SignIn
Kerala Kaumudi Online
Friday, 19 April 2024 7.03 PM IST

'വൈറ്റ് കോളർ ബെഗ്ഗേഴ്സും " ഗുണ്ടാനേതാക്കളും

gunda-pirivu

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗം കൈക്കൂലിയും അഴിമതിയും നടത്തുന്നവരാണെന്നും അവരെ 'വൈറ്റ് കോളർ ബെഗേഴ്സ്" എന്ന് വിശേഷിപ്പിക്കുകയും ചെയ്തത് മന്ത്രി എം.വി ഗോവിന്ദനാണ്. രാഷ്ട്രീയ അഴിമതി അവസാനിപ്പിച്ചു കഴിഞ്ഞെന്ന് അവകാശപ്പെട്ട മന്ത്രി, ഉദ്യോഗസ്ഥ അഴിമതി കുറയ്ക്കുകയാണ് വേണ്ടതെന്ന് തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവരുടെ അവലോകന യോഗത്തിലാണ് അഭിപ്രായപ്പെട്ടത്.

മന്ത്രി തുടർന്നു പറഞ്ഞത് ഇങ്ങനെ - ' നമ്മുടെ സമൂഹത്തിനു തന്നെ അപമാനം സൃഷ്ടിക്കുന്ന നാണം കെട്ട ചിലയാളുകൾ ഈ സർവീസിന്റെ ഭാഗമായുണ്ട്. ഫയലുകളിൽ കുറിപ്പെഴുതി താഴേക്കും മേലേക്കും തട്ടിക്കളിക്കാൻ ഇനി അനുവദിക്കില്ല. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ പ്രാദേശിക സർക്കാരുകൾക്ക് സാധിക്കണം. അപേക്ഷകളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അപേക്ഷകരുടെ അടുത്തേക്ക് പോയി തിരുത്തൽ വരുത്താൻ ഉദ്യോഗസ്ഥർ തയ്യാറാകണം. അല്ലാത്തവർ നടപടി നേരിടേണ്ടി വരും.'

സിവിൽ സർവീസ് മേഖലയിൽ ഏറ്റവും ശക്തമാണ് സംഘടനകൾ. സാധാരണ ജീവനക്കാർക്കും ഓഫീസർ തലത്തിലുള്ളവർക്കും ശക്തമായ സംഘടനകളുണ്ട്. പൊലീസ് സേനയിൽ സംഘടനാ സ്വാതന്ത്ര്യമുള്ള ഏക സംസ്ഥാനം കേരളമാണ്. എപ്പോഴും ഭരണകക്ഷിയുടെ സംഘടനകളിലാകും അംഗബലം കൂടുതൽ. ഇഷ്ടമുള്ള സ്ഥലത്തേക്കും സ്ഥാനത്തേക്കും ഒരു ട്രാൻസ്‌ഫർ, സമയത്ത് പ്രൊമോഷൻ തുടങ്ങിയ കാര്യങ്ങളൊക്കെ നിശ്ചയിക്കുന്നത് സംഘടനാ നേതാക്കളാകും. ഇടതുപക്ഷ സംഘടനകൾക്കാണ് സംസ്ഥാനത്ത് മേൽക്കോയ്‌മയുള്ളത്. പിണറായി സർക്കാരിന് തുടർഭരണം കൂടി ലഭിച്ചതോടെ സംഘടനാബലം കൂടുതൽ ശക്തമായിട്ടുമുണ്ട്. സ്ഥലം മാറ്റമെന്ന ഡെമോക്ലിസിന്റെ വാളാണ് നേതാക്കളുടെ തുറുപ്പ് ചീട്ട്. ചില വകുപ്പുകളിൽ ഓഫീസർമാരുടെ സ്ഥലം മാറ്റം പോലും നിശ്ചയിക്കുന്നത് എൻ.ജി.ഓ സംഘടനാ നേതാക്കളാണ്. കൊല്ലത്തെ ഒരു ഇടത് എൻ.ജി.ഒ യൂണിയൻ നേതാവ് ജില്ലാ കളക്ടറെപ്പോലും വിരട്ടി കാര്യം സാധിക്കാൻ ശ്രമിച്ചുവെന്നത് സിവിൽ സ്റ്റേഷനിൽ പാട്ടാണ്.

