SignIn
Kerala Kaumudi Online
Thursday, 25 April 2024 8.35 PM IST

രവിസ്മൃതിക്ക് ഹൃദയാഞ്ജലി

ravisir

ശൈലീവല്ലഭൻ എന്നു പ്രഖ്യാതനായ മഹാനായ എഴുത്തുകാരൻ, സി.വി. കുഞ്ഞുരാമൻ. നർമ്മബോധം നിറഞ്ഞു നിൽക്കുന്ന ലളിതവും സുന്ദരവുമായ സി.വിയുടെ ഭാഷ നമ്മുടെ ഗദ്യസാഹിത്യത്തെ നർമ്മമധുരമായ വികാസതലങ്ങളിലേക്കു നയിച്ചു. 1911-ൽ അദ്ദേഹം കേരള കൗമുദി പത്രം ആരംഭിച്ചു. സാഹിത്യാന്തരീക്ഷത്തിൽ നറുനിലാവായി ഇന്നുംനിൽക്കുന്നു, കേരള കൗമുദി.

സി.വി. കുഞ്ഞുരാമന്റെ മകൻ കെ. സുകുമാരൻ. പത്രാധിപർ എന്നു കാലം കൊണ്ടാടിയ ധീരനും ദേശാഭിമാനിയുമായ സാംസ്‌കാരിക നായകൻ. അദ്ദേഹത്തിന്റെ നാലു മക്കളിൽ ഇളയവനായിട്ടാണ് എം.എസ്. രവിയുടെ ജനനം. എല്ലാവരുടെയും കുഞ്ഞുമോൻ, രവി.


തിരുവനന്തപുരത്തേക്കുള്ള എന്റെ ആദ്യ ആകർഷണം കെ. ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പ് ആയിരുന്നു. വീട്ടിൽ പതിവായി വന്നെത്തിയിരുന്ന വാരിക. അതിന്റെ ബാലപംക്തിയിൽ ആയിരുന്നു എഴുത്തിന്റെ തുടക്കം. പിന്നീട് അത് മുതിർന്നവരുടെ രചനാവഴികളിലേക്കു വികസിച്ചു. വയലാറും ഒ.എൻ.വിയും വൈക്കം ചന്ദ്രശേഖരൻ നായരും സി.എൻ. ശ്രീകണ്ഠൻ നായരുമൊക്കെ എന്റെ കൗമാരത്തെ സ്വാധീനിച്ച സാഹിത്യകാരന്മാരാണ്.

അറുപതുകളുടെ മദ്ധ്യത്തിൽ തിരുവനന്തപുരത്ത് കോളജ് അദ്ധ്യാപകനായി എത്തുമ്പോൾ പേട്ടയിലെ കൗമുദി ആസ്ഥാനമാണ് ഞാൻ ആദ്യം തേടിപ്പോയ ഇടങ്ങളിലൊന്ന്. അപ്പോഴേക്ക് കൗമുദി ആഴ്ചപ്പതിപ്പിന്റെ പ്രഭാവകാലം അസ്തമിച്ചിരുന്നു. അവിടെ പ്രകാശഗോപുരമായി കേരളകൗമുദി ദിനപ്പത്രം. ഞാനത് വിനയപൂർവം നോക്കിക്കണ്ടു.


