SignIn
Kerala Kaumudi Online
Thursday, 25 April 2024 3.32 PM IST

ഘടികാരം നിലച്ച കൊലപാതകങ്ങൾ

photo

അക്രമിയുടെ തീതുപ്പിയ തോക്കിൻകുഴലിന് ഇരയായി ലോകത്തെ മികച്ച നേതാക്കളിലൊരാളായിരുന്ന ഷിൻസോ ആബെ കൊല്ലപ്പെട്ടപ്പോൾ ലോകം ഞെട്ടി. അതിശക്തമായ സുരക്ഷാവലയങ്ങളുടെ നടുവിലായിരുന്നിട്ടും മാനസികരോഗികളുടെയും തീവ്രവാദികളുടെയും അക്രമികളുടെയും തോക്കിന് മുന്നിൽ പിടഞ്ഞുവീണ ആദ്യനേതാവല്ല,​ ആബെ. ഒരുപക്ഷേ,​ അവസാനത്തേതായിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. ലോകം ഞെട്ടിയ ചില കൊലപാതകങ്ങളിലേക്ക് ...

മഹാത്മാഗാന്ധി

ഇന്ത്യൻചരിത്രത്തിലെ കറുത്ത ദിനങ്ങളിലൊന്നായിരുന്നു, 1948 ജനുവരി 30. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് ചുക്കാൻപിടിച്ച മഹാത്മാഗാന്ധി ന്യൂഡൽഹിയിലെ ബിർല ഹൗസ് പരിസരത്ത് വെടിയേറ്റു വീണത് ആ ദിവസമായിരുന്നു. മഹാരാഷ്ട്രയിലെ പുണെയിൽ നിന്നുള്ള നാഥുറാം വിനായക് ഗോഡ്‌സെയായിരുന്നു ഗാന്ധിജിയുടെ കൊലപാതകി. ഗോഡ്സെയുടെ ബെറേറ്റ എം 1934 സെമി ഓട്ടമാറ്റിക് പിസ്റ്റളായിരുന്നു ഗാന്ധിജിയുടെ ജീവനെടുത്തത്. നെഞ്ചിൽ മൂന്നുതവണ വെടിയേറ്റാണ് മഹാത്മജി മിഴിയടച്ചത്. ഗോഡ്‌സെയെ പിന്നീട് 1949 നവംബർ 15-ന് ഹരിയാണയിലെ അംബാല ജയിലിൽ തൂക്കിക്കൊന്നു.

എബ്രഹാം ലിങ്കൺ

അടിമത്തത്തിനെതിരെ എടുത്ത ശക്തമായ നിലപാടാണ് അമേരിക്കയുടെ 16-ാം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കോൺഫഡറേറ്റ് സ്റ്റേറ്റുകളെ ശക്തമായി പിന്തുണച്ച ജോൺ വൈക്‌സ് ബൂത്ത് എന്ന വ്യക്തിയായിരുന്നു ലിങ്കണിനെ ഇല്ലാതാക്കിയത്, 1865 ഏപ്രിൽ 14ന്. ബൂത്തിനെ പിന്നീട് അമേരിക്കൻ പൊലീസ് വെടിവെച്ചുകൊന്നു.

മാർട്ടിൻ ലൂഥർ കിങ്ങ്

അമേരിക്കയിൽ ആഫ്രിക്കൻ അമേരിക്കൻ വംശജർ നേരിടുന്ന അവഗണനയ്ക്കും പക്ഷപാതിത്വത്തിനുമെതിരെ സമാധാനത്തിന്റെ വഴിയിൽ പരിഹാരമുണ്ടാക്കാൻ ശ്രമിച്ച മാർട്ടിൻ ലൂഥർ കിങ്ങിനെ കാത്തിരുന്നതും മരണമാണ്. ഐ ഹാവ് എ ഡ്രീം എന്ന് ലോകത്തോട് പ്രസംഗിച്ച മാർട്ടിൻ ലൂഥർ കിങ്ങിനെ ഇല്ലാതാക്കിയത് 1968 ഏപ്രിൽ നാലിനായിരുന്നു. ഒരു ഹോട്ടൽ റൂമിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന കിങ്ങിനെ എതിർദിശയിലുള്ള ഒരു കെട്ടിടത്തിന്റെ മുറിയിൽ നിന്ന് ജയിംസ് ഏൾ റേ എന്നയാൾ വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു.

