SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.41 AM IST

ഭൂഉടമസ്ഥതയും തണ്ടപ്പേരും വി​പ്ള​വം​ രചിക്കു​മ്പോൾ

computer

സംസ്ഥാനത്തെ ഭൂമി ഇടപാടിന്റെ സ്വഭാവം മാറുകയാണ്. നിലവിൽ എവിടെ ഭൂമി വാങ്ങുമ്പോഴും ആധാർ കാർഡോ,മറ്റ് തിരിച്ചറിയൽ കാർഡോ കൊണ്ടുചെന്ന് ഫോട്ടോയും നൽകിയാൽ ഭൂമി രജിസ്റ്റർ ചെയ്യാമായിരുന്നു. കാലം മാറുന്നതോടെ കൂടുതൽ പരിഷ്‌കാരങ്ങൾ വരികയാണ്. ഇപ്പോൾ ഭൂമിവാങ്ങുമ്പോൾ ഭൂമിയുടെ സ്കെച്ചും അളവ് രേഖകളും ഉപഗ്രഹചിത്രവും വരെ വേണ്ടിവരുന്ന സ്ഥിതിയാണ്. നേരത്തെ ആധാരമുണ്ടെങ്കിൽ അത് വേറൊരാളുടെ പേരിലേക്ക് മാറ്റാൻ സങ്കീർണതകളില്ലായിരുന്നു. ഭൂമിയുടെ പേരിൽ തട്ടിപ്പും മറ്റും കൂടുതലായി നടന്നതോടെ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അധികൃതരും നിർബന്ധിതമായി എന്നതാണ് ശരി. നിലവിൽ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് കൂടുതൽ വ്യക്തത വരുത്തുന്ന പരിഷ്‌കാരങ്ങളാണ് യൂണിക്ക് തണ്ടപ്പേർ പരിഷ്‌കാരം വരുന്നതോടെ ഉണ്ടാകുന്നത്. മറച്ചുവയ്ക്കാൻ അധിക ഭൂമിയില്ലാത്തവരും ബിനാമി പേരിലും മറ്റും ഭൂമി നേടിയെടുത്തവരും റെവന്യൂ ഭൂമിയും വനഭൂമിയും നിലഭൂമിയും നിയമവിരുദ്ധമായി തരംമാറ്റം ചെയ്യുന്നവരും ഒഴികെയുള്ളവർ പുതിയ പരിഷ്‌കാരങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല. എന്നിരുന്നാലും മാറ്റങ്ങൾ നടപ്പാക്കുമ്പോൾ സ്വന്തം ഭൂമിയുടെ കാര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണം. ഭൂമിയുടെ ഉടമസ്ഥത ആധാറുമായി ലിങ്ക് ചെയ്യുകയും ഒരാളുടെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ഒരു ആധാർ നമ്പറിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യുമ്പോൾ നടപടിക്രമങ്ങളിൽ സൂഷ്മത പുലർത്താൻ എല്ലാവരും ശ്രദ്ധിക്കണം. അല്ലെങ്കിൽ പിന്നീട് വില്‌പനയോ, വാങ്ങലോ നടക്കുമ്പോൾ അതിൽ തടസങ്ങളുണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്. തുടക്കത്തിലാണെങ്കിൽ തെറ്റുകൾ തിരുത്താൻ ഔദ്യോഗിക സംവിധാനങ്ങളുണ്ടാകും. പിന്നീട് അതേ അവസരം എല്ലാവർക്കും ലഭിക്കണമെന്നില്ല. ഓരോ ജില്ലയിലും ഘട്ടംഘട്ടമായാണ് ഭൂമിയുടെ ഉടമസ്ഥത ആധാറുമായി ലിങ്ക് ചെയ്യുക. ഇതുസംബന്ധിച്ച അറിയിപ്പുകൾ അതത് ജില്ലകളിൽ വരുമ്പോൾ ഭൂവുടമകൾ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. സർക്കാർ നടപടികളുമായി പരമാവധി സഹകരിക്കുകയും സ്വന്തം ഭൂമിയുടെ രേഖകളും ആധാർ നമ്പറുകളും കൃത്യമാണെന്ന് ഉറപ്പാക്കുകയും വേണം.

