SignIn
Kerala Kaumudi Online
Friday, 19 April 2024 12.45 PM IST

സ്‌നേഹാഗ്നിയിൽ സ്നാനം ചെയ്ത കവി

kumaran

സ്നേഹഗായകനായ മഹാകവി കുമാരനാശാന്റെ 150-ാം ജന്മദിനം ഇന്ന്

............................................................................

തുഞ്ചത്തെഴുത്തച്ഛനു ശേഷമുള്ള മലയാള കാവ്യചരിത്രം പരിശോധിച്ചാൽ ആശാനു സമനായി ആശാനെയല്ലാതെ കണ്ടെത്താനാവില്ല. ജീർണാന്ധകാരത്തിന്റെ ഒരു നീണ്ടഘട്ടം അവസാനിപ്പിച്ചുകൊണ്ട് തെളിഞ്ഞുവന്ന വിളക്കാണ് ആ കാവ്യ വ്യക്തിത്വം.

പ്രത്യക്ഷത്തിൽ എ.ആർ. രാജരാജവർമ്മയ്‌ക്കു വേണ്ടി ആശാൻ പറഞ്ഞുവച്ച ഒരു വിശേഷണമുണ്ട് 'സാഹിതീലോകത്തിന്റെ ദുഷിച്ചുപോയ രുചിയെ പ്രത്യാനയിപ്പാൻ വന്ന വ്യക്തി' - ഈ വിശേഷണം തന്നെയാണ് ആശാന്റെ കാവ്യദർശനത്തിനും ഇണങ്ങുന്നത്.

തുഞ്ചന്റെ പൈതൃകം അന്യാധീനപ്പെടുകയും കാവ്യസപര്യ കേവലം പച്ച ശൃംഗാരശ്ലോകങ്ങൾ ചമച്ചു നേരംപോക്കിനുള്ള വിനോദോപാധിയായി ജീർണിക്കുകയും ചെയ്ത ഘട്ടത്തിലാണ് ആശാൻ ഒരു നൂതന ഭാവുകത്വത്തിന് പിറവി കുറിച്ചുകൊണ്ട് രംഗത്തു വരുന്നത്. അത് സാഹിതീലോകത്തിന്റെ ദുഷിച്ചുപോയ രുചിയെ പ്രത്യാനയിക്കൽ തന്നെയായിരുന്നെന്ന് മലയാള കാവ്യസരണിയുടെ പിൽക്കാല ഗതി തെളിയിച്ചു.

അഗ്നിശുദ്ധിയാർന്ന കാവ്യദർശനം വിളയിച്ചെടുത്ത കവിയായിരുന്നു ആശാൻ. ഈ ദർശനം നവനവോന്മേഷശാലിയായ നൂതന ഭാവുകത്വത്തിനൊപ്പം മനസ്സിനോടു മനസ്സ് സംവദിക്കുന്ന കാവ്യശാഖയ്ക്കും നാന്ദികുറിച്ചു. കലയെയും കവിതയെയും കുറിച്ചുള്ള തന്റെ സങ്കല്പം ആശാൻ ഒരു ചെറുകവിതയിൽ വെളിവാക്കിയിട്ടുണ്ട്.

'ഏകാന്തം വിഷമമൃതാക്കിയും; വെറും
പാഴാകാശങ്ങളിൽ അലർവാടിയാരചിച്ചും

ലോകാനനുഗ്രഹപരയായെഴുംകലേ നിൻ
ശ്രീകാൽത്താരിണയടിയങ്ങൾ കുമ്പിടുന്നു.'

എന്നതാണ് ആ കവിത. ഏകാന്തമാകുന്ന വിഷത്തെ അമൃതും വന്ധ്യാകാശങ്ങളെ പൂവാടിയുമാക്കി മാറ്റുന്ന അഭൗമമായ അനുഭൂതി വിശേഷമായിരുന്നു അദ്ദേഹത്തിന് കവിത. അനശ്വരമാവുന്ന സഹജാത സ്‌നേഹമെന്ന മാനുഷ്യകത്തിന്റെ മൂല്യസത്തയായി അദ്ദേഹത്തിനു കവിത.


ഇന്ദ്രിയനിഗ്രഹം സാധിച്ച യോഗിവര്യനെപ്പോലെ കാവ്യ ജീവിതമാരംഭിച്ച കുമാരനാശാൻ ആത്മീയതയിൽ നിന്ന് അതിലെ മൂല്യങ്ങൾ നിലനിറുത്തിക്കൊണ്ട് കവിതയിലൂടെ സഞ്ചരിച്ചെത്തിയത് ഐഹിക ജീവിതത്തിന്റെ മാനുഷ്യകത്തിലേക്കാണ്.

