SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.23 PM IST

നീതിയുടെ തണലില്ല, മധു ഇന്നും വെയിലേറ്റ് നില്പാണ്

madhu

വിശന്നൊട്ടിയ വയറുമായിവന്ന ഒരു യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നത് ഓർമ്മയുണ്ടോ? എങ്ങനെ മറക്കും . അട്ടപ്പാടിയിലെ മധു. പ്രബുദ്ധ കേരളത്തിന്റെ മനസാക്ഷിക്കുമേൽ ഓരോ ദിവസവും കനൽകോരിയിടുന്ന പേര്. കേരളത്തെ ഞെട്ടിച്ച, നാണം കെടുത്തിയ ക്രൂരതയ്ക്ക് നാലാണ്ട് പൂർത്തിയായിട്ടും മധു എന്ന ആദിവാസി യുവാവിന് നീതി അകലെയാണ്. ഈ കേസ് നീതിപൂർവം മുന്നോട്ടുപോവുകയും പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്യേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ആൾക്കൂട്ടം നൽകുന്ന ബലത്തിൽ നിസഹായരെ ചോദ്യം ചെയ്യാമെന്നും മർദ്ദിക്കാമെന്നും കൊലപ്പെടുത്താമെന്നും ഇനിയൊരാളും ചിന്തിക്കരുത്.

2018 ഫെബ്രുവരിയിലാണ് അട്ടപ്പാടിയിൽ മധുവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയത്. സമൂഹം ഇത്രത്തോളം ചർച്ചചെയ്യപ്പെട്ട ഒരു കേസ് അർഹിക്കുന്ന പ്രാധാന്യത്തോടെയാണോ നിയമസംവിധാനങ്ങൾ പരിഗണിച്ചതെന്ന് സംശയമാണ്. മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും നടത്തുന്ന ഒരു പോരാട്ടം കൂടിയാണ് ഈ കേസ്. ഒറ്റപ്പെടുത്തലും ഭയവും കേസിന്റെ സങ്കീർണതകളും നിയമത്തിന്റെ മെല്ലെപ്പോക്കും പ്രതികളുടെ സ്വാധീനവുമെല്ലാം അവർ ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ കേസിൽ നീതി കിട്ടേണ്ടത് മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും മാത്രം ആവശ്യമല്ലെന്ന തിരിച്ചറിവ് സർക്കാരിനും നിയമ സംവിധാനങ്ങൾക്കും ഉണ്ടാവണം.

അട്ടപ്പാടി താലൂക്കിലെ ചിണ്ടക്കി കടുകുമണ്ണ പഴയൂരിലെ മധു കുറുമ്പ സമുദായക്കാരനാണ് മധു. വിശപ്പുകൊണ്ടും മാനസിക ശാരീരിക അവസ്ഥകൊണ്ടും ജീവിത സാഹചര്യം കൊണ്ടും ഏറ്റവും നിസഹായനായ മനുഷ്യൻ. അയാളുടെ നിസഹായതയ്ക്ക് മേലെയാണ് സമ്പത്തും ആരോഗ്യവും സ്വാധീനവും വിശപ്പറിയാത്തവരുമായ 16 പേർ കൈക്കരുത്ത് കാണിച്ച് ആഘോഷിച്ചത്. നാട് മുഴുവൻ അത് നോക്കിനിന്നു. 122 സാക്ഷികളുണ്ട് ഈ കേസിൽ. മാനസിക അസ്വാസ്ഥ്യമുള്ള മധു കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ 2008 മുതൽ പലപ്പോഴായി ചികിത്സ തേടിയിരുന്നു. ഇക്കാലത്താണ് വീട്ടിൽനിന്നും മാറി ഗുഹകളിലും പൊത്തുകളിലുമൊക്കെ മധു താമസം തുടങ്ങിയത്.

