SignIn
Kerala Kaumudi Online
Saturday, 20 April 2024 7.09 AM IST

ഉദ്യോഗസ്ഥരുടെ ടൂറും കഴുതകളുടെ കാത്തിരിപ്പും

opinion

മൂന്നാറിലെ തണുപ്പ് ആരെയാണ് മോഹിപ്പിക്കാത്തത്?. ഈ ചൂടുകാലത്ത് അങ്ങോട്ടൊരു യാത്ര പോകാൻ തോന്നിയാൽ തെറ്റുപറയാനാവില്ല. സർക്കാർ ഉദ്യോഗസ്ഥരായാലും അങ്ങനെ തന്നെ. മലകളും പുഴകളും കാടും അരുവികളും നിറഞ്ഞ മനോഹര സ്ഥലമാണ് കോന്നി. പക്ഷേ, തണുപ്പില്ല. റിസോർട്ടുകളില്ല. അതുകൊണ്ടാണ് മൂന്നാറിലേക്കൊന്ന് പോകാൻ കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ തീരുമാനിച്ചത്. മേലാളായ തഹസിൽദാർക്ക് മൂന്നാർ വലിയ ഇഷ്ടമാണ്. ഒരു മാസത്തിനുള്ളിൽ ഉദ്യോഗത്തിൽ നിന്ന് വിരമിക്കും. അതിനു മുൻപ് സഹപ്രവർത്തകരെ കൂട്ടി മൂന്നാർ കാണണം. ഓഫീസിലെ അറുപത്തൊന്നിൽ മുപ്പത്താറ് പേരും റെഡി. കുറച്ചുപേർ ലീവ് അപേക്ഷ നൽകി. മറ്റൊരു കൂട്ടർ നൽകിയില്ല. അവധി ദിവസമായ രണ്ടാം ശനിയാഴ്ച പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് തിരിച്ചെത്താനായിരുന്നു പ്ളാൻ.

എല്ലാത്തിനും സ്പോൺസർഷിപ്പ് കണ്ടത്തുന്നതിന് മിടുക്കുള്ളവരുണ്ട്. ടൂർ പോകാൻ വണ്ടിക്ക് സ്പോൺസറെ തേടി. സ്ഥലത്തെ പ്രധാന പാറമടക്കാരന് ടൂറിസ്റ്റ് ബസുണ്ട്. ഒറ്റ കോളിൽ ബസ് റെഡി. ശനിയാഴ്ച വണ്ടിയില്ല. വെള്ളിയാഴ്ച റെഡിയെന്ന് വാഹന ഉടമ. ഒരു ദിവസം നേരത്തേ പോയാൽ അന്ന് ജോലി ചെയ്യേണ്ടല്ലോ. ഇനി മൂന്നാറിലെ താമസത്തിന്റെ ചെലവിന്റെ കാര്യമാണ്. കോന്നി മെഡിക്കൽ കോളേജ് പരിസരത്തെ ഭൂമിക്ക് പൊള്ളുന്ന വിലയുണ്ട്. ഭൂമാഫിയ അവിടെ തമ്പടിച്ചിരിക്കുന്നു. റവന്യു ഭൂമി പതിച്ചെടുക്കാൻ അവർ കൈയേറിയിട്ടുണ്ട്. അത് അനുവദിച്ചു കൊടുക്കുന്നതിന് ഉപകാരസ്മരണയായി ഉദ്യോഗസ്ഥരുടെ എന്തു ചെലവും ഏറ്റെടുക്കാൻ മാഫിയ ക്യൂ നിൽക്കുകയാണ്. മൂന്നാർ അവർക്ക് മൂന്ന് രൂപ കാശിന്റെ വിലയേയുള്ളൂ. അങ്ങനെ ടൂറിന്റെ ചെലവെല്ലാം സെറ്റാക്കി. അവധിയെടുത്തവരിൽ പത്തൊൻപത് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഉല്ലാസയാത്രയ്‌ക്ക് തയ്യാറായത്. ബാക്കിയുള്ളവരെപ്പറ്റി ഒരു പിടിയുമില്ല. വെള്ളിയാഴ്ച പുലർച്ചെ എല്ലാവരും സ്വന്തം വാഹനങ്ങളിൽ താലൂക്ക് ഒാഫീസിലെത്തി. നേരെ മൂന്നാറിലേക്ക് വിട്ടു. അവിടെ ചെന്നപ്പോഴാണ് മൂന്നാർ യാത്ര നാട്ടിൽ പൊല്ലാപ്പായത്.

