SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.16 AM IST

കരുത്ത് നൽകണം, കർഷകർക്ക്

krishi

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ചയാണ്. കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി നാൽപ്പത്തിനാല് പേർക്ക് അവാർഡ് ലഭിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ കർഷകർ വിവിധ അവാർഡുകളിൽ ഒന്നുംരണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൃഷിയിലും കാർഷികോത്‌പ്പന്നങ്ങളുടെ വിപണനത്തിലും മറ്റു ജില്ലകൾക്കൊപ്പം മുന്നേറിയിരുന്ന പത്തനംതിട്ട ഇക്കുറി വളരെ പിന്നിലായി. 'മരുന്നി'ന് മാത്രമായി ജില്ലയ്ക്ക് ഒരു അവാർഡ് ലഭിച്ചു. മട്ടുപ്പാവ് കൃഷിക്ക് മൂന്നാം സ്ഥാനം. മുൻവർഷങ്ങളിൽ ഒന്നിലേറെ അവാർഡുകൾ നേടിയവരാണ് ഇൗ ജില്ലക്കാർ. പക്ഷെ, എന്തുകൊണ്ട് ഇത്തവണ പിന്നിലായി എന്നതിന് കാര്യകാരണങ്ങൾ ചികയാൻ നോക്കിയിട്ട് ഒരിടത്തും എത്തുന്നില്ല. ചുരുക്കത്തിൽ പറയാൻ ഒറ്റ ഉത്തരമേയുള്ളൂ, ഇത്തവണ കൃഷി മോശമായിരുന്നുവെന്ന്. കൃഷിവകുപ്പ് അധികൃതർ നൽകുന്ന ഇൗ വിശദീകരണം ശരിയാണ്. കൃഷി മോശമായതുകൊണ്ടാണ് അവാർഡുകൾ കിട്ടാതിരുന്നത്. എന്തുകൊണ്ട് മോശമായി എന്ന് ചാേദിച്ചാൽ കാലാവസ്ഥയാണ് പ്രതിക്കൂട്ടിൽ. പ്രളയം ജില്ലയെ വല്ലാതെ മുക്കിക്കളഞ്ഞു. കാർഷികവിളകൾ അഴുകി നശിച്ചു. നെൽകൃഷിയെയടക്കം പ്രളയം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. അടുത്ത തവണ ജില്ലാ മുന്നേറുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം. കനത്ത മഴയിലെ കിഴക്കൻ മലവെള്ളപ്പാച്ചിൽ ജില്ലയുടെ കാർഷിക മേഖലയിലേക്കാണ് ഒഴുകിക്കയറിയത്. കൃഷിഭൂമികൾ ജലസംഭരണികളായി.
കാർഷിക അവാർഡുകൾ പ്രഖ്യാപിക്കുന്നതിന് മുൻപ് കൃഷിവിദഗ്ദ്ധരുടെ സംഘം കൃഷിമേഖലകൾ സന്ദർശിക്കാറുണ്ട്. അവാർഡിനായി ഒാരോ ജില്ലയിൽ നിന്നും ശുപാർശ ചെയ്യപ്പെട്ട കർഷകരുടെ കൃഷിഭൂമിയാണ് നോക്കിക്കാണുന്നത്. പത്തനംതിട്ട ജില്ലയിൽ നിന്ന് എട്ട് കർഷകരെയാണ് ജില്ലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ അവാർഡിനായി ശുപാർശ ചെയ്തത്. വിദഗ്ദ്ധസംഘം ഇവരുടെ കൃഷിഭൂമികൾ സന്ദർശിച്ചപ്പോൾ അവാർഡ് ലഭിക്കുന്നതിനുള്ള മാർക്ക് ലഭിച്ചില്ല.

കഴിഞ്ഞ നവംബറിൽ വിദഗ്ദ്ധസംഘം ജില്ലയിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ പ്രളയത്തിൽ നശിച്ചുപോയ കൃഷിയാണ് കണ്ടത്. ഒടിഞ്ഞുവീണ വാഴകളും അഴുകിയ പച്ചക്കറികളുമാണ് ഉണ്ടായിരുന്നത്. കൃഷിഭൂമിയിൽ നിന്ന് വെള്ളം വലിഞ്ഞശേഷം രണ്ടും മൂന്നും തവണ കർഷകർ കൃഷി ചെയ്തെങ്കിലും പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല.

നിരാശ വേണ്ട, ആത്മവിശ്വാസം മതി

സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പത്തനംതിട്ട ജില്ല പിന്നിലായത് കൃഷിക്കാരെയും കൃഷിവകുപ്പ് ഉദ്യോസ്ഥരെയും നിരാശയിലാക്കി. മട്ടുപ്പാവ് കൃഷിക്ക് മൂന്നാം സ്ഥാനം മാത്രമാണ് ജില്ലയ്ക്ക് ലഭിച്ചത്. പച്ചക്കറി കർഷകയായ അയിരൂർ കൈതകൊടിയിൽ കോയിക്കൽ വീട്ടിൽ പ്രിയ പി.നായരാണ് ജില്ലയിലെ ഏക അവാർഡ് ജേതാവ്. അദ്ധ്യാപികയാണ്.

