SignIn
Kerala Kaumudi Online
Thursday, 28 March 2024 10.28 PM IST

മർലിൻ മൺറോയുടെ മരണവും കെന്നഡിമാരും

marlin-mantro

' മർലിൻ മൺറോ.എസ്.എം-സി '

അമേരിക്കൻ അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

( എഫ്.ബി.ഐ) മർലിൻ മൺറോയെക്കുറിച്ച് തയ്യാറാക്കിയ ഫയലിന്റെ പേരാണിത്.എസ്.എം സെക്യൂരിറ്റി മാറ്റേഴ്സിനെയും ,സി -കമ്മ്യൂണിസ്റ്റ് സംബന്ധിയായതെന്നും സൂചിപ്പിക്കുന്നതാണ്. ഹോളിവുഡ് കണ്ട എക്കാലത്തെയും താരമൂല്യമുള്ള നായികയും ലോകത്തെ കോരിത്തരിപ്പിച്ച നടിയുമായ മർലിൻ മൺറോ മണ്ണടിഞ്ഞിട്ട് ആറുപതിറ്റാണ്ടാകുന്ന വേളയിൽ ഇതിനെന്ത് പ്രസക്തിയെന്ന് സംശയിക്കാം. ഹോളിവുഡിന്റെ ഗോൾഡൻ ഗേളായ മർലിൻ മൺറോ അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യചെയ്തതാണെന്ന് അടിവരയിട്ട് പുനരന്വേഷണ ഫയലും ക്ളോസ് ചെയ്തതതിനാൽ പ്രത്യേകിച്ചും. എന്നാൽ മരണശേഷവും വിവാദനായികയായി തുടരുന്ന മർലിന്റെ ജീവിതം വീണ്ടും ചർച്ചാവിഷയമായിരിക്കുന്നു.

എമ്മാ കൂപ്പർ സംവിധാനം ചെയ്ത ' ദി മിസ്റ്ററി ഓഫ് മർലിൻ മൺറോ : ദി അൺഹേർഡ് ടേപ്സ് ' എന്ന ഡോക്യുമെന്ററിയാണ് ഇപ്പോൾ ഹോളിവുഡിലെ ടോക്ക് പോയിന്റ്. ഒ.ടി.ടി പ്ളാറ്റ് ഫോമിൽ ലഭ്യമായ സിനിമയിൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ് .കെന്നഡി യുമായും സഹോദരനും അറ്റോർണി ജനറലുമായിരുന്ന റോബർട്ട് കെന്നഡിയുമായുള്ള മർലിന്റെ ബന്ധം മറനീക്കി പുറത്തുവരുന്നുണ്ട്. മർലിൻ മരണമടഞ്ഞ രാത്രിയിൽ റോബർട്ട് കെന്നഡി അവിടെയെത്തിയിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരവും തെളിവുകളോടെ ചിത്രം വെളിപ്പെടുത്തുന്നു. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റായ ആന്റണി സമ്മേഴ്സാണ് ഓഡിയോ ടേപ്പുകളുടെ സഹായത്തോടെ ഈ തെളിവുകളിൽ എത്തിച്ചേരുന്നത്. നേരത്തെ മർലിനെക്കുറിച്ച് പുസ്തകം രചിച്ചിട്ടുള്ള സമ്മേഴ്സ് എമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഡോക്യുമെന്ററിക്കായി പ്രവർത്തിക്കുകയായിരുന്നു. മർലിന്റെ കാലഘട്ടത്തിൽ ജീവിച്ചവരും അവരോട് അടുപ്പം പുലർത്തിയവരും ഒരുമിച്ച് പ്രവർത്തിച്ചവരുമായ ആയിരംപേരുമായി സംസാരിച്ച് റെക്കോഡ് ചെയ്ത 650 ഓ ഡിയോ ടേപ്പുകൾ സമ്മേഴ്സ് ഇതിനായി തയ്യാറാക്കി. മദ്യത്തിനും മയക്കുമരുന്നിനും അടിമയാവുകയും വിഷാദരോഗത്തിന് ചികിത്സതേടുകയും ചെയ്ത മർലിൻ മൺറോ ജീവനൊടുക്കിയതിൽ അതിശയോക്തിയില്ലെന്ന വിധത്തിൽ എഫ്.ബി.ഐ നടത്തിയ കവർ-അപ്പ് ഓപ്പറേഷനെക്കുറിച്ചും ഡോക്യുമെന്ററിയിൽ പ്രതിപാദിച്ചിട്ടുണ്ട്.

