SignIn
Kerala Kaumudi Online
Thursday, 18 April 2024 7.51 AM IST

മലബാർ കലാപം ; വസ്‌തുതകളും വിവാദങ്ങളും

photo

മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും സമരത്തിലെ 387 മാപ്പിളവിഭാഗത്തിൽപ്പെട്ടവരെ രക്തസാക്ഷി പട്ടികയിൽനിന്ന് പൂർണമായും റദ്ദാക്കിക്കൊണ്ടുമുള്ള ദേശീയ ചരിത്രഗവേഷണ കൗൺസിലിന്റെ തീരുമാനം വിവാദങ്ങൾ ഉയർത്തിയിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെ ധീരമായ ജനകീയ ചെറുത്തുനില്‌പുകൾ നടന്ന വസ്‌തുത വിസ്‌മരിക്കരുത്. ചരിത്രകാരന്മാർ പറയുന്ന 1857 'ശിപായി ലഹള" ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഡ്രസ് റിഹേഴ്സലായിരുന്നു. എന്നാൽ ബ്രിട്ടീഷ് ഭരണാധികാരികൾ ഈ സംഭവത്തെ അവഹേളിക്കും വിധം 'ശിപായി ലഹള"യായി മുദ്രകുത്തി.

മലബാർ കലാപത്തെ കേവലം ഹിന്ദു - മുസ്ലിം ലഹളയായിട്ടാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. മലബാർ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണെന്നും പ്രസ്തുത സമരത്തിൽ പങ്കെടുത്ത 387 പേർ സ്വാതന്ത്ര്യസമര രക്തസാക്ഷികളാണെന്നും ചരിത്രഗവേഷണസമിതി രേഖപ്പെടുത്തിയിരുന്നു. എന്നാൽ പ്രസ്തുത രേഖകൾ എല്ലാം തെറ്റാണെന്നും രക്തസാക്ഷിപ്പട്ടികയിൽപ്പെട്ട 387 പേരുടെ പേരുകൾ രേഖയിൽനിന്നും നീക്കം ചെയ്യണമെന്നും ചരിത്രഗവേഷണസമിതി ഇപ്പോൾ തീരുമാനിച്ചു പ്രഖ്യാപിക്കുന്നത് അപമാനകരമാണ്. ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റു മരിച്ചവരെയും അവരുടെ കുടുംബത്തെയും അപമാനിക്കലാണ്.

1921ൽ മലബാറിൽ അസംതൃപ്തരായ കർഷകരുടെ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇതോടൊപ്പം മാപ്പിള എന്നറിയപ്പെടുന്ന മുസ്ളിം കർഷകരുടെ പ്രക്ഷോഭവും ആരംഭിച്ചു. ഭാരിച്ച നികുതി, അരക്ഷിതാവസ്ഥ, പാട്ടക്കരാർ പുതുക്കുന്നതിനുള്ള കനത്ത നികുതി തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്ന പാട്ടക്കൃഷിക്കാർ ജന്മിമാർക്കെതിരെ സമരം ആരംഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ട് മുതൽ മുസ്ളിങ്ങൾ ജന്മിമാർക്കെതിരെ ചെറുത്തുനില്പുകൾ ആരംഭിച്ചു. എന്നാൽ 1921 ലെത്തുമ്പോൾ ഇത്തരം ചെറുത്തുനില്പുകൾക്കും കലാപങ്ങൾക്കും പുതിയ രൂപം പ്രാപിച്ചു.

ഈ സന്ദർഭത്തിൽ ഖിലാഫത്ത് പ്രസ്ഥാനവും കരുത്താർജ്ജിച്ചുവന്നു. പാട്ടക്കാരുടെ പ്രക്ഷോഭണങ്ങളും ഖിലാഫത്ത് സമരവും വേർതിരിക്കാനാവാത്തവിധം ചേർന്ന് അതിശക്തമായ ജനകീയ സമരത്തിന്റെ രൂപം പ്രാപിച്ചു. സമരത്തിന്റെ സാമൂഹ്യ അടിത്തറ മുസ്ളിം ജനവിഭാഗമായിരുന്നു. പൊതുവേ ഹിന്ദുക്കൾ ഈ സമരത്തെ സംശയദൃഷ്ടിയോടെയാണ് സമീപിച്ചിരുന്നത്.

