SignIn
Kerala Kaumudi Online
Saturday, 20 April 2024 8.15 PM IST

പ്രതീക്ഷയോടെ കുതിച്ച് കുതിരാൻ

collector-

ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും അനാസ്ഥയെത്തുടർന്ന് നിരവധി തവണ നിർമ്മാണം മുടങ്ങുകയും അനവധി സമരങ്ങൾക്ക് വേദിയാകുകയും ചെയ്ത കുതിരാനിൽ കഴിഞ്ഞ ജൂലായ് 31 ന് ഒന്നാം ടണൽ തുറന്നത് ദേശീയശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രണ്ടാം ടണലിന്റെ നിർമ്മാണപ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. രാജ്യത്തിന്റെ തന്നെ ഗതാഗതമേഖലയ്ക്ക് ഏറെ ആശാവഹമാണത്.

രണ്ടാം ടണലിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ എത്തിയതിനെ തുടർന്ന് ടണലിലേക്കുള്ള റോഡിന്റെ പണികൾ പൂർത്തീകരിക്കുന്നതിന്റെ മുന്നോടിയായി, ഒന്നാം ടണലിലൂടെ തന്നെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടാനുളള ഒരുക്കങ്ങളും സജീവം. നിലവിൽ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്ന പഴയ പാതയും ഉടൻ പൊളിച്ചു നീക്കേണ്ടി വരും. ജില്ലാ കളക്ടർ ഹരിത വി.കുമാറിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഉടനെ തുടർനടപടികളിലേക്ക് കടക്കും. അതേസമയം, പഴയപാത പൊളിച്ചു നീക്കുന്നതോടെ ആ ഭൂമി വനംവകുപ്പിന്റെ കീഴിലാകും. കുതിരാനിൽ നടപ്പിലാക്കുന്ന ഗതാഗത പരിഷ്‌‌കരണങ്ങളുടെ ഭാഗമായി ദേശീയപാതയിൽ വഴുക്കുമ്പാറ മുതൽ വില്ലൻ വളവുവരെയുള്ള ഭാഗത്ത് കഴിഞ്ഞദിവസം മുതൽ ട്രാഫിക് സിഗ്‌നൽ ലൈറ്റുകളും ദിശാ ബോർഡുകളും സ്ഥാപിച്ചു തുടങ്ങിയിരുന്നു. പൊലീസിന്റെ നിർദ്ദേശപ്രകാരമാണ് ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കുന്നത്. കഴിഞ്ഞദിവസം സിറ്റി പൊലീസ് കമ്മിണർ ആർ. ആദിത്യ കുതിരാനിൽ സന്ദർശനം നടത്തി, നടപ്പിലാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് കരാർ കമ്പനിക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു. അതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

പരീക്ഷണ ഓട്ടം

വിവിധ സർക്കാർ വകുപ്പുകൾ നിർദേശിച്ച കാര്യങ്ങൾ പൂർത്തിയാക്കിയ ടണൽ പരീക്ഷണ ഓട്ടത്തിന് തയ്യാറാണെന്ന് നിർമ്മാണക്കമ്പനി അധികൃതർ അറിയിച്ചു കഴിഞ്ഞു. പരീക്ഷണ ഓട്ടം ആരംഭിക്കുന്നതു മുതൽ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം പൂർണമായും ഒരു ടണലിലൂടെ തന്നെയായിരിക്കും.രണ്ടാമത്തേതിന്റെ നിർമ്മാണത്തിനായി നിലവിലെ പാത പൊളിക്കുമ്പോൾ ഒന്നാമത്തേതിൽ എടുക്കേണ്ട നടപടികളാണ് പൂർത്തിയാക്കിയത്.

കഴിഞ്ഞദിവസം ഇതിന്റെ ഭാഗമായി രണ്ട് ആംബുലൻസും രണ്ട് റിക്കവറി വാഹനങ്ങളും കുതിരാനിൽ എത്തിച്ചു. ടണലിന്റെ ഇരുഭാഗങ്ങളിലും ഒരു ആംബുലൻസും ഒരു റിക്കവറി വാനും നിലനിറുത്തും.

