SignIn
Kerala Kaumudi Online
Friday, 29 March 2024 1.54 PM IST

കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുന്നവർ

kollam

'കാളപെറ്റെന്ന് കേട്ടാൽ കയറെടുക്കും" എന്ന പ്രയോഗത്തിന് കേരളത്തോളം തന്നെ പഴക്കമുണ്ടെന്നാണ് പറയുന്നത്. നാട്ടിൽ ഏതെങ്കിലും ഒരു വികസനപദ്ധതിയുടെ പേര് കേൾക്കും മുമ്പേ ഈ ചൊല്ലിനെ അന്വർത്ഥമാക്കിക്കൊണ്ട് കുറെ പേർ ഇറങ്ങും. മുന്നിൽ നിൽക്കുന്നത് രാഷ്ട്രീയക്കാരായിരിക്കും. പിന്നാലെ പള്ളിക്കാരും അമ്പലക്കാരുമെല്ലാം ഇറങ്ങും. പിന്നെ പ്രതിഷേധമായി, സമരമായി, പദ്ധതി ഒന്നുകിൽ അകാലചരമം പൂകും. അല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് പോകും. കേരളത്തിൽ കഴിഞ്ഞ കുറെ കാലമായി കണ്ടുവരുന്ന അവസ്ഥയുടെ നേർചിത്രമാണിത്. ഏത് വികസന പദ്ധതി വന്നാലും എതിർക്കുന്ന കാര്യത്തിൽ ഇടതും വലതും ബി.ജെ.പിയും ലീഗും എല്ലാം 'ഒക്കച്ചങ്ങാതി" മാരാണ്.

കൊല്ലം പള്ളിത്തോട്ടത്ത് ഹാരിസൺ എസ്റ്റേറ്റ് വിഭാഗം (ഹാരിസൺ മലയാളം) കാലങ്ങളായി കൈവശം വച്ചിരുന്ന നാലേകാൽ ഏക്കറോളം സ്ഥലം കഴിഞ്ഞ ദിവസം റവന്യു വിഭാഗം ഉദ്യോഗസ്ഥരെത്തി ഏറ്റെടുത്ത് സർക്കാർ ബോർഡ് സ്ഥാപിച്ചു. കൊല്ലം വെസ്റ്റ് വില്ലേജിൽ ഉൾപ്പെട്ട ഭൂമി മുമ്പ് ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലായിരുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതോടെ ഹാരിസൺ ആന്റ് ക്രോസ്‌ഫീൽഡ് (എച്ച് ആന്റ് സി) കുത്തകപ്പാട്ടത്തിനെടുത്തു. കമ്പനി പിന്നീട് ഹാരിസൺ മലയാളം ആയിട്ടും ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ആശയക്കുഴപ്പം നിലനിന്നു. കമ്പനി കാലങ്ങളായി കൈവശം വച്ചുവെങ്കിലും ഭൂമിക്ക് വ്യക്തമായ ഉടമസ്ഥാവകാശമോ രേഖകളോ ഉണ്ടായിരുന്നില്ലത്രെ.

ദീർഘകാലമായി വസ്തുനികുതിയും അടയ്ക്കാറില്ലായിരുന്നു. ബ്രിട്ടീഷുകാർ നിർമ്മിച്ച കെട്ടിട സമുച്ചയവും വിശാലമായ ഭൂമിയും മതിൽകെട്ടി സംരക്ഷിച്ച് കാവൽക്കാരനെയും കമ്പനി ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രവർത്തനമൊന്നും നടക്കുന്നുണ്ടായിരുന്നില്ല. ആരും തിരിഞ്ഞു നോക്കാത്തതിനാൽ കെട്ടിടത്തിന്റെ ഉള്ളിൽ വരെ കൂറ്റൻ വൃക്ഷങ്ങൾ പടർന്നു പന്തലിച്ച് നാശോന്മുഖമായ നിലയിലായിരുന്നു. ഏതായാലും കാലങ്ങളായി നിലനിന്ന അനിശ്ചിതത്വത്തിനൊടുവിൽ കൊല്ലം ഭൂരേഖ തഹസീൽദാർ ശശിധരൻ പിള്ളയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് കഴിഞ്ഞ ദിവസം ഭൂമി അളന്ന് തിട്ടപ്പെടുത്തി സർക്കാർ ബോർഡും സ്ഥാപിച്ച് മടങ്ങിയത്.

ഇവിടെ ജയിലോ, നടക്കില്ല....