ഏതെങ്കിലുമൊക്കെ പേരിൽ ജീവനക്കാരിൽ നിന്ന് പിരിവെടുത്ത് വൻ തുക സമാഹരിക്കുന്നതും സംഘടനകളുടെ പതിവാണ്. ഒരു ജീവനക്കാരനിൽ നിന്ന് 2000 മുതൽ 3000 രൂപ വരെ ഒരു വർഷം പിരിവായി വാങ്ങും. നേതാക്കളെ ഭയന്ന് ആരും മറുത്തൊരു വാക്ക് പറയില്ല. ഗസറ്റഡ് ഓഫീസർമാരുടെ സംഘടനകൾ സംഘടനാംഗങ്ങളിൽ നിന്ന് പതിനായിരം രൂപ വരെ ഫണ്ട് പിരിവ് നടത്തുന്നുണ്ട്. ഒന്നിച്ച് പണം കൊടുക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഗഡുക്കളായി തുക നൽകാനുള്ള സൗകര്യവും ഉണ്ട്. ഓരോ മാസവും ശമ്പളം ലഭിക്കുന്ന ദിവസം ഈ തുക നേതാക്കൾ കൃത്യമായി വാങ്ങിക്കൊള്ളും. ഇങ്ങനെ പിരിവെടുക്കുന്ന വൻ തുകയുടെ ഒരു ഭാഗം ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികൾക്കും ലഭിക്കുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. സംസ്ഥാനത്തെ ജീവനക്കാരിൽ നിന്നായി കോടികളാണ് ഇങ്ങനെ പിരിച്ചെടുക്കുന്നത്. പാർട്ടി പത്രത്തിന്റെ വാർഷികവരിക്കാരാക്കാനും സ്ഥലംമാറ്റുമെന്ന ഉമ്മാക്കി കാട്ടുന്ന സംഭവങ്ങളുമുണ്ട്.

എത്ര അഴിമതി കാട്ടിയാലോ കൈക്കൂലി വാങ്ങിയാലോ സംഘടനാ നേതാക്കൾ തങ്ങളെ സംരക്ഷിച്ചു കൊള്ളുമെന്നാണ് അഴിമതിക്കാരുടെ വിചാരം. ഒപ്പം നിൽക്കുകയും ചോദിക്കുമ്പോഴെല്ലാം പിരിവ് നൽകുകയും ചെയ്യുന്നവർ കൈക്കൂലി വാങ്ങിയാൽ സംഘടനകൾക്ക് കണ്ണടയ്ക്കാതെ നിവ‌ൃത്തിയില്ല. സംഘടനാ നേതാക്കളാകട്ടെ ഓഫീസുകളിൽ കൃത്യമായി വരികയോ ജോലിയെടുക്കുകയോ ചെയ്യാത്ത മുങ്ങൽ വിദഗ്ധരാണ്. സംഘടനാ പ്രവർത്തനത്തിന്റെ പേരിലാണ് ഈ മുങ്ങൽ. ജോലിക്ക് ഭംഗം വരാതെ സംഘടനാ പ്രവർത്തനം നടത്തണമെന്നാണ് സർവീസ് ചട്ടങ്ങളിൽ പറയുന്നതെങ്കിലും ആരും അത് പാലിക്കാറില്ല. നേതാക്കൾക്ക് അതത് രാഷ്ട്രീയ പാർട്ടികളുടെ തണലും സംരക്ഷണവും ലഭിക്കുന്നുവെന്നതും യാഥാർത്ഥ്യമാണ്. ഒരു ഓഫീസിൽ കൈക്കൂലി വാങ്ങാത്ത ഒന്നോ രണ്ടോ സത്യസന്ധരുണ്ടെങ്കിൽ അവർ മറ്റു ജീവനക്കാരുടെ മുന്നിൽ പരിഹാസ്യരാകുന്ന സംഭവങ്ങളുമുണ്ടെന്ന് ജീവനക്കാർ പറയുന്നു.

കോട്ടയം ഗാന്ധിജി യൂണിവേഴ്‌സിറ്റിയിലെ എം.ബി.എ സെക്‌ഷൻ അസിസ്റ്റന്റായിരുന്ന സി. ജെ എൽസിയെ വിജിലൻസ് പിടികൂടിയപ്പോൾ അവർ അതിനെ കൂസലില്ലാതെ നേരിട്ടരീതി കേരളം കണ്ടതാണ്. അവിടത്തെ ഇടത് യൂണിയൻ നേതാവായ എൽസി, താൻ ഉടനെ മടങ്ങി വരുമെന്നാണ് പറഞ്ഞത്. പത്തനംതിട്ട സ്വദേശിയായ വിദ്യാർത്ഥിയോട് എം. ബി.എ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും നൽകണമെങ്കിൽ ഒന്നരലക്ഷം രൂപയാണ് എൽസി ആവശ്യപ്പെട്ടത്. ഒന്നേകാൽ ലക്ഷം രൂപ ബാങ്കിലൂടെ അയച്ചു കൊടുത്തിരുന്നു. ബാക്കി തുകയ്ക്കായി നിർബന്ധിച്ചു കൊണ്ടിരുന്നപ്പോൾ വിജിലൻസിൽ അറിയിക്കുകയും വിദ്യാർത്ഥിയുടെ പക്കൽ നിന്ന് തുക ഏറ്റുവാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയുമായിരുന്നു. കാലിക്കറ്റ് സർവകലാശാലയിലും സമാന സംഭവമുണ്ടായി. കൈക്കൂലി കേസിൽ പിടിക്കപ്പെട്ട് സസ്പെൻഷനിലായാൽ ശമ്പളത്തിന്റെ 60 ശതമാനം കിട്ടും. കേസ് തീർപ്പാകാൻ വർഷങ്ങളെടുക്കും. ഒടുവിൽ ശിക്ഷിച്ചില്ലെങ്കിൽ സസ്പെൻഷൻ കാലയളവിലെ മുഴുവൻ ശമ്പളവും ലഭിക്കും. ശിക്ഷിച്ചാലും വലിയ കാര്യമില്ലെന്ന് ഇത്തരക്കാർക്കറിയാം. തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറിയായിരുന്ന ഒരാൾ കൈക്കൂലികേസിൽ അറസ്റ്റിലായി. അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് കോടതിയുടെ ശിക്ഷാവിധി വന്നത്. പെൻഷനിൽ നിന്ന് പ്രതിമാസം 200 രൂപ വീതം ഒരു നിശ്ചിത കാലയളവ് വരെ തിരിച്ചുപിടിക്കണമെന്നതായിരുന്നു ശിക്ഷ !