പ്രപഞ്ചത്തിന്റെ നിസ്സാരതയിലും നിയതിയുടെ സർവസംഗ്രാഹകത്വത്തിലും വിശ്വാസമർപ്പിച്ച വേദാന്തിയായിരുന്ന ആശാന് ഇഹലോക ജീവിതത്തിന്റെ സാർത്ഥകതയെക്കുറിച്ച് പാടിത്തീർക്കാനാവാത്തത്ര എഴുതാനെങ്ങനെ കഴിഞ്ഞു!

ഇഹലോക ജീവിതത്തിന്റെ നൈഷ്ഫല്യത്തെക്കുറിച്ച് വ്യാകുലപ്പെടുകയും ഇന്നീ കാണുന്നതെല്ലാം കേവലമായ മായാപ്രകടനങ്ങളാണെന്നു മനസ്സിലുറപ്പിച്ച് അവയിൽ ഭ്രമിക്കാതിരിക്കുകയും ചെയ്ത കവിക്ക് രുദിതാനുസാരിയായ, മനുഷ്യകഥാനുഗായിയായ കവിയായി മാറാൻ, സമൂഹത്തെത്തന്നെ ഉടച്ചുവാർക്കുന്ന ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും പോലുള്ള കവിതകൾ രചിക്കാൻ എങ്ങനെ കഴിഞ്ഞു?

പ്രത്യക്ഷത്തിൽ വൈരുദ്ധ്യമാർന്നതെന്നു തോന്നുന്ന ഇതേ നിലപാടുകൾ സത്യത്തിൽ പരസ്പരപൂരകങ്ങളായിരുന്നു. ഒന്നു മറ്റൊന്നിലേക്ക് ചെന്നു ലയിക്കുകയായിരുന്നു. ആശാന്റെ ആദ്ധ്യാത്മികത മോക്ഷപ്രാപ്തിക്കു വേണ്ടിയുള്ള സ്വാർത്ഥ പ്രാർത്ഥനയായിരുന്നില്ല. മറിച്ച് മനസ്സിനെയും ജീവിതത്തെയും സ്ഫുടംചെയ്യുന്നതിനുള്ള ജ്വാലയായിരുന്നു.

ഇന്ദ്രീയാനുഭൂതികൾക്കപ്പുറമുള്ള ആദ്ധ്യാത്മികാനുഭൂതിയായി ആശാൻ കണ്ടത് ഭൗതികോൽക്കർഷങ്ങൾക്കെല്ലാം അതീതമായ മനസിന്റെ സംശുദ്ധിയിലേക്കുള്ള ഉൽക്കർഷത്തെയായിരുന്നു. സ്വാർത്ഥജീവിതത്തെ പരാർത്ഥജീവിതമാക്കി മാറ്റുന്നതും ശരീരം എന്ന ബാഹ്യസത്യത്തിനപ്പുറം മനസ്സന്നെ, സ്‌നേഹമെന്ന ആന്തരമായ സത്യമുണ്ടെന്നു കണ്ടെത്തുന്നതുമായിരുന്നു ആശാന്റെ അദ്ധ്യാത്മികത.

അതുകൊണ്ടുതന്നെയാണ് ആശാന്റെ ജീവിതകാവ്യ നിലപാടുകൾ പലതും പ്രത്യക്ഷത്തിൽ പരസ്പരവിരുദ്ധങ്ങളായതും. ആശാന്റെ ആദ്ധ്യാത്മികത മൃത്യുപാസനയിലേക്കോ മോഹഭംഗത്തിലേക്കോ സർവനിഷേധത്തിലേക്കോ മുതലക്കൂപ്പു കുത്തുന്ന ആന്ധ്യമായിരുന്നില്ല, മറിച്ച് അകർമ്മണ്യതയിൽ നിന്ന് കർമ്മധീരതയിലേക്കും സുഷുപ്തിയിൽ നിന്ന് ജാഗ്രതയിലേക്കും ഇരുളിൽ നിന്നു വെളിച്ചത്തിലേക്കും അസത്തിൽ നിന്നു സത്തിലേക്കും കാലത്തെ കൈപിടിച്ചുയർത്തുന്ന പ്രകാശത്മകത്വമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ജീവിതത്തെ ജീവിതകാലത്തുതന്നെ ശുദ്ധീകരിക്കുന്ന സ്‌നേഹാഗ്നി സ്നാനം.

കേവലമായ സ്‌തോത്ര കൃതികളുടെ ഭക്തിപാരവശ്യത്തിൽ നിന്ന് ആശാന്റെ കവിത ക്രമാനുഗതമായി ജീവിതഗന്ധിയായ ദാർശനിക കാവ്യതലങ്ങളിലേക്കു വളരുകയായിരുന്നു.

