SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.09 PM IST

ലിസ് ട്രസ് ; പാതിവഴിയിൽ മുറിയുന്ന കർമ്മരംഗം

liz-truss

ബ്രിട്ടനെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് കരകയറ്റിയ പ്രധാനമന്ത്രി എന്ന പേരിലാണ് മാർഗരറ്റ് താച്ചർ അറിയപ്പെടുന്നത്. എന്നാൽ, വസ്ത്രധാരണത്തിൽ പോലും താച്ചറെ അനുകരിക്കുന്ന ലിസ് ട്രസിനെ ഇനി ലോകം ഓർക്കുക ബ്രിട്ടനെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിവിട്ട ശേഷം രാജിവച്ച പ്രധാനമന്ത്രിയെന്നാണ്. തെരേസ മേയ്ക്കും മാർഗരറ്റ് താച്ചറിനും ശേഷം ബ്രിട്ടണിൽ അധികാരത്തിലേറിയ വനിതാ പ്രധാനമന്ത്രിയെന്ന നിലയിൽ ലിസ് ട്രസിനെ ഏറെ പ്രതീക്ഷയോടെയാണ് ബ്രിട്ടൺ ഉറ്റുനോക്കിയത്. വിദ്യാഭ്യാസ സെക്രട്ടറിയായും പരിസ്ഥിതി സെക്രട്ടറിയായും വിദേശകാര്യ സെക്രട്ടറിയായുമൊക്കെ ഏറെ തിളങ്ങിയ ലിസ് ട്രസിൽ നിന്ന് രാജ്യം ഏറെ പ്രതീക്ഷിച്ചു. എന്നാൽ, ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് തനിക്ക് ഉയരാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് ഭരണത്തിലേറി 44-ാം ദിനം ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ഏറ്റവും കുറഞ്ഞ കാലം ഭരണത്തിലിരുന്ന വ്യക്തിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസ് പടിയിറങ്ങുന്നത്. 70 വർഷത്തോളം എലിസബത്ത് രാജ്ഞി ഭരണത്തിലിരുന്ന നാട്ടിൽ ലിസ് ട്രസിന് ഭരിക്കാനായത് വെറും 44 ദിനങ്ങൾ. ലിസിന്റെ സാമ്പത്തിക നയങ്ങളിലെ പോരായ്മയാണ് അവരെ അധികാരത്തിൽനിന്ന് താഴെയിറക്കിയത്.

സ്വന്തം സാമ്പത്തിക നയം വരുത്തിവച്ച പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനാവാതെ, തിരഞ്ഞെടുക്കപ്പെട്ട് ആറാഴ്ചയ്ക്കുള്ളിൽ തന്നെ കൺസർവേറ്റീവ് പാർട്ടിയിൽ ഭിന്നത ഉടലെടുത്തതോടെയാണ് രാജി.

രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഒക്ടോബർ 14ന് ധനമന്ത്രി ക്വാസി ക്വാർട്ടെഗിനെ ലിസ് ട്രസ് തത്‌ഥാനത്തു നിന്ന് നീക്കി പകരം ജെറമി ഹണ്ടിനെ നിയമിച്ചിരുന്നു. അതിനു പിന്നാലെ യുകെ ആഭ്യന്തര സെക്രട്ടറി ഇന്ത്യൻ വംശജയായ സുവെല്ല ബ്രേവർമാൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

ലിസ് ട്രസ് അധികാരമേറ്റയുടൻ വൻകിട കമ്പനികൾക്കുള്ള കോർപ്പറേഷൻ ടാക്സ് 25 ശതമാനത്തിൽ നിന്ന് 19 ശതമാനമാക്കി കുറച്ചു. ഇതോടെ വിപണി വൻ തകർച്ചയാണ് നേരിട്ടത്. ലിസ് ട്രസിന്റെ തന്നെ നയത്തിന്റെ ഭാഗമായിരുന്നു നികുതി ഇളവെങ്കിലും കാര്യങ്ങൾ കൈവിട്ടതോടെ ധനമന്ത്രിയെ പുറത്താക്കി മുഖം രക്ഷിക്കുകയായിരുന്നു അവർ.

ഓക്സ്‌ഫഡിലെ അപ്പർ മിഡൽ ക്ലാസ് കുടുംബത്തിൽ ജനിച്ച, അക്കാഡമീഷ്യനാകാൻ കൊതിച്ച പഠിപ്പിസ്റ്റ് ലിസ് ട്രസ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും ആരും കരുതിയതല്ല. 1975ൽ ഓക്സ്ഫഡിലാണ് മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസിന്റെ ജനനം. കണക്ക് പ്രൊഫസറായിരുന്ന പിതാവും നഴ്സായിരുന്ന മാതാവും തികഞ്ഞ ഇടതുപക്ഷക്കാരായിരുന്നു. അമ്മയ്ക്കൊപ്പം ഇടതുപക്ഷാനുകൂലികളുടെ മാർച്ചിനും സമരത്തിനും ലിസ് തന്റെ കുട്ടിക്കാലത്ത് പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇവരുടെ കുടുംബം ഓക്സ്ഫഡിൽനിന്ന് ഗ്ലാസ്‌ഗോയിലേക്കും ലീഡ്സിലേക്കും താമസം മാറി. ലീഡ്സിലെ റൗണ്ട്‌ഹൈ സ്റ്റേറ്റ് സെക്കൻഡറി സ്‌കൂളിൽ മാർഗരറ്റ് താച്ചറുടെ വേഷമണിഞ്ഞ് മോക്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ മാർഗരറ്റ് താച്ചർ ഇരുന്ന സ്ഥാനത്ത് അവർ എത്തി. ഇടതുപക്ഷക്കാരായ മാതാപിതാക്കൾ അവരെ വളർത്തിയത് ഒരു സോഷ്യലിസ്റ്റ് ആയിട്ടായിരുന്നു. ഓക്സ്ഫഡ് സർവകലാശാലയിലെ പഠനമാണ് അവരുടെ ജീവിതം വഴിതിരിച്ചുവിട്ടത്.

1994ൽ ലിബറൽ ഡമോക്രാറ്റിക് പാർട്ടി സമ്മേളനത്തിൽ രാജവാഴ്ച അവസാനിപ്പിക്കണമെന്നും ജനങ്ങൾ ഭരിക്കപ്പെടാൻ ഉള്ളവരല്ലെന്നും പ്രസംഗിച്ച ലിസ് ഓക്സ്ഫഡിൽ വച്ചു തന്നെ കൺസർവേറ്റീവ് പാർട്ടിയിലേക്കു ചുവടുമാറ്റി. 'ഇടതുപക്ഷ ആശയങ്ങൾ കടലാസിൽ ഉഗ്രനാണ്. പക്ഷേ അത് പ്രയോഗികമായി പരാജയവുമാണ്. ഇത് വായനയിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്'' എന്നാണ് തന്റെ ചുവടുമാറ്റത്തെക്കുറിച്ച് ലിസ് പിന്നീട് പറഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIZ TRUSS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.