമിതി രൂപീകരിച്ചത്. എസ്‌.സി.ഇ.ആർ.ടി മുൻ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എൻ.സി.ഇ.ആർ.ടി.യിലും നാഷണൽ കരിക്കുലം ഫ്രെയിം വർക്കിന്റെ ദേശീയ സ്റ്റീയറിംഗ് കമ്മറ്റിയിലുമെല്ലാം സേവനമനുഷ്ഠിച്ചിരുന്നു. ജി. ജ്യോതിചൂഢൻ (നിയമവകുപ്പിൽ നിന്നും റിട്ടയർ ചെയ്ത സ്പെഷ്യൽ സെക്രട്ടറി), ഡോ. സി. രാമകൃഷ്ണൻ എന്നിവരാണ് മറ്റംഗങ്ങൾ.

രണ്ടാം ഭാഗത്തിലെ

നിരീക്ഷണങ്ങൾ

ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം സർക്കാരിന് സമർപ്പിച്ചെങ്കിലും ശുപാർശകൾ സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ലഭ്യമല്ല. ഈ സാഹചര്യത്തിൽ ആഴത്തിലുള്ളതും വിഷയാധിഷ്ഠിതവുമായ ഒരു വിശകലനം പ്രായോഗികമല്ല. പക്ഷേ, ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഠനം, അദ്ധ്യയനം, വിദ്യാർത്ഥികളുടെ അനുബന്ധ പ്രവർത്തനം എന്നിവ സംബന്ധിച്ച് കമ്മിറ്റിയുടെ ശുപാർശകൾ സംബന്ധിച്ചൊരു ചർച്ച സാദ്ധ്യമാണ്.

2009ലെ വിദ്യാഭ്യാസ അവകാശ നിയമം ഫലപ്രദമായി കേരളത്തിൽ നടപ്പാക്കണമെങ്കിൽ 12 വർഷം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തെ ഒറ്റഘടകമായി പരിഗണിക്കണമെന്ന് കമ്മിറ്റി സമർപ്പിച്ച ആദ്യ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ദേശീയ സാഹചര്യത്തേക്കാൾ ഏറെ വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി. കേരളത്തിൽ വിദ്യാർത്ഥികളുടെ പ്രായത്തിലുള്ള മഹാഭൂരിപക്ഷം പേരും സ്കൂളിലെത്തുന്നുണ്ട്. പേര് രജിസ്റ്റർ ചെയ്യുന്നവരിൽ ഏകദേശം എല്ലാവരും തന്നെ 12-ാം ക്ലാസ് വിദ്യാഭ്യാസവും പൂർത്തിയാക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം പരിഗണിച്ച് വിദ്യാഭ്യാസ അവകാശ നിയമം ഫലപ്രദമായി നടപ്പാക്കാൻ പ്ലസ് ടു വരെയുള്ള സ്കൂളിനെ ഒറ്റഘടകമായി പരിഗണിക്കണമെന്നാണ് സമിതിയുടെ നിലപാട്. വിദ്യാർത്ഥി കേന്ദ്രീകൃതമാവണം കേരളത്തിലെ സ്കൂളുകൾ എന്നതാണ് സമീപനം.

കേരളത്തിൽ സ്‌കൂളുകളുടെ അപര്യാപ്തത പരിഹരിക്കാൻ സാധിച്ചിട്ടുണ്ട്. കൂടാതെ തുടർപഠനം സാദ്ധ്യതകളും വർദ്ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇനി എല്ലാ വിദ്യാർത്ഥികൾക്കും നീതിയുക്തവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം. അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