ജോൺ എഫ്. കെന്നഡി

വീണ്ടും ഒരു കൊലപാതകക്കഥ അമേരിക്കയിൽ നിന്ന് തന്നെയാണ്. അമേരിക്കയുടെ 35-ാം പ്രസിഡന്റും ജനപ്രിയനുമായ ജോൺ എഫ്. കെന്നഡി 1963 നവംബർ 22നാണു വെടിയേറ്റ് കൊല്ലപ്പെട്ടത്. യു.എസിലെ ടെക്‌സസിലുള്ള ഡീലി പ്ലാസയിൽ തുറന്ന കാറിൽ റാലിയിൽ പങ്കെടുക്കുന്നതിനിടെയാണു കെന്നഡിക്കു നേരെ കൊലപാതകിയായ ലീ ഹാർവി ഓസ്വാൾഡ് വെടിയുതിർത്തത്. പൊലീസ് കസ്റ്റഡിയിലിരിക്കേ ഓസ്വാൾഡും കൊല്ലപ്പെട്ടു.

ഇന്ദിരാ ഗാന്ധി

1984 ഒക്ടോബർ 31 ന് ഇന്ത്യ വീണ്ടും ഞെട്ടി . അന്നായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചത്. അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ നടത്തിയ സൈനിക ദൗത്യത്തിൽ അമർഷം പൂണ്ട സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ അംഗരക്ഷകരായിരുന്നു ഇന്ദിരയുടെ ഘാതകർ. മുപ്പതിലേറെ വെടിയുണ്ടയാണ് ഇന്ദിരാഗാന്ധിയുടെ ശരീരത്തിൽ തറച്ചത്.

ലിയാഖത്ത് അലി ഖാൻ

പാകിസ്താന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാനെ 1951 ഒക്ടോബർ 16-ന് റാവൽപിണ്ടിയിലെ കമ്പനിബാഗിൽ പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് സാദ് അക്ബർ ബാബ്‌റാക് എന്നയാൾ വെടിവെച്ചുകൊന്നത്.

ബേനസീർ ഭൂട്ടോ

2007 ഡിസംബർ 27ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടു. 1988-1990, 1993-1996 കാലഘട്ടങ്ങളിൽ പ്രധാനമന്ത്രിയായിരുന്ന അവർ ഒമ്പതുവർഷത്തെ വിദേശവാസത്തിനുശേഷം സ്വന്തംനാട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. ബിലാൽ എന്ന 15 വയസ്സുമാത്രം പ്രായമുള്ള ചാവേറായിരുന്നു ബേനസീറിന് നേരെ വെടിയുതിർത്തത്.

യിത്സാക് റാബിൻ

ഇസ്രയേൽ മുൻ പ്രധാനമന്ത്രി യിത്സാക് റാബിന്റെ അന്ത്യവും പൊതുജനമദ്ധ്യത്തിലായിരുന്നു. 1995 നവംബർ നാലിന് ടെൽ അവീവിൽ നടന്ന റാലിക്കിടെ യിഗാൽ അമീർ എന്ന ജൂത നിയമവിദ്യാർത്ഥിയുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.

ഫ്രാൻസിസ് ഫെർഡിനാൻഡ്

ഒന്നാംലോകമഹായുദ്ധത്തിലേക്ക് നയിച്ച കൊലപാതകവും ലോകചരിത്രത്തിലുണ്ടായിട്ടുണ്ട്. ഓസ്‌ട്രോ- ഹംഗറി സാമ്രാജ്യത്തിന്റെ ആർച്ച് ഡ്യൂക്കും കിരീടാവകാശിയുമായ ഫ്രാൻസിസ് ഫെർഡിനാൻഡ് ബോസ്‌നിയയിലെ സാരായെവോയിൽ വച്ച് 1914 ജൂണിൽ വെടിയേറ്റു കൊല്ലപ്പെട്ടു. സെർബ് ദേശീയവാദിയായ ഗാവ്‌റിലോ പ്രിൻസെപ്പായിരുന്നു കൊലപാതകി. ഈ സംഭവമാണ് പിന്നീട് ലോകം മുഴുവൻ നാശം വിതച്ച ഒന്നാം ലോകമഹായുദ്ധത്തിലേക്കു നയിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAJOR POLITICAL ASSASINATIONS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.