മുൻ വർഷങ്ങളിൽ ശരാശരി ഇരുപത് അപേക്ഷകൾ ജില്ലയിൽ നിന്ന് അവാർഡുകൾക്കായി ശുപാർശ ചെയ്യപ്പെട്ടിരുന്നതാണ്. കൊവിഡ് ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും കർഷകർ കൃഷികളിൽ വ്യാപൃതരായിരുന്നു. കൃഷി മെച്ചപ്പെട്ടു വരുന്നതിനിടയിലാണ് കനത്ത മഴയിൽ പ്രതീക്ഷിക്കാത്ത മേഖലകളിലും വെള്ളം കയറിയത്.

മികച്ച കൃഷി ഒാഫീസർമാരും ജില്ലയിൽ നിന്ന് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടില്ല. ഗ്രൂപ്പ് ഫാമിംഗ്, മികച്ച കർഷകൻ / കർഷക, വിദ്യാർത്ഥി കർഷകൻ, യുവകർഷകൻ തുടങ്ങിയ വിഭാഗങ്ങളിലാണ് സംസ്ഥാനത്തൊട്ടാകെ കർഷക അവാർഡ് ലഭിച്ചത്.

അടുത്ത വർഷം ജില്ലയിലെ കർഷകർ മുന്നിലെത്തുമെന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ വെറുംവാക്കുകളായി തള്ളിക്കളയേണ്ടതില്ല. കൃഷി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായങ്ങൾ എത്തിക്കുന്നതിനുമായി ഉദ്യോഗസ്ഥർ വലിയ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് മുൻ വർഷങ്ങളിൽ ജില്ലയിൽ നിന്ന് മികച്ച കൃഷി ഒാഫീസർമാർ അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കർഷക കൂട്ടായ്മകൾ മികച്ച പ്രവർത്തനങ്ങളും നടത്തിവരുന്നുണ്ട്. ബ്രാൻഡഡ് അരി വിപണിയിലെത്തിച്ച കൊടുമൺ റൈസ് നെല്ലും പച്ചക്കറികളും പഴങ്ങളും കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറികളും മുട്ടയും പാലും പുളിയും മറ്റ് കാർഷികോത്പന്നങ്ങളുമായി മെഴുവേലി ഗ്രീൻ കൾച്ചർ സജീവമാണ്. നേന്ത്രവാഴ, പച്ചക്കറി വിഭവങ്ങളുമായി റാന്നി സമൃദ്ധിയും കൃഷിയെ സമ്പന്നമാക്കുന്നു.

ഒപ്പം നിൽക്കണം ഉദ്യോഗസ്ഥർ

കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നതിന് കൃഷി ഉദ്യോഗസ്ഥർ രംഗത്തുവരാറുണ്ട്. നൂതന കൃഷിരീതികൾ പരീക്ഷിക്കുന്നതിന് കർഷകർക്കൊപ്പം ഉദ്യേഗസ്ഥരും കൂടാറുണ്ട്. സംസ്ഥാനത്തിന്റെ വടക്ക് കിഴക്കൻ അതിർത്തി ജില്ലകളിൽ മാത്രം കൃഷി ചെയ്തിരുന്ന സവാളയും ചെറിയ ഉള്ളിയും കാരറ്റും പത്തനംതിട്ടയിലെ വയലുകളിൽ കൃഷി ചെയ്യുന്നവരുണ്ട്. കുടുംബശ്രീകളുടെ കൃഷി സംരംഭങ്ങൾ വേറെയുമുണ്ട്. കൊവിഡിൽ ജോലി നഷ്ടമായി തിരികെയെത്തിയ പ്രവാസികളും യുവാക്കളും കാർഷിക മേഖലയിൽ സജീവമാണ്.

കൃഷി ചെയ്യാൻ മനസുള്ള ഒരു ജനതയും വളക്കൂറുള്ള മണ്ണും ഇവിടെയുണ്ട്. ജലസ്രോതസുകളും തണ്ണീർത്തടങ്ങളും സുലഭം. സർക്കാരിന്റെ പിന്തുണ കൂടി കിട്ടുമ്പോൾ കൃഷി വികസിക്കുകയും വിപണികൾ ഉണരുകയും ചെയ്യും. കൃഷിയിൽ സ്വയം പര്യാപ്തത ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നേറിയാൽ കർഷക അവാർഡുകൾ വഴിയേ വന്നുകൊള്ളും. അടിസ്ഥാന സൗകര്യങ്ങളൊരാക്കി ആത്മവിശ്വാസം പകരാൻ സർക്കാർ കൂടെയുണ്ടെങ്കിൽ കാർഷികലോകം സമ്പന്നമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KRISHI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.