നാലേക്കറിലധികം വരുന്ന അന്യം നില്പ് ഭൂമി സർക്കാർ ഏറ്റെടുത്തതോടെ രാഷ്ട്രീയക്കാർ സടകുടഞ്ഞെണീറ്റു. തീരദേശത്തോട് ചേർന്ന് കിടക്കുന്ന ഭൂമിയായതിനാൽ തീരദേശവാസികളുടെ പേരിൽ തൊട്ടടുത്തുള്ള ദേവാലയത്തിന്റെ അധിപന്മാരും എല്ലാം രംഗത്തിറങ്ങി. സ്ഥലം എം.എൽ.എ ആയ എം. മുകേഷും മുകേഷിനോട് തോറ്റ കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണയും നാട്ടുകാരുടെയും പള്ളിക്കാരുടെയും സംരക്ഷകരായി രംഗത്തിറങ്ങി. സംഗതി എന്താണെന്നല്ലേ, സർക്കാർ ഏറ്റെടുത്ത സ്ഥലത്തേക്ക് ജില്ലാ ജയിൽ മാറ്റി സ്ഥാപിക്കാൻ പോകുന്നുവത്രേ. ഇവിടെ ജില്ലാ ജയിൽ വന്നാൽ പരിസരവാസികളെ മുഴുവൻ പിടിച്ച് ജയിലിലടയ്ക്കും എന്നു തോന്നും പ്രതിഷേധക്കാരുടെ ആവേശം കണ്ടാൽ. തൊട്ടടുത്ത് ക്രൈസ്തവദേവാലയമുണ്ട്, കൊച്ചുകുട്ടികൾ പഠിക്കുന്ന എൽ.പി സ്കൂളുണ്ട്, ജനവാസ മേഖലയാണ്, തീരദേശവാസികളുടെ സ്വൈരജീവിതം അപകടത്തിലാകും എന്നു വേണ്ട, ഭാവനയിൽ പോലും കാണാൻ കഴിയാത്ത പ്രശ്നങ്ങളുണ്ടാകുമെന്ന രീതിയിലായി പ്രചാരണം.

ഇപ്പോൾ കൊല്ലം ജില്ലാ ജയിൽ എവിടെയാണ് പ്രവർത്തിക്കുന്നതെന്ന് കൂടി അറിഞ്ഞാലേ കാള പെറ്റെന്ന് കേട്ട് കയറെടുക്കുന്നവരുടെ ഉദ്ദേശശുദ്ധി എന്തെന്ന് മനസിലാകൂ. ആനന്ദവല്ലീശ്വരത്ത് കൊല്ലം- ആലപ്പുഴ ദേശീയ പാതയോരത്താണ് ജയിൽ സ്ഥിതി ചെയ്യുന്നത്. ജയിലിന് എതിർവശത്ത് ജില്ലാ ഭരണസിരാകേന്ദ്രമായ കൊല്ലം സിവിൽ സ്റ്റേഷൻ. കളക്ട്രേറ്റ്, കോടതികൾ തുടങ്ങി വിവിധ സർക്കാരാഫീസുകൾ പ്രവർത്തിക്കുന്ന ഇവിടെ നിത്യേനെ ആയിരക്കണക്കിനാളുകളാണ് വന്നുപോകുന്നത്. കൊല്ലം ടൗൺ എൽ.പി സ്കൂളിന്റെ ഒരുവശത്തെ മതിലും ജില്ലാജയിലിന്റെ മതിലും ഒന്നാണ്. കഷ്ടിച്ച് നൂറുമീറ്റർ അകലെ ആനന്ദവല്ലീശ്വരം ക്ഷേത്രം, അതിനപ്പുറത്തായി കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രം. നഗരത്തിലെ പ്രധാന ഇടമായ ഇവിടെയെല്ലാം ജനവാസ കേന്ദ്രവുമാണ്. ഇത്രയും കാലമായിട്ടും ഇവിടെ ആർക്കും ജയിൽ കാരണം ഒരുവിധ പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്ന് കൊല്ലത്തെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം.

