SignIn
Kerala Kaumudi Online
Thursday, 25 April 2024 2.20 AM IST

'മക്കാേക്ക മോഡൽ' ഉയർത്തുന്ന ചിന്തകൾ

arrest

കണ്ണൂർ രാമനാട്ടുകരയിലെ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്ത് സംഘത്തിലുള്ളവരാണെന്ന് തെളിഞ്ഞതോടെ ചെറിയ ഇടവേളയ്‌ക്ക് ശേഷം 'സ്വർണം' വീണ്ടും വാർത്തകളിലെ നായക കഥാപാത്രമായി. പുതിയ പുതിയ സംഘങ്ങളുടെ വീരകഥകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ കുടചൂടിയ രാഷ്‌ട്രീയക്കാർ എന്നത്തേയും പോലെ ഇത്തവണയും ചിത്രത്തിലുണ്ട്. സ്വർണക്കടത്ത് പുറത്തുവരുമ്പോൾ മിക്കവാറും കേന്ദ്ര ഏജൻസികളിലായിരിക്കും അന്വേഷണത്തിന്റെ കടിഞ്ഞാൺ. ഭരണമുന്നണിയിൽപ്പെട്ട പാർട്ടിയുമായുള്ള ബന്ധങ്ങളുടെ അണിയറക്കഥകൾ പുറത്തുവരുന്നതിനിടെ കസ്‌റ്റംസ് അന്വേഷണം ഏറ്റെടുത്തു കഴിഞ്ഞു. നയതന്ത്രചാനൽ ഉൾപ്പെടെയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസികളും തമ്മിലുള്ള പോർവിളി കോടതിയിൽ വരെയെത്തി. സംഭവബഹുലമായി സ്വർണക്കടത്ത് അതിന്റെ വഴിക്ക് നീങ്ങുന്നതിനിടെയാണ് രാമനാട്ടുകരയിലെ വാഹനാപകടം. അതിനെ ചുറ്റിയുള്ള അന്വേഷണങ്ങൾ സ്വർണക്കടത്തിലെ 'പൊട്ടിക്കൽ' സംഘങ്ങളുടെ വൻ റാക്കറ്റിനെയാണ് പുറത്തുകൊണ്ടുവന്നത്. ഇതൊരു പുതിയ കാര്യമല്ലെങ്കിലും രാഷ്‌ട്രീയബന്ധങ്ങൾ സംഭവത്തിന് ചൂടുപിടിപ്പിച്ചു. അതിനിടെയാണ് സ്ഥാനമൊഴിയാൻ പോകുന്ന ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ മാസ്എൻട്രി. കള്ളക്കടത്ത് പിടികൂടാൻ മഹാരാഷ്‌ട്ര മോഡൽ നിയമനിർമ്മാണത്തിന് സർക്കാരിന് ശുപാർശ നൽകിയെന്നായിരുന്നു പ്രഖ്യാപനം. സർക്കാരിന്റെ പ്രതികരണം പുറത്തുവന്നില്ലെങ്കിലും വരുംദിനങ്ങളിൽ വിശദചർച്ചയ്‌ക്കുള്ള വിഷയമായി മാറുമെന്ന് ഉറപ്പ്.

കള്ളക്കടത്ത് സ്വർണം പിട‌ികൂടാൻ സംസ്ഥാന പൊലീസിനുള്ള അധികാരം വളരെ ചുരുങ്ങിയതെന്നാണ് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ നിരീക്ഷണം. നിലവിൽ കസ്‌റ്റംസ് ആക്‌ട് അനുസരിച്ച് പൊലീസ് സ്വർണക്കടത്ത് പിടികൂടാറുണ്ട്. പിന്നീട് തൊണ്ടിമുതൽ ഉൾപ്പെടെ റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുകയും അവരാണ് ഏത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നത് . കസ്‌റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്‌ട‌റേറ്റ് ( ഇ.ഡി), ആദായനികുതി വകുപ്പ് എന്നിവരിൽ ആർക്കെങ്കിലുമായിരിക്കും കേസിന്റെ ചുമതല. കള്ളക്കടത്തിന്റെ ഭാഗമായുള്ള സംഘടിത കുറ്റകൃത്യങ്ങൾ സാധാരണയായി കേന്ദ്ര ഏജൻസികളുടെ പരിധിയിൽ വരില്ല. തട്ടിക്കൊണ്ടുപോകൽ, ഭീഷണി, അക്രമം എന്നിവയാണ് സംഘടിത കുറ്റകൃത്യങ്ങളുടെ പട്ടികയിൽപ്പെടുക. കള്ളക്കടത്ത് പിടികൂടുന്നതിനൊപ്പം സംഘടിത കുറ്റകൃത്യങ്ങളും അടിച്ചമർത്താൻ മഹാരാഷ്‌ട്ര മോഡൽ നിയമം ( മക്കോക്ക) വേണമെന്നാണ് ലോക്‌നാഥ് ബഹ്‌റയുടെ നിലപാട്. നിയമനിർമ്മാണം നടത്തുന്നതോടെ സ്വർണക്കള്ളക്കടത്ത് ഉൾപ്പെട‌െയുള്ള കേസുകളിലും സംസ്ഥാന പൊലീസിന് പൂർണമായും ഇടപെടാനാകും.