ഗതാഗതപരിഷ്‌കരണത്തിന്റെ ഭാഗമായി മൂന്ന് ഷിഫ്റ്റിലായി 24 പൊലീസുകാരെ നിയമിക്കുന്നുണ്ട്. ഇതിനുപുറമേ നിർമ്മാണക്കമ്പനിയുടെ 12 സുരക്ഷാജീവനക്കാരും ഉണ്ടാകും. പരീക്ഷണഓട്ടം വിജയകരമായി പൂർത്തിയാക്കിയാലും മൂന്നുദിവസത്തിനു ശേഷം മാത്രമേ നിലവിലെ പാത പൊളിക്കൂ. ഈ ദിവസങ്ങളിൽ ഗതാഗതത്തിന് മറ്റെന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അടിയന്തരമായി പരിഹരിക്കും. ടണലിന്റെ പടിഞ്ഞാറുഭാഗത്ത് വീതികൂട്ടി നിർമ്മിച്ച് സർവീസ് റോഡ് ഭാഗികമായി ഗതാഗതത്തിനു തുറന്നു കൊടുത്തു. റവന്യൂമന്ത്രി കെ. രാജന്റെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തിൽ നടക്കുന്ന ചർച്ചയ്ക്കു ശേഷമായിരിക്കും നിലവിലെ പാത പൊളിക്കുന്ന തീയതി തീരുമാനിക്കുക.

ഗാൻട്രി കോൺക്രീറ്റിംഗ് നടത്തും

കുതിരാൻ ടണലിനുള്ളിലും കഴിഞ്ഞദിവസം ട്രാഫിക് ട്യൂബുകൾ സ്ഥാപിച്ചിട്ടുണ്ട്. രണ്ടാമത്തെ ടണലിനുളളിലെ ഗാൻട്രി കോൺക്രീറ്റിംഗ് പൂർത്തിയായതിന് ശേഷമാണു ഒരു ടണലിലൂടെ ഗതാഗതം ഇരു ഭാഗത്തേക്കും കടത്തിവിടുക. ടണലിനുള്ളിൽ 100 മീറ്റർ കൂടിയാണ് കോൺക്രീറ്റിംഗ് ബാക്കിയുള്ളത്. കനത്ത മഴയെത്തുടർന്ന് ഇടയ്ക്ക് മന്ദഗതിയിലായ നിർമാണം വീണ്ടും സജീവമായിട്ടുണ്ട്. നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ കഴിഞ്ഞദിവസം എത്തിയിരുന്നു. കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തി നിർമാണം അതിവേഗം പൂർത്തീകരിക്കാനും നിർദേശിച്ചു. റോഡ് കോൺക്രീറ്റിംഗ്, അഴുക്കുചാൽ നിർമാണം എന്നിവയാണ് നടക്കുന്നത്. ഇതു പൂർത്തിയായശേഷം വൈദ്യുതീകരണം, കാമറ സ്ഥാപിക്കൽ ഉൾപ്പെടെയുള്ളവ തുടങ്ങും. മാർച്ചിൽ നിർമ്മാണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. 2016 ലാണ് ടണൽ നിർമ്മാണം ആരംഭിച്ചത്.

ആശങ്കകൾ ഒഴിയുമാേ?

അതേസമയം പ്രവചനാതീതമായി മഴയുണ്ടാകുന്നത് ആശങ്കകൾക്കും ഇടയാക്കുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ഇടത് ടണലിലുണ്ടായ ചോർച്ച തുടർന്നാൽ അപകടമെന്നാണ് തുരങ്കം നിർമിച്ച കരാർ കമ്പനി പ്രഗതി മുന്നറിയിപ്പ് നൽകുന്നത്.