അട്ടപ്പാടി റിസർവ്വ് ഫോറസ്റ്റിനുള്ളിൽ അജ്ജുമുടിയിൽ വെച്ചാണ് മധുവിനെ ഒരു സംഘം പിടികൂടിയത്. മുക്കാലി ടൗണിലെ കടകളിൽ നിന്ന് അരിയും സാധനങ്ങളും മോഷ്ടിച്ചെന്നായിരുന്നു കുറ്റം. അജ്ജുമുടിയിലെ അരുവിയിൽ വെള്ളമെടുക്കാൻ പോയപ്പോഴാണ് ആരോ കണ്ട് ഫോണിൽ ടൗണിൽ നിന്നുള്ള ആളുകളെ വിളിച്ചുവരുത്തി മധുവിനെ മർദ്ദിച്ച് പിടിച്ചിറക്കി മുക്കാലി ടൗൺ വരെ നടത്തിച്ചത്. ഉടുമുണ്ട്‌ കൊണ്ട് കൈ രണ്ടും പിന്നിൽ കെട്ടിയും 'തൊണ്ടി'യായി പിടിച്ചെടുത്ത കുറച്ച് അരിയും മുളകുപൊടിയും അടങ്ങുന്ന സഞ്ചി തലയിലേറ്റിയുമാണ് ആൾക്കൂട്ടം രസിച്ചത്. മണിക്കൂറുകളോളമുള്ള മർദ്ദനത്തിനൊടുവിൽ പൊലീസ് എത്തുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മധു മരിക്കുകയുമായിരുന്നു. ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്ന ആ മനുഷ്യന്റെ ശരീരത്തിൽ 44ലധികം പരിക്കുകളുണ്ടായിരുന്നു. പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് അമ്മ മല്ലി സംസ്ഥാന സർക്കാരിന് നൽകിയ അപേക്ഷയിലെ സങ്കടകരമായ ഒരു വാചകം ഇങ്ങനെയായിരുന്നു: ''ഒരു കിലോ അരിക്കും 25ഗ്രാം ചായപ്പൊടിക്കും ഒരു കവർ മുളകുപൊടിക്കും വേണ്ടി ഒരാളെ കൊല്ലുന്നത് കേട്ടുകേൾവി പോലുമില്ലാത്തതാണ്.'' 122 സാക്ഷികളിൽ 11 പേർ ഇതിനോടകം കൂറുമാറിക്കഴിഞ്ഞു. രഹസ്യമൊഴി നൽകിയവരിൽ ഏഴുപേരും മൊഴിമാറ്റി. ഒരാൾ മാത്രമാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴിനൽകിയത്. നാല് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ ഇതിനോടകം വന്നുകഴിഞ്ഞു. പ്രതിഷേധങ്ങൾ നിരവധി ഉയർന്നിട്ടും മധു മരണശേഷവും നീതി ലഭിക്കാത്തവനായി തുടരുന്നത് എന്തൊരു ദൗർഭാഗ്യമാണ്.

കേസിൽ തുടക്കം മുതൽ അട്ടമറികളുടെ ഘോഷയാത്രയായിരുന്നു . സ്പെഷ്യൽ പ്രോസിക്യൂട്ടർ എന്ന ആവശ്യം കുടുംബത്തിന്റെ ന്യായമായ ആവശ്യം അധിക ചെലവാണെന്ന് പറഞ്ഞ് ഭരണകൂടം തള്ളിക്കളഞ്ഞു. ഒന്നരവർഷത്തെ പോരാട്ടത്തിന് ശേഷമാണ് കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ സേവനം ലഭ്യമാക്കാൻ സർക്കാർ തയ്യാറായത്. കുറ്റപത്രം കോടതിയിൽ വായിച്ചു കേൾപ്പിക്കാനും ഡിജിറ്റൽ തെളിവുകൾ കൈമാറാനും വിസ്താരം ആരംഭിക്കാനും കാലതാമസമെടുത്തു. ഇൗ നാളുകളിൽ പ്രതിപ്പട്ടികയിലുള്ളവരെല്ലാം നാട്ടിൽ വിലസുകയായിരുന്നു. അതിന്റെ ഫലമെന്നോണം വിചാരണ ആരംഭിച്ചപ്പോൾ സാക്ഷികളെല്ലാം തുടർച്ചയായി കൂറുമാറി. കൂറുമാറ്റം തടയാനും സാക്ഷികളെ പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനയും സ്വാധീനിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് മണ്ണാർക്കാട് എസ്.സി - എസ്.ടി പ്രത്യേക കോടതി 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഇത് കഴിഞ്ഞദിവസം ഹൈക്കോടത് സ്റ്റേ ചെയ്തു. ഈ മാസം 30ന് വിചാരണം പുനരാരംഭിക്കും. മധുവിന് നീതി ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണാം.. .

വിചാരണ വൈകിയത്

തിരിച്ചടിയായി

മധു കേസിൽ വിചാരണ തുടങ്ങാൻ വൈകിയത് സാക്ഷികളുടെ കൂട്ടമായ കൂറുമാറ്റത്തിന് കാരണമായെന്ന നിയമവിദഗ്ധർ പറയുന്നു. കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ വിചാരണയും ആരംഭിച്ചിരുന്നെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു. സാക്ഷികളും പ്രതികളും ഒരേസ്ഥലത്തുള്ളവരാണ്. കഴിഞ്ഞനാല് വർഷമായി പ്രതികൾ ജാമ്യത്തിലുമാണ്. സാക്ഷികളിൽ പലരും പ്രതികളുടെ ആശ്രിതരും. പ്രതികൾക്ക് സാക്ഷികളെ സ്വാധീനിക്കാൻ എളുപ്പമായിരുന്നു. വിചാരണ നേരത്തേ നടത്തിയിരുന്നെങ്കിൽ ഇതിനുള്ള സാദ്ധ്യത തടയാമായിരുന്നു.