'ആലമുണ്ടഴലുപോലെമായയിൽ
മാലുകൊണ്ടുമതിയുംമയങ്ങി ഞാൻ
കാലുതന്നു കനിയുന്നതെന്നു നീ
വേലുമേന്തിവിലസുന്ന ദൈവമേ'


എന്ന മട്ടിലുള്ള ഭക്തിവിലാപങ്ങളിൽ നിന്ന് ജീവിതത്തിന്റെ പൊള്ളുന്ന ദർശനസത്യങ്ങൾ ഉൾച്ചേർന്ന ചിന്താവിഷ്ടയായ സീതയിലേക്കും വീണപൂവിലേക്കുമൊക്കെ ആശാന്റെ കാവ്യചേതന വളർന്നത് ഭക്തിപാരവശ്യം കൊണ്ടോ നിയതാർത്ഥത്തിലുപയോഗിക്കുന്ന ആദ്ധ്യാത്മികത്വം കൊണ്ടോ അല്ല. മറിച്ച് മാനുഷ്യകത്തോടുള്ള പക്ഷപാതിത്വവും ജീവിതത്തോടുള്ള പ്രതിബദ്ധതയും കൊണ്ടായിരുന്നു.


അന്യജീവനുതകി സ്വജീവിതം ധന്യമാക്കും അമലേ വിവേകികളെന്നും (കരുണ), 'ദൃഢരാഗബന്ധമേ, പരഭയമതിൽ നിന്നുജീവിതം
കരയണയിക്കുമദൃശ്യബന്ധു നീ (ലീല) എന്നും എഴുതുമായിരുന്നില്ല. സ്വാർത്ഥത്തെ പരാർത്ഥസ്‌നേഹമായും വന്യകാമത്തെ മനസ്സിന്റെ ഉദാത്തമായ അനുരാഗ വിശുദ്ധിയായും ഭക്തിയെ ദുഃഖാവസ്ഥകളിൽ നിന്നുള്ള വിമുക്തിക്കുവേണ്ടി തുറന്നുകിടന്ന സത്യനിഷ്ഠമല്ലാത്തതെങ്കിലും ആശ്വാസദായകമായ ഒരു അനുഭൂതിവിശേഷമായും മാറ്റിയ വിസ്മയകരമായ എന്തോ ഒന്നായിരുന്നു ആശാന് അദ്ധ്യാത്മികത.


ഈ വിധത്തിലുള്ള ചതുരശ്ര ശോഭിയായ അഗ്നിദർശനം ഉൾക്കൊണ്ട മഹാകവിയുടെ രചനകൾക്ക് ഉൾത്തുടിപ്പും അകക്കരുത്തും നല്കിയത് സമസ്ത സമസ്യഷ്ടികളോടുമുള്ള സ്‌നേഹാതിരേകമാണ്. സ്‌നേഹത്തിന്റെ അദൃശ്യകരങ്ങൾ സമസ്ത ജീവചൈതന്യങ്ങളെയും സമാശ്ലേഷിച്ച് നില്ക്കുന്നതായി ആശാനറിഞ്ഞു. ഈ മൂല്യവിശേഷമാണ് ആശാനെ സ്‌നേഹഗായകനെന്ന വിശേഷണത്തിനു യോഗ്യനാക്കിയത്. കാമുകനു കാമുകിയോടു തോന്നുന്ന സ്‌നേഹം മുതൽ വിശ്വസ്‌നേഹംവരെ അദ്ദേഹത്തിന്റെ തൂലികയിലുറവിട്ടു. അനാഥമാവുന്ന സ്‌നേഹം ജീവിതത്തെ നിരർഥകമാക്കുമെന്ന് അദ്ദേഹമറിഞ്ഞു. എത്ര പാടിയാലും മതിവരാത്ത ഒരു ഗീതമായി ആശാന് സ്‌നേഹം. സ്‌നേഹത്തിന്റെ മഹനീയതയെ വാഴ്ത്തുന്ന വരികളടങ്ങാത്ത ഒരു കൃതിപോലും ആശാൻ എഴുതിയിട്ടുണ്ടാവില്ല.

സ്‌നേഹത്തെക്കുറിച്ചുള്ള ആശാന്റെ ഗീതങ്ങൾ സമാഹരിച്ചാൽ അത് ആശാൻ കൃതികളുടെ സമ്പൂർണ സമാഹാരത്തിന്റെ പരിച്ഛേദമാകും. ഈ സ്‌നേഹഗീതികൾ മാത്രം മതി ആശാൻ ലോകജീവിത വിരക്തിയുടെ കവിയല്ലെന്നു സാക്ഷ്യപ്പെടുത്താൻ; ആശാന്റെ ആദ്ധ്യാത്മികത ഇഹലോക ജീവിതനിഷേധമല്ലെന്നു തെളിയിക്കാൻ. ആശാന്റെ ലീലയും കരുണയും നളിനിയുമെല്ലാം സ്‌നേഹത്തിന്റെ അനർഗള ധാരയാണ്.


