SignIn
Kerala Kaumudi Online
Friday, 29 March 2024 11.39 AM IST

പ്രകാശം പരത്തിയ വലിയ ഇടയൻ

mar-chrysostom

ജനനവും മരണവും കാലത്തിന്റെ ഇരുകൈകൾ പോലെയാണ്. ഒന്ന് ജനനത്തിന് നിമിത്തമാകുമ്പോൾ മറ്റൊന്ന് മരണത്തിന് നിമിത്തമാകുന്നു. അതിനാൽ ലോകത്ത് ജനനം പോലെ തന്നെയാണ് മരണത്തിനുമുള്ള സ്ഥാനമെന്ന് മനസിലാക്കാം. അതല്ലാതെ ജനനം അല്ലെങ്കിൽ പിറവി ഉദ്‌ഘോഷത്തിനുള്ളതോ, മരണം അല്ലെങ്കിൽ വിയോഗം വിഷാദത്തിനുള്ളതോ ആയ അവസരങ്ങളല്ല. അഥവാ അങ്ങനെ അവസരങ്ങൾ ആകുന്നുണ്ടെങ്കിൽ അത് നമ്മുടെ തെറ്റായ ഭേദബുദ്ധി കൊണ്ട് സൃഷ്ടിക്കപ്പെടുന്നതാണ്. 'ജനനവുമില്ല പുറപ്പുമില്ല" എന്ന് ഗുരുദേവ തൃപ്പാദങ്ങൾ പറഞ്ഞിരിക്കുന്നതിനെ ആന്തരികാർത്ഥത്തിൽ എടുത്താൽ അതിന്റെ പൊരുൾ എന്തെന്ന് മനസിലാകും. ഈ പൊരുളിന്റെ നിറവാർന്ന അർത്ഥത്തിലാണ് മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ആയിരുന്ന , ഇക്കഴിഞ്ഞ നാളിൽ കാലം ചെയ്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം അവർകളുടെ ദേഹവിയോഗത്തെ നോക്കിക്കാണുന്നത്. ആ ദേഹവിയോഗം കാലത്തിന്റെ അനിവാര്യമായ നിയോഗമാണ്. എന്നാൽ ആ വിയോഗത്തെ ഒരു നിത്യസാന്നിദ്ധ്യമാക്കിത്തീർക്കുന്ന നന്മയുടെ ഏറ്റവും വലിയൊരു പൂമരമായിരുന്നു ക്രിസോസ്റ്റം തിരുമേനി. അദ്ദേഹം സഭയുടെ അരമനയിലുള്ള തന്റെ ഇരിപ്പിടത്തേക്കാൾ ജാതിമതഭേദമെന്യേ സർവമനുഷ്യസ്‌നേഹികളുടെയും മനസകങ്ങളിലുള്ള ഇരിപ്പിടത്തിലാണ് അധികനേരം ഇരുന്നിരുന്നത്.

പ്രതികൂലമായിരിക്കുന്നതിനെയെല്ലാം അനുകൂലമാക്കിയെടുക്കാനുള്ള ദൈവഹിതത്തിന്റെ വലിയൊരു അപ്പോസ്‌തലനായിരുന്നു അദ്ദേഹം. അതിന്റെ ചെറുതും വലുതുമായ അദ്ധ്യായങ്ങളാണ് അദ്ദേഹത്തിന്റെ 104 സംവത്സരങ്ങൾ നീണ്ടുനിന്ന സാർത്ഥകമായ ജീവിതം. നിഷ്‌കളങ്കതയുടെ സമ്പൂർണതയായിരുന്നു തിരുമേനിയുടെ വ്യക്തിത്വത്തെ സവിശേഷവും അപൂർവവുമാക്കിയത്. സഭയുടെ തിരുവസ്ത്രം അണിഞ്ഞിരിക്കുമ്പോഴും അദ്ദേഹത്തിന്റെ കൈകൾ സർവരിലേക്കും നീണ്ടുചെന്നിരുന്നു. അതുകൊണ്ട് തന്നെ സ്‌നേഹത്തിന്റെ, കാരുണ്യത്തിന്റെ, വിശ്വാസത്തിന്റെ, ലാളിത്യത്തിന്റെ, ദൈവമഹിമയുടെ പ്രസന്നതയും പ്രകാശവും വർത്തമാനവും വിതറുന്ന ആ ഹൃദയകാന്തി ആർക്കും വിസ്‌മരിക്കാനാവുന്നതല്ല. ആത്മീയതയെ മനുഷ്യത്വത്തിന്റ പരാഗമാക്കി സമൂഹമാകെ വിതറിയ അദ്ദേഹത്തിന്റെ ഹൃദയസരസിൽ അപരന്നു സുഖത്തിനായി വരേണ്ടുന്ന കർമ്മങ്ങളാണ് നർമ്മത്തിൽ പൊതിയപ്പെട്ട് നിറഞ്ഞിരുന്നത്.

ഗുരുദേവതൃപ്പാദങ്ങളിൽ എക്കാലവും സ്നേഹാദരത്തിന്റെ അകമലർ അർപ്പിച്ചിരുന്ന അദ്ദേഹം ഒരിക്കൽ ചെമ്പഴന്തിയിലെ ഗുരുകുലത്തിൽ തലകുനിച്ച് കയറിയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് പലവുരു പറഞ്ഞു കേട്ടിട്ടുണ്ട്. ഗുരുസ്വാമി എന്നുള്ള അദ്ദേഹത്തിന്റെ അതിലളിതമായ മൊഴിയിൽ ഗുരുദർശനത്തിന്റെ അളവില്ലായ്മയാണ് കരകവിഞ്ഞൊഴുകിയിരുന്നത്. ശിവഗിരിയിൽ നിരവധി തവണ അദ്ദേഹത്തിന്റെ മധുരഭാഷണം മുഴങ്ങി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAR CHRYSOSTOM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.