കൂടെ നടക്കുന്നവനെപ്പോലും വിശ്വസിക്കരുതെന്ന് പറയാറുണ്ട്. യാത്രപോയ കൂട്ടത്തിലൊരുവൻ കരിങ്കാലിപ്പണി കാണിച്ചു. ജീവനക്കാർ ടൂർ പോയതിനാൽ ഒാഫീസ് ശൂന്യമയിട്ടുണ്ടാകുമെന്ന് ഒരു ചാനലുകാരനെ വിളിച്ചുപറഞ്ഞു. വാർത്തകണ്ട ജനീഷ് കുമാർ എം.എൽ.എ നേരെ താലൂക്ക് ഒാഫീസിലേക്ക് പറന്നു. അവിടെക്കണ്ടത് ആളൊഴിഞ്ഞ കസേരകൾ. തഹസിൽദാർ മുതൽ പ്യൂൺ വരെയില്ല. ജീവനക്കാരില്ലാത്തതിനാൽ പൊതുജനം ബുദ്ധിമുട്ടുന്നതു കണ്ട് ചോരതിളച്ച എം.എൽ.എ തഹസിൽദാറെ ഫോണിൽ വിളിച്ച് തീപാറുന്ന ചോദ്യങ്ങളുതിർത്തു. റവന്യു മന്ത്രിയെ വിളിച്ച് ജീവനക്കാർക്കെതിരെ നടപടി ഉറപ്പാക്കി. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള തഹസിൽദാറുടെ കസേരയിൽ എം.എൽ.എ കയറിയിരിക്കാനും ഒാഫീസിലെ ജീവനക്കാരെ പരിശോധിക്കാനും പാടുണ്ടോ എന്ന പ്രത്യാക്രമണം ഏശിയില്ല.

ടൂർ സംഘത്തിൽ ഇടതനും വലതനും രണ്ടുമല്ലാത്തവനും ഉണ്ടായിരുന്നു. അതുകൊണ്ട് എം.എൽ.എയ്ക്കെതിരെ ജീവനക്കാർ ഒന്നടങ്കം അവകാശ പോരാട്ടത്തിന്റെ കൊടിയുയർത്തി. ജീവനക്കാരുടെ നടപടി തെറ്റെന്ന് പറഞ്ഞ നാവുകൊണ്ട് എം.എൽ.എ കാണിച്ചത് ഒാവർഷോ എന്നൊരു വെടിപൊട്ടിച്ചത് സി.പി.ഐയാണ്. വിഷയം ജില്ലാ കളക്ടറുടെയോ മന്ത്രിയുടെയോ ശ്രദ്ധയിൽ പെടുത്തുന്നതിന് പകരം എം.എൽ.എ ഒാവർ സ്മാർട്ടായി എന്നൊരു കുത്ത്. സി.പി.എം ഒട്ടും മടിച്ചില്ല, എം.എൽ.എയുടേത് ശരിയായ നടപടിയെന്നു പറഞ്ഞ് സംരക്ഷണ കവചമൊരുക്കി. ഭരിക്കുന്ന പാർട്ടിയുടെ എം.എൽ.എയുടെ മണ്ഡലത്തിലെ താലൂക്ക് ഒാഫീസിൽ ഇങ്ങനെയൊക്കെ സംഭവിക്കുന്നത് കണ്ട് അന്തം വിട്ടുനിന്നു പ്രതിപക്ഷ കക്ഷികൾ. ടൂർ സംഘത്തിൽ തങ്ങളുടെ പാർട്ടി അനുഭാവികളും പെട്ടതിനാൽ പ്രതികരണം സൂക്ഷിച്ചു മതിയെന്നും മേൽത്തട്ടിൽ നിന്ന് നിർദേശം വന്നതിനാൽ പ്രതിപക്ഷം പ്രസ്താവനയിൽ പ്രതിഷേധം ഒതുക്കി.

