SignIn
Kerala Kaumudi Online
Thursday, 25 April 2024 12.29 PM IST

ളാഹ ഗോപാലൻ എന്ന ഉജ്ജ്വല അദ്ധ്യായം

laha-gopalan

ഛിന്നഭിന്നമായി സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന ഒരു ജനതയെ ഭൂമിയുടെ ഉടമകളാക്കിയതിന് പിന്നിൽ ളാഹ ഗോപാലൻ എന്ന സമരനേതാവിന്റെ ത്യാഗസമര ചരിത്രമുണ്ട്. ആദിവാസി ദളിത് ജീവിതങ്ങൾ നേരിട്ട് മനസിലാക്കി അവർക്കായി സമരം നയിച്ച ജനനേതാവ്. ചെങ്ങറ സമരം അദ്ദേഹത്തിന്റെ സമരവീര്യം സർക്കാരിനെ ബോദ്ധ്യപ്പെടുത്തി. പതിമൂന്നാം വയസിൽ വീട് വിട്ടിറങ്ങി. കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ജീവിതം. ശബരിമല പാതയിൽ ളാഹ ആദിവാസി കോളനിയിലായിരുന്നു താമസം. ആദിവാസികൾക്കൊപ്പം ഉണ്ടുറങ്ങി നേടിയ അനുഭവം. അവർക്കൊപ്പം താമസിച്ചത് കൊണ്ട് അവരുടെ ദുരിതം എന്തെന്ന് നേരിട്ട് മനസിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്തിനെയും അതിജീവിച്ച് മുന്നേറാനുളള തന്റേടം ളാഹയിലുണ്ടായിരുന്നു. സി.പി.എം പോലും ഇവിടെ ആദിവാസികളുടെ പേര് പറഞ്ഞ് ഭൂ സമരം നടത്തിയിട്ടുണ്ട്. മൊട്ടക്കുന്നുകൾ കൈയേറി കൊടികുത്തി തിരിച്ച് വരുന്നതല്ല ഭൂസമരം. സി.പി.എം ചെയ്യുന്നത് അത്തരം സമര രീതിയാണ്. ളാഹ ഗോപാലനും ഞാനും ഒക്കെ നടത്തിയത് സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്നവരെ കണ്ടെത്തി അവർക്ക് വേണ്ടി ജീവൻ പണയം വച്ചുള്ള പോരാട്ടമാണ്. പ്രാഥമിക വിദ്യാഭ്യാസം മാത്രമെ ളാഹക്ക് ഉണ്ടായിരുന്നുളളൂ. എഴുത്തും വായനയും അറിയാതെയാണ് ഞാൻ ആദിവാസികളുടെ ഉന്നമനത്തിനായി രംഗത്ത് വന്നത്. ഞങ്ങൾക്കെല്ലാം ഒരുലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുളളൂ. ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തുക. സമരരംഗത്ത് ഒട്ടനവധി കഷ്ടപ്പാടുകളും യാതനകളും ത്യാഗങ്ങളും സഹിച്ച വ്യക്തിയാണ് ളാഹ ഗോപാലൻ.1950 ഏപ്രിൽ 10ന് മാവേലിക്കര വെട്ടിയാർ കൊച്ചുപുരക്കൽ വീട്ടിൽ കാട്ടൂർ അയ്യപ്പന്റെയും ചന്ദ്രമതിയുടെയും മകനായി ജനിച്ച അദ്ദേഹത്തിന് ഒരു പക്ഷെ മറ്റേതെങ്കിലും രംഗത്തേക്ക് തിരിയാമായിരുന്നു. എന്നാൽ ആദിവാസി ദളിത് വിഭാഗത്തിനായി അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചു. 2005ൽ ഒാവർസീയറായാണ് വിരമിച്ചത്.1975 മുതൽ കുറെക്കാലം സി.പി.എമ്മിനൊപ്പം പ്രവർത്തിച്ച അദ്ദേഹം ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് സാധുജന വിമോചന സംയുക്ത വേദി രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുന്നത്. സംഘട‌നയുടെ സംസ്ഥാന പ്രസിഡന്റുമായിരുന്നു.

പത്തനംതിട്ടയിലെ ചെങ്ങറയിൽ സമരത്തിന് നേതൃത്വം വഹിക്കുമ്പോൾ അദ്ദേഹത്തിനു മുന്നിൽ ഒരു ലക്ഷ്യം മാത്രമായിരുന്നു. ഭൂമിയില്ലാത്തവന് ഭൂമിനേടികൊടുക്കുക. സമരസമിതിയിലെ ഭിന്നിപ്പിനെ തുടർന്ന് പിന്നീട് ളാഹക്ക് ചെങ്ങറ വിടേണ്ടി വന്നിട്ടുണ്ട്. 1986 മുതലാണ് ആദിവാസികളുടെ അവകാശങ്ങൾക്കായി സമരരംഗത്തിറങ്ങിയത്. 1990ൽ രാജാമ്പാറ ഭൂസമരത്തിന് നേതൃത്വം നൽകി. 2005 ആഗസ്റ്റ് 15ന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ ആരംഭിച്ച സത്യഗ്രഹം 150 ദിവസം നീണ്ടുനിന്നു.