രാഷ്ട്രീയം അഴിമതി മുക്തമോ ?

സിവിൽ സർവീസിലെ സ്ഥിതി ഇതാണെങ്കിൽ രാഷ്ട്രീയക്കാരുടെ അഴിമതി ഇതിലും എത്രയോ വലുതാണ്. രാഷ്ട്രീയ അഴിമതി അവസാനിച്ചു കഴിഞ്ഞെന്ന് അവകാശപ്പെട്ട മന്ത്രി എം.വി ഗോവിന്ദന് ഇതൊന്നും അറിയില്ലേ എന്നാണ് സർവീസ് സംഘടനാ നേതാക്കളും പൊതുജനവും ചോദിക്കുന്നത്. സിവിൽ സർവീസിൽ അഴിമതി കൂടിയെങ്കിൽ അതിനുത്തരവാദികൾ രാഷ്ട്രീയ നേതൃത്വമാണെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളും നേതാക്കളും നൽകുന്ന പിൻബലമാണ് ജീവനക്കാർക്ക് അഴിമതി നടത്താൻ ധൈര്യം പകരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷം ഉയർത്തിയ അഴിമതികൾക്ക് കൈയ്യും കണക്കുമില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് തന്നെ ജയിലിൽ കിടക്കേണ്ടി വന്നു. ലൈഫ് പദ്ധതിയിലും കൊവിഡ് കാലത്ത് മരുന്നും മാസ്ക്കും പി.പി.ഇ കിറ്റും വാങ്ങിയതിലും അഴിമതി ആരോപണം ഉയർന്നെങ്കിലും വേണ്ടവിധം അന്വേഷണ വിധേയമാക്കാൻ പോലും സർക്കാർ തയ്യാറായില്ല. സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് ഭരണസമിതികൾ ഭൂരിപക്ഷവും സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ച് അഴിമതിയും ധൂർത്തും നടത്തുന്ന കാര്യം പരസ്യമായ രഹസ്യമാണ്. ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷന്മാരടക്കം മുന്തിയ ഔദ്യോഗിക വാഹനങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കുന്നു. അതേസമയം വില്ലേജ് ഓഫീസർക്കടക്കം ഒരു സൈക്കിൾ പോലും നൽകാൻ സർക്കാർ തയ്യാറാകാത്തതിൽ ജീവനക്കാർക്ക് കടുത്ത പ്രതിഷേധമുണ്ട്. കണ്ണൂർ ആന്തൂരിൽ വ്യവസായിയായ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആന്തൂർ നഗരസഭാ ചെയർപേഴ്‌സണും മന്ത്രിയുടെ ഭാര്യയുമായ പി.കെ ശ്യാമളയുടെ ഇടപെടലിനെക്കുറിച്ച് ആരോപണം ഉയർന്നിരുന്നു. കൺവൻഷൻ സെന്ററിന് അനുമതി നൽകാത്തതിൽ മനംനൊന്ത് സാജൻ ആത്മഹത്യ ചെയ്തെന്നായിരുന്നു ആരോപണം. താൻ ഉള്ളിടത്തോടം പ്രവാസിയുടെ സംരംഭത്തിന് അനുമതി നൽകില്ലെന്ന് നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമള പ്രഖ്യാപിച്ചതായി ആരോപണം ഉയർന്നെങ്കിലും കേസന്വേഷണം അവസാനിപ്പിച്ച് പൊലീസ് റിപ്പോർട്ട് നൽകി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാൽ നടത്തിയ ആത്മഹത്യയിൽ ആർക്കെതിരെയും പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ടിൽ പറഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.