SignIn
Kerala Kaumudi Online
Saturday, 20 April 2024 6.15 AM IST

മരം കൊത്താനുണ്ടോ?

wood

കല്ല് കൊത്താനുണ്ടോ? ഈയം പൂശാനുണ്ടോ? കൈനോക്കാനുണ്ടോ? കുട നന്നാക്കാനുണ്ടോ? ചെരുപ്പുകുത്താനുണ്ടോ? പഴയ ഇരുമ്പ് - പാട്ട - അലൂമിനിയം പാത്രങ്ങൾ കൊടുക്കാനുണ്ടോ? ഇങ്ങനെ ചോദിച്ചു നടക്കാൻ ഇപ്പോഴാരേയും കിട്ടില്ല. മരം മുറിക്കാനുണ്ടോ എന്നാണ് ചോദ്യം. സാദാ മരം മുറിയല്ല. അതിന് നാടെമ്പാടും നോക്കുകൂലിക്കാരും അവർക്കുവേണ്ടി പണിയെടുക്കാൻ അന്യദേശ തൊഴിലാളികളുമുണ്ട്. രാവിലെ കുളിച്ചുകുറിയിട്ട് കളർ ബനിയനും തലേക്കെട്ടുമായി പണിയാനെന്ന മട്ടിൽ ബൈക്കിൽ കയറി സൈറ്റിലേക്ക് പോകും. അവിടെ ഭായിമാർ തയ്യാറായി നില്പുണ്ടാവും. ഏതു മരത്തിന്റെ തുഞ്ചത്തും അവർ കയറി വെട്ടും. ഏതു വലിയ തടിയും ലോറിയിൽ കയറ്റും. വൈകുന്നേരം പണിക്കാശു വീതം വയ്ക്കുമ്പോൾ ഒരു പങ്ക് ഭായിക്ക് കൊടുക്കണം. എവിടെയെങ്കിലും ആരെങ്കിലും കയറ്റിയിറക്ക് പണി നടത്തുന്നുവെങ്കിൽ അത് നോക്കി നിന്നാൽ മതി, അതിനും കിട്ടും കൂലിവേറെ. ഒന്നിനും പറ്റാത്തവർക്ക് വഴിയെ പോകുന്ന ലോഡുവണ്ടി നോക്കിനിന്നാലും മതി. ചില്വാനം തടയും.

അങ്ങനെയിരിക്കെയാണ് പുതിയൊരു ഇനം ഇ - വെട്ട് നിലവിൽ വരുന്നത്. വനത്തിലെ വിലപിടിപ്പുള്ള മരങ്ങളാണ് ഈ വെർച്വൽ വെട്ടിന് ഇരകളാകുന്നത്. വനം വകുപ്പിന്റെ ഫയലിൽ ആദ്യം കടുംവെട്ട്. നിലമ്പൂർ കോവിലകത്തെ വനസംരക്ഷണ സമ്പ്രദായമാണ് സർക്കാർ കോപ്പിയടിച്ചത്. ഒരു രൂപ പ്രതിഫലം വാങ്ങി നിലമ്പൂർ രാജാവ് വിട്ടുകൊടുത്ത വനമാണ് മാറിമാറി വന്ന ജനകീയ സർക്കാരുകൾ സംരക്ഷിച്ചു സംരക്ഷിച്ച് നാനാവിധമാക്കിയത്. വന്യജീവികളും ഗിരിവർഗക്കാരും കാട്ടിൽ ഇടം കിട്ടാതെ നാട്ടിലേക്കിറങ്ങിത്തുടങ്ങി. കാട്ടിൽ മരം തീർന്നതോടെ മരം മുറിയും നാട്ടിലേക്കിറങ്ങി. തേക്കും വീട്ടിയും ചന്ദനവുമൊക്കെ നിയമക്കുടുക്കിട്ട് വെട്ടിവീഴ്ത്താം. മരം വച്ചു പിടിപ്പിച്ചവർക്കും ഓമനിച്ചു വളർത്തിയവർക്കും നോക്കുകൂലി കിട്ടിയാലായി. മരം മുറി മഹോത്സവം തന്നെ സംഘടിപ്പിക്കാം.

അങ്ങിനെയിരിക്കെയാണ് മുല്ലപ്പെരിയാർ തീരത്ത് മരങ്ങളുണ്ടല്ലോ എന്നോർമ്മവരുന്നത്. കുറച്ച് മരം വെട്ടികൂടുതൽ നേടുക. അമ്മഡാമിനും ബേബിഡാമിനും വഴിയൊരുക്കുക. മണ്ണും ചാരി നിന്നവൻ പെണ്ണിനേയും കൊണ്ടുപോയി എന്നാകുമോ അനന്തരഫലം?

സർക്കാർ ആഫീസുകളുടെ തിരുമുറ്റത്തുനിന്നായാലും കാവൽ തോട്ടത്തിൽ നിന്നായാലും ഇമയടച്ചു തുറക്കും മുന്നേ ചന്ദനവും വീട്ടിയും കടത്തിത്തരും. മരം പോലും അറിയാതെ ഒരു മരം മുറി. പ്രായപൂർത്തിയായ മരത്തെ തൊട്ടുവണങ്ങി പൂജിച്ച്,അതിൽ പാർക്കുന്ന പക്ഷികളോടും പ്രാണികളോടും അനുവാദം ചോദിച്ച്, ഭൂമിദേവിയോട് സമസ്താപരാധം പറഞ്ഞു, മരത്തെ വേദനിപ്പിക്കാതെ മഴുവയ്ക്കുന്ന മൂത്താശാരി എവിടെ, നവകേരള മരംകൊത്തികളെവിടെ!

മരമിളകിലും മഹാജനാനാം മനമിളകാ എന്നാണല്ലോ പ്രമാണം!

പാഴ് മരങ്ങൾ തേടിയലയുന്ന പാവം പാരമ്പര്യ മരം കൊത്തിയല്ലിത്. ചന്ദനവും തേക്കും വീട്ടിയും കൊത്തി വീഴ്ത്തുന്ന, ഇ - ഫയലിൽ നിന്നും ആ - ഫയലിലേക്ക് പറന്നു വെട്ടുക്കിളിയിറങ്ങും പോലെ കാര്യം നേടുന്ന നവ കേരള മരം കൊത്തികൾ!

ഫോൺ : 9447575156

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARAMMURI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.