" ഞാൻ അവകാശിയില്ലാത്ത മുതലാണ്. ആർക്കും വേണ്ടാത്തവൾ. ആരുമില്ലാത്തവൾ. " അടുപ്പമുള്ളവരോട് മർലിൻ പരിതപിച്ചിട്ടുണ്ട്. ബാല്യത്തിൽ നേരിട്ട അനാഥത്വം മുപ്പത്തിയാറാംവയസിൽ മരിക്കുംവരെ അവരെ വേട്ടയാടിയിരുന്നു. അമ്മയുടെ സംരക്ഷണം വേണ്ടരീതിയിൽ ലഭിച്ചിരുന്നില്ല. പത്ത് വളർത്തുകുടുംബങ്ങൾക്കൊപ്പം മാറിമാറി കഴിയേണ്ടിവന്നിട്ടുണ്ട്. മോഡലിംഗിലൂടെ രംഗത്തെത്തിയ അവർ നടിയാകാനാണ് ആഗ്രഹിച്ചത്. സിനിമാമേഖലയിലെ ചില ഏജന്റുമാരാണ് അതിന് സഹായിച്ചത്. അതിന് മർലിന് വലിയ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ട്. ഹോളിവുഡിൽ താരറാണിയായി വിരാജിക്കുമ്പോഴും, ലോകത്തിലെ ഏറ്റവും പ്രശസ്തയായ വനിതയെന്ന് മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുമ്പോഴും ആരുമില്ലെന്ന തോന്നൽ അവരെ വിഷാദവതിയാക്കി. മാദകത്തിടമ്പെന്ന് മുദ്രകുത്തിയെങ്കിലും അവർ മികച്ചനടിയായിരുന്നു. കോമഡിചിത്രങ്ങളിലൂടെ അവർ മികച്ച വേഷങ്ങളിലേക്ക് എത്തി. മികച്ചനടിക്കുള്ള ഗോൾഡൻ ഗ്ളോബ് അവാർഡും നേടി. നയാഗ്ര, ഹൗ ടു മാരി എ മില്യണയർ, ദി സെവൻ ഈയർ ഇച്ച് തുടങ്ങി അവരഭിനയിച്ച ചിത്രങ്ങളെല്ലാം പണം തൂത്തുവാരി. ഹോളിവുഡിലെ സെക്സ് സിംബലായും അറിയപ്പെട്ടു. നഗ്നരംഗങ്ങളിൽ അഭിനയിക്കാൻ കൂസലില്ലാത്ത മർലിന്റെ പ്രകൃതം ഹോളിവുഡ് സംവിധായകർ മുതലെടുത്തു. കുപ്രസിദ്ധിയാർജ്ജിച്ച പ്ളേ ബോയ് മാഗസീന്റെ ആദ്യലക്കം പുറത്തിറങ്ങിയത് പൂർണനഗ്നയായ മർലിന്റെ ചിത്രങ്ങളോടെയായിരുന്നു.

അമേരിക്കയിലെ പ്രശസ്ത ബേസ്ബോൾ താരം ജോ ഡിമാജോയുമായിട്ടായിരുന്നു ആദ്യ വിവാഹം. ഒമ്പതുമാസമേ അത് നീണ്ടുനിന്നുള്ളൂ. പിന്നീട് പ്രശസ്ത നാടകകൃത്ത് ആർതർ മില്ലറെ വിവാഹം ചെയ്തു. ഗർഭിണിയായെങ്കിലും വിവാഹവും ഗർഭവും അലസി. ജോൺ കെന്നഡിയുമായും റോബർട്ട് കെന്നഡിയുമായും മർലിന് ദീർഘകാലത്തെ ബന്ധമുണ്ടായിരുന്നു. ഇരുവരും അവരെ ഉപയോഗിച്ചതിന് തെളിവുകളുണ്ട്. ലോസാഞ്ചലസിൽ സഹോദരി ഭർത്താവ് പീറ്റർ ലാഫോർഡിന്റെ ബീച്ച് വസതിയിൽ കെന്നഡി സഹോദരന്മാർ മർലിനുമായി സന്ധിച്ചതിന്റെ തെളിവുകളും സമ്മേഴ്സ് വെളിപ്പെടുത്തുന്നു.