ടൂർ കോലാഹലം കെട്ടടങ്ങിയില്ലെങ്കിലും ചില കാര്യങ്ങൾ ഒാർമിപ്പിക്കുന്നുണ്ട്. സി.പി.എം ജീവനക്കാരുടെ സംഘടനയാണ് എൻ.ജി.ഒ യൂണിയൻ. കോൺഗ്രസിന് എൻ.ജി ഒ അസോസിയേഷനും സി.പി.ഐയ്ക്ക് ജോയിന്റ് കൗൺസിലും ബി.ജെ.പിക്കാർക്ക് എൻ.ജി.ഒ സംഘുമുണ്ട്. ഇവരുടയൊക്കെ ജില്ലാ, സംസ്ഥാന സമ്മേളനങ്ങൾ നടക്കുമ്പോഴും അവകാശങ്ങൾക്കായി ധർണകൾ നടത്തുമ്പോഴും സർക്കാർ ഒാഫീസുകളിലെ കസേരകളിൽ ആളുകളുണ്ടാകാറില്ല. രാവിലെ ഒാഫീസിലെത്തി ഹാജർ ബുക്കിൽ ഒപ്പിട്ട് സമ്മേളന വേദികളിലേക്ക് പായുന്നവരുണ്ട്. ഏതാനും മാസങ്ങൾക്കു മുൻപാണ്, ജീവനക്കാരുടെ സംഘടന കേന്ദ്രനയങ്ങൾക്കെതിരെ പോസ്‌റ്റ് ഓഫീസ് ധർണ നടത്തിയത്. രാവിലെ കളക്ടറേറ്റുകളിലും മറ്റും സർക്കാർ ഒാഫീസുകളിലും ജോലിക്കെത്തിയ ജീവനക്കാർ ഒപ്പിട്ടശേഷം വരിവരിയായി ജാഥനയിച്ചു പോയതിന്റെ ചിത്രങ്ങളും വീഡിയോകളും അഭിമാനത്തോടെ സൂക്ഷിക്കുന്നുണ്ട്. അന്ന് ഒാഫീസുകളിലെ ഒഴിഞ്ഞ കസേരകൾ കണ്ട് ഗർജിക്കാൻ ആരുമുണ്ടായില്ല. ഉച്ചവരെ ധർണയ്ക്കിരുന്ന ശേഷം വണ്ടികയറി വീട്ടിലെത്തുകയായിരുന്നു ജീവനക്കാർ. അന്നും പൊതുജനം ജീവനക്കാരെ പ്രതീക്ഷിച്ച് വൈകുവോളം സർക്കാർ ഒാഫീസുകളിൽ കാത്തിരുന്ന ചരിത്രമുണ്ട്. ഇതൊക്കെ ഇപ്പോൾ നാട്ടുനടപ്പ് പോലെയാണ്. കല്യാണമായാലും വിനോദയാത്രയായാലും മരണമായാലും പുതിയ വീടിന്റെ പ്രവേശനച്ചടങ്ങായാലും ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തു പോകും. അവരൊക്കെ അന്നുതന്നെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് വൈകുവോളം ഒാഫീസുകളിൽ കാത്തിരിക്കുമ്പോഴാണ് പൊതുജനം കഴുത എന്ന വിശേഷണത്തിന്റെ അർത്ഥം മനസിലാവുക. ജനങ്ങളുടെ ദാസൻമാരാണ് ഉദ്യോഗസ്ഥരെന്നും ഒാരോ ഫയലിലും ഒാരോ ജീവിതമുണ്ടെന്നും പറയുന്നത് കഴുതകളെ സുഖിപ്പിച്ചു നിറുത്താനുള്ള ഭംഗിവാക്കുകളാണ്. സഹികെട്ട് സർക്കാർ ഒാഫീസ് തീയിട്ടവരും അടിച്ചു തകർത്തവരും ഇപ്പോഴും കോടതികൾ കയറിയിറങ്ങുന്നുണ്ടാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KONNI TALUK OFFICE STAFF TRIP
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.