കൗമുദി കുടുംബത്തിലെ കുട്ടികൾ മാർ ഇവാനിയോസ് കോളജിൽ വിദ്യാർത്ഥികളായി എത്തിയപ്പോൾ എനിക്ക് അഭിമാനവും സന്തോഷവും തോന്നി. അവരുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയനായിരുന്നു എം.എസ്. രവിയെന്ന കുഞ്ഞുമോൻ. കുഞ്ഞുമോന്റെ വന്ദ്യപിതാവ് എന്ന നിലയ്ക്കാണ് പത്രാധിപർ കെ. സുകുമാരനുമായി അടുത്തു ബന്ധപ്പെടാൻ എനിക്ക് ഭാഗ്യമുണ്ടായത്. ആ വലിയ മനുഷ്യൻ എന്നെ ചേർത്തുപിടിച്ചു. ജീവിതത്തിന്റെ സംസ്‌കാരമന്ത്രങ്ങൾ ഓതിത്തന്നു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുമൊഴി എന്റെ സംസ്‌കാരദർശനമായി രൂപപ്പെടുത്തിയത് പത്രാധിപർ കെ. സുകുമാരൻ. മതമേതായാലും മനുഷ്യൻ നന്നാവണമെന്ന് വെളിപ്പെടുത്തി എന്റെ മാനവബോധത്തെ അദ്ദേഹം ഉണർത്തി. കേരള കൗമുദിയുടെ വാരാന്ത്യപ്പതിപ്പിൽ എന്റെ കഥകളും ലേഖനങ്ങളും തുടർച്ചയായി ഇടംകണ്ടു. എല്ലാം പത്രാധിപരുടെ അനുഗ്രഹം.


എം.എസ്. രവിയുടെ അദ്ധ്യാപകൻ എന്ന ഹൃദയബന്ധമാണ് എന്നെ കേരള കൗമുദികുടുംബത്തിലെ അംഗമാക്കിയത്. രവിയോടൊപ്പം മാസത്തിൽ രണ്ടുവട്ടമെങ്കിലും പത്രാധിപരോടൊത്ത് ഏറെ സമയം കഴിച്ചുകൂട്ടാൻ എനിക്ക് അവസരം ലഭിച്ചു. അമ്മ എന്നെ സത്കരിച്ച് സന്തോഷിപ്പിച്ചു. രവി എപ്പോഴും ഒരു ചെറിയ കുട്ടിയായിരുന്നു എനിക്ക്. എന്റെ വഴികളിൽ ഒപ്പം കൂടിയ ഹൃദയസമ്പന്നനായ വിദ്യാർത്ഥി. കോളജിൽ എല്ലാവർക്കും രവിയെ വലിയ ഇഷ്ടമായിരുന്നു. ഞങ്ങളുടെ കോളജിനോട് കേരള കൗമുദിക്ക് പ്രത്യേക താത്‌പര്യം ജനിക്കാൻ എം.എസ്. രവി മുഖ്യകാരണക്കാരനായി.

രവിയുടെ ജ്യേഷ്ഠസഹോദരങ്ങൾ അവിടെ വിദ്യാർത്ഥികളായിരുന്നു എന്നത് പ്രത്യേകം ഓർമ്മിക്കുന്നു. പഠനം കഴിഞ്ഞ് രവി പത്രപ്രവർത്തന രംഗത്തേക്ക് തിരിയുമ്പോഴും കോളജിലെ പൂർവവിദ്യാർത്ഥി സംഘടനയുടെ പ്രധാന ഭാരവാഹിത്വം ഏറ്റെടുത്തു. അമിക്കോസിന്റെ പ്രവർത്തനങ്ങളിൽ പിന്നീടുള്ള കാലങ്ങളിലൊക്കെ രവി സവിശേഷശ്രദ്ധ ചെലുത്തിപ്പോന്നു. മാർ ഇവാനിയോസ് കോളേജ് രവിക്ക് ഒരു വികാരമായിരുന്നു എന്നു തോന്നിയിട്ടുണ്ട്.


വ്യക്തിപരമായി കേരള കൗമുദിയോടുള്ള ഹൃദയരാഗം ഇഴമുറിയാതെ എക്കാലത്തും തുടർന്നുപോരാൻ എനിക്കും സാധിച്ചിട്ടുണ്ട്. പത്രാധിപരുടെ ജീവിത സായാഹ്നത്തിൽ രോഗാതുരനായിക്കഴിയുമ്പോൾ ക്ഷേമാന്വേഷണത്തിന് ഞാൻ സമയം കണ്ടെത്തി. മുൻവശത്തെ മുറിയിൽ രവിയെക്കണ്ട് വിവരം തിരക്കി മടങ്ങാനൊരുങ്ങും. അപ്പോൾ എന്റെ ശബ്ദം തിരിച്ചറിഞ്ഞ് അകത്തെ മുറിയിൽ നിന്ന് പത്രാധിപരുടെ സ്വരം: എന്നെക്കാണാതെ മടങ്ങുകയാണോ? ഞാൻ ആ മഹൽസന്നിധിയിൽ ചെന്നിരിക്കും. രവിയും ഒപ്പമുണ്ടാകും.


