SignIn
Kerala Kaumudi Online
Friday, 19 April 2024 6.39 PM IST

ഡി.സി.സി അദ്ധ്യക്ഷനാകാൻ കലാപം

dcc-kollam
കൊല്ലം ഡി.സി.സി ഓഫീസ്

സംസ്ഥാനത്തെ 14 ഡിസിസികളുടെയും പ്രസി‌ഡന്റുമാരെ മാറ്റി പുതിയ പ്രസിഡന്റുമാരെ നിശ്ചയിക്കാൻ നടപടികൾ പുരോഗമിക്കവെ കൊല്ലത്ത് കോൺഗ്രസിൽ കലാപം. നിലവിലെ പ്രസിഡന്റ് ബിന്ദുകൃഷ്ണയ്ക്ക് പകരക്കാരനാകാൻ ആഗ്രഹിക്കുന്ന അരഡസൻ പേരെങ്കിലുമുണ്ട് കൊല്ലത്ത്. അന്തിമ ലിസ്റ്റ് തയ്യാറാക്കാൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഇപ്പോൾ ഡൽഹിയിലാണെങ്കിലും കൊല്ലത്ത് കലാപം മൂക്കുകയാണ്.

കൊല്ലം ജില്ലാ കോൺഗ്രസിൽ കലാപം പുതിയ കാര്യമല്ലെന്നതു പോലെ നേതാക്കളെ പോസ്റ്ററിലൂടെ അപമാനിക്കുന്നതും പുത്തരിയല്ല. മുമ്പ് ബിന്ദുകൃഷ്ണയ്ക്കും ശൂരനാട് രാജശേഖരനും പി.സി വിഷ്ണുനാഥിനുമെതിരെ പോസ്റ്റ‌‌ർ വിപ്ലവം നടന്നിരുന്നു. ഇപ്പോൾ ഡി.സി.സി അദ്ധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പട്ട് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ക്കെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കെ.പി.സി.സി ജനറൽ സെക്രട്ടറിമാരിലൊരാളും ശാസ്താംകോട്ട മൈനാഗപ്പള്ളി സ്വദേശിയുമായ പി.രാജേന്ദ്രപ്രസാദിനെ കൊല്ലം ഡി.സി.സി അദ്ധ്യക്ഷനാക്കാൻ കൊടിക്കുന്നിൽ മുന്നിട്ടിറങ്ങിയതാണ് ചിലരെ ചൊടിപ്പിച്ചത്. പിന്നെ ഒട്ടും വൈകിയില്ല. കൊടിക്കുന്നിലിനെ അത്യന്തം മ്ളേച്ഛമായ പദങ്ങളിൽ വിശേഷിപ്പിക്കുന്ന പോസ്റ്ററുകൾ ഡി.സി.സി ഓഫീസ് വളപ്പിനുള്ളിലും നഗരത്തിലും പ്രത്യക്ഷപ്പെട്ടു. രാജേന്ദ്രപ്രസാദിനെതിരെയും ആക്ഷേപകരമായ പരാമർശങ്ങൾ പോസ്റ്ററിലുണ്ട്. അത്യാധുനിക സൗകര്യങ്ങളെല്ലാമുള്ള പുതിയ ഡി.സി.സി മന്ദിരം അടുത്തിടെയാണ് ഉദ്ഘാടനം ചെയ്തതെങ്കിലും സിസി ടിവി കാമറ ഇല്ലാത്തതിനാൽ പോസ്റ്ററിനു പിന്നിൽ ആരെന്ന് കണ്ടെത്താനായിട്ടില്ല.

തനിക്കെതിരെ മോശം ഭാഷയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ കൊടിക്കുന്നിൽ സ്വാഭാവികമായും പ്രകോപിതനായി. വ്യക്തിപരമായിത്തന്നെ കടന്നാക്രമിക്കുന്ന പോസ്റ്ററിനു പിന്നിൽ ചിലരെ അദ്ദേഹം സംശയിച്ചു. ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്ന ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവിയെത്തന്നെ കൊടിക്കുന്നിൽ സംശയിച്ചു. തന്റെ കൈകൾ ശുദ്ധമാണെന്ന് തെളിയിക്കാൻ സൂരജ് രവി മുന്നിട്ടിറങ്ങി. വിവാദ പോസ്റ്ററിനു പിന്നിലെ കൈകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സൂരജ് രവി സിറ്റി പൊലീസ് കമ്മിഷണർക്കും ഡി.ജി.പിക്കും പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡി.സി.സി ക്ക് വേണ്ടി ജനറൽ സെക്രട്ടറി ബി. തൃദീപ് കുമാറും കമ്മിഷണർക്ക് പരാതി നൽകി. ഡി.സി.സി ഓഫീസ് വളപ്പിനകത്തു തന്നെ പോസ്റ്റർ പതിച്ചതിനാൽ കള്ളൻ കപ്പലിൽ തന്നെയെന്ന് ഉറപ്പാണ്. പരാതിയിന്മേൽ പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമോ എന്ന് മാത്രമാണ് അറിയാനുള്ളത്.

സാദ്ധ്യത ആർക്കൊക്കെ ?

ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ബിന്ദുകൃഷ്ണയെ മാറ്റി പകരം ആളെ നിശ്ചയിക്കാൻ നീക്കം തുടങ്ങിയപ്പോൾ തന്നെ പ്രസിഡന്റാകാൻ കരുനീക്കം ശക്തമായിരുന്നു. അവസാനറൗണ്ടിൽ മൂന്ന് പേരുകളാണ് സംസ്ഥാന നേതൃത്വത്തിന്റെ മുന്നിലുള്ളതെന്നാണ് സൂചന. രാജേന്ദ്രപ്രസാദിനു പുറമെ മിൽമ മുൻ മേഖലാ ചെയർമാനും കെ.പി.സി.സി വിശാല എക്സിക്യൂട്ടീവ് അംഗവുമായ കല്ലട രമേശ്, കെ.പി.സി.സി ജനറൽ സെക്രട്ടറിയും രമേശ് ചെന്നിത്തലയുടെ ഉറ്റ അനുയായിയുമായ എം.എം നസീർ എന്നിവരാണ് സാദ്ധ്യതാ പട്ടികയിൽ. കൊല്ലത്ത് സാധാരണ ഈഴവ സമുദായാംഗത്തിനാണ് മുൻഗണന ലഭിക്കാറ്. അങ്ങനെയെങ്കിൽ കല്ലടരമേശിനോ രാജേന്ദ്രപ്രസാദിനോ ആകും സാദ്ധ്യത. കൂടാതെ പ്രസിഡന്റാകാൻ കച്ചകെട്ടി ഇറങ്ങിയവരിൽ ഐ.എൻ.ടി.യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കെ.പി.സി.സി ഭാരവാഹികളായ പുനലൂർ മധു, എ.ഷാനവാസ് ഖാൻ, തൊടിയൂർ രാമചന്ദ്രൻ തുടങ്ങിയവരൊക്കെയുണ്ട്. ശൂരനാട് രാജശേഖരനും ഒരുകൈ നോക്കാൻ രംഗത്തുണ്ടെങ്കിലും പിന്തുണയ്ക്കാൻ ആളില്ലാത്തതിനാൽ സാദ്ധ്യത തീരെയില്ലെന്നാണ് വിലയിരുത്തൽ. രാജേന്ദ്രപ്രസാദ് പാർട്ടിയിലെ ക്ളീൻ ഇമേജുള്ള ആളാണെങ്കിലും പ്രായം 70 ന് മുകളിലാണെന്നതാണ് സ്വന്തം പാർട്ടിയിലെ നേതാക്കളിൽ നിന്നുതന്നെ ആക്ഷേപവും പരിഹാസവും നേരിടേണ്ടി വരുന്നത്. പാ‌ർട്ടിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം രണ്ടു തവണ മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ഒരു തവണ ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന നേതാവാണ്. ഇപ്പോഴും സജീവ രാഷ്ട്രീയത്തിലുള്ള അദ്ദേഹത്തെ കണ്ടാൽ 70 കടന്നെന്ന് തോന്നുകയുമില്ല. കൊടിക്കുന്നിലിന്റെ വിശ്വസ്തനായ അദ്ദേഹം ഒരു ഗ്രൂപ്പിലും പെടാത്ത ആളായതിനാൽ പിന്തുണയ്ക്കാൻ കൊടിക്കുന്നിൽ അല്ലാതെ മറ്റാരുമില്ലെന്നതും ശ്രദ്ധേയമാണ്. രാജേന്ദ്രപ്രസാദിനായി കൊടിക്കുന്നിൽ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. രാജേന്ദ്രപ്രസാദിനെ പ്രസിഡന്റാക്കി പിൻസീറ്റ് ഭരണം നടത്തുകയാണ് കൊടിക്കുന്നിലിന്റെ ലക്ഷ്യമെന്നാണ് എതിർക്കുന്നവരുടെ പ്രധാന ആരോപണം.

കല്ലട രമേശിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്ന പ്രധാന ഘടകം അദ്ദേഹത്തിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായുള്ള അടുപ്പമാണ്. നേരത്തെ എ ഗ്രൂപ്പുകാരനായാണ് രമേശ് അറിയപ്പെട്ടിരുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രമേശിനെ കുണ്ടറ സീറ്റിലേക്ക് പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം പി.സി. വിഷ്ണുനാഥിന് നറുക്ക് വീഴുകയായിരുന്നു. എ ഗ്രൂപ്പിൽ നിന്ന് കാര്യമായ പിന്തുണ അന്ന് ലഭിയ്ക്കാതിരുന്നതിനെ തുടർന്നാണ് അദ്ദേഹം കെ.സുധാകരന്റെ അടുപ്പക്കാരനായി മാറിയത്.

ബിന്ദുകൃഷ്ണ

സംസ്ഥാന നേതൃത്വത്തിലേക്ക്

ജില്ലാ അദ്ധ്യക്ഷപദം ഒഴിയുമ്പോൾ കെ.പി.സി.സി യിൽ മാന്യമായ ഇടം ലഭിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ബിന്ദുകൃഷ്ണ. സംസ്ഥാനത്തെ ഏക വനിതാ ഡി.സി.സി പ്രസിഡന്റായ അവർക്ക് അർഹമായ സ്ഥാനം നൽകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. സംസ്ഥാന നേതൃത്വത്തിലേക്ക് പോയാലും കൊല്ലം കേന്ദ്രീകരിച്ചായിരിക്കും തന്റെ തുടർപ്രവർത്തനമെന്നും അവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DCC
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.