സമയമാറ്റത്തിൽ

അഭിപ്രായ വ്യത്യാസം

ഖാദർ കമ്മിറ്റിയുടെ മറ്റൊരു പ്രധാന ശുപാർശ സ്‌കൂളിലെ പഠനസമയം ഉച്ചവരെ മതിയെന്നതാണ്. അക്കാഡമിക കാരണങ്ങളാൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ സ്‌കൂൾ സമയം 7.30 - 8.30നും ഇടയിലാണ് ആരംഭിക്കുന്നത്. ഒന്നു മുതൽ നാലുവരെ ലോവർ പ്രൈമറി തലത്തിൽ പഠനസമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ ആക്കാവുന്നതാണെന്നും. അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾക്ക് പ്രായത്തിന് അനുസരിച്ച് പാഠപുസ്തകത്തിൽ നിർദേശിച്ചിരിക്കുന്ന പഠനവസ്തുതകൾ സ്വാംശീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയുള്ള സമയം വിനിയോഗിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭൂമിശാസ്ത്രപരമായി ഏറെ സങ്കീർണതകൾ ഉള്ള കേരളം പോലൊരു സംസ്ഥാനത്ത് ഈ നി‌ർദ്ദേശങ്ങൾ നടപ്പാക്കുക എളുപ്പമല്ല. സമയമാറ്റം മതപഠനത്തെ ബാധിക്കുമെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു. കൂടാതെ യാത്രാ സൗകര്യം കുറഞ്ഞ മലയോര മേഖലയിലെ കുട്ടികൾക്കും ട്രൈബൽ മേഖലയിൽ നിന്ന് വരുന്ന കുട്ടികൾക്കും ഈ സമയക്രമം പാലിക്കാൻ കഴിഞ്ഞെന്ന് വരില്ല. മാത്രമല്ല, ഉൾനാടൻ മേഖലയിലെ കുട്ടികളെയും ദീർഘദുരങ്ങളിൽ നിന്ന് വരുന്ന അദ്ധ്യാപകരെയും ഈ സമയക്രമം സാരമായി ബാധിക്കും. അങ്ങനെവന്നാൽ, ഈ മേഖലയിൽ വലിയൊരു വേർതിരിവ് സൃഷ്ടിക്കപ്പെട്ടേക്കാം. വിദ്യാഭ്യാസ മേഖലയിലെ പുതുതലമുറ പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ അദ്ധ്യാപകരെ സജ്ജമാക്കുക എന്നതും പ്രധാനമാണ്. ആധുനിക സാങ്കേതികവിദ്യ അക്കാഡമിക മുന്നേറ്റത്തിന് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്ന തരത്തിൽ അദ്ധ്യാപകർ വളരണം. ഇതിനായി അദ്ധ്യാപക യോഗ്യതയിലും പരിശീലനത്തിലുമൊക്കെ വലിയ മാറ്റങ്ങൾ കമ്മിറ്റി നിർദേശിക്കുന്നുണ്ട്. പ്രാദേശികവും സാമൂഹികമായി ഉയർന്നുവരുന്ന ആശങ്കകൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും വിശദമായ ചർച്ചയിലൂടെ മാത്രമേ പരിഹാരം നിർദ്ദേശിക്കാൻ സാധിക്കുകയുള്ളൂ.

റിപ്പോർട്ടിന്റെ ഒന്നാം ഭാഗത്തെ നിർദ്ദേശങ്ങൾ

1) സ്‌കൂൾ വിദ്യഭ്യാസത്തെ മൂന്ന് ഘട്ടങ്ങളായി തിരിച്ചു, പ്രീ സ്‌കൂളും പ്രൈമറിയും സെക്കൻഡറിയും. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകൾ ലോവർ പ്രൈമറിയും പ്രൈമറിയും ആയിട്ടും എട്ട് മുതൽ 12 വരെയുള്ള ക്ലാസുകൾ ലോവർ സെക്കൻഡറിയും സെക്കൻഡറിയുമായിട്ടും തരംതിരിക്കണം.

2) നിലവിൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവയെ ഒന്നാക്കികൊണ്ട് സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് രൂപീകരിക്കണം.

3) അദ്ധ്യാപക യോഗ്യത പ്രൊഫഷണൽ നിലവാരത്തിലുള്ളതാകണം. പ്രൈമറിതലത്തിൽ (ഒന്നു മുതൽ ഏഴു വരെ) ബിരുദം അടിസ്ഥാന യോഗ്യതയാകണം. ബിരുദ നിലവാരത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും ആവശ്യമാണ്. സെക്കൻഡറി തലത്തിൽ ബിരുദാന്തര ബിരുദം അടിസ്ഥാന യോഗ്യതയും പ്രൊഫഷണൽ യോഗ്യത ബിരുദ നിലവാരത്തിലുള്ളതുമാകണം.