ഈ സംയുക്ത സമരനിരയ്ക്ക് ആവേശവും കരുത്തും പകരാൻ മഹാത്മാഗാന്ധി എത്തി. ഗാന്ധിജിയോടൊപ്പം ഷൗക്കത്ത് അലി, മൗലാനാ ആസാദ് തുടങ്ങിയ ദേശീയ നേതാക്കന്മാരും സമരരംഗത്ത് എത്തി. ഇതോടെ ഖിലാഫത്ത് കുടിയാൻ കർഷക സംയുക്ത സമരത്തിന് തീപിടിച്ചു. 1921 ഫെബ്രുവരി അഞ്ചിന് തീരുമാനിച്ചിരുന്ന ഖിലാഫത്ത് മീറ്റിംഗ് നിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് സർക്കാർ മുന്നോട്ടുവന്നു.

1921 ഫെബ്രുവരി 18ന് ഖിലാഫത്ത് - കോൺഗ്രസ് നേതാക്കന്മാരെ കൂട്ടത്തോടെ അറസ്റ്റുചെയ്തു. യാക്കൂബ് ഹസൻ, ഗോപാലമേനോൻ, പി. മൊയ്‌ദീൻകോയ, കെ. മാധവൻനായർ എന്നിവരെ ജയിലിലടച്ചു. സമരം പ്രാദേശികമായ മാപ്പിളമാരുടെ നേതൃത്വത്തിലായി.

ഈ സന്ദർഭത്തിൽ ഏറനാട്ടു താലൂക്ക് മജിസ്ട്രേറ്റ് ഇ.എഫ്. തോമസ് വൻ പൊലീസ് സന്നാഹത്തോടെ 1921 ആഗസ്റ്റ് 20ന് തിരൂരങ്ങാടി പള്ളിയിലെത്തി. ഖിലാഫത്ത് നേതാവും ജനസമ്മതനുമായ അലി മുസലിയാരെ അറസ്റ്റു ചെയ്യുകയായിരുന്നു ലക്ഷ്യം.

അവിടെയുണ്ടായിരുന്ന മൂന്നു സാധാരണ ഖിലാഫത്ത് വാളണ്ടീയറന്മാരെ മാത്രം അറസ്റ്റുചെയ്ത് അവർക്ക് മടങ്ങേണ്ടിവന്നു. ഈ സംഭവത്തോടൊപ്പം മറ്റൊരു വാർത്ത കാട്ടുതീപോലെ പടർന്നു. അലി മുസിലിയാർ മുഖ്യപുരോഹിതനായ മാമ്പ്രറത്ത് പള്ളി ആക്രമിക്കപ്പെട്ടുവെന്നും ബ്രിട്ടീഷ് പട്ടാളം പള്ളി പൂർണമായും തകർത്തുവെന്നും വാർത്ത വന്നു. കോട്ടയ്ക്കൽ, താനൂർ, പരപ്പനങ്ങാടി എന്നീ സ്ഥലങ്ങളിൽ നിന്ന് മുസ്ളീങ്ങൾ കൂട്ടംകൂട്ടമായി വന്നെത്തി അവർ തിരൂരങ്ങാടിയിൽ കേന്ദ്രീകരിച്ചു. നേതാക്കന്മാർ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ നേരിട്ടുകണ്ടു. അറസ്റ്റിലായവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു.

പൊടുന്നനവേ നിരായുധരായ ജനക്കൂട്ടത്തിനെതിരെ പൊലീസ് വെടിവയ്പു നടത്തി. നിരവധി പേർ കൊല്ലപ്പെട്ടു. ജനം രോഷാകുലരായി. അക്രമം പൊട്ടിപ്പുറപ്പെട്ടു. ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളിൽ കലാപം പടർന്നുപിടിച്ചു.

കലാപത്തിന്റെ ആദ്യഘട്ടത്തിൽ ഹിന്ദുവിഭാഗത്തിൽപ്പെട്ട ജന്മിമാർ ആക്രമിക്കപ്പെട്ടു. നിരപരാധികളായ ധാരാളം പേർ ആക്രമണത്തിനു വിധേയരായി. കലാപകാരികൾ ബഹുദൂരം സഞ്ചരിച്ച് ജന്മിമാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചു. എന്നാൽ കുഞ്ഞു അഹമ്മദ് ഹാജി പോലുള്ളവർ കർശനമായി നിലപാട് സ്വീകരിച്ചു. ഹിന്ദുക്കളെ ഒരു കാരണവശാലും ആക്രമിക്കുകയോ അവരെ മറ്റുതരത്തിൽ പീഡിപ്പിക്കാനോ പാടില്ലെന്ന് പ്രക്ഷോഭകാരികൾക്ക് നിർദ്ദേശം നൽകി.