സംസ്ഥാനത്ത് എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു.

പദ്ധതി പ്രകാരം സംസ്ഥാനത്ത് ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും അത് ഒറ്റ തണ്ടപ്പേരിലായിരിക്കും. ആധാർ ലിങ്ക് ചെയ്യുന്നതിന് ഭൂ ഉടമ വില്ലേജ് ഓഫീസിൽ പോകേണ്ടിവരില്ല. നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ ലിങ്ക് ചെയ്യാൻ റവന്യൂ പോർട്ടലിൽ നിശ്ചിത സമയം ഭൂവുടമയ്ക്കു ലഭിക്കും.
കഴിഞ്ഞ വർഷം സംസ്ഥാന റവന്യൂവകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും ആധാറിൽ പൗരന്റെ സ്വകാര്യ വിവരങ്ങളും ഉള്ളതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനങ്ങൾക്ക് ഏത് കാര്യത്തിലും ആധാർ ലിങ്ക് ചെയ്യാൻ സാധിക്കൂ. ഇതിൽ തട്ടിയാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടും ഒരു വർഷമായി നടപടികൾ ഫയലിൽ കുരുങ്ങിയത്. അതിന്റെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യൂ കമ്മിഷണർ കേന്ദ്രത്തിനോട് പ്രത്യേക അനുമതി തേടി. സോഷ്യൽ വെൽഫയറിനും സദ്ഭരണത്തിനും ഭൂരേഖകളുമായി ആധാർ ലിങ്ക് ചെയ്യാനാണ് സംസ്ഥാനം മുൻകൈയെടുക്കുന്നതെന്നു ലാൻഡ് റവന്യൂ കമ്മിഷണർ കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അനുമതി ലഭിച്ചത്. നടപടികൾ പൂർത്തിയാകുന്നതോടെ ആധാർ അധിഷ്ഠിത ഭൂമി രേഖയാണ് വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കുക. തണ്ടപ്പേരിനു പകരം 12 അക്ക തിരിച്ചറിയൽ നമ്പർ വരും.

ഒറ്റ തണ്ടപ്പേർ വരുന്നതോടെ ഓരോ വ്യക്തിക്കും സംസ്ഥാനത്ത് എത്ര ഭൂമി കൈവശമുണ്ടെന്നു കണ്ടെത്താനാകും. ഇപ്പോൾ സംസ്ഥാനത്ത് ഒരു ജില്ലയിലുള്ള ഭൂമിയുടെ വിവരം മറ്റൊരു ജില്ലയിൽ അറിയാനാകില്ല. ഒരു ഭൂവുടമയുടെ തന്നെ ഭൂമി ഓരോ വില്ലേജ് ഓഫീസ് പരിധിയിലും വ്യത്യസ്ത തണ്ടപ്പേരിലാണ് ഇപ്പോഴുള്ളത്. ആധാർ രജിസ്റ്റർ ചെയ്യുന്നതോടെ ഒരു ഭൂവുടമയുടെ എല്ലാ ഭൂമിയും ഒറ്റ തണ്ടപ്പേരിലാകും .

നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറുമാണ് പരമാവധി കൈവശം വയ്ക്കാവുന്നത്. മാതാവും പിതാവും വിവാഹം കഴിക്കാത്ത മക്കളുമടങ്ങുന്ന കുടുംബത്തിനാണ് 15 ഏക്കർ. 1970ലെ ഭൂപരിഷ്‌കരണ നിയമം വഴി പ്രത്യേക ഒഴിവ് ലഭിച്ച തോട്ടം ഉടമകൾക്ക് ഇത് ബാധകമല്ല. ഒറ്റ തണ്ടപ്പേര് വരുന്നതോടെ സങ്കീർണമായ ഭൂപ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. അധിക ഭൂമി കണ്ടെത്തുകയും ചെയ്യാം. റെലിസ് സോഫ്റ്റ്‌ വെയറിൽ മാറ്റങ്ങൾ വരുത്തിയ ശേഷം വിശദ മാർഗനിർദേശവും ഉത്തരവും ഇറക്കുമ്പോൾ ഭൂമിയുടെ പ്രമാണം, നികുതി രേഖകൾ, ഭൂവുടമയുടെ ആധാർ നമ്പർ എന്നിവ വില്ലേജ് ഓഫീസിൽ ഹാജരാക്കാനാണ് ഭൂവുടമകൾക്ക് ഇപ്പോൾ നല്‌കിയിരിക്കുന്ന നിർദ്ദേശം.

വിവിധ തണ്ടപ്പേരിലുള്ള ഭൂമികൾ ഒരു നമ്പറിലേക്ക് ക്രോഡീകരിക്കാനാണ് പദ്ധതി. ആർ.ഇ.എൽ.ഐ.എസ് . റെലിസ് സോഫ്റ്റ്‌വെയറിൽ ഭൂവുടമകളുടെ വിവരങ്ങൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കാനുള്ള അനുമതി നല്‌കിക്കൊണ്ടാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.
പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാന റവന്യൂ വകുപ്പിന്റെ സമ്പൂർണ പോർട്ടലിൽ എല്ലാ ഭൂമി വിവരങ്ങളും ലഭ്യമാകും. ആർക്കു വേണമെങ്കിലും സ്വന്തം ഭൂമിയുടെ വിവരങ്ങൾ എപ്പോൾ വേണമെങ്കിലും പോർട്ടലിൽ കയറി നോക്കാം. പുതുതായി ആരംഭിക്കുന്ന പോർട്ടലിനൊപ്പം കരമടയ്ക്കാൻ ആപ്പും വരുന്നു. നമ്മുടെ മൊബൈലിൽ നിന്നു തന്നെ കരമടയ്ക്കുന്നതിനാണ് ഈ ആപ്പിൽ സൗകര്യമൊരുക്കുന്നത്.

പുതിയ സംവിധാനം നിലവിൽ വന്നാലും അത് രജിസ്‌ട്രേഷനെ ബാധിക്കില്ല. ആധാർ ലിങ്കിങ് നടപടികൾ നിലവിൽ ഭൂമി രജിസ്‌ട്രേഷനെ ബാധിക്കില്ല. ആധാർ, പാൻ, വോട്ടർ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ ഏതെങ്കിലും രേഖകളുമായി ഭൂമി ഇടപാട് രജിസ്റ്റർ ചെയ്യാം. ഒറ്റ തണ്ടപ്പേർ 12 അക്കം – ഒറ്റ തണ്ടപ്പേരായി 12 അക്ക ഐഡിയാകും നല്‌കുക. ഭൂവുടമയ്ക്കാണ് ഇതു നല്‌കുന്നത്. അല്ലാത്തവർ ഭൂമിയുടെ ഉടമകളാകുമ്പോൾ അവർക്കും നൽകും.

അധിക ഭൂമി കണ്ടെത്തുക എന്നതിലുപരി, ഇതു പിടിച്ചെടുത്ത് മിച്ചഭൂമിയാക്കി ഭൂരഹിതർക്കു നൽകുക എന്ന ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥ നടപ്പിലാക്കാനും പദ്ധതിയുണ്ട്. കൂടാതെ, ജനങ്ങൾക്കു മെച്ചപ്പെട്ട ഓൺലൈൻ സേവനം, ഭൂരേഖകളിൽ കൂടുതൽ കൃത്യത കൊണ്ടു വരിക എന്നിവയും ലക്ഷ്യമിടുന്നു.