മണ്ണാർക്കാട് എസ്.സി.എസ്.ടി കോടതിയിലാണ് വിചാരണ നടക്കുന്നത്. ഇത്രയും പ്രാധാന്യമുള്ള ഒരു കേസായിട്ടും പ്രത്യേകമായി ഒരു പ്രോസിക്യൂട്ടറെ വയ്ക്കാൻ തുടക്കത്തിൽ സർക്കാർ തയ്യാറായിരുന്നില്ല. പല കേസുകളിലും ഉയർന്ന ഫീസ് നൽകി സുപ്രീംകോടതിയിൽ നിന്നുള്ള അഭിഭാഷകരെ ഉൾപ്പെടെ കൊണ്ടുവന്ന് വാദിക്കുന്ന സർക്കാർ മധുവിന്റെ കേസിൽ അലംഭാവം കാട്ടി എന്നത് വ്യക്തം. സംഭവത്തിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ വേണമെന്ന ആവശ്യമുയർന്നപ്പോൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. അധിക ചെലവ് എന്ന കാരണം കാട്ടിയായിരുന്നു റദ്ദാക്കൽ. സ്‌പെഷൽ പ്രോസിക്യൂട്ടറായി നിശ്ചയിച്ചിരുന്ന പി.ഗോപിനാഥ് കേസിന്റെ ആവശ്യത്തിനായി മണ്ണാർക്കാട് ഓഫീസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാൻ തയ്യാറാവാതെ സ്‌പെഷൽ പ്രോസിക്യൂട്ടർ വേണ്ടെന്ന തീരുമാനത്തിൽ സർക്കാർ എത്തുകയായിരുന്നു. പകരം വിവിധ കേസുകളിൽ സർക്കാരിനെ പ്രതിനിധീകരിക്കുന്ന എസ്.സി എസ്.ടി കോടതിയിലെ പ്രോസിക്യൂട്ടറെ തന്നെ മധുവിന്റെ കേസും ചുമതലപ്പെടുത്തി.

ഇതുവരെ നാല് സ്പെഷ്യൽ

പ്രോസിക്യൂട്ടർമാർ

നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ 2019 ആഗസ്റ്റിൽ വി.ടി.രഘുനാഥിനെ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. പക്ഷേ, അദ്ദേഹം മധുവിനുവേണ്ടി കോടതിയിൽ ഹാജരായില്ല. മൂന്നുതവണ പ്രോസിക്യൂട്ടർ ഹാജരാകാതെ കേസ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടായപ്പോൾ കോടതി തന്നെ പബ്ലിക് പ്രോസിക്യൂട്ടർ എവിടെയെന്ന ചോദ്യം ഉയർത്തി. വിചാരണ വൈകുന്നതിൽ ആശങ്കപ്പെട്ട് മധുവിന്റെ കുടുംബം നൽകിയ അപേക്ഷയെ തുടർന്ന് സി. രാജേന്ദ്രനെ സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചു. നാല് വർഷത്തിനു ശേഷം ജൂണിലാണ് മണ്ണാർക്കാട് സ്‌പെഷൽ കോടതിയിൽ സാക്ഷിവിസ്താരം തുടങ്ങിയത്. സാക്ഷികളിൽ രണ്ട് പേർ കൂറുമാറിയതോടെ വാദം ഫലപ്രദമായ രീതിയിലല്ലെന്നും കേസിൽ തോറ്റുപോകാൻ സാദ്ധ്യതയുണ്ടെന്നും പ്രോസിക്യൂട്ടറെ മാറ്റണമെന്നും മധുവിന്റെ അമ്മ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് സി. രാജേന്ദ്രൻ രാജിവെച്ചു. തുടർന്ന് രാജേഷ് എം.മേനോനെ സ്‌പെഷൽ പ്രോസിക്യൂട്ടറാക്കി. എന്നിട്ടും സാക്ഷികളുടെ കൂറുമാറ്റം തുടരുകയാണ്.

ചില കേസുകളുടെ വിചാരണ കുറ്റപത്രം സമർപ്പിച്ച് രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് നിയമമുണ്ട്. എന്നാൽ, ആദിവാസികൾ പോലെ സമൂഹത്തിലേറ്റവും ദുർബലരായ മനുഷ്യരോടുള്ള അതിക്രമങ്ങളുടെ കാര്യത്തിൽ ഇത്തരം നിബന്ധനകളില്ല. സാക്ഷികളടക്കമുള്ളവരുടെ സംരക്ഷണം ഉറപ്പുവരുത്താൻ ആവിഷ്‌കരിച്ച വിക്ടിം റൈറ്റ്സ് സെന്റർ പോലുള്ള സംവിധാനങ്ങളും ഇത്തരം കേസുകളിൽ ഫലം കാണുന്നില്ലെന്നതാണ് വാസ്തവം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MADHU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.