ബ്രിട്ടീഷ് സർക്കാർ പട്ടാളഭരണം പ്രഖ്യാപിച്ചു. പട്ടാളത്തിന്റെ ക്രൂരമായ പീഡനങ്ങൾ ആരംഭിച്ച് പ്രക്ഷോഭം ഒരു പുതിയ രീതിയിലേക്ക് മാറി. അധികാരികളുടെ കടുത്ത സമ്മർദ്ദം ഹിന്ദുവിഭാഗത്തിന്റെ നേർക്കുണ്ടായി. സമ്മർദ്ദത്തിനു വഴങ്ങാൻ നിർബന്ധിതമായ സാഹചര്യം മുതലെടുത്തുകൊണ്ട് വസ്തുതകളെ പൂർണമായും മനസിലാക്കാത്ത ഒരു വിഭാഗം മുസ്ളിങ്ങൾ ഹിന്ദുക്കൾക്കെതിരായി തീർന്നു. ഇതിനകം തന്നെ ഹിന്ദുവിരുദ്ധ വികാരം മുസ്ളിങ്ങൾക്കിടയിൽ നിലനിന്നിരുന്നു. ആ വികാരം ഈ സന്ദർഭത്തിൽ ആളിക്കത്തി. ബലംപ്രയോഗിച്ച മതപരിവർത്തനം, ഹിന്ദുക്കൾക്കെതിരെ നിരന്തരം ആക്രമണങ്ങൾ, കൊലപാതകം, എല്ലാം നിയന്ത്രണാതീതമായി തീർന്നു. ഹിന്ദുക്കൾക്കിടയിൽ കടുത്തനിരാശയും നിസഹായതയും അനുഭവപ്പെട്ടു. യഥാർത്ഥത്തിൽ ജന്മിത്വത്തിനും ബ്രിട്ടീഷ് ഭരണത്തിനും എതിരായി ഉയർന്നുവന്ന ജനമുന്നേറ്റം വർഗീയവികാരങ്ങളുടെ മുന്നേറ്റത്തിന്റെ വഴിമാറിയ ദാരുണസംഭവമായി മാറിയതാണ് മലബാർ ലഹള.

ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെ അരങ്ങേറ്റമായിരുന്നു മലബാർ കലാപം. പ്രസ്തുത സമരം ഹിന്ദു - മുസ്ളിം വർഗീയ ലഹളയാണെന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രഗവേഷണ സമിതിയെക്കൊണ്ട് ഏറ്റുപറയിപ്പിക്കുമ്പോൾ സാമ്രാജ്യത്വത്തിന്റെ ദാസന്മാർ ഇപ്പോഴും അധികാരത്തിന്റെ സിരാകേന്ദ്രങ്ങളിൽ അവശേഷിക്കുന്നു എന്ന യാഥാർത്ഥ്യം അംഗീകരിക്കേണ്ടിവരും.

സ്വാതന്ത്ര്യത്തിനുവേണ്ടി കേരള ജനത നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം കളങ്കപ്പെടുത്താനുള്ള ശ്രമങ്ങൾ പല സന്ദർഭങ്ങളിലും നടന്നു. ബ്രിട്ടീഷുകാ‌രുടെ കാലത്തെ ജന്മിത്വത്തിനും നാടുവാഴിത്തത്തിനും എതിരെ കേരളത്തിലെ കർഷകർ നടത്തിയ സമരങ്ങളും ജനാധിപത്യത്തിനുവേണ്ടി പുന്നപ്രയിലും വയലാറിലും നടന്ന ധീരോദാത്തമായ പോരാട്ടങ്ങളുമെല്ലാം തമസ്കരിക്കപ്പെടുകയും രക്തസാക്ഷികളെ അപമാനിക്കുകയും ചെയ്യുന്ന കറുത്ത നാളുകളാണ് വരാൻ പോകുന്നതെന്നുള്ള സൂചനകളിൽ ആദ്യത്തേതാവാം മലബാർ കലാപത്തെപ്പറ്റിയുള്ള പുതിയ വ്യാഖ്യാനങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALABAR REBELLION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.