നിലവിൽ സംസ്ഥാനത്തെ ഓരോ വില്ലേജിലെയും ഭൂമി വിവിധ ബ്ലോക്കുകളായാണു തിരിച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക് ഒരേ വില്ലേജിൽ പല ബ്ലോക്കുകളിൽ ഭൂമിയുണ്ടെങ്കിൽ പോലും തണ്ടപ്പേരുകൾ വ്യത്യസ്തമായിരുന്നു. ഇതിനാണ് ഇനി മാറ്റം വരിക. സംസ്ഥാനത്തു നിലവിൽ രണ്ട് കോടി തണ്ടപ്പേരുകളെങ്കിലും ഉള്ളതായാണ് അനുമാനം. ഇതിൽ ഭൂമി വിറ്റൊഴിഞ്ഞ ശൂന്യ തണ്ടപ്പേരുകളും ഉണ്ട്.

പദ്ധതി ലക്ഷ്യങ്ങൾ

*അധിക ഭൂമി കണ്ടെത്തുക. ഇതു പിടിച്ചെടുത്ത് മിച്ചഭൂമിയാക്കി ഭൂരഹിതർക്കു നല്‌കാൻ ഭൂപരിഷ്‌കരണ നിയമം വ്യവസ്ഥ ചെയ്യുന്നു.

*ജനങ്ങൾക്കു മെച്ചപ്പെട്ട ഓൺലൈൻ സേവനം

*ഭൂരേഖകളിൽ കൂടുതൽ കൃത്യത. വിവിധ ക്ഷേമപദ്ധതികളിൽ ആനുകൂല്യം പറ്റുന്നവരിൽ അനർഹരെ കണ്ടെത്താനാകും.

* അഞ്ചുസെന്റ് ഭൂമി വാങ്ങി ഇത് കര ഭൂമിയല്ലെങ്കിൽ വീടുവയ്ക്കാനായി ഇത് കരഭൂമിയാക്കാൻ അനുമതിയുണ്ടായിരുന്നു. ഇതിൽ പലരും മറ്റു ജില്ലകളിൽ ഭൂമിയുള്ളത് മറച്ചുവച്ചിരിക്കും. ഇത് ഇനി സാദ്ധ്യമല്ല.

ഒറ്റ തണ്ടപ്പേര്

പട്ടയ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിനെയാണ് 'തണ്ടപ്പേര് ' എന്ന് വിളിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ ഓരോ വില്ലേജിലെയും ഭൂമി വിവിധ ബ്ലോക്കുകളായാണു തിരിച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക് ഒരേ വില്ലേജിൽ പല ബ്ലോക്കുകളിൽ ഭൂമിയുണ്ടെങ്കിൽപ്പോലും തണ്ടപ്പേരുകൾ വ്യത്യസ്തമായിരുന്നു. ഈ സ്ഥിതിയാണ് ഇനി മാറുന്നത്. ഒരാളുടെ പേരിലുള്ള ഭൂസ്വത്തെല്ലാം ആധാറുമായി ലിങ്ക് ചെയ്യും. പിന്നീട് ഇത് ക്രോഡീകരിച്ച് ഒരു ഡിജിറ്റൽ പേജിലാക്കും. ഈ പേജിന് ആളുടെ പേരിന് പകരം ഒരു പന്ത്രണ്ട് അക്ക നമ്പർ നൽകും. ഇതായിരിക്കും തുടർന്നങ്ങോട്ട് ആ വ്യക്തിയുടെ തണ്ടപ്പേര്. പിന്നീട് ഭൂമി വാങ്ങിയാൽ ഇതിലേക്ക് ലിങ്ക് ചെയ്ത് ചേർക്കും. ഭൂമി വിറ്റാൽ ഇതിൽനിന്ന് കുറവ് ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAND REGISTRATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.