വീർപ്പുമുട്ടി ജയിൽ

നഗരത്തിന്റെ ഹൃദയഭാഗത്ത് വെറും 54 സെന്റ് സ്ഥലത്താണ് ജില്ലാ ജയിൽ സ്ഥിതി ചെയ്യുന്നത്. വിചാരണ തടവുകാരായ 250 പേരെ പാർപ്പിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെയുള്ളത്. ജയിൽ സൂപ്രണ്ടടക്കം 50 ലധികം ജീവനക്കാരുമുണ്ട്. ചില അവസരങ്ങളിൽ തടവുകാരുടെ എണ്ണം കൂടിയാൽ പൂജപ്പുര സെൻട്രൽ ജയിലിലോ കൊട്ടാരക്കര സ്പെഷൽ സബ് ജയിലിലോ കൊണ്ടുപോകേണ്ടി വരും. നേരത്തെ വനിതാ തടവുകാരുണ്ടായിരുന്നെങ്കിലും ഇപ്പോൾ പുരുഷ തടവുകാരെ മാത്രമാണ് ഇവിടെ പാർപ്പിക്കുന്നത്. ജയിൽപുള്ളികളുടെ സഹകരണത്തോടെ ചപ്പാത്തി, ബിരിയാണി യൂണിറ്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 1955 ൽ എ ക്ലാസ് സബ് ജയിലായി പ്രവർത്തനം ആരംഭിച്ചപ്പോൾ 45 സെന്റ് സ്ഥലം മാത്രമാണുണ്ടായിരുന്നത്. 2000 ഫെബ്രുവരിയിൽ കൊല്ലം സബ് ജയിലിനെ ജില്ലാ ജയിലായി ഉയർത്തി. ജില്ലാജയിൽ ഇവിടെ നിന്ന് കൂടുതൽ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മരുത്തടിയിൽ ഇതിനായി സ്ഥലം കണ്ടെത്തിയെങ്കിലും അവിടേയ്ക്കുള്ള പ്രവേശന വഴിയ്ക്ക് വേണ്ടത്ര വീതിയില്ലാത്തതിനാൽ ഉപേക്ഷിച്ചു. അങ്ങനെ ഇരിയ്ക്കെയാണ് ഇപ്പോൾ സർക്കാർ ഏറ്റെടുത്ത പള്ളിത്തോട്ടത്തെ സ്ഥലം ജില്ലാ ജയിലിനായി ഉപയോഗിക്കാമെന്ന തോന്നൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്കുണ്ടായത്. താരതമ്യേന ഒഴിഞ്ഞ പ്രദേശമാണെങ്കിലും കോടതിയും സർക്കാരാശുപത്രിയുമൊക്കെ അധികം ദൂരത്തുമല്ല. ജില്ലാജയിൽ സൂപ്രണ്ട് കെ.ബി അൻസാർ ഈ സ്ഥലം ജയിൽ മാറ്റി സ്ഥാപിക്കാനായി പരിഗണിയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ട‌ർക്ക് ഒരു കത്ത് കൈമാറിയതോടെയാണ് രാഷ്ട്രീയ നേതാക്കൾക്ക് ഹാലിളക്കം തുടങ്ങിയത്. കളക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും സർക്കാർ തീരുമാനം എടുക്കുക. തടവുകാരെ പാർപ്പിക്കാനുള്ള സെല്ലുകൾക്ക് പുറമേ കാന്റീൻ, മാനുഫാക്ചറിംഗ് യൂണിറ്റ്, വർക്ക്ഷോപ്പുകൾ, ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവയും ജയിൽ അധികൃതർ ലക്ഷ്യമിടുന്നുണ്ട്. എന്നാൽ ജനവാസ മേഖലയായ പള്ളിത്തോട്ടത്ത് ജയിൽ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ എം. മുകേഷ് കളക്ടർക്ക് കത്ത് നല്കിയതിനു പിന്നാലെ കോൺഗ്രസ് നേതാവ് ബിന്ദുകൃഷ്ണ ഈ ആവശ്യം ഉന്നയിച്ച് ഒരു പടികൂടി കടന്ന് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്ത് നല്‌കി. അതോടെ പ്രദേശവാസികളും ഇളകി. ഒരു നല്ല ഉദ്ദേശ്യത്തോടെ താൻ ചെയ്ത കാര്യത്തിന് ഇത്തരമൊരു പ്രതികരണം ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് തന്നെ ഉണ്ടായതിൽ ഖിന്നനാണ് ജയിൽ സൂപ്രണ്ട് കെ.ബി അൻസാർ.

ഓപ്പൺ സർവകലാശാലയ്ക്കും ഒരു കണ്ണ്

പള്ളിത്തോട്ടത്ത് സർക്കാർ ഏറ്റെടുത്ത ഭൂമി ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ നൽകണമെന്ന ആവശ്യവും ചിലർ ഉയർത്തുന്നുണ്ട്. ഇപ്പോൾ കുരീപ്പുഴയിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർവകലാശാല ആരംഭിച്ചതു മുതൽ ആസ്ഥാന മന്ദിരത്തിനായി സ്ഥലം കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഉചിതമായ സ്ഥലം കണ്ടെത്താനായിട്ടില്ല. അഞ്ചേക്കർ സ്ഥലമെങ്കിലും വേണമെന്നാണ് സർവകലാശാലാ അധികൃതർ ആഗ്രഹിക്കുന്നത്. എന്നാൽ ഇത്രയും സ്ഥലം നഗരത്തിൽ വിലയ്ക്ക് വാങ്ങാൻ കോടികൾ വേണ്ടിവരും. അതിനാൽ നഗരത്തോടടുത്ത ഈ സ്ഥലം കിട്ടിയാൽ നന്നായിരിക്കുമെന്നാണ് സർവകലാശാലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. അതേസമയം പള്ളിത്തോട്ടം എച്ച് ആന്റ് സി കോളനിയിലെ താമസക്കാർക്ക് ഈ സ്ഥലത്തുനിന്ന് മൂന്ന് സെന്റ് വീതം പതിച്ചു നൽകണമെന്നാവശ്യപ്പെട്ട് കോളനി നിവാസികളും പ്രക്ഷോഭത്തിനിറങ്ങിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAND ACQUISITION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.