മർലിൻ ഇടതുപക്ഷ ചിന്താഗതിക്കാരിയായിരുന്നു. രണ്ടാംഭർത്താവ് മില്ലർ കമ്മ്യൂണിസ്റ്റ് അനുഭാവിയും അമേരിക്ക പുറത്താക്കിയ ഇടതുപക്ഷപ്രവർത്തകരുമായി ബന്ധം പുലർത്തിയിരുന്ന വ്യക്തിയുമായിരുന്നു. മർലിനും അവരുമായി നല്ല അടുപ്പമുണ്ടായിരുന്നു. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതസമരം ശക്തമായ കാലം കൂടിയായിരുന്നു. ആണവപരീക്ഷണത്തെ എതിർത്ത് പരസ്യമായി മർലിൻ പ്രതികരിക്കുകപോലും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ ജോൺ.എഫ് കെന്നഡിയുടെ പിറന്നാളാഘോഷത്തിൽ മർലിൻ മാഡിസൺ സ്ക്വയർ ഐലൻഡിൽ ആശംസകൾ നേർന്ന് പ്രസിഡന്റിന്റെ മുന്നിൽ പാടി. രണ്ടുമാസത്തിനകം അവർ മരിച്ചു.

കെന്നഡി സഹോദരന്മാരുമായി മർലിനുള്ള ബന്ധം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.ഐയ്ക്ക് തലവേദനയായി. ശീതസമരകാലമായതിനാൽ മർലിന്റെ ഇടതുചായ്‌വ് മുതലെടുത്ത് സോവിയറ്റ് യൂണിയൻ വിവരങ്ങൾ ചോർത്തുമോയെന്ന ഭയമായി.

അന്വേഷണ ഏജൻസികൾ ഈ വിവരം ഇരുവരെയും ധരിപ്പിച്ചതോടെ ബ്രേക്കിട്ടപോലെ സഹോദരന്മാർ ബന്ധം അവസാനിപ്പിച്ചു. മർലിൻ തളർന്നുപോയി. ചൂടേറിയ വാഗ്വാദങ്ങളുണ്ടായി. മർലിൻ മരണത്തോടടുത്തു. 1962 ആഗസ്റ്റ് അഞ്ചിന് ഉറക്കത്തിൽ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ടെന്നാണ് പൊലീസിന്റെ ഔദ്യോഗികഭാഷ്യം. പുലർച്ചെ 3.25നായിരുന്നു ഇത്. എന്നാൽ മർലിന്റെ പി.ആർ.ഒ രാത്രി പതിനൊന്നിന് മർലിന്റെ വസതിയിൽ അടിയന്തരമായി എത്തിയെന്നും അവിടെ വലിയ പ്രശ്നങ്ങളുണ്ടായെന്നും അദ്ദേഹത്തിന്റെ ഭാര്യ വെളിപ്പെടുത്തുന്നുണ്ട്. മർലിനെ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നും മരിച്ചതിനാൽ പാതിവഴിയിൽ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നെന്നും ആംബുലൻസ് ഡ്രൈവറും റോബർട്ട് കെന്നഡിയെ ഹെലിക്കോപ്റ്ററിൽ ലോസാഞ്ചലസിൽ നിന്ന് സാൻഫ്രാൻസിസ്ക്കോയിലേക്ക് ആ രാത്രിയിൽ കൊണ്ടുപോയെന്ന് അതിന്റെ പൈലറ്റും വെളിപ്പെടുത്തിയിട്ടുണ്ട്. സമ്മേഴ്സ് അവസാനിപ്പിക്കുന്നു. മർലിനെ കൊന്നെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ആ സാഹചര്യമാണ് അവരുടെ മരണത്തിെലത്തിച്ചത്.

മർലിന് അന്വേഷണ ഏജൻസികൾ നീതിനൽകിയില്ലെങ്കിലും കാലം എല്ലാറ്റിനും കണക്ക് പറഞ്ഞു. മർലിൻ മരിച്ച് രണ്ട് വർഷത്തിനുള്ളിൽ മറ്റുകാരണങ്ങളാൽ ജോൺ എഫ്.കെന്നഡിയും ആറു വർഷത്തിനുള്ളിൽ റോബർട്ട് കെന്നഡിയും വധിക്കപ്പെട്ടു. മർലിന്റെ ലെഗസി ഇന്നും മരണമില്ലാതെ തുടരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MARILYN MONROE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.