കള്ളക്കടത്തുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങൾ പിടികൂടാൻ പുതിയ നിയമം അനിവാര്യമെന്ന ബഹ്‌റയുടെ നിലപാട് പൊലീസിലും വലിയ ചർച്ചയ്‌ക്ക് വഴിതുറന്നു. നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി വിനിയോഗിച്ചിരുന്നെങ്കിൽ പൊലീസിന് തടയാനാകുന്ന കുറ്റകൃത്യങ്ങളെ കേരളത്തിലുള്ളൂ എന്ന് വാദിക്കുന്നവർ നിരവധിയാണ്. കഴിഞ്ഞ അഞ്ചുവർഷം ക്രമസമാധാനപാലന രംഗത്തുണ്ടായ വീഴ്ചകൾ തുറന്നു പറയുന്നുവെന്ന ധ്വനിയും ചിലർ ഉയർത്തുന്നു. കരിനിയമങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന ഇടതുപക്ഷം നേതൃത്വം നൽകുന്ന സർക്കാർ ബഹ്‌റയുടെ ശുപാർശയെ ഏതുവിധത്തിൽ പരിഗണിക്കുമെന്നതാണ് ആകാംക്ഷ. കാരണം, മക്കോക്ക നിയമത്തിൽ വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാനുള്ള വ്യവസ്ഥയുണ്ട്. യഥാർത്ഥത്തിൽ ഇടതുപക്ഷം എതിർക്കുന്ന യു.എ.പി.എ നിയമത്തിന്റെ മറ്റൊരു പതിപ്പാണ് മക്കോക്ക. അതേ മോഡൽ കേരളത്തിൽ വേണമെന്ന ശുപാർശ ഇടതുപക്ഷത്തിന് എങ്ങനെ ഉൾക്കൊള്ളാൻ കഴിയുമെന്നതും ചോദ്യചിഹ്‌നമാണ്.

പക്ഷേ, സമ്പദ്ഘടനയെ തകർക്കുന്നതും വിധ്വംസക പ്രവർത്തനങ്ങൾക്ക് താങ്ങും തണലുമാകുന്ന സ്വർണക്കള്ളക്കടത്ത് തടയപ്പെടണം. അതിന് ശക്തമായ നിയമവും കാര്യശേഷിയുള്ള അന്വേഷണസംഘങ്ങളും വേണമെന്ന കാര്യത്തിൽ തർക്കമില്ല. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് പുതുമയുള്ള കാര്യമല്ലെങ്കിലും കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഘങ്ങൾ ഉയർത്തുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ ചില്ലറയല്ല. രാമനാട്ടുകര വാഹനാപകടത്തിന് പിന്നാലെയുള്ള സംഭവങ്ങൾ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഘങ്ങളുടെ ഉള്ളറകളിലേക്കാണ് വെളിച്ചം വീശുന്നത്. പുതിയ നിയമം നടപ്പാക്കിയാൽ ഇത്തരം സംഘങ്ങളെ വേഗത്തിൽ അമർച്ച ചെയ്യാനാകുമെന്നാണ് ബഹ്‌റയുടെ നിരീക്ഷണം. ശക്തമായ നിയമം നടപ്പാക്കുന്നതോടെ യുവാക്കൾ ഉൾപ്പെടെയുള്ളവർ ക്വട്ടേഷൻ സംഘങ്ങളിൽ നിന്ന് പിന്മാറുമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ, മക്കാേക്ക മോഡൽ നിയമം നടപ്പാക്കിയാൽ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതൾ കൂടുതലാണെന്ന വാദവും ഉയരുന്നുണ്ട്. യു.എ.പി.എ ഉയർത്തിയ വിവാദങ്ങളും മനുഷ്യാവകാശലംഘനങ്ങളും പുതിയ നിയമം വഴിയുണ്ടാകുമെന്നും വിമർശകർ ഉന്നയിക്കുന്നു. ആരെയും വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാമെന്ന വ്യവസ്ഥയാണ് പ്രധാന ത‌ടസങ്ങളിലൊന്ന്.