4) അഞ്ചാം ക്ലാസ് മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾക്ക് ശാസ്ത്രീയമായ കലാപരിശീലവും കായിക പരിശീലവും നൽകണം. കൂടാതെ, ഈ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ശാസ്ത്രീയമായ തൊഴിൽ പഠനത്തിലൂടെയുള്ള അനുഭവങ്ങൾ ലഭ്യമാക്കണം.

5) സ്‌കൂളുകളിലെ സ്ഥാപന മേധാവി പ്രിൻസിപ്പാൾ എന്നാണ് അറിയപ്പെടുക. പ്രിൻസിപ്പൽ (സെക്കൻഡറി), പ്രിൻസിപ്പൽ (ലോവർ സെക്കൻഡറി), പ്രിൻസിപ്പൽ (പ്രൈമറി), പ്രിൻസിപ്പൽ (ലോവർ പ്രൈമറി) എന്നിങ്ങനെയാണ് തസ്തികകൾ. എന്നാൽ ഒരു സ്‌കൂളിൽ ഒരു സ്ഥാപന മേധാവി മാത്രമേ ഉണ്ടാവുകയുള്ളു.12 ആം ക്ലാസുകൾ വരെയുള്ള സ്‌കൂളുകളിൽ സ്ഥാപന മേധാവിയെ സഹായിക്കാനായി വൈസ് പ്രിൻസിപ്പൽ കൂടി ഉണ്ടായിരിക്കണം.

6) മൂന്ന് വയസ് മുതൽ സ്‌കൂൾ വിദ്യാഭ്യാസം വരെ പ്രീസ്‌കൂളിംഗ് ലഭ്യമാക്കണം. പ്രീസ്‌കൂളിംഗിന് ഏകോപിത സംവിധാനം ഒരുക്കുകയും അംഗീകാരമില്ലാത്ത പ്രീസ്‌കൂൾ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾക്ക് എതിരെ നടപടിയെടുക്കുകയും വേണം. പ്രീസ്‌കൂളിംഗിനായി നയവും നിയമവും രൂപീകരിക്കുകയും സർക്കാർ ഏജൻസിയുടെ പങ്കാളിത്തമുള്ള റെഗുലേറ്ററി സംവിധാനം ഒരുക്കുകയും വേണം.

7) പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഒരു ഓഫീസിന് കീഴിലായതിനാൽ റെവന്യു ജില്ലാ തലത്തിൽ ജോയിന്റ് ഡയറക്ടർ ഓഫ് സ്‌കൂൾ എജ്യൂക്കേഷൻ ഓഫീസ് ഉണ്ടാകും.

8 ) നാഷണൽ സ്‌കിൽ ക്വാളിഫയിംഗ് ഫ്രെയിം വർക്കിന്റെ പശ്ചാത്തലത്തിൽ മുഴുവൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളും സെക്കൻഡറി സ്‌കൂളുകളായി മാറേണ്ടതാണ്.

9) ഭരണരംഗത്ത് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് വിദ്യാഭ്യാസ രംഗത്ത് കേരള എജ്യൂക്കേഷൻ സർവ്വീസ് എന്ന നിലയിൽ വികസിപ്പിക്കണം.

10) നിലവിലെ മൂന്ന് പരീക്ഷാഭവനുകളെ ഏകോപിപ്പിച്ച് ബോർഡ് ഒഫ് സ്‌കൂൾ എക്സാമിനേഷൻസ് കേരളം എന്ന് നാമകരണം ചെയ്യാം.

11) റവന്യു ജില്ലാതല വിദ്യഭ്യാസ ഓഫീസിന് കീഴിൽ സ്‌കൂൾ എജ്യൂക്കേഷൻ ഓഫീസ് ഉണ്ടാകണം. കൂടാതെ, മുഴുവൻ പഞ്ചായത്ത് ഓഫീസുകളിലും പഞ്ചായത്ത് എജ്യൂക്കേഷൻ ഓഫീസർമാരെ നിയമിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KHADAR COMMITTEE REPORT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.