2007 ആഗസ്റ്റ് നാലിന് രാത്രി ഹാരിസൺ മലയാളം പ്ളാന്റേഷൻ കുമ്പഴ എസ്റ്റേറ്റിന്റെ ചെങ്ങറയിലെ തോട്ടം കൈയേറി കുടിൽകെട്ടി സമരം തുടങ്ങി. സർക്കാർ ഉടമസ്ഥതയിൽ പാട്ടവ്യവസ്ഥയിലുളള ഭൂമിയിൽ കൈയേറ്റ സമരത്തിന് നേതൃത്വം നൽകി. 2007 നവംബർ 12ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 793 ദിവസം നീണ്ട സമരം ഫലം കണ്ടാണ് അവസാനിപ്പിച്ചത്. 2010 ജനുവരി 2ന് 1495 കുടുംബങ്ങൾക്ക് ഭൂമി നൽകാൻ സർക്കാർ കരാറുണ്ടാക്കി. വിതരണത്തിനായി വിവിധ ജില്ലകളിൽ 831 ഏക്കർ ഭൂമിമാറ്റിവച്ചു. സമര നേതൃത്വം ഒഴിഞ്ഞ ശേഷം ളാഹ ഗോപാലൻ പത്തനംതിട്ട അഴൂരിലേക്ക് താമസം മാറ്റി.

മുകുന്ദൻ സി.മേനോൻ മനുഷ്യാവകാശ പുരസ്‌കാരം, സുകുമാർ അഴീക്കോടിന്റെ സ്മരണക്കായി നേച്ചർ ലൈഫ് ഇന്റർനാഷണൽ ഏർപ്പെടുത്തിയ പുരസ്ക്കാരം എന്നിവ ലഭിച്ചു. ജീവിതം തന്നെ ആദിവാസി ദളിത് വിഭാഗങ്ങൾക്കായി സമർപ്പിച്ച അദ്ദേഹം ആദിവാസി ദളിത് ഉന്നമനം ലക്ഷ്യംവച്ച് ഇൗ രംഗത്ത് പ്രവർത്തിച്ച ധീരനാണ്. മരണശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് നൽകാൻ സമ്മതപത്രം പോലും നൽകിയിരുന്നു. എന്നാൽ കൊവിഡ് മരണമായതുകാരണം ആ ആഗ്രഹം പൂവണിഞ്ഞില്ല.

1989ലാണ് ആദിവാസികൾക്ക് ഭൂമിക്കായി താൻ ആദ്യമായി വയനാട്ടിലെ വെള്ളമുണ്ടക്കടുത്ത കോളിക്കൽ പാളി കോളനിയിൽ സമരം നടത്തുന്നത്. പത്ത് ആദിവാസി കുടുംബങ്ങൾക്ക് അന്ന് ഭൂമി ലഭിച്ചു. മിച്ചഭൂമി സർക്കാരിന് ഇവർക്കായി പതിച്ച് നൽകേണ്ടി വന്നു. തുട‌ർന്ന് അമ്പുകുത്തി, ചീങ്ങേരി, പനവല്ലി, ആറളം എന്നിവിടങ്ങളിലൊക്കെ ഭൂമിക്ക് വേണ്ടി ആദിവാസികളെ സംഘടിപ്പിച്ച് സമരം നടത്തി. വയനാട്ടിലെ ഭൂസമരത്തിന്റെ ഭാഗമായി 2001 ആഗസ്റ്റ് 29ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിച്ചു. സർക്കാരുമായുളള ഒത്തുതീർപ്പിനെ തുടർന്ന് ഒക്ടോബർ 16ന് സമരം അവസാനിപ്പിച്ചു. അന്നുണ്ടാക്കിയ കരാർ ലംഘനത്തിന്റെ പേരിലാണ് മുത്തങ്ങയിൽ 2003 ജനുവരി അഞ്ചിന് ആദിവാസികളെ ഇറക്കി ഭൂമികൈയേറ്റ സമരം നടത്തിയത്. നരനായാട്ടോടെയാണ് സർക്കാർ സമരത്തെ നേരിട്ടത്. സമരം നയിക്കാൻ ളാഹ ഗോപാലൻ കാണിച്ച ആത്മാർത്ഥത എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

തയ്യാറാക്കിയത് : പ്രദീപ് മാനന്തവാടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAHA GOPALAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.