അടുത്തകാലത്ത് ഏറ്റവും വിവാദവും ചർച്ചയ്‌ക്ക് ഇടയാക്കിയതുമായ വിഷയമാണ് സ്വർണക്കടത്ത് കേസുകൾ. കേന്ദ്ര ഏജൻസികളുടെ വേഗത്തിലുള്ള നീക്കങ്ങളും സംസ്ഥാന പൊലീസിനുള്ള പരിമിതികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് ഇടയാക്കിയിരുന്നു. അതിനാൽ കേന്ദ്രത്തിന് തടയിടാനുള്ള നീക്കമായും പുതിയ നിയമം വിലയിരുത്തപ്പെടുന്നുണ്ട്. നിയമം നടപ്പിലായാലും കേന്ദ്ര ഏജൻസികളുടെ അധികാര പരിധി കുറയുന്നില്ലെന്നത് മറ്റൊരു വസ്‌തുതയാണ്. കരിനിയമങ്ങളെന്ന് മുദ്രകുത്തി രാജ്യത്ത് സർക്കാരുകൾക്കെതിരെ നിരവധി പോരാട്ടങ്ങളുണ്ടായിട്ടുണ്ട്. അത് നിയമപോരാട്ടങ്ങൾക്കും വഴിതുറന്നു. അതിനാൽ സംഘടിത കുറ്റകൃത്യങ്ങൾ അടിച്ചമർത്താനുള്ള പുതിയ നിയമം കൊണ്ടുവരുന്നതിന് മുമ്പ് നാനാതുറകളിൽ നിന്ന് അഭിപ്രായ രൂപീകരണം വേണമെന്ന കാര്യത്തിൽ തർക്കമില്ല.

മഹാരാഷ്‌ട്ര കൺട്രോൾ ഒഫ്

ഓർഗനൈസ്‌ഡ് ക്രൈം ആക്‌ട് ( മക്കോക്ക)

ഭീകരപ്രവർത്തനങ്ങളും സംഘടിത കുറ്റകൃത്യങ്ങളും തടയാനായി 1999 ൽ മഹാരാഷ്‌ട്ര സർക്കാർ പാസാക്കിയതാണ് ഈ നിയമം. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുമ്പാകെ നൽകുന്ന മൊഴി കോട‌തിക്ക് തെളിവായി സ്വീകരിക്കാമെന്നതാണ് പ്രധാന വ്യവസ്ഥ. കൂട്ടുപ്രതികളെക്കുറിച്ച് നൽകുന്ന വിവരങ്ങളും തെളിവാകും. വിചാരണ കൂടാതെ തടവിൽ പാർപ്പിക്കാനും കഴിയും. 2013 ൽ ഐ.പി.എൽ ഒത്തുകളിയിൽപ്പെട്ട താരങ്ങൾക്ക് എതിരെ ഈ കുറ്റം ചുമത്തിയിരുന്നു.

സി.പി. ഉദയഭാനു

പ്രമുഖ ക്രിമിനൽ അഭിഭാഷകൻ

ഹൈക്കോടതി

സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ തന്നെ ധാരാളം. അവ ഉചിതമായി പ്രയോഗിക്കുകയാണ് വേണ്ടത്. യു.എ.പി.എയ്‌ക്ക് സമാനമായ മക്കാേക്ക മോഡൽ നിയമം കൊണ്ടുവരുന്നത് മനുഷ്യാവകാശലംഘനങ്ങൾക്ക് ഇടയാക്കിയേക്കാം. നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ കഴിയാത്തതിന്റെ തുറന്നു പറച്ചിലാണ് ബഹ്‌റയിൽ നിന്നുണ്ടായത്. സ്വർണക്കടത്തും, അവ തട്ടിയെടുക്കുന്ന സംഘങ്ങളെയും അമർച്ചചെയ്യുക തന്നെ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MCOCA ACT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.