ആശാന്റെ കാവ്യസംസ്‌കാരത്തിന് മൃദുത്വവും നൈർമ്മല്യവും നൽകിയ മൂല്യവിശേഷം സ്‌നേഹമാണെങ്കിൽ, തീക്ഷ്‌ണതയും നിശിതത്വവും പകർന്നത് അദ്ദേഹത്തിന്റെ സാമൂഹ്യനിലപാടുകളാണ്. സഹജാതരുടെ ദുഃഖം അദ്ദേഹത്തിനു സ്വന്തം ദുഃഖമായി. അവരുടെ രോഷം അദ്ദേഹത്തിന്റെ രോഷമായി. സമൂഹവുമായുള്ള ഈ നാഭീനാളബന്ധം ആശാനെ വിഗ്രഹഭഞ്ജകനായ കവിയാക്കിമാറ്റി.

സ്ഥിതവ്യവസ്ഥയുടെ വരേണ്യബിംബങ്ങൾ തകർക്കുന്ന വിപ്ലവകാരിയായ കവിയാക്കി ആശാനെ മാറ്റിയത് അദ്ദേഹം ജീവിച്ച സമൂഹമാണ്. എസ്റ്റാബ്ലിഷ്‌മെന്റിന്റെ ജഡജീർണമായ മൂല്യസങ്കല്പങ്ങൾക്കു നേർക്ക് കൊടുങ്കാറ്റായി അടിച്ചുകയറിയ ആ കാവ്യമനഃസാക്ഷി ആദർശാത്മകമായ പുതുയുഗപ്പിറവിക്കായുള്ള നന്മയുടെ വിത്തുകൾ വിതച്ചു.

ഉച്ചനീചത്വവും വർണവേർതിരിവുകളും ചാതുർവർണ്യ അനാചാരങ്ങളും കൊണ്ട് ജീർണിച്ച ഒരു സാമൂഹ്യാവസ്ഥയിലായിരുന്നു ആശാൻ ജീവിച്ചത്. നിസ്സംഗ നിരീക്ഷകനായി മാറിനിൽക്കാനായിരുന്നില്ല മറിച്ച് സമൂഹസ്ഥിതിയിൽ പരിപൂർണമായി ആമഗ്നനാവാനായിരുന്നു ആശാന് താത്‌പര്യം. അതുകൊണ്ടാണ്,
'മാറ്റുവിൻ ചട്ടങ്ങളെ സ്വയം; അല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ'
എന്ന് സ്ഥിതവ്യവസ്ഥയുടെയും അതിന്റെ രക്ഷാസൈനികരുടെയും മുഖത്തടിക്കുംപോലെ കാലത്തിന്റെ വക്താവായി പ്രവചനസമാനമായ ദീർഘദർശിത്വത്തോടെ പറയാൻ ആശാനു കഴിഞ്ഞത്. ഈ നിർഭയത്വമാണ് സാമൂഹ്യാവസ്ഥയിലും കാവ്യാവസ്ഥയിലും ഒരുപോലെ നടുക്കം സൃഷ്ടിച്ച് ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും എഴുതാൻ ആശാന് കരുത്തും കരളുറപ്പും നൽകിയത്.

ആദർശാത്മകമായ ഒരു മാനവജീവിത വ്യവസ്ഥിതി സാക്ഷാത്ക്കരിക്കാൻ വേണ്ടിയുള്ള അടങ്ങാത്ത അഭിവാഞ്ഛയുടെ സന്തതികളായിരുന്നു ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. മലയാളസാഹിത്യത്തിലും കേരളീയ സമൂഹത്തിലും ഒരുപോലെ ഈ കൃതികൾ വിപ്ലവം കുറിച്ചു , പുതിയൊരു സാമൂഹ്യനവോത്ഥാനത്തിന് നാന്ദികുറിച്ചു. കേവലമായ സ്‌തോത്ര കൃതികളിലാരംഭിച്ച കാവ്യജീവിതമാണ് സമൂഹത്തെ ഉടച്ചുവാർക്കുന്ന കൊടുങ്കാറ്റായി പരിണമിച്ചത്. അതിനിശിതമായ ജഗന്മിഥ്യാവാദമാണ് തീക്ഷ്‌ണതീവ്രമായ ജീവിതസങ്കീർത്തനമായി പരിസമാപിച്ചത്. ആശാന്റെ വ്യക്തിസത്തയിലും കാവ്യസത്തയിലുമുണ്ടായ ഈ രാസപരിണാമം സമൂഹവുമായുള്ള സഹവർത്തിത്വത്തിന്റെ ഉപലബ്ധിയാണെന്നറിയാൻ സാമാന്യബുദ്ധി മതി.

(നാളെ അവസാനിക്കും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUMARANASAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.