SignIn
Kerala Kaumudi Online
Friday, 29 March 2024 11.38 AM IST

മായയെ മഹിമയാക്കിയ സ്വാമി ലോകേശാനന്ദ

swami-lokeshananda

വിയോഗം എന്നത് സുനിശ്ചിതമായിട്ടുള്ള ഒന്നാണ്. ജനനത്തിനൊപ്പമാണ് അതിന്റെ സ്ഥാനം. പ്രകൃതിയുടെ നിശ്ചയമാണത്. ആ നിശ്ചയത്തെ മറികടക്കാൻ പഴുതുകളൊന്നുമില്ല. എങ്കിലും വിയോഗങ്ങളെല്ലാം ഒരു തരത്തിൽ ദുഃഖമയമാണ്. അത് ഉറ്റവരുടെയും ഉടയവരുടെയും കാര്യത്തിലാകുമ്പോൾ ദുഃഖത്തിനു മീതെ അളവറ്റൊരു നഷ്ടമായിക്കൂടി പരിണമിക്കും. അത്തരമൊരു അനുഭവമാണ് ശിവഗിരി മഠത്തിലെ എന്റെ സഹോദര സന്യാസിയായിരുന്ന ലോകേശാനന്ദ സ്വാമിയുടെ ദേഹവിയോഗം.

സന്യാസിമാർ മരണവുമില്ല പുറപ്പുമില്ല വാഴ്‌വും നരസുരരാദിയുമില്ല നാമരൂപം എന്ന ഗുരുതത്വത്തെ അറിയുന്നവരാണ്. എങ്കിലും ഒരു ദേഹത്തിന് ഉടമയായിരിക്കുന്നിടത്തോളം ചില വേദനകളിൽ നിന്നും നഷ്ടങ്ങളിൽ നിന്നും സാമാന്യമായി മുക്തമാവാൻ പെട്ടെന്നാവില്ല. ആ വ്യക്തിബോധമാണ് ലോകേശാനന്ദ സ്വാമിയുടെ ദേഹവിയോഗത്തെ ഇത്രയധികം വൈകാരികമാക്കുന്നത്.

ഞാൻ ഗുരു പരമ്പരയിലൊരു കണ്ണിയായി തീരാനിട വന്നതു മുതൽ സ്വാമിയുടെ സ്നേഹവും സൗഹൃദവും ആത്മസാഹോദര്യത്വവും എന്നിലുണ്ടാക്കിയിട്ടുള്ള പാരസ്‌പര്യ ദൃഢത അത്രമേൽ ഉറച്ചതായിരുന്നു. സൗഹൃദങ്ങളെ ഇത്രമാത്രം മാധുര്യമുള്ളതാക്കാൻ മറ്റൊരാൾക്കാകുമോ എന്നു സംശയമാണ്. ഏത് സങ്കീർണതകളെയും ആശങ്കകളെയും വൈരുദ്ധ്യങ്ങളെയും നർമ്മത്തിന്റേയും ധർമ്മത്തിന്റേയും ഒരുമയിൽ പൊതിഞ്ഞുടയ്ക്കുവാൻ സ്വാമിയുടെ ദാർശനികതയ്ക്കു അനായാസം സാധിക്കുമായിരുന്നു.

ഒറ്റയ്ക്കിരിക്കുമ്പോഴും കൂട്ടത്തിലിരിക്കുമ്പോഴും ഗുരുവരുളിന്റെ തിളക്കം വിതറുന്നൊരു പ്രകൃതത്തിനുടമയായിരുന്നു ലോകേശാനന്ദസ്വാമി. നർമ്മം കൊണ്ട് വൈരത്തെ ദേദിക്കാനും ധർമ്മം കൊണ്ട് ധൈര്യത്തെ ദൃഢപ്പെടുത്താനുമുള്ള ധാരാളം ഒറ്റമൂലികൾ സ്വാമിയുടെ ദാർശനിക സഞ്ചയത്തിലുണ്ടായിരുന്നു. സന്യാസത്തിന്റെ പാരമ്പര്യവഴികളെ പിന്തുടരുന്ന പതിവിൽ നിന്ന് വേറിട്ട് സന്യാസത്തെ നിത്യജീവിതത്തിന്റെ നേരിൽ നിന്നടർത്തിയെടുക്കാതെ നടന്നിരുന്ന സ്വാമിയുടെ ചിന്തയും എഴുത്തും പ്രവൃത്തിയും ശുദ്ധ ആത്മീയതയുടെ അല്ലെങ്കിൽ മാതാതീത ആത്മീയതയുടെ താരും തളിരും ആയിരുന്നെന്ന് പറയാം. ഒരു നോട്ടത്തിനു ഒരുപാടു നോട്ടങ്ങളുടെ അർത്ഥങ്ങൾ നൽകുന്ന, ഒരു വാക്കിന് അനേകം വാക്കുകളുടെ പ്രതിധ്വനികൾ നൽകുന്ന സ്വാമിയുടെ ആശയവിനിമയ കുശലതയും നിരീക്ഷണപാടവവും ആവിഷ്കരണ നിപുണതയും പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

നർമ്മത്തിൽ മർമ്മവും മർമ്മത്തിൽ ധർമ്മവും ധർമ്മത്തിൽ കർമ്മവും ചാലിച്ചെടുക്കുന്ന സ്വാമിയുടെ അസാധാരണമായ ശൈലി ആരെയും വല്ലാതെ വശീകരിക്കുന്ന വിസ്‌മയമായിരുന്നു. മായയും മഹിമയും എന്ന ഒരൊറ്റ ഗ്രന്ഥത്തിലൂടെ എഴുത്തിന്റെയും ചിന്തയുടെയും വായനയുടെയും ലോകത്ത് സവിശേഷമായ ഒരിടം അവിസ്മരണീയമാക്കാൻ സാദ്ധ്യമായതിന്റെ രഹസ്യവും മറ്റൊന്നല്ല. ഏതു വിഷയമായാലും അത് ഹൃദയത്തിലുടക്കും വിധം പറഞ്ഞുറപ്പിക്കാനുള്ള വൈഭവമായിരുന്നു സ്വാമിയുടെ കരുത്ത്.

ഗുരുദേവ ചിന്തകളെ തന്റെ ശ്വാസവും വിശ്വാസവുമാക്കി ഗുരുസേവയിലൂടെ സർവരും സോദരത്വേന വാഴുന്ന ഒരു മാതൃകാ സമൂഹത്തിന്റെ വാഴ്‌വിനായി നിലകൊണ്ട ലോകേശാനന്ദ സ്വാമിയുടെ ശബ്ദവും സാന്നിദ്ധ്യവും പ്രത്യക്ഷത്തിൽ മറഞ്ഞുപോയെങ്കിലും ആ അനാഹത വ്യക്തിത്വം എന്നും നമുക്കൊപ്പം ഉണ്ടാകും. ശിവഗിരി മഠത്തിന്റെ ആകാശവട്ടത്തിലൊരു നക്ഷത്രമായി മിന്നുവാൻ പോയ സ്വാമിജിക്ക് പ്രണാമം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKESANANDA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.