ചോർച്ചയുള്ള ഭാഗം ക്രമേണ അടർന്ന് കല്ല് താഴേക്കുവീഴുമോ എന്ന ആശങ്ക വിദഗ്ദ്ധരും പങ്കുവെച്ചിരുന്നു. ഉള്ളിൽ നേരിയതായി സിമന്റ് മിശ്രിതം സ്‌പ്രേ ചെയ്ത ഭാഗങ്ങളിലായിരുന്നു ചോർച്ച. പാറയ്ക്ക് ബലമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആറുവരിപ്പാത മുഖ്യ കരാർകമ്പനി ഗ്യാൻട്രി കോൺക്രീറ്റിംഗ് ഒഴിവാക്കുകയായിരുന്നു എന്നും ആരോപണമുയർന്നിരുന്നു.

ഗതാഗതത്തിന് തുറക്കും മുമ്പ് തന്നെ മഴയിൽ ചോർച്ചയുണ്ടായിരുന്നു. പൈപ്പ് വഴി വെള്ളം ചാലിലേക്ക് ഒഴുക്കിയാണ് ചോർച്ച പരിഹരിച്ചതെന്ന് പറയുന്നു. നിർമ്മാണത്തിനായി പാറ പൊട്ടിച്ചതിനാൽ ശേഷിക്കുന്ന ചെറിയ കല്ലുകൾ വീഴാൻ സാദ്ധ്യതയുണ്ടെന്നും കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും മണ്ണിടിച്ചിൽ ഇനിയും ഉണ്ടായേക്കാമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹൈ പ്രഷർ കോൺക്രീറ്റിംഗ് വഴി ചോർച്ച അടയ്ക്കാനുളള ശ്രമങ്ങളുമുണ്ടായില്ലെന്നും നിരന്തരം വെള്ളം ഊർന്നിറങ്ങുന്നത് ടണലിന്റെ ബലത്തിന് ഭീഷണിയാകാമെന്നും അഭിപ്രായങ്ങളുയർന്നിരുന്നു. ടണലിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നതിനുളള എല്ലാ ഒരുക്കങ്ങളും പാെലീസ് പൂർത്തിയാക്കിയിട്ടുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമാകും ഗതാഗതത്തിന് അനുമതി നൽകുകയെന്നുമാണ് സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ പറയുന്നത്. കുതിരാൻ ടണലിനുള്ളിലേക്കുളള റോഡും ദേശീയപാതയും തമ്മിൽ നിരപ്പിലുളള വ്യത്യാസം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചു ചേർക്കുമെന്ന് നോഡൽ ഓഫീസർ എസ്.ഷാനവാസും വ്യക്തമാക്കിയിരുന്നു.

16 വർഷം കഴിഞ്ഞിട്ടും...

കേരളത്തിലെ ആദ്യ ആറുവരിപ്പാത മണ്ണുത്തി -വടക്കഞ്ചേരി നിർമ്മാണത്തിനായി അന്തിമ വിജ്ഞാപനമിറക്കിയിട്ട് 16 വർഷം പൂർത്തിയാകുമ്പോഴും പണികൾ ഇനിയും ബാക്കിയാണെന്നതാണ് മറ്റൊരു വസ്തുത. 30 മാസത്തിനുള്ളിൽ ടണൽ അടക്കം പണി പൂർത്തിയാക്കാനായിരുന്നു നിർദേശം. എന്നാൽ രണ്ടാം ടണലും ആറുവരിപ്പാതയുടെ അനുബന്ധജോലികളും ബാക്കിയാണ്. എൻ.എച്ച് 47 എൻ.എച്ച് 544 ആയി മാറിയെന്നു മാത്രം. 16 വർഷത്തിനുള്ളിൽ ദേശീയപാതകൾ നിരവധി പൂർത്തിയായി. 514 കോടി രൂപയ്ക്കായിരുന്നു കരാർ. എസ്റ്റിമേറ്റ് തുക ഇപ്പോൾ 1020 കോടി രൂപ കവിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUTHIRAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.