കേരളത്തിലെ സ്വകാര്യകോളജ് അദ്ധ്യാപകർ അവകാശ സമരങ്ങളിൽ ഏർപ്പെടുമ്പോൾ കേരളകൗമുദിയും പത്രാധിപർ സുകുമാരനും നൽകിയ ശക്തമായ പിന്തുണ കൃതജ്ഞതയോടെ ഓർമ്മിക്കേണ്ടതാണ്. ജോലിസ്ഥിരതയില്ലാതെ, പ്രൊമോഷനുള്ള വഴികൾ അടഞ്ഞ്, സർക്കാർ കോളജ് അദ്ധ്യാപകരുടെ മുന്നിൽ രണ്ടാംതരക്കാരായി ഞങ്ങൾ കഴിഞ്ഞിരുന്ന കാലം. അതിനെതിരെ നടത്തിയ പോരാട്ടങ്ങളിൽ കേരള കൗമുദിയുടെ പിന്തുണ വലിയ ശക്തി പകർന്നിരുന്നു. അങ്ങനെ ഒരു നിലപാട് ഓരോ കാലത്തും കൈക്കൊള്ളുന്നതിന് കേരള കൗമുദിയെ സന്നദ്ധമാക്കിയത് എം.എസ്. രവിയുടെ സ്‌നേഹമസൃണമായ ഇടപെടൽ കൂടിയാണ്.


എന്റെ ഗൃഹാന്തരീക്ഷത്തിൽ രവിയുടെ സാന്നിദ്ധ്യം ശക്തമായ സ്‌നേഹപ്രകാശമായിരുന്നു. കുട്ടികളെ രവി പിതൃസഹോദരനെപ്പോലെ ലാളിച്ചു. ഞങ്ങളുടെ ഏത് ആവശ്യങ്ങളിലും ഒപ്പം നിന്നു. സഹായിച്ചു. എന്റെ സർഗപഥം ശ്രദ്ധേയവും സുഗമവും ആക്കുന്നതിൽ രവിയുടെ സംഭാവനകൾ വളരെ വലുതാണ്. ഗുരുശിഷ്യബന്ധത്തിന് വളരാൻ ഇത്ര വലിയ ആകാശമുണ്ടെന്ന് അനുഭവപ്പെടുത്തിയത് രവിയാണ്. വളരെ ആകസ്മികമായി 2018 ഏപ്രിൽ 20ന് ആ നക്ഷത്രം അടർന്നുവീഴുമ്പോൾ കേരള കൗമുദിയുടെ പ്രധാന പത്രാധിപർ ആയിരുന്നു രവി. അകാലത്തിൽ അച്ഛനെ നഷ്ടപ്പെട്ട ദീപുവിനെയും ദർശനെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടിയില്ല. ആത്മദുഃഖവും നിയന്ത്രിക്കുവാൻ കഴിയുമായിരുന്നില്ല.


എം.എസ്. രവിയുടെ അപൂർവമായ സ്‌നേഹാതിരേകം എന്റെ മനസിൽ ദീപ്തമായ ഓർമ്മയാണ്. ദീപു രവിയും ദർശൻ രവിയും സ്‌നേഹാനുഗ്രഹങ്ങൾ തുടരുന്നു എന്നത് മനസിൽ നന്ദിയുടെ പൂക്കൾ വിടർത്തുന്നു. ആ ഹൃദയപുഷ്പങ്ങൾ നിറഞ്ഞ സ്‌നേഹത്തോടെ രവിയുടെ സ്മൃതികുടീരത്തിൽ അർപ്പിക്കുന്നു. ശാന്തി നേരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: M S REVI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.